മനുഷ്യജീവനു ഭീഷണിയുയർത്തുന്ന നിയമനിർമാണങ്ങൾ മനുഷ്യന്റെ മൗലികാവകാശത്തെയും അടിസ്ഥാന ധാർമിക നിയമത്തെയും വെല്ലുവിളിക്കുന്നതാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. സന്താനനിയന്ത്രണത്തെക്കുറിച്ചു ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും വിശുദ്ധിക്കു നിരക്കാത്ത ഈ നിർദേശങ്ങൾ മനുഷ്യന്റെ ദൈവദത്തമായ അവകാശത്തിന്റെമേലുള്ള കടന്നാക്രമണമാണ്. സന്താനങ്ങൾ എത്ര വേണമെന്നു നിശ്ചയിക്കാനുള്ള അവകാശം മാതാപിതാക്കൾക്കുള്ളതാണ്. ദൈവിക നിയമങ്ങൾക്കും ധാർമിക മനഃസാക്ഷിക്കും വിധേയമായി മാതാപിതാക്കൾ അതു നിർവഹിക്കണം: മാർ പെരുന്തോട്ടം പറഞ്ഞു. അതുപോലെ ഗർഭഛിദ്രത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിർദേശം മനുഷ്യജീവനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവയാണ്; കൊലപാതകത്തെ പ്രത്യക്ഷമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്നതാണ്. ശരിയായ ധർമചിന്ത മരവിച്ചവർക്കു മാത്രമേ ഇപ്രകാരമുള്ള നിർദേശങ്ങൾ വയ്ക്കാനാവൂ. ധാർമികതയുടെ അടിസ്ഥാനം ദൈവവിശ്വാസമാണ്. കേവലം മാനുഷിക യുക്തിക്കുപോലും നിരക്കാത്തതാണു ജനസംഖ്യ നിയന്ത്രിക്കാൻ കൊല നടത്തുക എന്നത്. ഇത്തരം അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ നിർദേശങ്ങൾ അർഹിക്കുന്നവിധം തള്ളിക്കളയുവാനുള്ള പക്വതയും വിവേചനാശക്തിയും സർക്കാരിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് ആർച്ച്ബിഷപ് പറഞ്ഞു. ജനക്ഷേമത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ മനുഷ്യജീവനു ഭീഷണിയുയർത്തുന്നതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ തകർക്കുന്നതുമായ നിയമനിർമാണങ്ങൾ നടത്തുകയില്ലെന്നു ജനങ്ങൾക്ക് ഉറപ്പു ലഭിക്കുകയും വേണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.