Friday, November 6, 2009

43-ാ‍മത്‌ ലോകസാമൂഹ്യസമ്പര്‍ക്കമാധ്യമദിനം: പരിശുദ്ധ പിതാവിന്റെ സന്ദേശം

പ്രിയ സഹോദരീ സഹോദരന്മാരെ,
അടുത്തുവരുന്ന ലോകമാധ്യമദിനത്തിന്‌ ഒരുക്കമായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്ന ‘പുതിയ സാങ്കേതികവിദ്യകളും പുതിയ ബന്ധങ്ങളും ആദരത്തിന്റേയും സംവാദത്തിന്റേയും സൗഹൃദത്തിന്റേയും സംസ്ക്കാരം പ്രോത്സാഹിപ്പിക്കാന്‍’ എന്ന പ്രമേയത്തെ പുരസ്ക്കരിച്ച്‌ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാനായി ആഗ്രഹിക്കുന്നു. നിശ്ചയമായും, പുതിയ സാങ്കേതിക വിദ്യകള്‍, മനുഷ്യന്റെ സമ്പര്‍ക്ക സംസര്‍ഗ്ഗരീതികളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്‌. മുതിര്‍ന്നവര്‍ക്ക്‌ അന്യമായ ഈ വിദ്യകള്‍ അവര്‍ ഇനിയും പഠിച്ചുവശത്താക്കേണ്ടിയിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം വളരുന്ന ചെറുപ്പക്കാര്‍ക്ക്‌ ഈ ഡിജിറ്റല്‍ ലോകം തികച്ചും സ്വന്തമാണ്‌. ഈ വര്‍ഷത്തെ മാധ്യമദിനസന്ദേശത്തില്‍ ഞാന്‍ ഈ ഡിജിറ്റല്‍ തലമുറയോട്‌, ചില ആശയങ്ങള്‍ - പുതിയ സാങ്കേതികവിദ്യകളുടെ അനിതരസാധാരണമായ ശക്തികളെ സംബന്ധിച്ചവ, അവ മനുഷ്യബുദ്ധിയേയും വൈകാരിക ഐക്യത്തേയും അഭിവൃദ്ധിപ്പെടുത്തുമെങ്കില്‍ - പങ്കുവയ്ക്കാനായി ആഗ്രഹിക്കുന്നു. നിശ്ചയമായും മനുഷ്യകുലത്തിനുളള സമ്മാനം തന്നെയായ അവ വ്യക്തികള്‍ക്കും സമൂഹത്തിനും പ്രയോഗത്തില്‍ നല്‍കുന്ന ഗുണഗണങ്ങള്‍ പാവപ്പെട്ടവര്‍ക്കും അശക്തര്‍ക്കും ലഭ്യമാക്കേണ്ടിയിരിക്കുന്നു.
അതീവ പ്രസരണശേഷിയുളള മൊബെയില്‍ഫോണുകളും കമ്പ്യൂട്ടറുകളും ആഗോളതലത്തില്‍ എവിടെയും കടന്നുചെല്ലുന്നതിനു കഴിവുളള ഇന്റര്‍നെറ്റും ഒന്നുചേര്‍ന്ന്‌ വാക്കുകളും ചിത്രങ്ങളും ഒരുപോലെ ഭൂഗോളത്തിലെ ഏതൊരു ഒറ്റപ്പെട്ട കോണിലും അതിശയിപ്പിക്കുന്ന ദൂരപരിധികളില്‍ നിമിഷാര്‍ദ്ധം കൊണ്ട്‌ എത്തിക്കുന്നതിന്‌ ഇന്നുളള വിപുലമായ സാധ്യതകള്‍ മാധ്യമതലമുറകള്‍ക്ക്‌ തികച്ചും അചിന്ത്യങ്ങളായിരുന്നു. നവീനമാധ്യമങ്ങളുടെ, വ്യക്തികള്‍ തമ്മിലും വ്യക്തികളും സമൂഹങ്ങളും തമ്മിലുമുളള അതിവിപുലമായ സമ്പര്‍ക്കസാധ്യതകള്‍, പ്രത്യേകിച്ചും യുവജനങ്ങള്‍, ശരിക്കും മനസ്സിലാക്കിയവരാണ്‌. ആയതിനാല്‍ അവര്‍ ഇപ്പോഴുളള സുഹൃത്തുക്കളുമായ്‌ സംവദിക്കുന്നതിനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും, പുതിയ കൂട്ടായ്മകളും സമ്പര്‍ക്കശൃംഖലകളും സൃഷ്ടിക്കുന്നതിനും പുതിയ വാര്‍ത്തകളും അറിവുകളും നേടുന്നതിനും അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ആശയവിനിമയത്തിന്റെ ഈ പുതിയ സംസ്കാരം ധാരാളം പ്രയോജനങ്ങള്‍ ഉളളതാണ്‌. കുടുംബങ്ങള്‍ക്ക്‌ വലിയ ദൂരങ്ങള്‍ മറികടന്ന്‌ സമ്പര്‍ക്കത്തിലായിരിക്കാന്‍ കഴിയുന്നു.വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആവശ്യമായ രേഖകള്‍,അടിസ്ഥാന പ്രമാണങ്ങള്‍, ശാസ്ത്രീയഗവേഷണസ്രോതസ്സുകള്‍ എന്നിവയുമായി നേരിട്ടുബന്ധപ്പെടുന്നതിനും കഴിയുന്നു. വിദൂരസ്ഥലങ്ങളില്‍നിന്ന്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ സാധിക്കുന്നതോടെപ്പം ആധൂനികമാധ്യമങ്ങളുടെ പരസ്പരാശയവിനിമയത്തിനുളള സാധ്യതകള്‍ ഉപയോഗപ്പെടുത്തികൊണ്ട്‌ അതിശക്തമായ ആശയവിനിമയവും അതുവഴി സാമൂഹികപുരോഗതിയും നേടാന്‍ കഴിയുന്നു. കാര്യക്ഷമതയിലും വിശ്യാസയോഗ്യതയിലും പുതിയ സാങ്കേതികവിദ്യകള്‍ക്കുണ്ടായ ശീഘ്രപരിണാമം അത്ഭുതകരം തന്നെ. അവയുടെ വിപുലമായ ജനസമ്മതി നമ്മളെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. കാരണം മനുഷ്യന്റെ ആശയവിനിമയത്തിനും സൗഹൃദത്തിനുമുളള അദമ്യമായ ആഗ്രഹത്തെയാണ്‌ അത്‌ പ്രതിനിധാനം ചെയ്യുക. മനുഷ്യന്റെ അടിസ്ഥാനപ്രകൃതിയില്‍ നിന്ന്‌ ഉദ്ഭവിക്കുന്ന സൗഹൃദത്തിനും സംവാദത്തിനും വേണ്ടിയുളള ഈ ത്വര ആധൂനിക സാങ്കേതികവിദ്യകളോടുളള മമതയായി കാണേണ്ടതില്ല. പിന്നെയോ, ബൈബിളിന്റെ വെളിച്ചത്തില്‍ സകലമനുഷ്യരേയും ഒരു കുടുംബമായി ഒന്നിപ്പിക്കുന്ന ദൈവസ്നേഹത്തിന്റെ ഐക്യത്തിലേക്കുളള ആഹ്വാനത്തിനുളള പ്രത്യുത്തരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മനുഷ്യപ്രകൃതിയില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്ന സമ്പര്‍ക്കത്തിന്റെയും സമ്മേളനത്തിന്റെയുമായ ദൈവീകച്ഛായയുടെ പ്രതിഫലനമാണിത്‌.
ആധൂനികസംസ്ക്കാരത്തില്‍ വളരെ വ്യക്തമായി ദൃശ്യമാകുന്ന പരസ്പരസമ്പര്‍ക്കത്തിലും ഐക്യത്തിലും ആയിരിക്കുന്നതിനുളള ഈ താത്പര്യം ശരിക്കും മനസ്സിലാക്കിത്തരുന്നത്‌ മനുഷ്യന്റെ അകലങ്ങളിലേക്ക്‌ ഗമിക്കുന്നതിനും ബഹുജനസമ്പര്‍ക്കത്തിനായുമുളള ജന്മവാസനയാണ്‌. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മറ്റുളളവരോട്‌ തുറവിയുളളവരാകുമ്പോള്‍ നമ്മുടെ മൗലീകാവശ്യം നിറവേറ്റപ്പെടുകയും കൂടുതല്‍ മനുഷ്യത്വമുളളവരായി തീരുകയുമാണ്‌. സ്നേഹിക്കുന്നതിനുവേണ്ടിയാണ്‌ സ്രഷ്ടാവ്‌ നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത്‌. ആഴമില്ലാത്ത വെറും പൂച്ച്‌ മാത്രമായ സ്നേഹത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്‌. പിന്നെയോ യേശുനാഥന്‍ പറഞ്ഞുതന്ന യഥാര്‍ത്ഥസ്നേഹത്തെക്കുറിച്ചാണ്‌: “നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കുക...നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക”(മാര്‍ക്കോസ്‌ 12: 30 31) ഈ വെളിച്ചത്തില്‍ ആധൂനികസാങ്കേതികവിദ്യകളെപ്പറ്റി സംസാരിക്കുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌ അവരുടെ പരസ്പരസമ്പര്‍ക്കത്തിനുളള വലിയ കഴിവല്ല. പിന്നെയോ ഈ സമ്പര്‍ക്കം വഴി വിനിമയം ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ ഗുണമാണ്‌. ആധൂനിക സമ്പര്‍ക്കമാധ്യമങ്ങളുടെ ഉപയോക്താക്കളായ സന്മനസ്സുളള എല്ലാവരേയും പ്രോത്സാഹിപ്പിക്കുവാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ - അവര്‍ തങ്ങളുടെ ആശയവിനിമയ പ്രക്രിയയില്‍ ആദരത്തിന്റെയും സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം പടുത്തുയര്‍ത്തുന്നതിനായിട്ട്‌. ആധൂനിക സാങ്കേതികവിദ്യകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉളളടക്കം സൃഷ്ടിക്കുന്നതില്‍ വ്യാപൃതരായവര്‍ മനുഷ്യവ്യക്തിയുടെ മഹത്ത്വവും വിലയും ആദരിക്കുന്നവരായിരിക്കണം. പുതിയ സാങ്കേതികവിദ്യകള്‍ വ്യക്തികളുടേയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടിയാകണമെങ്കില്‍ അവ പ്രയോഗിക്കുന്നവരെല്ലാം വാക്കുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുമ്പോള്‍ അവയിലൂടെ വിദ്വേഷവും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാതെ, മാനുഷികബന്ധങ്ങളുടേയും ലൈംഗീകതയുടേയും നന്മ നശിപ്പിക്കാതെ, ബലഹീനരായവരെ ചൂഷണം ചെയ്യാതെയുമിരിക്കാന്‍ ശ്രദ്ധിക്കണം. പുതിയ സാങ്കേതികവിദ്യകള്‍ വ്യത്യസ്ത രാജ്യങ്ങളിലും സംസ്ക്കാരങ്ങളിലും മതങ്ങളിലും ഉള്‍പ്പെട്ടവരുമായി സമ്പര്‍ത്തിലായിരിക്കാന്‍ വളരെ സഹായിക്കുന്നുണ്ട്‌. പുതിയ ഡിജിറ്റല്‍ ലോകം അഥവ ‘സൈബര്‍ സ്പെയ്സ്‌’ അവര്‍ക്ക്‌ പരസ്പരം കണ്ടുമുട്ടുന്നതിനും തങ്ങളുടെ പാരമ്പര്യങ്ങളും, മൂല്യങ്ങളും വിനിമയം ചെയ്യുന്നതിനും വേദിയൊരുക്കുന്നു. ഇത്തരം അഭിമുഖങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ സത്യസന്ധവും അനുയോജ്യവുമായ ആവിഷ്ക്കാര ശൈലിയും പരസ്പരം ശ്രദ്ധയോടെയും ആദരത്തോടെയും കേള്‍ക്കുന്നതിനുമുളള താത്പര്യം സ്വീകരിക്കേണ്ടതുണ്ട്‌. ഇത്തരം അവസരങ്ങളില്‍ പരസ്പരധാരണയും സഹിഷ്ണുതയും വര്‍ദ്ധമാനമാകണമെങ്കില്‍ അന്യോന്യം സത്യാന്വേഷണത്തില്‍ ഉറച്ച ആശയവിനിമയം നടത്തിയിരിക്കണം. ജീവിതം സംഭവങ്ങളുടേയും അനുഭവങ്ങളുടേയും ഒരു പരമ്പരയല്ല. അത്‌ സത്യത്തിനും നന്മയ്ക്കും സൗന്ദര്യത്തിനുമായുളള അന്വേഷണമാണ്‌. സത്യന്വേഷണത്തിലാണ്‌ നാം നമ്മുടെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌, അതിനായാണ്‌ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത്‌, അതിലാണ്‌ - സത്യത്തിലും നന്മയിലും സൗന്ദര്യത്തിലുമാണ്‌ നമ്മള്‍ സന്തോഷവും ആനന്ദവും കണ്ടത്തുക. നമ്മെ വെറും വില്‍പനച്ചരക്കായി കാണുന്നവര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സത്യവും മാറ്റി പ്രതിഷ്ഠിക്കുന്നു.
സൗഹൃദം എന്ന ആശയം കഴിഞ്ഞ കുറെകാലമായി ഡിജിറ്റല്‍ ലോകത്തിലെ സാമൂഹികശൃഖലകളിലെ പദസമുച്ചയത്തില്‍ വീണ്ടും പ്രഥമസ്ഥാനം കൈക്കലാക്കിയിരിക്കുകയാണ്‌. പ്രസ്തുത ആശയം മനുഷ്യസംസ്ക്കാരത്തിന്റെ സമുന്നതമായ നേട്ടം തന്നെയാണ്‌. നാം നമ്മുടെ സുഹൃദ്ബന്ധങ്ങളിലൂടെയാണ്‌ മനുഷ്യരായി വളരുന്നതും വികസിക്കുന്നതും. ഇക്കാരണത്താല്‍ യഥാര്‍ത്ഥ സൗഹൃദം എക്കാലത്തും മനുഷ്യനനുഭവിക്കാവുന്ന ഏറ്റവും വലിയ നന്മയായി പരിഗണിക്കപ്പെടുന്നു. ആയതിനാല്‍ സുഹൃദ്ബന്ധം എന്ന ആശയത്തെ നാം ഒരിക്കലും നിസ്സാരവത്ക്കരിക്കരുത്‌. നമ്മുടെ സൈബര്‍സൗഹൃദങ്ങള്‍ കുടുംബബന്ധങ്ങളേയും, അയല്‍ബന്ധങ്ങളേയും, ജോലിസ്ഥലത്തും സ്കൂളിലും കളിസ്ഥലത്തും ഉളള സൗഹൃദങ്ങളേയും ഉലയ്ക്കുന്നതാകാന്‍ പാടില്ല. ഇന്റര്‍നെറ്റിലെ സാങ്കല്‍പ്പികബന്ധങ്ങള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കാന്‍ തുടങ്ങിയാല്‍ അത്‌ വ്യക്തികളെ സാമൂഹിക ബന്ധങ്ങളില്‍ നിന്ന്‌ അകറ്റുകയും; വിശ്രമം, മൗനം, ധ്യാനം എന്നീ മാനുഷികവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായവയില്‍ നിന്നു വേര്‍പെടുത്തി ഒറ്റപ്പെടുത്തുകയും ചെയ്യും.സുഹൃദ്ബന്ധം ഒരു വലിയ മാനുഷികഗുണമാണ്‌, എന്നാല്‍ അതിന്റെ പരമമായ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ച്‌ അതിനെത്തന്നെ ലക്ഷ്യമാക്കിയാല്‍ അതിന്റെ മഹത്ത്വം നഷ്ടപ്പെടുന്നതാണ്‌. സുഹൃത്തുക്കള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്തും അവ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ഈ സന്ദര്‍ഭത്തില്‍ മനുഷ്യനന്മയെ മുന്‍നിര്‍ത്തി രൂപം കൊണ്ടിട്ടുളള ഡിജിറ്റല്‍ ശൃഖലകളുടെ, മാനുഷിക ഐക്യത്തെയും സമാധാനത്തേയും നീതിയെയും വളര്‍ത്തുന്ന സമീപനം സന്തോഷപ്രദമാണ്‌. ഇത്തരം ശൃംഖലകള്‍ക്ക്‌ വ്യത്യസ്ത മേഖലകളില്‍ നിന്നും സംസ്ക്കാരങ്ങളില്‍ നിന്നുമുളള, ജനങ്ങള്‍ തമ്മിലുളള സഹകരണം വളര്‍ത്തുന്നതിനും അന്യോന്യം ഉളള ഉത്തരവാദിത്വബോധം പൊതുനന്മയ്ക്കുവേണ്ടി വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും. ആയതിനാല്‍ ഇത്തരം ഡിജിറ്റല്‍ ശൃംഖലകള്‍ എവിടെയെല്ലാം സാധ്യമാണോ അവിടെയൊക്കെ അവ എല്ലാവര്‍ക്കും വേണ്ടിയുളളതാണെന്ന്‌ ഉറപ്പ്‌ വരുത്തണം . മനുഷ്യകുലത്തി്ന്‌ ആശയവിനിമയത്തിനുളള അതിവേഗ നൂതനമാര്‍ഗ്ഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ അപ്രാപ്യമായി വന്നാല്‍ ഭാവിയില്‍ അത്‌ പാവപ്പെട്ടവരുമായുളള അകലം വര്‍ദ്ധിപ്പിക്കുകയും വരും കാലത്ത്‌ മനുഷ്യപുരോഗതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കത്തോലിക്ക യുവജനങ്ങളെ ഉദ്ദേശിച്ച്‌ ചിലകാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഡിജിറ്റല്‍ ലോകത്തിനായുളള അവരുടെ വിശ്വാസസാക്ഷ്യം ബലപ്പെടുത്തികൊണ്ട്‌ ഞാനീ സന്ദേശം ഉപസംഹരിക്കാനുദ്ദേശിക്കുന്നു.
പ്രിയ സഹോദരങ്ങളേ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഈ പുതിയ സാസ്ക്കാരിക പരിതോവസ്ഥയിലേക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേടിയിട്ടുളള മൂല്യങ്ങള്‍ പ്രസരിപ്പിക്കുക. സഭയുടെ ആദ്യകാലചരിത്രത്തില്‍ ശ്രേഷ്ഠരായ അപ്പോസ്തലന്മാരും അവരുടെ ശിഷ്യരും ക്രിസ്തുനാഥന്റെ സുവിശേഷം ഗ്രീസിലും റോമിലും കൊണ്ടുചെന്നു. അവരുടെ സംസ്ക്കാരങ്ങളും ആചാരങ്ങളും മനസ്സിലാക്കിക്കൊണ്ട അവരുടെ മനസ്സില്‍ തട്ടുന്ന രീതിയിലാണ്‌ അവര്‍ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയത്‌, അതുപോലെ തന്നെ ഇന്നും സൈബര്‍സംസ്ക്കാരത്തിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടേ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയൂ. ഈ സംസ്ക്കാരം ശരിക്കും മനസ്സിലാക്കിയ യുവജനങ്ങള്‍ക്കേ ഈ ഡിജിറ്റല്‍ ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനുളള ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ സാധിക്കൂ. നിങ്ങളുടെ സഹവര്‍ത്തികള്‍ക്ക്‌ ആവേശത്തോടെ സുവിശേഷസന്ദേശം നല്‍കാന്‍ മറക്കാതിരിക്കുക. അവരുടെ പ്രതീക്ഷകളും താത്പര്യങ്ങളും ഭയാശങ്കകളും നിങ്ങള്‍ക്കറിവുളളതാണല്ലോ. അവര്‍ക്കുനല്‍കാനുളള നിങ്ങളുടെ ഏറ്റവും വലിയ സമ്മാനം മനുഷ്യനായ ദൈവത്തെയാണ്‌ - സഹിക്കുകയും മരിക്കുകയും സര്‍വരേയും രക്ഷിക്കുന്നതിനുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചുളള സുവിശേഷം. മനുഷ്യഹൃദയങ്ങള്‍ സ്നേഹം നിലനില്‍ക്കുന്ന ലോകത്തിനായി ദാഹിക്കുകയാണ്‌, നന്മകള്‍ പങ്കുവയ്ക്കുന്ന, ഐക്യം വളര്‍ത്തുന്ന; സ്വാതന്ത്ര്യം സത്യത്തില്‍ അര്‍ത്ഥം കണ്ടെത്തുന്ന; ആദരത്തോടെയുളള ഐക്യത്തില്‍ വ്യക്തിത്വം കണ്ടെത്തുന്ന ലോകം. ഈ പ്രതീക്ഷകള്‍ക്ക്‌ നമ്മുടെ വിശ്വാസത്തിന്‌ ഉത്തരം നല്‍കാന്‍കഴിയും - നിങ്ങള്‍ ആ വിശ്വാസത്തിന്റ പ്രചാരകരാകുക, പാപ്പ നിങ്ങളോടൊപ്പമുണ്ട്‌, തന്റെ പ്രാര്‍ത്ഥനയിലൂടെ, ആശീര്‍വാദത്തിലൂടെ.
വത്തിക്കാനില്‍ നിന്ന്‌ 24 ജനുവരി 2009, വിശുദ്ധ ഫ്രാന്‍സീസ്‌ സാലസിന്റെ തിരുനാള്‍ദിനത്തില്‍, ബനഡിക്ട്‌ 16-ാ‍മന്‍ പാപ്പ

Thursday, November 5, 2009

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയത ആവശ്യം:

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയത ആവശ്യമാണെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌. രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി - സമൃദ്ധി വൈദികര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ അധിഷ്ഠിതമായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈദികര്‍ തയാറാകണമെന്ന്‌ ബിഷപ്‌ ഉത്ബോധിപ്പിച്ചു. സമൂഹത്തില്‍ ദാരിദ്ര്യത്തിന്റെ പരിവേഷം മാറ്റണമെങ്കില്‍ നമുക്കുള്ള സാധ്യതകള്‍ ഉപയോഗിക്കണമെന്നും ബിഷപ്‌ ചൂണ്ടിക്കാട്ടി. വെങ്ങോല സമൃദ്ധി പരിശീലന ഹാളില്‍ നടന്ന യോഗത്തില്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ. ഡോ. തോമസ്‌ മുതലപ്ര അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, സേവ്‌ എ ഫാമിലി പ്രോഗ്രാം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ഭരണിക്കുളങ്ങര, കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം ഡയറക്ടര്‍ ഫാ. റൊമാന്‍സ്‌ ആന്റണി, മിത്രധാം ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ എല്ലാ വൈദികരും പരിപാടിയില്‍ പങ്കെടുത്തു.

Wednesday, November 4, 2009

പുരോഹിതന്റെ വ്യക്തിത്വവും അസ്തിത്വവും ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം: മാര്‍ വിതയത്തില്‍

പുരോഹിതന്റെ വ്യക്തിത്വവും അസ്തിത്വവും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണമെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. പുരോഹിതന്‍ സമൂഹത്തില്‍ ക്രിസ്തുവിന്റെ ആവിഷ്കാരമായിരിക്കണം. ക്രിസ്തുവിനോടുള്ള വിധേയത്വമാണ്‌ പുരോഹിതരും സമര്‍പ്പിതരും അധികാരികളിലുള്ള അനുസരണത്തിലൂടെ പ്രകടമാക്കേണ്ടത്‌. ഇതുതന്നെയാണ്‌ സഹവൈദികരോടും ദൈവജനത്തോടും പ്രകടിപ്പിക്കേണ്ടത്‌. ഈ കൂട്ടായ്മയിലൂടെയാണ്‌ സുവിശേഷത്തിന്റെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നത്‌. ക്രിസ്തീയ പൗരോഹിത്യദൈവശാസ്ത്രത്തെക്കുറിച്ച്‌ സീറോമലബാര്‍ സഭയുടെ ഗവേഷണപഠന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയുടെ ഗവേഷണപഠനവിഭാഗമായ റിസര്‍ച്ച്‌ സെന്ററും വൈദിക സന്യസ്തകമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ റിസര്‍ച്ച്‌ സെന്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. വൈദിക സന്യസ്ത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍, ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, റവ. ഡോ. പോളി കണ്ണൂക്കാടന്‍, റവ. ഡോ. ജോസ്‌ പാലക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ മാര്‍തോമ്മാനസ്രാണികളുടെ പൗരോഹിത്യ രൂപീകരണം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ചെറിയാന്‍ വാരികാട്ട്‌ പ്രബന്ധം അവതരിപ്പിച്ചു. സീറോമലബാര്‍ സഭയുടെ പൗരോഹിത്യ ദൈവശാസ്ത്രം, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയില്‍ പുരോഹിതരുടെ പങ്ക്‌ എന്നീ വിഷയങ്ങളെ ആസ്പദമാക്കി, ഡോ. പോളി മണിയാട്ട്‌, ഡോ. ജോസ്‌ കുറിയേടത്ത്‌ എന്നിവര്‍ ഇന്ന്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ആന്റണി കരിയില്‍ സിഎംഐ, ബ്രദര്‍ ജോയി കാക്കാട്ടില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ തെക്ല എസ്‌എബിഎസ്‌, പ്രഫ. പി.സി തോമസ്‌ പ്രെഫ. ലീന ജോസ്‌ എന്നിവര്‍ പങ്കെടുക്കും.വ്യാഴാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുള്ളവരുമായ തിരഞ്ഞെടുക്കപ്പെട്ട 120 പേര്‍ സെമിനാറില്‍ പങ്കെടുക്കും.

Tuesday, November 3, 2009

‘അണ്‍എയ്ഡഡ്‌ മേഖലയോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം മാറ്റണം’

സ്്കൂള്‍ വിദ്യാഭ്യാസ ചെലവിന്റെ മൂന്നിലൊന്നിലധികം വഹിക്കുന്നത്‌ ഗവണ്‍മെന്റ്‌ അംഗീകാരമെന്ന സാങ്കേതികത ലഭിക്കാത്ത കേരള, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസ്‌ സ്കൂളുകളാണെന്ന്‌ കേരള അണ്‍ എയ്ഡഡ്‌ സ്കൂള്‍സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ സിജു കെ. ഐസക്‌ അധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ഗ്രാന്റിനും ധനസഹായത്തിനും അര്‍ഹരായ കുട്ടികള്‍ അവ ഉപേക്ഷിച്ചും സര്‍വീസ്‌ സംഘടനകളുടെയും സര്‍ക്കാരിന്റെയും പ്രചരണങ്ങള്‍ വകവയ്ക്കാതെയും ഇത്തരം സ്കൂളുകളിലേക്ക്‌ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നു വിദ്യാഭ്യാസ വകുപ്പുതന്നെ കണെ്ടത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞതിനാലാണ്‌ സര്‍ക്കാര്‍ അംഗീകാരമോ, എന്‍ഒസിയോ ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്തെ 2734-ഓളം സ്കൂളുകളിലായി അഞ്ചരലക്ഷത്തിലധികം കുട്ടികള്‍ ഇപ്പോഴും പഠിക്കുന്നത്‌.സിലബസ്‌ ഏകീകരണം, അധ്യാപക പരിശീലനം, കലാ കായിക മേളകളുടെ നടത്തിപ്പ്‌ എന്നിവയ്ക്കായി അക്കാദമിക്‌ കമ്മിറ്റിയും അംഗീകാര, എന്‍ഒസി ലഭ്യതയ്ക്കായി നിയമ നടപടികളും അവിഷ്കരിക്കാന്‍ തീരുമാനിച്ചു.യൂസഫലി പൊന്നാനി, കെ.കെ ചെറിയാന്‍ജി, എം.എംഎസ്‌ അലി, അഡ്വ. ചന്ദ്രശേഖര വാര്യര്‍, ഷാജി മയ്യനാട്‌, സന്തോഷ്കുമാര്‍, ശാരദാ പ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.വടക്കന്‍ മേഖല യോഗം 13ന്‌ രണ്ടിന്‌ കോഴിക്കോട്‌ മിഠായി തെരിവിലെ ലാന്‍ഡ്‌ വേള്‍ഡ്‌ സെന്ററിലും മധ്യമേഖല യോഗം ഡിസംബര്‍ അഞ്ചിന്‌ കോട്ടയം പുത്തനങ്ങാടി സെന്റ്‌ മേരീസ്‌ സെന്‍ട്രല്‍ സ്കൂളിലും ചേരും.

Monday, November 2, 2009

സിവില്‍സര്‍വീസ്‌ രംഗത്തെത്താന്‍ ശ്രമങ്ങള്‍ വേണം: മാര്‍ കല്ലറങ്ങാട്ട്‌

സമൂദായ ശാക്തീകരണം പ്രഖ്യാപിച്ച പ്രൗഢോജ്വല സമ്മേളനത്തോടെ എകെസിസി പാലാ രൂപതാ സമ്മേളനം സമാപിച്ചു. സംഘശക്തി വിളിച്ചോതിയ സമ്മേളനത്തിന്‌ നീതിയുടേയും സത്യത്തിന്റെയും ഉപവിയുടെയും പാഠങ്ങള്‍ സമൂഹത്തിന്‌ പകര്‍ന്നു നല്‍കാനായി. നൂറുകണക്കിന്‌ പ്രവര്‍ത്തകരെ സാക്ഷിയാക്കിയ സമ്മേളനത്തില്‍ സമൂദായ ശാക്തീകരണം എകെസിസിയിലൂടെ എന്ന കര്‍മ്മപരിപാടിക്ക്‌ തുടക്കമായി. ധാര്‍മികവും ആത്മീയവുമായ മുന്നേറ്റമാവണം സമൂദായശാക്തീകരണത്തിലൂടെ നേടേണ്ടതെന്ന്‌ കര്‍മ്മപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. സവില്‍ സര്‍വീസ്‌ മേഖലയില്‍ എത്തപ്പെടാന്‍ കൂടുതല്‍ ശ്രമിക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എകെസിസിസി വോയ്സിന്റെ പ്രകാശനവും അദ്ദേഹവും നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ സഭയ്ക്ക്‌ കഴിയില്ലെന്നും ഇത്‌ സഭയുടെ ദൗത്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ പറഞ്ഞു. ചോദ്യപേപ്പറിലൂടെയും പാഠപുസ്കങ്ങളിലൂടെയും സമുദായത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മ ശക്തിയോടെ ജീവാര്‍പ്പണം നടത്തുന്നവരെയാണ്‌ സഭയ്ക്ക്‌ ആവശ്യമെന്നും പ്രതികരിക്കുന്ന ക്രിസ്തുവിനെ ജീവിതത്തില്‍ പകര്‍ത്തണമെന്നും രൂപതാ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. രൂപത പ്രസിഡന്റ്‌ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജു അലക്സ്‌, ജയിംസ്‌ ചെറുവള്ളി, ജോണ്‍ കച്ചിറമറ്റം, ടോമി തുരുത്തിക്കര, ജോയി മുത്തോലി, തോമസ്‌ മാഞ്ഞൂരാന്‍, മാത്തുക്കുട്ടി കലയത്തിനാല്‍, സണ്ണി വടക്കേല്‍, ബെന്നി പാലയ്ക്കത്തടം എന്നിവര്‍ പ്രസംഗിച്ചു. രാജീവ്‌ കൊച്ചുപറമ്പില്‍, പ്രഫ. റെജി മേക്കാടന്‍, ജോസ്‌ പുത്തന്‍കാലാ, രാജു വയലില്‍, ജോണ്‍ മിറ്റത്താനി, ടോമി കെ. തോമസ്‌, കുര്യന്‍ വടക്കേക്കര, ജോണി വിച്ചാട്ട്‌, ആന്റോസണ്‍ പാലക്കാട്ടുകുന്നേല്‍, എന്‍. ടി കുര്യന്‍, സെബാസറ്റ്യന്‍ മാളിയേക്കല്‍, ബേബി പുത്തന്‍പുര, പ്രിന്‍സോ കല്ലുക്കാവില്‍, ഡാന്റീസ്‌ കൂനാനിക്കല്‍, പ്രഫ. കെ. എം മാത്യു, മാഗി മേനാംപറമ്പില്‍ എന്നിവര്‍ വിവിധ മേഖലാകമ്മിറ്റികളുടേയും വിവിധ വേദികളുടേയും റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനത്തിനും മികച്ച കാര്‍ഷിക പദ്ധതിയ്ക്കുമുള്ള അവാര്‍ഡുകള്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സമ്മാനിച്ചു. സമ്മേളനത്തിന്‌ മാറ്റുകൂട്ടി മുണ്ടാങ്കല്‍ ഇടവകാംഗങ്ങളായ കുരുന്നുകളുടെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു. രൂപതയിലെ മികച്ച എകെസിസി പ്രവര്‍ത്തകനായി ബേബി ആലുങ്കലിനെ (കൂത്താട്ടുകുളം) തെരഞ്ഞെടുത്തു. രൂപതാ വാര്‍ഷിക സമ്മേളനത്തോടെ എകെസിസി അംഗങ്ങള്‍ പുതിയ പ്രവര്‍ത്തന വീര്യത്തിലെത്തി. സമ്മേളന വേദിയായ മുണ്ടാങ്കല്‍ പള്ളിയേയും അങ്കണത്തെയു കൊടി തോരണങ്ങളാല്‍ അലങ്കരിച്ചാണ്‌ നാട്‌ സമ്മേളനത്തെ വരവേറ്റത്‌. പാലാ ടൗണ്‍ മുതല്‍ സമ്മേളന വേദി വരെ എകെസിസിയുടെ ദ്വിവര്‍ണ പതാകള്‍ ഉയര്‍ത്തിയാണ്‌ പ്രവര്‍ത്തകര്‍ സമ്മേളനത്തിന്‌ കൊഴുപ്പേകിയത്‌. സമൂദായയശക്തിയുടെ ഉന്നമനത്തിനായി അക്ഷീണം പ്രയ്നിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ സമ്മേളനത്തിനെത്തിയവര്‍ മടങ്ങിയത്‌. സ്നേഹവിരുന്നും നടത്തി.