ദേവാലങ്ങൾ ദൈവാരൂപി നിറഞ്ഞ വിധത്തിലായിരിക്കണം നിർമിക്കേണ്ടതെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലാര്റക്കൽ പറഞ്ഞു. അത്തരം ദേവാലയങ്ങൾ നിർമിക്കാൻ കഴിവുള്ളവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം നിറഞ്ഞവരാണെന്നും ദേവാലയ രൂപകൽപനകളെക്കുറിച്ചു വിശദമാക്കുന്ന മോൺ.ക്ലീറ്റസ് പറമ്പലോത്തിന്റെ നിർമിതി ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദേവാലയത്തിന് അകത്തു പ്രവേശിച്ചാൽ പ്രാർഥിക്കാൻ തോന്നുന്ന വിധത്തിലുള്ളതായിരിക്കണം അതിന്റെ നിർമിതികൾ. ദേവാലയത്തിൽ നിൽക്കുമ്പോൾ നമ്മൾ ദൈത്തിന്റെ മുമ്പിലാണെന്ന തോന്നലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വീടുകൾ നിർമിക്കുന്നതിനേക്കാൾ വൈദഗ്ധ്യം അതു കൊണ്ടു തന്നെ ദേവാലയ നിർമിതിക്ക് ആവശ്യമാണ്. എന്നാൽ ഇത്തരം ഗുണങ്ങൾ കുറവായ ദേവായങ്ങളും ഇക്കാലത്ത് ധാരാളം നിർമിക്കുന്നുണ്ട്. ലാളിത്യം കൊണ്ടും മനോഹാരിത കൊണ്ടും വ്യത്യസ്തമാണ് ക്ലീറ്റസച്ചന്റെ ദേവാലയങ്ങളും അൾത്താരകളും. ഒരു വൈദികൻ എന്ന നിലയിൽ തന്റെ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. നൂറിലേറെ ദേവാലയങ്ങളുടെ ശിൽപിയായിട്ടും ഇക്കാര്യം പരസ്യപ്പെടുത്താതെ സ്വയം ഒതുങ്ങിയ അദ്ദേഹത്തിന്റെ വിനയവും മാതൃകയാക്കേണ്ടതാണെന്ന് ബിഷപ് പറഞ്ഞു.ഏതു കലയേയും സ്വാധീനിക്കുന്നത് മതവും ആത്മീയയുമാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പിഎസ്സി ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു. അത്തരം കലകളാണ് കാലത്തെ അതിജീവിക്കുന്നത്. മനുഷ്യാലയം നിർമിക്കുന്നതും ദേവാലയം നിർമിക്കുന്നതും വ്യത്യസ്തമാണ.് ഭംഗി വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ പല ദേവാലയങ്ങളും വലിയ കെട്ടിടങ്ങൾ മാത്രമായി മാറി കൊണ്ടിരിക്കുകയാണ്. അവ കണ്ണിനെ വേദനിപ്പിക്കുന്ന മാതൃകയായി പലപ്പോഴും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Monday, October 17, 2011
പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന് അനിവാര്യം: മാർ ജോസഫ് പണ്ടാരശേരിൽ
പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന് അനിവാര്യമാണെന്നു കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കാരിത്താസ് ഇന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്റെയും കർഷക സംഗമത്തിന്റെയും ഉദ്ഘാടനം പയ്യാവൂർ സെന്റ് ആൻസ് പാരിഷ്ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക സംസ്കാരം എന്നാൽ ജൈവസംസ്കാരമാണെന്നും അമിത ലാഭത്തേക്കാളുപരി ജൈവസമ്പത്തിനു പ്രാധാന്യം നൽകണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ജോസ് അധ്യക്ഷതവഹിച്ചു. കാരിത്താസ് ഇന്ത്യാ പ്രകൃതി സംരക്ഷണവിഭാഗം മേധാവി ഡോ. വി.ആർ. ഹരിദാസ് ആമുഖപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യയും മാസും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കാർട്ടൂണിന്റെ പ്രകാശനം ഫാ. റെജി കൊച്ചുപറമ്പിൽ നിർവഹിച്ചു. കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് മാസ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ക്ലെയിം വിതരണം മടമ്പം ഫൊറോനവികാരി ഫാ. ഫിലിപ്പ് ആനിമൂട്ടിൽ നിർവഹിച്ചു. കേരള സോഷ്യൽസർവീസ് ഫോറം പ്രൊജക്ട് മാനേജർ ഇ.ജെ. ജോസ്, മേഴ്സി ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ് കപ്പുകാലായിൽ, പയ്യാവൂർ കൃഷി ഓഫീസർ ജോർജുകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. ഫാ. ജോർജ്ജ് ഊന്നുകല്ലിൽ സ്വാഗതവും മാസ് പ്രോഗ്രാം മാനേജർ യു.പി. ഏബ്രഹാം നന്ദിയും പറഞ്ഞു. സോണിയ തോമസ്, റെജി തോമസ്, ആനിമേറ്റേഴ്സ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. കണ്ണൂർ മേഖലയിൽ നിന്നുള്ള 250 ൽപരം അംഗങ്ങൾ പങ്കെടുത്തു.
Saturday, October 15, 2011
വിശ്വാസപാരമ്പര്യത്തിൽ ക്രിസ്തുസാക്ഷികളാകണം: മാർ ജോർജ്ജ് ആലഞ്ചേരി
സീറോ മലബാർ സഭാവിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യത്തിൽ ലോകത്തിലെവിടെയും ക്രിസ്തുവിന്റെ സാക്ഷികളാകണമെന്നു മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി റോമിലെ സീറോ മലബാർ കത്തോലിക്കരോട് ആഹ്വാനം ചെയ്തു. ഇറ്റലിയിൽ താമസിക്കുന്ന ഇരുനൂറ്റമ്പതോളം സീറോ മലബാർ കത്തോലിക്കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാൻ സന്ദർശിക്കുന്ന മേജർ ആർച്ച്ബിഷപ് റോമിലെ സെന്റ് പോൾ കോളജിൽ സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങൾക്കൊപ്പമാണു വിശ്വാസിസമൂഹവുമായി ആശയവിനിമയം നടത്തിയത്. റോമിലെ സഭാംഗങ്ങളുടെ വിവിധ ആത്മീയാവശ്യങ്ങളെക്കുറിച്ചു മേജർ ആർച്ച് ബിഷപ് വിശ്വാസികളുമായി സംസാരിച്ചു. മേജർ ആർച്ച് ബിഷപ്പിനു വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ കർദിനാൾ ലെയോണാർദോ സാന്ദ്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ്പും സ്ഥിരം സിനഡിലെ അംഗങ്ങളും വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനുള്ള കാര്യാലയത്തിൽ ആർച്ച്ബിഷപ് സാൽവത്തോറെ ഫിസിച്ചെല്ലയുമായും കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പുമാരായ മാർ ജോർജ്ജ് വലിയമറ്റം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ് ചക്യത്ത്, കൂരിയ മെത്രാൻ മാർ ബോസ്കോ പുത്തൂർ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു
Friday, October 14, 2011
നവ സുവിശേഷവത്കരണം വിശുദ്ധ ഡോൺബോസ്കോ നൽകുന്ന സന്ദേശം: ആർച്ച് ബിഷപ് സൂസാപാക്യം
നവ സുവിശേഷവത്കരണമാണ് വിശുദ്ധ ജോൺബോസ്കോ നൽകുന്ന സന്ദേശം എന്ന് തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ.എം സൂസപാക്യം. വിശുദ്ധ ഡോൺബോസ്കോയുടെ തിരുശേഷിപ്പ് കിള്ളിപ്പാലം സെന്റ് ജൂഡ് തീർത്ഥാടന കേന്ദ്രത്തിൽ വണക്കത്തിനു വച്ചശേഷം നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണ വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങാൻ നാം അവരെ അന്വേഷിച്ചാണ് പോകുന്നതെങ്കിൽ ഇവിടെ വിശുദ്ധ ഡോൺബോസ്കോ നമ്മെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുകയാണ്. തിരുശേഷിപ്പ് വണങ്ങുന്നതുവഴി നിരവധിയായ അനുഗ്രഹങ്ങളാണ് ഒഴുകുന്നത്. വിശുദ്ധൻ നിരവധി സന്ദേശങ്ങളും ഒപ്പം നമുക്ക് നൽകുന്നു. വിശുദ്ധൻ നൽകുന്ന ഈ സന്ദേശങ്ങളും ഉൾക്കൊണ്ട് ഓരോരുത്തരും പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ വത്കരണവും ജീവിത വിശുദ്ധീകരണവുമാണ് വിശുദ്ധൻ നമ്മെ സന്ദർശിക്കുമ്പോൾ സംഭവിക്കുന്നത്. അതിനായി വിശുദ്ധന്റെ തിരുശേഷിപ്പ് നമ്മെ സന്ദർശിക്കുന്ന ഈ അവസരം നാം ഉപയോഗിക്കണം.ക്രിസ്തു ശിരസായിരിക്കുന്ന സഭയുടെ അവയവങ്ങളായ നാം നമ്മുടെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കണം എന്ന് തിരുശേഷിപ്പ് നമ്മോടു പറയുന്നു. എല്ലാവരേയും തന്റെ ശാന്തത, കാരുണ്യം,സ്നേഹം എന്നിവകൊണ്ട് തന്നിലേക്ക് ആകർഷിക്കാൻ യേശുവിനു കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ഡോൺബോസ്കോയ്ക്കും കഴിഞ്ഞു. ഈ ജീവിത മാതൃക ഉൾക്കൊണ്ട് ജീവിതത്തിൽ മാനസാന്തരം കൊണ്ടുവരാനും അതിന് ഉപകരണമാകാനും ഓരോരുത്തർക്കും കഴിയണമെന്നും ബിഷപ് പറഞ്ഞു.മോൺ.യൂജിൻ പെരേര,തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.പോൾ സണ്ണി,ഫാ. തോമസ് മേക്കാടൻ, ഫാ.ഭാസ്കർ ജോസഫ്, തുടങ്ങിയവർ സഹകാർമികരായിരുന്നു
നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവും ഉണ്ടായിരിക്കണം: മാർ റാഫേൽ തട്ടിൽ
നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവുമുണ്ടായിരിക്കണമെന്ന് അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. അതിരൂപത കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ മാറോക്കി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, ട്രഷറർ അഡ്വ. സി.ജെ. ഡെന്നി, കോ-ഓർഡിനേറ്റർ സാബു നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.
Subscribe to:
Posts (Atom)