ഡൽഹി ഹൈക്കോടതി വളപ്പിലുണ്ടായ ബോംബ് സ്ഫോടനത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) അപലപിച്ചു. മരിച്ചവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാർഥിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടവരാണ് ആക്രമണത്തിനു പിന്നിൽ. നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടാൻ ഭീകരർക്കു കഴിയുന്നതിനെക്കുറിച്ച് അതീവ ഗൗരവത്തോടെ ചർച്ച ചെയ്യണം. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ പരിശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ദേശീയ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരിക്കുന്ന സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്. സമുദായങ്ങൾക്കും മതങ്ങൾക്കും അതീതമായി, ദേശസ്നേഹവും സാഹോദര്യവും വിശ്വമാനവികതയും പുതുതലമുറയിൽ രൂപപ്പെടുത്തുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ പരിശീലനപരിപാടികൾ പുനഃസംഘടിപ്പിക്കണം. ഭീകരവാദത്തെയും ആക്രമണത്തെയും നേരിടാനും തടയാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ ആവശ്യപ്പെട്ടു.