സ്ത്രീകളുടെ അര്‍പ്പണ മനോഭാവം സഭയുടെ സമ്പത്താണെന്നും ലത്തീന്‍ സഭക്കാരായ സ്ത്രീകളുടെ സമഗ്ര വളര്‍ച്ചയ്ക്കും സമുദായംഗങ്ങളായ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടേതായ സമുദായ സംഘടന അനിവാര്യമാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബീഷപ് ഡോ.എം.സൂസപാക്യം.കെ.ആര്‍.എല്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ ലത്തീന്‍ സമുദായാംഗങ്ങളായ സ്ത്രീകള്‍ക്കു വേണ്ടി സംസ്ഥാനതലത്തില്‍ രൂപീകരിച്ച കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കേരളത്തിലെ 11 ലാറ്റിന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കെ. ആര്‍.എല്‍.സി.സി. സംസ്ഥാന ട്രഷറര്‍ പ്രഫ. എസ്.റൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. മോണ്‍.യൂജിന്‍ പെരേര, ഫാ. ജയിംസ് കുലാസ്, കെ.സി.ബി.സി. വനിതാ കമ്മീഷന്‍ സെക്രട്ടറി ആനി റോഡ്നി, സ്മിതാ ബിജോയി, ജൂലിയറ്റ് സേവ്യര്‍, സെലിന്‍ നെല്‍സണ്‍, അഡ്വ. ജോസി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. മെല്‍ക്കണ്‍, തോംസണ്‍ ലോറന്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Tuesday, December 29, 2009
ഡിസ്റ്റിലറികള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെസിബിസി
കേരളത്തില്‍ മദ്യം ഉത്പാദിപ്പിക്കുന്നതിന് മൂന്ന് ഡിസ്റ്റിലറികള്‍ക്കുകൂടി ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മദ്യപാനം മലയാളിയുടെ മാനസിക രോഗമായി വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കേണ്ടന്ന് 1999 സെപ്റ്റംബര്‍ 29ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കേയാണ് നിയമം മറികടന്ന് മദ്യ ഉത്പാദനത്തിന് അനുമതി നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഔഷധാവശ്യത്തിനു മാത്രമേ മദ്യം ഉത്പാദിപ്പിക്കാന്‍ പാടുള്ളൂ. 1975ലെ സുപ്രീം കോടതി വിധി അനുസരിച്ച് മദ്യമുണ്ടാക്കാന്‍ സര്‍ക്കാരിനുപോലും അവകാശമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെസിബിസി നടത്തിയ പഠനപ്രകാരം മദ്യപിക്കുന്നവരുടെ ശരാശരി വയസ് 18 ല്‍ നിന്നും 13 ആയി താണിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യ ഉപയോഗം കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുന്നതു വഴി മലയാളികള്‍ നല്ലൊരുഭാഗം പേരും മാനസിക വൈകല്യമുള്ളവരായി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഉത്സവദിനങ്ങളില്‍ റെക്കോഡ് മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ കേവലം താത്കാലിക സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് കൂടുതല്‍ മദ്യോത്പാദനശാലകള്‍ തുറക്കാന്‍ പരിശ്രമിക്കുന്നത് ഒരു ജനതയോട് ചെയ്യുന്ന അനീതിയാണ്. മദ്യത്തിന്റെ ഉപഭോഗവും വില്‍പനയും കര്‍ശനമായി നിയന്ത്രിക്കണമെന്ന ശക്തമായ ആവശ്യം നിലനില്‍ക്കേ പുതിയ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കം ഉപേക്ഷിച്ച് കേരളത്തിലെ ജനതയെ മദ്യപാന ആസക്തിയില്‍ നിന്ന് വിമുക്തമാക്കണമെന്ന് കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,് സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ അഭിപ്രായപ്പെട്ടു.
Monday, December 21, 2009
എല്ലാ ദളിതര്‍ക്കും തുല്യ സാമൂഹ്യനീതി ലഭ്യമാക്കുവാന്‍ രംഗനാഥ് മിശ്ര റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം: ബിഷപ് സ്റ്റാന്‍ലി റോമന്‍
ദളിത് ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാ ജാതിയിലുംപ്പെട്ട ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്നുളള ജസ്റ്റിസ് രംഗനാഥ് മിശ്ര റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കിക്കൊണ്ട് എല്ലാ ദളിതര്‍ക്കും തുല്യസാമൂഹ്യനീതി ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. 2007 മെയ് മാസത്തില്‍ ജസ്റ്റിസ് രംഗനാഥ് മിശ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് വയ്ക്കുന്നത്. ഇനിയും കാലതാമസം വയ്ക്കാതെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണം. ഭരണഘടന അനുവദിച്ചുനല്‍കുന്ന സംവരണാനുകൂല്യങ്ങള്‍ ചില വിഭാഗം ദളിതര്‍ക്കുമാത്രം നിഷേധിക്കുന്നത് സാമൂഹ്യനീതിയുടെ ലംഘനമാണ്. സമൂഹത്തിന്റെ സമഗ്രവികസനത്തിന് ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ദളിതസമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്ര റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മാത്രമേ സാധിക്കുകയുളളൂ. ഇതിനായി കേന്ദ്രസര്‍ക്കാരും ലോക്സഭയിലേയും രാജ്യസഭയിലേയും എല്ലാ എം.പി മാരും പ്രത്യേക താത്പര്യം കാണിക്കണം. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ ദളിതര്‍ക്കും സംവരണാനുകൂല്യം നല്‍കണമെന്നുളള ജസ്റ്റിസ് രംഗനാഥ് മിശ്ര റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം - ബിഷപ് സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.
രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം: കെസിബിസി
ദളിത് ക്രൈസ്തവര്‍ ക്കും മുസ്്ലിം വിഭാഗത്തിനും പട്ടികജാതി പദവി നല്‍കണമെ ന്നും ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് മാത്രമായി നിജപ്പെടുത്തി യ പട്ടികജാതി ആനുകൂല്യങ്ങള്‍ പിന്നീട് സിഖ്, ബുദ്ധവിഭാഗങ്ങള്‍ക്ക് അനുവദിച്ചെങ്കിലും മുസ്്ലിം, ക്രിസ്ത്യന്‍, ജൈന, പാര്‍സി വിഭാഗങ്ങളെ മാറ്റി നിറുത്തിയിരിക്കുന്നത് അനീതിയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 1950 ഓഗസ്റ്റ് 10 മുതല്‍ ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ ദളിത് കമ്മീഷന്‍ നിരവധി നിവേദനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്് നല്‍കുകയും സത്യഗ്രഹങ്ങള്‍ ഉള്‍പ്പെടെ പല തര ത്തിലുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് 2004-ല്‍ കെസിബിസിയുടെ ആഭിമുഖ്യത്തി ല്‍ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. രംഗനാഥ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പിലാക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,് സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.
Thursday, December 17, 2009
നാടാര്‍വിഭാഗത്തെ ഒന്നടങ്കം സംവരണത്തിന് പരിഗണിക്കണം: കാതോലിക്കാബാവ
നാടാര്‍ വിഭാഗത്തെ ഒന്നായി സംവരണത്തിന് പരിഗണിക്കണമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് അടിസ്ഥാന നീതി നിഷേധമാണെന്നും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.നാടാര്‍ ലൂഥറന്‍ ക്രൈസ്തവരേയും സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലൂഥറന്‍ വൈദികര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു കാതോലിക്കബാവ. അടിസ്ഥാന വര്‍ഗത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന എപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നൊരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സംവരണത്തിലെ വൈരുധ്യങ്ങളും അപാകതയും പരിഹരിച്ച് സമുദായത്തിനൊന്നായി സംവരണം നല്‍കണം. നാടാര്‍ വിഭാഗത്തിലെ മുഴുവന്‍പേര്‍ക്കും സംവരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിട്ടുള്ളത്. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയിട്ടല്ല താന്‍ വാദിക്കുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു. എന്നാല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ളൊരു ശ്രമം നടന്നു. അതുതന്നെ നീതി നിഷേധത്തിനുള്ള തന്ത്രമാണെന്നു തന്നെ കരുതേണ്ടിവരുമെന്നും ബാവ ഓര്‍മിപ്പിച്ചു. ചിലവിഭാഗങ്ങള്‍ക്ക് സംവരണം മാത്രമേ നിഷേധിച്ചിട്ടുള്ളു സമ്മതിദാനാവകാശം ഇപ്പോഴും നിലവിലുണെ്ടന്ന കാര്യം ആരും മറക്കരുതെന്നും ബാവ പറഞ്ഞു. ഇന്ത്യാ ഇവാന്‍ജലിക്കല്‍ ലൂഥറിന്‍ സഭാ ഉപാധ്യക്ഷ്യന്‍ ഫാ.വൈ.ക്രിസ്റ്റഫര്‍ സമരപ്രഖ്യാപനം നടത്തി. നാടാര്‍ സമുദായത്തെ സഭാവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാതെ സമുദായത്തെ ഒന്നായിക്കണ്ട് തുല്യനീതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംവരണം ഉറപ്പാകുന്നതുവരെ നാടാര്‍ ലൂഥറന്‍ ക്രിസ്ത്യാനികള്‍ സമര രംഗത്തുതന്നെ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫാ.പവിത്രസിംഗ്, ഫാ ഡോ.ജോഷ്വാശിരോമണി, ഫാ. ആര്‍.വിജയകുമാര്‍,ഫാ. സി. എസ്.ജയകുമാര്‍, ഫാ.എസ്.റസലയന്‍, ഫാ.കെ.സത്യദാസ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, December 16, 2009
വൈദികസമ്മേളനം നവപന്തക്കുസ്ത: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഓരോ വൈദിക കൂട്ടായ്മയും നവപന്തക്കുസ്തയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അജപാലന വിലയിരുത്തലിനുള്ള അവസരമാണ് വൈദിക സമ്മേളനമെന്നും ബിഷപ് പറഞ്ഞു. പാലാ രൂപതയിലെ ഇടവക-സന്യാസവൈദികരുടെ സംയുക്ത സമ്മേളനത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. വൈദികര്‍ ദൈവവിളിയുടെ മനോഹാരിതയും മഹത്വവും മനസിലാക്കണം. പൗരോഹിത്യം അനിര്‍വചനീയമായ അനുഗ്രഹവും ആത്മീയമായ നിയോഗവുമാണ്. ആറ്റുതീരത്തെ വൃക്ഷംപോലെ ഫലം ചൂടുന്നതാവണം പൗരോഹിത്യ ജീവിതമെന്നും ബിഷപ് പറഞ്ഞു. സന്യാസവൈദികര്‍ നല്‍കുന്ന ശുശ്രൂഷകളെ മാര്‍ കല്ലറങ്ങാട്ട് പ്രത്യേകം അനുസ്മരിച്ചു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സംബന്ധിച്ചു. വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായി അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ റവ. ഡോ. സില്‍വെസ്റ്റര്‍ തേക്കുങ്കല്‍ സിഎംഐ ‘വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെ അജപാലനശുശ്രൂഷാദര്‍ശനം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മോണ്‍. ജോര്‍ജ് ചൂരക്കാട്ട് പാസ്റ്ററല്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഇടവക ശുശ്രൂഷയെ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോസഫ് പാമ്പാറ, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ ചെഞ്ചേരില്‍, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. ജോസ് വെട്ടികാട്ട് ഒഎഫ്‌എം എന്നിവര്‍ തങ്ങളുടെ അജപാലനശുശ്രൂഷാരംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഫാ. അലക്സ് കോഴിക്കോട്ട് പ്രാര്‍ഥനാശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് വൈദികസംഘടനയായ എഡിസിപിയുടെ പൊതുയോഗം നടന്നു.
Tuesday, December 15, 2009
ക്രൈസ്തവ വിശ്വാസികള്‍ നന്മയുടെ സമൂഹമായി മാറണം: മാര്‍ എടയന്ത്രത്ത്
ക്രൈസ്തവ വിശ്വാസികള്‍ നന്മയുടെ സമൂഹമായി മാറണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആഹ്വാനം ചെയ്തു. കവരപ്പറമ്പ് ലിറ്റില്‍ ഫ്ലവര്‍ ഇടവകയില്‍ ഇടയസന്ദര്‍ശനത്തിനെത്തി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പരസ്പരം അറിയുന്നതും സ്നേഹിക്കുന്നതുമാണ് ക്രിസ്തീയതയെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവകയിലെത്തിയ ബിഷപ്പിനെ വികാരി ഫാ.ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ താളമേളങ്ങളുടെ അകമ്പടിയോടെ ഇടവക സമൂഹം സ്വീകരിച്ചു. തുടര്‍ന്ന് ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, വിവിധ ഭക്തസംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച എന്നിവ നടന്നു. ഇടവകയില്‍ രോഗികളായി കിടക്കുന്നവരുടെ മുപ്പത്തഞ്ചോളം വീടുകളിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. ഇടയ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി പരിസ്ഥിതി സംരക്ഷണം ഇടവകയില്‍ എന്ന മുദ്രാവാക്യവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചതായി വികാരി ഫാ.ജോണ്‍ പുതുവ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം പള്ളിയങ്കണത്തില്‍ വൃക്ഷത്തൈ നട്ട് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. ജയിംസ് വലിയമലയില്‍, ചെറിയാച്ചന്‍ മേനാച്ചേരി, പി.പി.ആന്റു, ജോണ്‍സണ്‍ പടയാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Monday, December 14, 2009
നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം നല്‍കണം: കെസിബിസി
നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സംവരണ ആനുകൂല്യം നല്‍കിക്കൊണ്ട് തുല്യ സാമൂഹിക നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി ആവശ്യപ്പെട്ടു. നാടാര്‍ സമുദായത്തിലെ കുറച്ചു പേര്‍ക്കു മാത്രം സംവരണ ആനുകൂല്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനമാണ്. സാമ്പത്തികവും സാമുദായികവും വിദ്യാഭ്യാസപരവുമായി പിന്നോ ക്കം നില്‍ക്കുന്ന നാടാര്‍ സമുദായാംഗങ്ങള്‍ ക്രൈസ്തവമത ത്തില്‍പ്പെട്ടതുകൊണ്ട് മാത്രം സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട നാടാര്‍ സമുദായത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ സംവരണം നല്‍കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കെസിബിസി തീരുമാനിച്ചു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സഭാംഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കും. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ചുമതല മൂവാറ്റുപുഴ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. അബ്രഹാം മാര്‍ യൂലിയോസിനെ ഏല്‍പ്പിച്ചു. പരിസ്ഥിതി മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം, അക്ഷയോര്‍ജസ്രോതസുകളുടെ വ്യാപനം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് ബോധവത്കരണ പരിശീലനപരിപാടികള്‍, ദൈവാലയങ്ങള്‍, സ്കൂളുകള്‍ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍ എന്നിവയില്‍ സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദസംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ സഭ പരിശ്രമിക്കും. പരിസ്ഥിതി സംരക്ഷണം ദൈവവിശ്വാസത്തിന്റെ ഭാഗമായി മാറ്റുന്നതിനെക്കുറിച്ച് ആഴമുള്ള പഠനങ്ങള്‍ നടത്തും. കേരളത്തില്‍ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സമഗ്ര പുരോഗതി നേടാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് കേരളസമൂഹത്തെ ബോധവത്കരിക്കും. മഴവെള്ളസംഭരണം, മാലിന്യനിര്‍മാര്‍ജനസ്രോതസുകളുടെ വ്യാപനം എന്നിവയില്‍ സഭ മുന്‍കൈയെടുക്കും. ഇതര സമുദായങ്ങളെ കൂടി സഹകരിപ്പിച്ച് പരിസ്ഥിതി സൗഹൃദസംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ കെസിബിസി രംഗത്ത് വരും.കെസിബിസിയുടെ കീഴിലുള്ള ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15 ന് കര്‍ഷകദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരെ ബഹുമാനിക്കാനും കേരളത്തില്‍ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാ വര്‍ഷവും ജനുവരി 15-ന് കര്‍ഷകദിനമായി ആചരിക്കുന്നത്.
ജാഗ്രതാ സമിതിക്കു കെസിബിസിയുടെ പ്രശംസ
പ്രണയം നടിച്ചു മതപരിവര്‍ത്തനം സംബന്ധിച്ചു കെസിബിസി ജാഗ്രതാ സമിതി പുറത്തിറക്കിയ ലേഖനത്തെ കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവേളയില്‍ മെത്രാന്‍മാരും വിവിധ കമ്മീഷനുകളിലെ സെക്രട്ടറിമാരും പ്രശംസിച്ചു. വളരെ നാളുകളായി കമ്മീഷന്‍ നിരീക്ഷിച്ചുവന്ന ഈ വിഷയത്തില്‍ ആളുകളെ ജാഗരൂഗരാക്കുന്നതിനാണ് ജാഗ്രതാ സമിതി ലേഖനം പുറത്തിറക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടക്കുന്നുണെ്ടന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെല്ലുവിളികളെ സധൈര്യം സ്വീകരിച്ചുകൊണ്ട് ഇനിയും ഇത്തരം സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതാ സമിതി ഇടപെടണമെന്ന് ശക്തമായ നിര്‍ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നു. ഏതെങ്കിലും സമുദായത്തെ അവഹേളിക്കാനല്ല സമൂഹത്തിലെ തിന്മയെ കാണിച്ചുകൊടുക്കാനാണ് ജാഗ്രതാ സമിതി ശ്രമിച്ചതെന്നും കെസിബിസി യോഗം വിലയിരുത്തി. ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല മറ്റ് ഇതര സമുദായങ്ങളിലും ബോധവത്ക്കരണം നല്‍കാന്‍ ലേഖനത്തിലൂടെ ജാഗ്രതാസമിതിക്കു സാധിച്ചു.കേരളത്തിനകത്തും പുറത്തുമുളള ധാരാളം മെത്രാന്‍മാര്‍, വൈദികര്‍, പതിനായിരക്കണക്കിന് അല്‍മായര്‍ എന്നിവര്‍ ഈ ലേഖനം വഴി സമൂഹത്തിന് ബോധവത്ക്കരണം നല്‍കാന്‍ ജാഗ്രതാ സമിതിക്കു സാധിച്ചെന്ന് അഭിപ്രായ പ്പെട്ടിരുന്നു.
മദ്യവിരുദ്ധ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ കെസിബിസി പ്രതിഷേധിച്ചു
മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ മദ്യനിരോധന സമിതിയുടെ സമരപന്തല്‍ റവന്യൂ-പോലീസ് സംഘം പൊളിച്ചു മാറ്റി വൈദികനടക്കമുള്ള സമരസമിതി നേതാക്കളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിയന്‍ മാര്‍ഗത്തില്‍ നടത്തിയ സത്യഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കത്തെ സമാധാനപരമായിത്തന്നെ നേരിടണമെന്നും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. പഞ്ചായത്തി രാജ-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ അനുസരിച്ചു തദ്ദേശസ്വയംഭരണ പ്രദേശത്ത് മദ്യഷാപ്പ് വേണമോ എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദു ചെയ്തിരിക്കുന്നത്. ജനാധികാരം പുനഃസ്ഥാപിക്കാന്‍ സമാധാനപരമായി നടത്തിയ സമരത്തെയാണ് സര്‍ക്കാര്‍ കടന്നാക്രമിച്ചിരിക്കുന്നത്. ഒരു വര്‍ഷവും നാല് മാസവുമായി തികച്ചും സമാധാനപരമായി നടന്ന സമരത്തിന്റെ പന്തല്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊളിച്ചത്. മദ്യലഭ്യത വര്‍ധിപ്പിച്ചു കേരളീയരെ മദ്യാസക്തരാക്കാനുള്ള നീക്കത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും മദ്യത്തിന്റെ ലഭ്യത കുറച്ചു വില്‍പനയില്‍ നിയന്ത്രണ-നിരോധന നടപടികള്‍ സ്വീകരിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
Saturday, December 12, 2009
സ്വവര്‍ഗ ലൈംഗികത വിധി: സിബിസിഐ നിവേദനം നല്‍കി
സ്വവര്‍ഗ ലൈംഗികത അടക്കം പ്രായപൂര്‍ത്തിയായവരുടെ സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ചകള്‍ നിയമവിരുദ്ധമല്ലാതാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കണ്ട് ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അതേപടി നിലനിര്‍ത്തണമെന്ന് ബിഷപ്പുമാര്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. വിന്‍സന്റ് എം. കോണ്‍സസാവോ, സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ജേക്കബ് മാര്‍ ബര്‍ണാബാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. മുസ്ലിം ഇമാമുമാരുടെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ഉമര്‍ അഹമ്മദ് ഇല്യാസി, സെബാസ്റ്റ്യ ന്‍ കാട്ടൂക്കാരന്‍, അഡ്വ. കെ.ജെ തോമസ്, ജോസ് ജോസഫ് തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു. വ്യക്തിപരമായി യോജിപ്പുണെ്ടങ്കിലും കോടതികളുടെ തീരുമാനമാകും ഇക്കാര്യത്തില്‍ അന്തിമമാകുകയെന്ന് മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ശില തകര്‍ക്കുന്നതാണ് ഹൈക്കോടതിയുടെ തീരുമാനമെന്ന് ആര്‍ച്ച് ബിഷപ് ഡോ. വിന്‍സന്റ് കോണ്‍സസാവോ, ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.
മദ്യനിരോധന സത്യഗ്രഹപ്പന്തല്‍ തകര്‍ത്തു വൈദികനടക്കമുള്ള നേതാക്കളെ കൈയേറ്റം ചെയ്തു
മലപ്പുറം കളക്ടറേറ്റ് പടിക്കലെ മദ്യനിരോധന സമിതി സത്യഗ്രഹ പന്തല്‍ റവന്യൂ- പോലീസ് സംഘം പൊളിച്ചു മാറ്റി. സമരസമിതി സംസ്ഥാന നേതാക്കാളായ ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെ കൈയേറ്റം ചെയ്തു. ഇന്നലെ രാവിലെ എട്ടിന് പെരിന്തല്‍മണ്ണ ആര്‍ഡിഒ പി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് റവന്യൂ-പോലീസ് സംയുക്ത സംഘം പന്തല്‍ പൊളിച്ചത്. സത്യഗ്രഹസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. വര്‍ഗീസ് മുഴുത്തേറ്റ് സമീപത്തെ ദേവാലയത്തില്‍നിന്നു പ്രാര്‍ഥന കഴിഞ്ഞു ഇറങ്ങുമ്പോഴാണ് സമരപന്തല്‍ പൊളിക്കുന്നതു കണ്ടത്. ഓടിയെത്തിയ ഫാ. മുഴുത്തേറ്റ് പന്തലി ലെ രേഖകള്‍ സൂക്ഷിച്ച പെട്ടിയുടെ മുകളില്‍ ഇരുന്നു. വിവരമറിഞ്ഞു ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണനും സ്ഥലത്തെത്തി വൈദികനൊപ്പം പെട്ടിക്കു മുകളില്‍ ഇരുപ്പുറപ്പിച്ചു. പന്തലില്‍നിന്നു മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തി ല്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും റോഡിലേക്കു പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ കാലിനു പരിക്കേറ്റു. ഇദ്ദേഹ ത്തെ മലപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. മുഴുത്തേറ്റും ഇയ്യച്ചേരിയും റോഡിലിരുന്നു തന്നെ സത്യഗ്രഹം തുടര്‍ന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എം. ഉമ്മര്‍ എംഎല്‍എ, കളക്ടര്‍ എം.സി മോഹന്‍ദാസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നുവത്രേ. തുടര്‍ന്ന് റോഡില്‍ ഫാ. വര്‍ഗീസ് മുഴുത്തേറ്റ് തുടങ്ങിയ സത്യഗ്രഹം എം. ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍രീതിയില്‍ സമാധാനപരമായി നടക്കുന്ന സത്യഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരമറി ഞ്ഞു നൂറുകണക്കിനാളുകള്‍ കളക്ടറേറ്റ് പടിക്കലിലേക്കു എത്തി. ഇവരുടെ സഹായത്തോടെ താല്‍ക്കാലിക സമരപ്പന്തല്‍ കെട്ടിയുയര്‍ത്തി സമരം അതിലേക്കു മാറ്റി. പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളില്‍നിന്നു റദ്ദ് ചെയ്ത പ്രാദേശിക മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഒരു വര്‍ഷവും നാലുമാസവുമായി മലപ്പുറം കളക്ടറേറ്റ് പടിക്കലില്‍ സമാധാനപരമായി ഗാന്ധിയന്‍ സത്യഗ്രഹം നടന്നുവരികയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷ മതസാമുദായിക സംഘടനകളും സത്യഗ്രഹത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജനകീയ സമരത്തിനെതിരേ തികച്ചും നിഷേധ നില പാടായിരുന്നു സര്‍ക്കാരിന്. പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സിപിഎം കേന്ദ്രസെക്രട്ടറിയേറ്റ് അംഗം എ. വിജയരാഘവന്‍ എംപി സമരത്തെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. സമരത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നത്. അതേസമയം, സമരത്തിന്റെ രണ്ടാംഘട്ടമായി ആയിരം കിലോമീറ്റര്‍ പദയാത്ര നടന്നുവരികയാണ്. യാതൊരു ഗതാഗത തടസവുമുണ്ടാക്കാ ത്ത തരത്തില്‍ റോഡിന്റെ ഓരത്തായിരുന്നു സമരപ്പന്തല്‍. മൈക്കിനു പകരം മെഗാഫോണായിരുന്നു സമരക്കാര്‍ ഉപയോഗിച്ചിരുന്നത്. കളക്ടറേറ്റിനു പടിക്കല്‍ ഗതാഗതം സ്തംഭിപ്പിച്ച് റോഡില്‍ കസേരയിട്ടായിരുന്നു പല സംഘടനകളും സമരം ചെയ്തിരുന്നത്. ഇതിനെതിരേ അധികൃതര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. റോഡ് സുരക്ഷക്കായി അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനാണ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയെന്നാണ് കളക്ടര്‍ എം.സി.മോഹന്‍ദാസ് പറഞ്ഞത്. ജില്ലയില്‍ പലയിടത്തും അനധികൃത കൈയേറ്റത്തിനു നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പൊതുസ്ഥലം കൈയേറി സ്ഥാപിച്ച സ്തൂപങ്ങളും ഷെഡുകളും മറ്റും പൊളിച്ചുനീക്കാന്‍ യാതൊരു ന ടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Friday, December 11, 2009
കെസിബിസി സമ്മേളനം തുടങ്ങി
കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം കെസിബിസി ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ തുടങ്ങി. ഇന്നലെ കേരള കത്തോലിക്കാ സഭയിലെ സന്യാസി സന്യാസിനി സഭാ സമൂഹങ്ങളുടെ ഉന്നത മേലധികാരികളുടെയും മെത്രാന്മാരുടെയും സംയുക്ത സമ്മേളനം കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സമര്‍പ്പിതരുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനം മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ബിഷപ്പുമാരായ കുര്യാക്കോസ് മാര്‍ തിയോഫിലസ്, കുര്യാക്കോസ് മോര്‍ സെവേറിയൂസ്, ആര്‍ച്ച ്ബിഷപ് ഡോ. സൂസപാക്യം, തോമസ് മാര്‍ തിമോത്തിയോസ്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ് റവ. തോമസ് സാമുവല്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
Thursday, December 10, 2009
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മൂല്യബോധമുള്ള സമൂഹം: മാര്‍ പവ്വത്തില്‍
മൂല്യബോധവും ശിക്ഷണബോധവുമുള്ള പ്രബുദ്ധമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയെന്നതാകണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. സെന്റ് അലോഷ്യസ് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതിന്റെ ദശവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കുന്ന അറിവ് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡം മൂല്യബോധമാകണം. അധ്യാപനം ഒരു ആത്മീയ സമരമാണ്. തങ്ങളുടെ സ്ഥാപനത്തിന്റെ യശസ് ഉയര്‍ത്തേണ്ട കര്‍ത്തവ്യം ഇന്നത്തെ വിദ്യാര്‍ഥികളില്‍ നിക്ഷിപ്തമാണെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ഫൊറോനാ വികാരി റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാ അത്ത് ഇമാം സഫാദ് മൗലവി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റോയിസ് ചിറയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു മാത്യു, മോളി ലൂയിസ്, പഞ്ചായത്ത് പ്രസിഡന്റ് ജെ. ജോസഫ്, പഞ്ചായത്തംഗം പി.ജി കൃഷ്ണന്‍കുട്ടിനായര്‍, പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു, ഹെഡ്മാസ്റ്റര്‍ കുരുവിള ജേക്കബ്, പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് സാലസ്, പി.വി ജോസഫ്, ഡോ.ജോജി ജോര്‍ജ്, ലൂസി എം.ജെ, സിസ്റ്റര്‍ സെലീനാമ്മ തോമസ്, ക്രിസ്റ്റി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ.അച്ചാരുപറമ്പില്‍ സാമൂഹ്യനീതിക്ക് നേതൃത്വം നല്‍കിയ വ്യക്തി: ഡോ.സൂസപാക്യം
ഉന്നതമായ ചിന്തകളോടെ സാമൂഹ്യനീതിക്കായി സാമൂഹ്യവും അധ്യാത്മീകവുമായ നേതൃത്വം ലത്തീന്‍ സഭയ്ക്ക് നല്‍കിയ മഹത് വ്യക്തിയായിരുന്നു ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലെന്നു തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അനുസ്മരിച്ചു. കേരളാ റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) എക്സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെട്ടവര്‍ പിന്നോക്കക്കാരായി എന്നു വിലപിക്കാതെ തങ്ങളുടെ കഴിവും ഇച്ഛാശക്തിയും ഉപയോഗിച്ച് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ബോധ്യമാണ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ നല്‍കിയതെന്ന് ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍, ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ്, സിഎസ്‌എസ് ജനറല്‍ സെക്രട്ടറി വി.ജെ മാനുവല്‍, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ജോസഫ് തോമസ്, കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ട്രഷറര്‍ പ്രഫ. എസ്. റെയ്മണ്ട് എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പുമാരായ ഡോ. വിന്‍സന്റ് സാമൂവല്‍, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ഡോ. ജോസഫ് കാരിയ്ക്കശേരി , ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം കെ.ആര്‍.എല്‍.സി.സി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.
Wednesday, December 9, 2009
കെസിബിസി സമ്മേളനം 10 ന് തുടങ്ങും
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം 10, 11, 12 തീയതികളില്‍ കൊച്ചിയിലെ കെസിബിസിയുടെ ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടത്തും. 10 ന് രാവിലെ 9.30ന് കേരള കത്തോലിക്കാ സഭയിലെ സന്യാസി സന്യാസിനീ സഭാസമൂഹങ്ങളിലെ ഉന്നത മേലധികാരികളുടെയും മെത്രാന്മാരുടെയും സംയുക്ത സമ്മേളനം കെസിബിസി പ്രസിഡന്റ് ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ‘കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സമര്‍പ്പിതരുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. തൃശൂര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി സെക്രട്ടറി ജനറലുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. കേരള കത്തോലിക്കാ സഭയിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള 220 സമര്‍പ്പിത സന്യാസ സമൂഹങ്ങളിലെ ഉന്നതമേലധികാരികള്‍ കേരളത്തിലെ മെത്രാന്മാരോടൊപ്പം യോഗത്തില്‍ സംബന്ധിക്കും. 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭാ ശ്രേഷ്ഠമെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരെ കൂടാതെ യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, സിഎസ്‌ഐ എന്നീ സഭകളിലെയും മെത്രാന്മാര്‍ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് എയ്ഡഡ് കോളജ് മേഖലയില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.11, 12 തീയതികളിലായി നടക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തില്‍ കെസിബിസിയുടെ 18 കമ്മീഷനുകളുടെയും 10 ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രവര്‍ത്തനവര്‍ഷ റിപ്പോര്‍ട്ട് കമ്മീഷന്‍ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. കമ്മീഷനുകളുടെയും ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളടക്കം പതിനെട്ടോളം വിഷയങ്ങളില്‍ മെത്രാന്മാര്‍ ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. കേരള കത്തോലിക്കാ സഭയിലെ 33 മെത്രാന്മാര്‍ പങ്കെടുക്കും.
Tuesday, December 8, 2009
നാടാര്‍ സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കരുത്: കെസിബിസി ജാഗ്രതാസമിതി
നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യം നല്‍കിക്കൊണ്ട് തുല്യ സാമൂഹ്യ നീതി ലഭ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാസമിതി ആവശ്യപ്പെട്ടു. നാടാര്‍ സമുദായത്തിലെ കുറച്ചുപേര്‍ക്കുമാത്രം സംവരണാനുകൂല്യം നല്‍കുവാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് കെസിബിസി ജാഗ്രതാസമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരവും സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന നാടാര്‍ സമുദായത്തില്‍പെട്ടവര്‍ ക്രൈസ്തവമതത്തില്‍പെട്ടതുകൊണ്ടുമാത്രം സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സാമൂഹ്യ അനീതിയാണ്. ചില പ്രത്യേക മതത്തിലും സമുദായത്തിലുംപെട്ടവരെ അവഗണിക്കുകയും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് ശരിയല്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട നാടാര്‍ ക്രൈസ്തവരുടെ അവസ്ഥ മനസ്സിലാക്കുവാനും നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും തുല്യ സംവരണാനുകൂല്യങ്ങള്‍ ഉറപ്പു വരുത്തുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥ, അധ്യാപക കൂട്ടായ്മ ദേശീയതലത്തില്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം രൂപീകരിക്കും: മാര്‍ മാത്യു അറയ്ക്കല്‍
ദേശീയതലത്തില്‍ ഉദ്യോഗസ്ഥ, അധ്യാപക കൂട്ടായ്മയുടെ കോ- ഓര്‍ഡിനേഷന്‍ ഫോറം നടപ്പാക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അറിയിച്ചു. അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഉദ്യോഗസ്ഥ, അധ്യാപക കൂട്ടായ്മയായ ‘പീസ്’ (പാരീഷ് എംപ്ലോയീസ് അസോയിയേഷന്‍ ഫോര്‍ കീയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍) ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും ബാധ്യതയുമുണ്ട്. ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. പീസ് രക്ഷാധികാരി ഫാ. തോമസ് വയലുങ്കല്‍, ടി.ടി തോമസ് തലച്ചിറ, അഡ്വ. വി.സി സെബാസ്റ്റ്യന്‍, പി.ജെ സൈമണ്‍, തോമസ് തെക്കേക്കൂറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറിന് ഡോ. കുര്യാസ് കുമ്പളക്കുഴി നേതൃത്വംനല്‍കി.
Monday, December 7, 2009
മദ്യപാനം അരാജകത്വത്തിലേക്കു നയിക്കുന്നു: ഡോ.ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
മദ്യപാനം സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുകയാണെന്നും ഇതിനെതിരേ സമൂഹം ശക്തമായി രംഗത്തു വ രണമെന്നും കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു.എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡ് അപകടങ്ങളില്‍ അറുപത് ശതമാനവും മദ്യവിപത്ത് മൂലം സൃഷ്ടിക്കപ്പെടുന്നതാണെന്നും വ്യക്തമായിട്ടുണ്ട.് ഈ സാഹചര്യത്തില്‍ മദ്യനിരോധനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും ബിഷപ് പറഞ്ഞു. അധികാരവികേന്ദ്രീകരണം നടക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് സംവിധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കി. സംസ്ഥാന മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ പ്രവര്‍ത്തനം ശക്തമായി സംഘടിപ്പിച്ച എറണാകുളം- അങ്കമാലി അതിരൂപത, കൊ ല്ലം രൂപത, ആലപ്പുഴ രൂപത അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചട ങ്ങില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള വ്യക്തിഗത അവാര്‍ഡ് ജോണ്‍സണ്‍ തൊഴുത്തുങ്കലിനും മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം സ്റ്റെഫി തങ്കച്ചനും ഏറ്റുവാങ്ങി. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ, മദ്യനിരോധന സമിതി പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം, അതിരൂപത പ്രസിഡന്റ് അഡ്വ.ചാര്‍ലി പോള്‍, അതിരൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍, റീജിയണല്‍ ഡയറക്ടര്‍മാരായ ഫ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോജു പനയ്ക്കല്‍, സംസ്ഥാന സെക്രട്ടറി യോഹ ന്നാന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജീവിതത്തിന്റെ ശ്രേഷ്ഠത കുടികൊള്ളുന്നത് സമര്‍പ്പണത്തില്‍: കാതോലിക്കാ ബാവ
ജീവിതത്തിന്റെ ശ്രേഷ്ഠത അതിന്റെ സമര്‍പ്പണത്തിലാണ് കുടികൊള്ളുന്നതെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവല്ല മാക്ഫാസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പുരസ്കാരം പോബ്സണ്‍ പി.എ ജേക്കബിനു നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബനഡിക്ട് തിരുമേനിയുടെ ജീവിതത്തിന്റെ പ്രത്യേകമായ മാനം വിസ്മരിക്കപ്പെടുകയില്ലയെന്നതാണ് അവാര്‍ഡു ദാനത്തിലൂടെ അനുസ്മരിക്കപ്പെടുന്നത്. ശ്രേഷ്ഠനായ ഒരു പുരോഹിതന്റെ സ്ഥാനത്തു മഹാപുരോഹിതനായി അവരോധിക്കപ്പെട്ട തിരുമേനി വ്യത്യസ്തമായ സമീപനങ്ങളെക്കുറിച്ചു കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. അതുപോലെതന്നെ കാലഘട്ടത്തിന്റെ വികസനത്തിനു വ്യത്യസ്തമായ കാഴ്ചപ്പാടുള്ള പി. എ ജേക്കബ് തിരുമേനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡു നല്‍കുന്നതിനു ഏറ്റവും അര്‍ഹനാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം പ്രഫ. പി.ജെ കുര്യന്‍ എംപി ഉദ്ഘാടനം ചെയ്തു. ക്നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, ജോസഫ് എം. പുതുശേരി എംഎല്‍എ, വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒഐസി, റവ. ഡോ. സ്റ്റീഫന്‍ തോട്ടത്തില്‍, മദര്‍ ഫിലോമിന എസ്‌ഐസി, ഫാ. ഡോ. ഏബ്രഹാം മുളമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐക്യത്തിന്റെ സഭാത്മകദൗത്യം പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍വഹിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഐക്യത്തിന്റെ സഭാത്മക ദൗത്യമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളതെന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചങ്ങനാശേരി അതിരൂപത 12-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഈശോയെക്കൂടാതെ സഭയ്ക്ക് ജീവനും നിലനില്‍പ്പുമില്ല. സഭയുടെ സത്യത്തിന്റെയും നിഷ്കളങ്കതയുടെയും തിളക്കമാര്‍ന്ന മുഖം ലോകത്തിനു പ്രകാശം പകരണം. വിശുദ്ധ പൗലോസിന്റെ വിശ്വാസ തീഷ്ണതയിലൂടെ ഈശോയുടെ വ്യക്തിത്വം കണെ്ടത്താന്‍ സഭാംഗങ്ങള്‍ക്കു കഴിയണം - മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. മിശിഹായെ അന്വേഷിച്ചുള്ള യാത്രയാണ് പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍വഹിക്കുന്നത്. ഓരോ വിശ്വാസിയെക്കുറിച്ചും പാസ്റ്ററല്‍ കൗണ്‍സിലിനു ശ്രദ്ധയുണ്ടാകണം. വിശ്വാസത്തില്‍ കുറവ് സംഭവിച്ചവരെ കണ്ടെത്തി സഭാഗാത്രത്തോടു യോജിപ്പിച്ചു നിര്‍ത്താനുള്ള ദൗത്യവും പാസ്റ്ററല്‍ കൗണ്‍സിലിനുണ്ട്. പാസ്റ്ററല്‍ കൗണ്‍സിലുകള്‍ ജനങ്ങളോടും പ്രായോഗിക ജീവിതവുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ ഒന്നിച്ചു ചിന്തിച്ചു തീരുമാനമെടുത്ത് നീങ്ങുന്ന സമിതിയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യസന്ദേശം നല്‍കി. സഭ കൗദാശിക കൂട്ടായ്മയായതിനാല്‍ ദൈവഹിതം നിറവേറ്റാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്. അല്‍മായരുടെ അനുഭവജ്ഞാനവും വൈദികരുടെ സഭാത്മക ദര്‍ശനങ്ങളും ഒത്തുചേരുന്നതിനാല്‍ പാസ്റ്ററല്‍ കൗണ്‍സിലിന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ഭീകരവാദവും വര്‍ഗീയവാദവും വളരുന്ന ഈ കാലഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പാസ്റ്ററല്‍ കൗണ്‍സിലുകള്‍ക്കു കഴിയണമെന്നും മാര്‍ പവ്വത്തില്‍ വ്യക്തമാക്കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപത ശതോത്തര രജതജൂബിലി ആഘോഷിക്കുമ്പോള്‍ അതിരൂപതാംഗങ്ങള്‍ ഇല്ലാത്തവനുകൂടി പങ്കുവയ്ക്കാന്‍ തയാറാകണമെന്ന് മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. പങ്കുവയ്ക്കലിന്റെ മനോഭാവത്തിലൂടെ വീടില്ലാത്തവര്‍ക്ക് വീടും പാവപ്പെട്ടവര്‍ക്ക് മറ്റു സഹായങ്ങളും നല്‍കാന്‍ കഴിയണം. ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കി ഈ ചെലവുകള്‍ ഇല്ലാത്തവനുവേണ്ടി പങ്കുവയ്ക്കണം. സമൂഹത്തെ മദ്യപാനത്തില്‍നിന്നും ലഹരിയുടെ വിപത്തുകളില്‍നിന്നും മോചിപ്പിക്കാനും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.രാവിലെ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ മാര്‍ഗനിര്‍ദേശക ക്ലാസ് നയിച്ചു. ഈശോയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ പങ്കുചേരാന്‍ സഭാംഗങ്ങള്‍ വിളിക്കപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ് നടുവിലേഴം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, അസിസ്റ്റന്റ് സെക്രട്ടറി പ്രഫ. രാജന്‍ കെ.അമ്പൂരി എന്നിവര്‍ പ്രസംഗിച്ചു.ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍, ബ്രിഗേഡിയര്‍ ഒ.എ ജയിംസ്, പ്രഫ. ജോസഫ് ടിറ്റോ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Saturday, December 5, 2009
മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ക്രൈസ്തവസഭകളുടെ പങ്ക് പ്രശംസനീയം: ഉമ്മന്‍ചാണ്ടി
മനുഷ്യസമൂഹത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളായ സ്നേഹം, സഹവര്‍ത്തിത്വം, കരുണ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ക്രൈസ്തവസഭകളും അത്്മായസംഘടനകളും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കുറവിലങ്ങാട് ദേവമാതാ കോളജില്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ജോണ്‍പോള്‍ പാപ്പാ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് അഡ്വ.പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.സി സിറിയക്കിനും, ഡോ.താര്‍സീസ് ജോസഫിനും മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് വിതരണംചെയ്തു. എം.സി ഇല്‍ഡഫോണ്‍സ്, ജറോം ബാബു, ജോസ് മുള്ളങ്കുഴി എന്നിവരെ ആദരിച്ചു.
ലത്തീന്‍ കത്തോലിക്കാ സമുദായദിനം ഞായറാഴ്ച
കേരള ലത്തീന്‍ കത്തോലിക്കാസഭയുടെ അപെക്സ് കൗണ്‍സിലായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ ഞായറാഴ്ച ലത്തീന്‍ കത്തോലിക്കാ സമുദായദിനമായി ആചരിക്കും. കേരളത്തിലെ 11 രൂപതകളില്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തിലൂടെ രാഷ്ട്രീയനീതി എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ അറിയിച്ചു. സഭയിലെ അല്‍മായ പ്രസ്ഥാനങ്ങളായ കെഎല്‍സിഎ, സിഎസ്‌എസ്, ഡിസിഎംഎസ്, കെസിവൈഎം തുടങ്ങിയ സംഘടനകളും സംയുക്തമായാണ് ദിനാചരണം നടക്കുന്നത്.തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടക്കുന്ന സമുദായദിന കണ്‍വന്‍ഷനില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം അധ്യക്ഷനായിരിക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് റാഫേല്‍ ആന്റണി, ചാള്‍സ് ഡയസ് എം.പി., ജോര്‍ജ് മേഴ്സിയര്‍ എംഎല്‍എ, പുല്ലുവിള സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിക്കും. കൊച്ചിയില്‍ തോപ്പുംപടി കാത്തലിക് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ജോസി കണ്ടനാട്ടുതറ, പ്ലാസിഡ് ഗ്രിഗറി, അഡ്വ. ജോസി സേവ്യര്‍, റോഷര്‍ നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.കണ്ണൂരില്‍ നടക്കുന്ന സമ്മേളനം കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ, ആന്റണി നെറോണ, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിക്കും. ലത്തീന്‍ സമുദായദിനാചരണത്തിന്റെ ഭാഗമായി ലാറ്റിന്‍ ബിഷ്പ്സ് കൗണ്‍സിലിന് വേണ്ടി ആര്‍ച്ച്ബിഷപ് സൂസപാക്യം പ്രത്യേക ഇടയലേഖനം പ്രസിദ്ധീ കരിച്ചിട്ടുണ്ട്.
Friday, December 4, 2009
കാതോലിക്കാബാവ മുഖ്യമന്ത്രിയെ കണ്ടു
നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. ഇന്നലെ രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.ഇരുപതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. അനുകൂല തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് കരുതുന്നതെന്ന് കൂടിക്കാഴ്്ചയ്ക്കുശേഷം കാതോലിക്കാബാവ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെടേണ്ട കാര്യമായതിനാല്‍ മറ്റുവശങ്ങള്‍ കൂടി പഠിച്ച ശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നു പറഞ്ഞതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കാതോലിക്കാബാവ പറഞ്ഞു.കുറച്ചു പേര്‍ക്കുമാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം ഉള്ളതായി കരുതുന്നില്ലെന്നും സംവരണം ലഭിക്കാത്തവര്‍ക്ക് ലഭിച്ചവരോട് എതിര്‍പ്പില്ല എന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കാതോലിക്കാബാവയോടൊപ്പം മുഖ്യ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാറവിള, മോണ്‍. ഡോ. സാമുവല്‍ കാട്ടുകല്ലില്‍, ഫാ.ബോവസ് മാത്യു മേലൂര്‍, സമര സമിതി കണ്‍വീനര്‍മാരായ സി.എസ്.കുമാര്‍, പി.പൗലോസ്, ധര്‍മരാജ് പിന്‍കുളം, സുദര്‍ശനന്‍ മുല്ലൂര്‍, എംസിഎ അതിരൂപതാ പ്രസിഡന്റ് തോമസ് ചെറിയാന്‍, എംസിവൈഎം അതിരൂപതാ പ്രസിഡന്റ് അജി ഡാനിയേല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
സിബിഐ അവഹേളനത്തിനെതിരേ സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയില്‍
അഭയാ കേസുമായി ബന്ധപ്പെട്ട് സിബിഐ മന:പൂര്‍വം അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. തന്റെ കന്യകാത്വം തെളിയിക്കാന്‍ തയാറാണെന്നും ഇതിനായി കോടതി നിര്‍ദേശിക്കുന്ന ഏത് മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെയും പരിശോധനയ്ക്ക് വിധേയയാകാന്‍ തയാറാണെന്നും സിസ്റ്റര്‍ സെഫി ഹര്‍ജിയില്‍ വ്യക്തമാക്കി. അഭയാ കേസുമായി ബന്ധപ്പെട്ട് നടത്തിയ കന്യകാത്വ പരിശോധനയിലൂടെ തന്നെ സിബിഐ മന:പൂര്‍വം പരിഹസിക്കുകയാണെന്നും തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലായിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും ഡല്‍ഹി ഹായ് ക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിസ്റ്റര്‍ സെഫി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകനായ റോമി ചാക്കോ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിബിഐയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ആസ്ഥാനം ഡല്‍ഹിയിലായതിനാലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് വി.കെ ശാലിയാണ് കേസ് പരിഗണിച്ചത്. ജനുവരി 16-ന് കേസ് വീണ്ടും പരിഗണിക്കും. അഭയാ കേസില്‍ 2008 നവംബറില്‍ ചുമതലയേറ്റ സിബിഐയുടെ പുതിയ അന്വേഷണ സം ഘം തന്നെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. പെട്ടെന്ന് തയാറാക്കിയ തിരക്കഥ പോലെ, കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പരിശോധനയാണ് തന്നില്‍ നടത്തിയത്. തന്റെ കന്യകാത്വത്തിന് ഒരു കുഴപ്പവുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തി കന്യാചര്‍മം കൂട്ടിച്ചേര്‍ത്തതാണെന്ന കഥയാണ് സിബിഐ പിന്നീടുണ്ടാക്കിയത്. ഇത് സിബിഐ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു.തന്നെ അവഹേളിക്കുന്നതിനായി നടത്തിയ ഈ നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി. അതിനു പരിഹാരമുണ്ടാ കാത്തതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെ ന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയത് അംഗീകരിച്ച ഹൈക്കോടതി കമ്മീഷനും നോട്ടീസയച്ചിട്ടുണ്ട്. സിബിഐ പറയുന്നതുപോലെ താന്‍ കന്യകാചര്‍മം വച്ചു പിടിപ്പിച്ചിട്ടില്ല. താന്‍ ഇപ്പോഴും കന്യക തന്നെയാണ്. ഇത് തെളിയിക്കാന്‍ താന്‍ തയാറാണ്. കോടതി നിര്‍ദേശിക്കുന്ന ഏത് മെഡിക്കല്‍ ടീമിന് മുമ്പിലും ഏത് പരിശോധനക്കു വിധേയയാകാനും താന്‍ തയാറാണെന്നും ഹര്‍ജിയില്‍ സിസ്റ്റര്‍ സെഫി വ്യക്തമാക്കി. വ്യാജ പരിശോധനാഫലമുണ്ടാക്കിയ ഓഫീസര്‍മാര്‍ക്കെതിരേ നടപടി വേണമെന്നും ഈ ഫലം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭയാ കേസില്‍ കന്യകാത്വ പരിശോധന നടത്തിയ സിബിഐ നടപടിയെയാണ് സിസ്റ്റര്‍ സെഫി ചോദ്യം ചെയ്തിരിക്കുന്നത്. മനുഷ്യന്റേതായ എല്ലാ അവകാശങ്ങളും സിബിഐ തനിക്ക് നിഷേധിക്കുകയായിരുന്നു. കസ്റ്റഡിയില്‍ പീഡിപ്പിച്ച സിബിഐ കെട്ടിച്ചമച്ച കഥ ഉപയോഗിച്ച് മാധ്യമങ്ങളിലൂടെ തന്നെ കരുതിക്കൂട്ടി അവഹേളിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
Thursday, December 3, 2009
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം അഞ്ചിന് കൊച്ചിയില്‍
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 11-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഈ മാസം അഞ്ചിന് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. എറണാകുളം - അങ്കമാലി അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ 29 രൂപതകളില്‍ നിന്നായി രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ സമ്മേളനത്തിന് തുടക്കമായി കൊരട്ടിയില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. 10.15-ന് പ്രതിനിധി സമ്മേളനം ബിഷപ് മാര്‍ തോമസ് ചക്യ ത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാ ന വൈസ് പ്രസിഡന്റ് ഡോ.സെബാസ്റ്റ്യന്‍ ഐക്കര അധ്യക്ഷത വഹിക്കും. ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍ വിഷയാവതരണം നടത്തും.ഉച്ച കഴിഞ്ഞ് രണ്ടിന് വാര്‍ഷിക പൊതുസമ്മേളനം. കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.ഫാ.പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, ഫാ.തോമസ് തൈത്തോട്ടം, അഡ്വ.ചാര്‍ളി പോള്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ.ജോജു പനക്കല്‍, ജോബ് തോട്ടുകടവില്‍, ജെയിംസ് കോറമ്പേല്‍, യോഹന്നാന്‍ ആന്റണി, മാത്യു എം.കണ്ടത്തില്‍, ആന്റണി ജേക്കബ്, ടി.എല്‍.പൗലോസ്, സി.ജോണ്‍കുട്ടി, സിസ്റ്റര്‍ ജോവിറ്റ, സാറാമ്മ ജോസഫ്, തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും.മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസി യുടെ ബിഷപ് മാക്കീല്‍ അവാര്‍ഡ് കരസ്ഥമാക്കിയ എറണാകുളം - അങ്കമാലി അതിരൂപത, കെല്ലം രൂപത, ആലപ്പുഴ രൂപത, മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനായ ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ (മാനന്തവാടി രൂപത), വിദ്യാര്‍ഥി പ്രവര്‍ത്തക സ്റ്റെഫി തങ്കച്ചന്‍ (തലശേരി അതിരൂപത)എന്നിവര്‍ക്കുള്ള അവാര്‍ഡുകളും യോഗത്തില്‍ വച്ച് സമ്മാനിക്കും.
Wednesday, December 2, 2009
സാങ്കേതിക വിദ്യകള്‍ പൊതുനന്മയ്ക്കായി വിനിയോഗിക്കണം: മാര്‍ പവ്വത്തില്‍
സാങ്കേതിക വിദ്യകള്‍ പൊതുനന്മയ്ക്കായി വിനിയോഗിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. സാങ്കേതിക വിദ്യ പൊതുനന്മയ്ക്കായി ഉപയോഗിച്ചില്ലെങ്കില്‍ അപകടകരമാണ്. താത്ക്കാലിക നേട്ടത്തിനായി രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്ന് ഇത്തരം വിദ്യകള്‍ ഉപയോഗിക്കുന്നത് ഗുണകരമല്ല. അറിവ് പൊതുനന്മയ്ക്കായി വിനിയോഗിക്കാന്‍ ചെറുപ്പകാലത്തുതന്നെ മൂല്യബോധം വളര്‍ത്തിയെടുക്കണം. നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് നേടുകയും വേണം. മൂല്യങ്ങള്‍ ആര്‍ജിക്കുന്നതിന് ഭൗതികതയ്ക്കതീതമായ ജീവിത ദര്‍ശനം അനിവാര്യമാണ്. മതവിശ്വാസങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തില്‍ ഡോ.ബി ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ഫാ.തോമസ് വെങ്ങാലുവക്കേല്‍ സിഎംഐ, ഡോ. കുര്യാസ് കുമ്പളക്കുളി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.
മദ്യാധികാരത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
അധികാര വികേന്ദ്രീകരണം അട്ടിമറിച്ച് മദ്യാധികാരത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നാടിനെ അരാജകത്വത്തിലേക്കു നയിക്കുകയാണെന്ന് കെസിബിസി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. കോട്ടയം കളക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 60-ാം ദിവസം ഉദ്ഘാടനപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മദ്യവിരുദ്ധ സമരങ്ങള്‍ക്ക് കെസിബിസി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പ്രഫ. ടി.ടി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. റവ. ഡോ. വി.എസ് വര്‍ഗീസ്, ഫാ. പ്രേമാനന്ദ്, ജോസഫ് കെ. കുര്യന്‍, പ്രഫ. സി. മാമ്മച്ചന്‍, കെ.കെ രാഘവന്‍, ഷിബു ഏഴേപുഞ്ചയില്‍, വി.സി ജോസഫ്, പി.ഡി ദേവസ്യാ, പി.പി മാധവകൈമള്‍, എ.എം മാത്യു, കെ.വി ജോര്‍ജ്, എബി പായിപ്ര എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)