Wednesday, August 31, 2011

മിഷനറിമാരെ സഹായിക്കേണ്ടതു വിശ്വാസികളുടെ കടമ: മാർ ആന്റണി ചിറയത്ത്‌

മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കേണ്ടത്‌ എല്ലാ വിശ്വാസികളുടെയും കടമയാണെന്നു സാഗർ രൂപത ബിഷപ്‌ മാർ ആന്റണി ചിറയത്ത്‌ പറഞ്ഞു. സീറോമലബാർ സഭയുടെ പ്രേഷിതവർഷാചരണത്തോടനുബന്ധിച്ചു കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ നടന്ന രൂപതാതല കോ-ഓർഡിനേറ്റർമാരുടെയും സന്യാസസഭാ പ്രതിനിധികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉജ്ജയിൻ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വടക്കേൽ അധ്യക്ഷത വഹിച്ചു. പ്രേഷിതവർഷത്തോടനുബന്ധിച്ചു രൂപതകളുടെയും സന്യാസസഭകളുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച പ്രവർത്തനപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. സെബാസ്റ്റ്യൻ കൊല്ലപ്പറമ്പിൽ, ഫാ. കുര്യൻ കൊച്ചേട്ടനിൽ, ഫാ. വീനസ്‌ എന്നിവർ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫാ. ജോസ്‌ ചെറിയമ്പനാട്ട്‌ പ്രസംഗിച്ചു. വിവിധ രൂപതകളിൽനിന്നും സന്യാസസമൂഹങ്ങളിൽനിന്നും 55 പേർ യോഗത്തിൽ പങ്കെടുത്തു.

ദളിത്‌ ക്രൈസ്തവർക്ക്‌ സംവരണം ലഭ്യമാക്കണം: രാഷ്ട്രപതിയോട്‌ മാർ ആലഞ്ചേരിയുടെ അഭ്യർഥന

ഭാരതത്തിലെ ദളിത്‌ ക്രൈസ്തവർക്കു സംവരണം അനുവദിക്കുന്നതിൽ പ്രത്യക പരിഗണന നൽകണമെന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി രാഷ്ട്രപതി പ്രതിഭാ പാട്ടീലിനോട്‌ അഭ്യർഥിച്ചു. കാലങ്ങളായി ക്രൈസ്തസഭ ഉന്നയിക്കുന്ന ആവശ്യമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ക്നാനായ അതിരൂപതയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണു വേദിയിൽ സന്നിഹിതയായിരുന്ന രാഷ്ട്രപതിയോട്‌ സമുദായത്തിന്റെ കാലങ്ങളായുള്ള ആവശ്യം മേജർ ആർച്ച്ബിഷപ്‌ ശ്രദ്ധയിൽപ്പെടുത്തിയത്‌. സഭയുടെ ആവശ്യം അനുഭാവത്തോടെയാണ്‌ രാഷ്ട്രപതി കേട്ടത്‌. ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തോട്‌ ഇഴുകിച്ചേർന്ന ന്യൂനപക്ഷമാണ്‌ ക്രൈസ്തവർ. ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകളും സേവനവുമാണ്‌ സഭ നൽകിവരുന്നത്‌. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗം ഈ സമുദായത്തിലുണ്ടായിരിക്കെയാണ്‌ ഇതര മതസ്ഥരുടെയും ക്ഷേമത്തിനു സഭ മുൻതൂക്കം നൽകുന്നത്‌. ഇക്കാര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ്‌ രാഷ്ട്രത്തിന്റെ പ്രഥമ വനിതയോട്‌ ദളിത്‌ ക്രൈസ്തവർക്ക്‌ ജോലി സംവരണം ഉൾപ്പെടെയുള്ള ആവശ്യം മാർ ആലഞ്ചേരി ഉന്നയിച്ചത്‌.

Tuesday, August 30, 2011

അധ്യാപക നിയമന പാക്കേജ്‌: പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്ന്‌ മാർ ജോസഫ്‌ പവ്വത്തിൽ

വിദ്യാഭ്യാസ വകുപ്പു നിർദേശിച്ചിരിക്കുന്ന അധ്യാപക നിയമനപാക്കേജിന്റെ പലഭാഗങ്ങളും നിയമത്തിനും ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കാൻ മാത്രമേ ഈ നിർദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു വേണം പറയാനെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. അതുകൊണ്ട്‌ എല്ലാതലങ്ങളിലുമുളള വിശദമായ പഠനങ്ങൾക്കും കൃത്യമായ കൂടിയാലോചനകൾക്കും ശേഷം മാത്രമേ അധ്യാപക നിയമനപാക്കേജിനു രൂപം നൽകാവൂ എന്ന്‌ അദ്ദേഹം നിർദേശിച്ചു. ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ടീച്ചേഴ്സ്‌ ബാങ്ക്‌, തസ്തികകൾക്കുളള സർക്കാരിന്റെ അംഗീകാരം തേടൽതുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കോപറേറ്റ്‌ മാനേജുമെന്റുകളിൽ ഒന്നുംതന്നെ സംരക്ഷിത അധ്യാപകരില്ല. അങ്ങനെ തസ്തികകൾ സൃഷ്ടിച്ചിട്ടുമില്ല. കേരളത്തിൽ എല്ലാവർക്കും ധനിക, ദരിദ്രഭേദമില്ലാതെ ഗുണനിലവാരമുളള പൊതു വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ എയ്ഡഡ്‌ സ്കൂളുകൾ. സർക്കാരിന്റെ വിദ്യാലയങ്ങളിൽ ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ കെട്ടിടത്തിന്റെ നവീകരണത്തിനും മറ്റു സംവിധാനങ്ങൾ ക്രമീകരിക്കാനും സർക്കാർ നൽകുമ്പോൾ എയ്ഡഡ്‌ സ്ഥാപനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ ഗവൺമെന്റു തയാറാകുന്നില്ല. വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവർക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നൽകാൻ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ്‌ സ്ഥാപനങ്ങളെ വളർത്തുന്നതിനു പകരം സർക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ഒരു വിധത്തിൽ ദേശസാത്കരണത്തിനുളള നീക്കമാണ്‌ ഇപ്പോഴത്തെ പാക്കേജിൽ കാണാൻ കഴിയുന്നത്‌ എന്ന ആരോപണത്തിനു പ്രസക്തിയുണെന്നും മാർ പവ്വത്തിൽ ചൂണ്ടിക്കാട്ടി. 

ദളിത്‌ ക്രൈസ്തവ സംവരണം: മതവിശ്വാസമല്ല, അർഹത മാനദണ്ഡമാകണമെന്ന്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവ

രാജ്യത്തെ ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങൾക്കു പട്ടികജാതി സംവരണം നൽകുമ്പോൾ ഏതുമതത്തിൽ വിശ്വസിക്കുന്നു എന്നതിനപ്പുറം അർഹതയുണ്ടോ എന്നതുമാത്രമാണു മാനദണ്ഡമാക്കേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മതത്തിന്റെ പേരിൽ ആരെയും പാർശ്വവത്കരിക്കാനും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാനും പാടില്ല. പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ പോകുന്നു എന്നതല്ല ഏതെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിൽ പരിഗണിക്കേണ്ടത്‌. കേരള സ്റ്റേറ്റ്‌ പട്ടികജാതി - പട്ടികവർഗ സർവീസ്‌ സൊസൈറ്റി സംഘടിപ്പിച്ച ദളിത്‌ ക്രൈസ്തവ സംവരണ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിശ്വാസം വ്യക്തിയുടെ മാത്രം കാര്യമാണ്‌. മതത്തിന്റെ പേരിൽ ജനങ്ങളെ തട്ടുകളാക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിവിധ മതങ്ങൾ ഒന്നിച്ചു വസിക്കുന്ന ഒരു സമൂഹമായി രാജ്യം നിലനിൽക്കുന്നത്്‌ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിന്റെ ബലത്തിലാണ്‌. ഇതാണു ഭരണഘടനയുടെ അന്തഃസത്ത. ഇതു പാലിക്കാത്തപ്പോൾ ഭരണഘടനയെത്തന്നെ ലംഘിക്കുകയാണ്‌. മതവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കാൻ പാടില്ല. ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതും ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കുമൊപ്പം പ്രധാനപ്പെട്ട കാര്യമാണ്‌. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം ഈശ്വരവിശ്വാസത്തിൽ അടിസ്ഥാനമിട്ടതാണ്‌. ദുർബല വിഭാഗങ്ങളോടു ആർദ്രതയുള്ള സമീപനമാണ്‌ കൈക്കൊള്ളേണ്ടത്‌. ദുർബലരോടുള്ള പ്രതിബദ്ധത ഭരണഘടനയോടുള്ള പ്രതിബദ്ധതയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു. ദളിത്‌ ക്രൈസ്തവർക്കു സംവരണം നൽകുമ്പോൾ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർക്കു സംവരണത്തിന്റെ ആനുകൂല്യം കുറയുമെന്ന സംശയത്തിന്‌ അടിസ്ഥാന മില്ലെന്നു മുഖ്യസന്ദേശം നൽകിയ എൽഡിഎഫ്‌ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഭരണഘടനാഭേദഗതിയിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ഇന്ത്യയിലെ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം ദളിത്‌ ക്രൈസ്തവർക്കു പട്ടികജാതി സംവരണം നൽകുന്നതിന്‌ അനുകൂലമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ്ര‍ക്രൈസ്തവനായി എന്നകാരണത്താൽ ആനുകൂല്യങ്ങൾ ഒന്നും നൽകേണ്ടതില്ല എന്ന വാദം ശരിയല്ല. ദളിത്‌ വിഭാഗത്തിൽപ്പെട്ടയാൾ ക്രൈസ്തവനായാലും സാമൂഹ്യ ഉച്ചനീചത്വങ്ങൾ മാറുന്നില്ല. സംശയങ്ങൾ മാറ്റിവച്ചു ജോലി, വിദ്യാഭ്യാസം, സാമൂഹ്യജീവിതം എന്നിവയിലെല്ലാം തുല്യത ലഭ്യമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ നടക്കുന്ന നീതിനിഷേധം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്നു ദളിത്‌ ക്ഷേമവികസന നവോഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ പറഞ്ഞു

ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ മാധ്യമപ്രവർത്തനം ദീപികയുടെ ദൗത്യം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സത്യം, നീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന സാമൂഹിക സേവനമാണു ദീപികയുടെ മാധ്യമദൗത്യമെന്നു സീറോമലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പും ദീപിക അപ്പെക്സ്‌ ബോഡി ചെയർമാനുമായ മാർ ജോർജ്ജ്‌ ആലഞ്ചേരി. സമൂഹത്തെയും തലമുറകളെയും നയിക്കാനുള്ള പ്രേഷിതദൗത്യം ഏറ്റെടുത്തിരിക്കുന്ന ദീപിക നാടിന്റെ പ്രകാശദീപമാണ്‌. സഭയുടെ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയാണു ദീപിക നിലകൊള്ളുന്നത്‌. സ്ഥാപക പിതാക്കന്മാർ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങളിൽ ഉറച്ചുനിന്ന്‌ ദീപിക നാടിനു വെളിച്ചം പകരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദീപികയുടെ കോട്ടയം ഓഫീസ്‌ സന്ദർശിച്ച മേജർ ആർച്ച്ബിഷപ്‌ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണു ദീപികയുടെ ദൗത്യം. സ്നേഹം, സത്യം, സ്വാതന്ത്ര്യം എന്നീ മാനവിക മൂല്യങ്ങൾ തന്നെയാണു യേശുവും പഠിപ്പിച്ചത്‌. സഭ നിലകൊള്ളുന്നതു വിശ്വാസികളുടെ മാത്രമല്ല എല്ലാ മതസ്ഥരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ്‌. സത്യം പ്രഘോഷിക്കുകയും സമൂഹത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുകയെന്നതാണു 125 വർഷം പിന്നിടുന്ന ദീപികയുടെ പത്രപ്രവർത്തനരീതി. മാധ്യമങ്ങളുടെ ഒന്നാംനിരയിൽ ദീപികയുടെ സാന്നിധ്യവും ശബ്ദവും ഉണ്ടാവുകയെന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്‌- മാർ ആലഞ്ചേരി വ്യക്തമാക്കി. 

കൃതജ്ഞതാമലരുകളുമായി അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്ത്‌

ഈ ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഒരുവർഷം നീണ്ട കാത്തിരിപ്പിന്റെ ഫലമാണിത്‌. എന്റെ വലിയൊരു ആഗ്രഹപൂർത്തീകരണമാണിത്‌. ഇവിടെയായിരിക്കാൻ കഴിയുന്നതിലൂടെ എനിക്കു ലഭിക്കുന്ന ഈശ്വരാനുഗ്രഹവും സന്തോഷവും ചെറുതല്ല- ചെറിയ വാചകങ്ങളിൽ ലളിതമായ ഇംഗ്ലീഷിൽ ഇതു പറയുമ്പോൾ ഭാരതത്തിലെ അപ്പസ്തേലിക്‌ നുൺഷ്യോ ആർച്ച്ബിഷപ്‌ സാൽവത്തോറേ പെനാക്കിയോയുടെ മുഖത്ത്‌ പതിവുള്ള തിളക്കത്തിന്‌ ഇരട്ടിശോഭ. ഭാരത കത്തോലിക്കാ സഭയുടെ പ്രഥമവിശുദ്ധയുടെ കബറിടത്തിങ്കൽ കൂപ്പുകരങ്ങളുമായി പ്രാർഥനാനിരത മനസുമായി നിൽക്കുമ്പോൾ ആർച്ച്ബിഷപ്‌ സാൽവത്തോറെയുടെ മനസിൽ നിറയെ വിശുദ്ധയുടെ സവിധത്തിലെത്താൻ കഴിഞ്ഞതിലുള്ള നന്ദി പ്രകടനമായിരുന്നു. മാർപാപ്പയുടെ ഇന്ത്യൻ പ്രതിനിധിയായി ഭാരതത്തിലെ ചുമതലയിലെത്തുമ്പോൾ മുതൽ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ എത്തണമെന്ന്‌ ആഗ്രഹിച്ചിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ വിശുദ്ധയുടെ സവിധത്തിലെത്തുന്നതെങ്കിലും ഇത്‌ അവസാനമല്ലെന്നു പറയുമ്പോൾ ഇനിയും വരാമെന്ന ഉറപ്പായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ആഗോള സഭയിലെ അതിമനോഹരമായ വിശുദ്ധ പുഷ്പമാണ്‌ അൽഫോൻസാമ്മയെന്നു മാർ സാൽവത്തോറെ തീർഥാടന കേന്ദ്രത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. വേദനകളിലെല്ലാം കുരിശിന്റെ വഴിയെ ചരിച്ച ജീവിത സാക്ഷ്യമാണ്‌ അമ്മയുടേത്‌. പ്രാർഥനയിലും ആത്മീയതയിലും വളരാൻ അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാകണം. ഓരോ നിമിഷവും ദൈവേഷ്ടത്തോടൊത്ത്‌ ചരിക്കുകയായിരുന്നു അൽഫോൻസാമ്മ-അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌, മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ എന്നിവരോടൊപ്പം തീർഥാടന കേന്ദ്രത്തിലെത്തിയ അപ്പസ്തോലിക്‌ നുൺഷ്യോയെ റെക്ടർ റവ.ഡോ. ജോസഫ്‌ തടത്തിൽ, ഫൊറോന വികാരി ഫാ. ജോസ്‌ അഞ്ചേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികരും അൽമായരും സന്യസ്തരും ചേർന്ന്‌ സ്വീകരിച്ചു.
ബിഷപ്സ്‌ ഹൗസിലെത്തിശേഷമാണ്‌ അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്തെത്തിയത്‌. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിലെത്തി പ്രാർഥിച്ച അപ്പസ്തോലിക്‌ നുൺഷ്യോ വിശുദ്ധ അൽഫോൻസാമ്മ താമസിച്ചിരുന്ന ക്ലാരമഠവും സന്ദർശിച്ചു. മഠത്തിലെ മ്യൂസിയത്തിലെ ഓരോ വിശിഷ്ട വസ്തുക്കളും കണ്ടും ചോദിച്ചുമറിഞ്ഞ അപ്പസ്തോലിക്‌ നുൺഷ്യോ അൽഫോൻസാമ്മയുടെ ഒരു വലിയ ബഹുവർണ ചിത്രം വേണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. വിശുദ്ധയുടെ സവിധത്തിലെത്താനായതിലുള്ള സന്തോഷം ഇനിയെത്തുമ്പോൾ കൂടുതൽ വിശദീകരിക്കാമെന്നു പറഞ്ഞാണ്‌ അദ്ദേഹം മടങ്ങിയത്‌.

ശതാബ്ദി ആഘോഷസമാപനം ഇന്ന്‌; രാഷ്ട്രപതി ഉച്ചയ്ക്കെത്തും

കോട്ടയം അതിരൂപത യുടെ ഇന്നു നടക്കുന്ന ശതാബ്ദി ആഘോഷസമാപനത്തിൽ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ്‌ പാട്ടീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബിസിഎം കോളജ്‌ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12-നു ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ശതാബ്ദിയോട്‌ അനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ ഡോ. സാൽവത്തോറെ പെനാക്കിയോ, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജസ്റ്റീ സ്‌ സിറിയക്‌ ജോസഫ്‌, ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്‌, മാർ കുര്യാക്കോസ്‌ കുന്നശേരി, ബിഷപ്‌ മാർ ജോസഫ്‌ പണ്ടാരശേരിൽ, ജോസ്‌ കെ. മാ ണി എംപി, ഫാ. തോമസ്‌ ആനിമൂട്ടിൽ, പ്രഫ. ജോയി മുപ്രാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. ചടങ്ങ്‌ ഉച്ചകഴിഞ്ഞ്‌ ഒന്നിനു പൂർത്തിയാകും. കൊല്ലത്തുനിന്നു ഹെലികോപ്ടറിൽ രാവിലെ 11.55-നാണ്‌ രാഷ്ട്രപതി പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ എത്തുന്നത്‌. തുടർന്ന്‌ കാർ മാർഗം സമ്മേളന വേദിയിൽ എത്തിച്ചേരും. സമ്മേളനത്തിനുശേ ഷം 1.05-ന്‌ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി 1.10-നു കൊല്ലത്തേക്കു മടങ്ങും. പ്രത്യേകം പാസ്‌ നൽകിയിരിക്കുന്ന ആയിരം പേർക്കു മാത്രമാണു ഓഡിറ്റോ റിയത്തിൽ പ്രവേശനം. ക്രിസ്തുരാജ കത്തീഡ്രലിൽ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്ലോസ്ഡ്സർക്യൂട്ട്‌ ടിവിയിൽ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്‌. 

Monday, August 29, 2011

സന്യസ്ത ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷൻ

സീറോ മലബാർ സഭയിൽ വ്യത്യസ്ത മേഖലകളിലുള്ള സന്യസ്തരുടെ ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷനു സിനഡ്‌ രൂപം നൽകി. ബിഷപ്‌ മാർ ജോസ്‌ പൊരുന്നേടം അധ്യക്ഷനായ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ലോറൻസ്‌ മുക്കുഴി, മാർ ജോസ്‌ ചിറ്റൂപ്പറമ്പിൽ എന്നിവരും അംഗങ്ങളാകും. സന്യസ്തർ ഉൾക്കൊളളുന്ന ഒരു കമ്മിറ്റിക്കു കമ്മീഷൻ രൂപം നൽകും. സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ഇന്നലെ സമാപിച്ച സിനഡാണു പുതിയ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്‌. സഭയുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കമ്മീഷന്റെ പുതിയ അംഗങ്ങളെയും സിനഡ്‌ തെരഞ്ഞെടുത്തു. ബിഷപ്‌ മാർ മാത്യു അറയ്ക്കൽ ചെയർമാനായുള്ള സാമ്പത്തികകാര്യ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ബോസ്കോ പുത്തൂർ, മാർ റാഫേൽ തട്ടിൽ, മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ എന്നിവർ അംഗങ്ങളാണ്‌. മാർ ജോർജ്ജ്‌ ആലഞ്ചേരി മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സീറോ മലബാർ സഭയുടെ ആദ്യത്തെ സിനഡ്‌ കഴിഞ്ഞ 17നാണ്‌ തുടങ്ങിയത്‌. ഭാരതത്തിനകത്തും പുറത്തുമുള്ള 40 ലക്ഷത്തോളം വിശ്വാസികളുടെ അജപാലന പരവും സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങളും നീരീക്ഷണങ്ങളും സിനഡ്‌ ചർച്ച ചെയ്തു. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനകൾ, അഴിമതി, മാധ്യമസംസ്കാരത്തിന്റെ ജീർണതകൾ, ലൈംഗിക അരാജകത്വം എന്നിവയിൽ സിനഡ്‌ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ സാരമായി ബാധിക്കുന്ന ഇത്തരം സാമൂഹികതിന്മകൾ വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രമായ വളർച്ചയ്ക്കു തടസമാണ്‌. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്‌ അടുത്ത ജനുവരിയിലെ സിനഡ്‌ ഇക്കാര്യങ്ങൾ ആഴമായി പഠിക്കും. വിശ്വാസസമൂഹത്തിന്‌ ഉൾക്കാഴ്ചകൾ പകരാൻ സാധിക്കുന്ന രേഖകൾ രൂപതകൾക്കു നൽകും. നീതിനിഷ്ഠവും നന്മനിറഞ്ഞതുമായ സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള സഭയുടെ പ്രതിജ്ഞാബദ്ധതയും സിനഡ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെക്കുറിച്ചു സിനഡ്‌ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. സഭയുടെ വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങളും കർമപരിപാടികളും വിശകലനം ചെയ്ത സിനഡ്‌ ഈ പ്രവർത്തനങ്ങൾ സഭാ കൂട്ടായ്മയ്ക്ക്‌ ഊർജം പകരുന്നതായി വിലയിരുത്തി. പ്രവാസികൾക്കും അൽമായർക്കുമുള്ള കമ്മീഷനുകൾ കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസകൂട്ടായ്മകളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാനുള്ള പരിശ്രമങ്ങൾ തുടരണമെന്നു സിനഡ്‌ ആവശ്യപ്പെട്ടു. സെമിനാരി വിദ്യാർഥികളുടെയും സന്യസ്തരുടെയും പരിശീലന പരിപാടികളിൽ കാതലായ മാറ്റം ആവശ്യമാണ്‌. ഇതു സംബന്ധിച്ചു നിരന്തരമായ പഠനം വേണമെന്നും സിനഡ്‌ വിലയിരുത്തി. വൈദിക കമ്മീഷൻ, ലിറ്റർജിക്കൽ റിസർച്ച്‌ സെന്റർ, മതബോധന കമ്മീഷൻ, എക്യുമെനിക്കൽ കമ്മീഷൻ, ലിറ്റർജി കമ്മീഷൻ, പബ്ലിക്‌ അഫയേഴ്സ്‌ കമ്മിറ്റി, സുവിശേഷവത്കരണ കമ്മീഷൻ, സെമിനാരി കമ്മീഷൻ, അൽമായ കമ്മീഷൻ, ദൈവശാസ്ത്ര കമ്മീഷൻ, വിവാഹകോടതി എന്നിവയുടെ പ്രവർത്തന റിപ്പോർട്ട്‌ അതതു കമ്മീഷന്റെ പ്രതിനിധികൾ സിനഡിൽ അവതരിപ്പിച്ചു. സിനഡ്‌ അത്‌ അംഗീകരിച്ചു നിർദേശങ്ങൾ നൽകി. പ്രേഷിതവർഷത്തോടനുബ ന്ധിച്ചുള്ള വിവിധ കർമപദ്ധതികളുടെ അവലോകനവും സിനഡിൽ നടന്നു. പ്രേഷിതവർഷാചരണത്തിന്റെ സഭാതല ഉദ്ഘാടനം എല്ലാ മെത്രാന്മാരുടെയും സാന്നിധ്യത്തിൽ കൊടുങ്ങല്ലൂരിൽ മേജർ ആർച്ച്ബിഷപ്‌ നിർവഹിച്ചു.


കോട്ടയം അതിരൂപതാ ശതാബ്ദി; കൃതജ്ഞതാ ബലി

കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപതയുടെ സ്ഥാപനദിനമായ ഇന്ന്‌ ഉച്ചകഴിഞ്ഞു 2.30നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ശതാബ്ദി കൃതജ്ഞതാബലി അർപ്പിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹബലിയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ ഡോ. സാൽവത്തോറെ പെനാക്കിയോ വചനസന്ദേശം നൽകും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്‌, അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ്‌ കുന്നശേരി, നാഗ്പൂർ ആർച്ച്ബിഷപ്‌ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, മിയാവ്‌ ബിഷപ്‌ ഡോ. ജോർജ്ജ്‌ പള്ളിപ്പറമ്പിൽ, നിയുക്ത കോഹിമ ബിഷപ്‌ മോൺ.ജയിംസ്‌ ചരളേൽ, ബിഷപ്‌ മാർ ജോസഫ്‌ പണ്ടാരശേരിൽ, കത്തോലിക്കാസഭയിലെ മുപ്പതോളം മെത്രാന്മാർ, അതിരൂപതയിലെ വൈദികർ എന്നിവർ സഹകാർമികരായി പങ്കെടുക്കും. വികാരി ജനറാൾ മോൺ. മാത്യു ഇളപ്പാനിക്കൽ സ്വാഗതവും ശതാബ്ദി ആഘോഷ കമ്മിറ്റി ജോയിന്റ്‌ കൺവീനർ ഫാ. തോമസ്‌ കുരിശുംമൂട്ടിൽ നന്ദിയും പറയും.


Saturday, August 27, 2011

അധ്യാപകനിയമന പാക്കേജിലെ അപാകതകൾ പരിഹരിക്കണം: കെസിബിസി

സ്കൂൾ വിദ്യാഭ്യാസരംഗത്തെ പ്രശ്നപരിഹാര മാർഗമെന്ന രീതിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപകനിയമന പാക്കേജ്‌ അപര്യാപ്തമാണെന്നു കെസിബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. പിഒസിയിൽ വിളിച്ചുചേർത്ത വിവിധ രൂപതകളിലെ വിദ്യാഭ്യാസ കോർപറേറ്റ്‌ മാനേജർമാരുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചേഴ്സ്‌ ബാങ്ക്‌, അധ്യാപക നിയമനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ല. അവ്യക്തതയും സംരക്ഷിത അധ്യാപകരെ സംബന്ധി ച്ച തെറ്റായ കണക്കുകളുമാണു പാക്കേജിലുള്ളത്‌. അതിനാൽ സൂക്ഷ്മമായ പഠനത്തിനുശേഷം മാത്രമേ പാക്കേജിന്‌ അംഗീകാരം നൽകാവൂ. സംരക്ഷിത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടീച്ചേഴ്സ്‌ ബാങ്ക്‌ പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ സഭയ്ക്ക്‌ എതിർപ്പില്ല. എന്നാൽ, അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെ ഇല്ലാതാക്കുന്ന രീതിയിൽ പാക്കേജ്‌ നടപ്പാക്കാൻ ശ്രമിക്കുന്നതിനെയാണ്‌ എതിർക്കുന്നത്‌. കോഴ വാങ്ങിയാണു കോർപറേറ്റ്‌ മാനേജുമെന്റുകൾ നിയമനം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌. സുതാര്യമായ മാർഗത്തിലൂടെയാണു കത്തോലിക്കാ സഭയുടെ കീഴിലുള്ള മാനേജുമെന്റുകൾ നിയമനം നടത്തുന്നത്‌. പിൻവാതിൽ നിയമനങ്ങളെ കെസിബിസി പ്രോത്സാഹിപ്പിക്കില്ല. ആരെങ്കിലും കോഴ വാങ്ങി നിയമനം നടത്തിയെന്നറിഞ്ഞാൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്നതാണു കത്തോലിക്കാ സഭയുടെ ലക്ഷ്യം. വിദ്യാഭ്യാസത്തെ സഭ സേവനമായി മാത്രമേ കണ്ടിട്ടുള്ളൂ. മികച്ച വിദ്യാഭ്യാസം നൽകുന്നതിനു നല്ല അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെയാണു സർക്കാർ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്‌. അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പഠിപ്പുമുടക്കിയുള്ള സമരരീതിയെ സഭ പ്രോത്സാഹിപ്പിക്കില്ല. പാക്കേജിലെ പ്രശ്നങ്ങൾ പരിഹരിച്ചു നീതിയുക്തമായ തീരുമാനങ്ങൾ സർക്കാരെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സർക്കാർ പ്രതിനിധികളുമായി രണ്ടു പ്രാവശ്യം ചർച്ച നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. മാനേജുമെന്റുകളുടെ താത്പര്യംകൂടി പരിഗണിച്ചു പാക്കേജിൽ നീതിയുക്ത മാറ്റം വരുത്തണമെന്നാണു സഭയുടെ ആവശ്യമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ഫിലിപ്പ്‌ നെൽപ്പുരപ്പറമ്പിൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഫാ.ജോസ്‌ കരിവേലിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tuesday, August 23, 2011

അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായി രൂപപ്പെടുത്തണം: ഡോ. സ്റ്റാൻലി റോമൻ

കേരള സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന സ്കൂൾ അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായും ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനനുസരിച്ചും രൂപപ്പെടുത്തണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ. അധ്യാപക- വിദ്യാർഥി അനുപാതം1 : 30 ആക്കുന്നതും സംരക്ഷിത അധ്യാപകരെ വിന്യസിക്കുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകതന്നെ ചെയ്യും. എന്നാൽ, അധ്യാപകരെ വിദ്യാലയങ്ങളിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ തേടുമ്പോൾ ഭാഷാ- മത ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളുടെ സ്വഭാവം സംരക്ഷിക്കപ്പെടുക തന്നെവേണം. അതിനു വിരുദ്ധമായ നിലപാടുകൾ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ്‌ വിദ്യാലയങ്ങൾ തങ്ങളുടെ സ്ഥലവും കെട്ടിടങ്ങളും ക്ലാസുമുറികളും സംവിധാനങ്ങളും എല്ലാം പൊതുസമൂഹത്തിനു സമർപ്പിച്ചു സേവനം ചെയ്യുന്നവരാണ്‌. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണനിലവാരത്തിനു കാരണവും ഈ എയ്ഡഡ്‌ വിദ്യാലയങ്ങളാണ്‌. എന്നാൽ വർഷങ്ങളായി മെയ്ന്റനൻസ്‌ ഗ്രാന്റു നൽകാനോ വിദ്യാലയ സംവിധാനങ്ങൾ മെച്ചപ്പെടുത്താനോ സിലബസ്‌ മെച്ചപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാനും സർക്കാർ ശ്രമിക്കണം. കത്തോലിക്കാ സ്കൂൾ മാനേജർമാരുടെ ഒരു യോഗം എറണാകുളം പിഒസിയിൽ 26ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുമെന്നും ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ അറിയിച്ചു. 


തോമ്മാശ്ലീഹയുടെ വിശ്വാസശൈലി വളരണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസശൈലി കുടുംബങ്ങളിൽ വളർത്തണമെന്നു മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്തു. അഴീക്കോട്‌ മാർത്തോമ്മ പൊന്തിഫിക്കൽ ഷ്‌റൈനിൽ തോമ്മാശ്ലീഹയുടെ തിരുശേഷിപ്പുവണക്കവും ആശീർവാദവും നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ക്രൈസ്തവ കുടുംബങ്ങളിൽ അവിശുദ്ധമായതൊന്നും ഉണ്ടാകാതിരിക്കാൻ കരുതലുണ്ടാകണം. കുടുംബത്തിന്റെ വിശുദ്ധിയാണു സഭ ഇന്നാഗ്രഹിക്കുന്നത്‌. മദ്യപാനം, ലൈംഗിക അരാജക ത്വം തുടങ്ങിയവയ്ക്കു സഭാമക്കൾ വശംവദരാകരുത്‌. മക്കളെക്കുറിച്ച്‌ അതീവജാഗ്രത പുലർത്തണം. അവരാണ്‌ സഭയുടെ നിക്ഷേപം, സമൂഹത്തിന്റെ സമ്പ ത്ത്‌. അവരെ വിശുദ്ധിയിൽ വളർത്താൻ കഴിയണം. മത്സരിക്കാനോ കലഹിക്കാനോ മാറിനിൽക്കാനോ സഭയ്ക്കു സമയമില്ല. കൂട്ടായ്മയിലൂടെ ഒന്നിച്ചു മുന്നോട്ടുപോകാൻ സഭാമക്കൾക്കു കഴിയണം. പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള ശക്തി സഭയ്ക്കുണ്ട്‌. സഭയുടെ നിലവിലുള്ള 29 രൂപതകൾക്കപ്പുറത്തേക്ക്‌ പുതിയ രൂപതകളിലേക്കു വിശ്വാസചൈതന്യം എത്തിക്കാനാകണം. ത്യാഗപൂർണമായ പ്രാർഥനയുണ്ടെങ്കിലേ സഭയുടെ വാഴ്ത്തപ്പെട്ടവർ വിശുദ്ധപദവിയിലെത്തൂ. ഛാന്ദാ രൂപതയിൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുമ്പ്‌ കേരളത്തിൽ ആഴത്തിലുള്ള പ്രേഷിതവേലയ്ക്കു നേതൃത്വം നൽകിയതു വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനായിരുന്നു. അദ്ദേഹത്തെ എത്രയും വേഗം വിശുദ്ധനായി പ്രഖ്യാപിക്കാൻ ഇടയാകട്ടെ. ദൈവത്തിനും ദൈവജനത്തിനും കൂടുതൽ സമർപ്പിത സേവനങ്ങൾ നൽകാൻ സിഎംഐ സഭയ്ക്കു കഴിയുമെന്നു മേജർ ആർച്ച്ബിഷപ്‌ ആശംസിച്ചു. ഇവിടെ നിർമിക്കാനുദ്ദേശിക്കുന്ന തീർഥാടക കേന്ദ്രസമുച്ചയത്തിന്റെ ശില അദ്ദേഹം ആശീർവദിച്ചു. തിരുശേഷിപ്പു കൊണ്ട്‌ അദ്ദേഹം വിശ്വാസികളെ ആശീർവദിച്ചു. തിരുശേഷിപ്പു വന്ദന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം, ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, ഛാന്ദാ ബിഷപ്‌ മാർ വിജയാനന്ദ്‌ നെടുമ്പുറം എന്നിവർ സഹകാർമികരായി.


ദളിത്‌ ക്രൈസ്തവരോടുള്ള അനീതി വിശ്വാസത്തോടുളള വിവേചനം: മാർ ജോസഫ്‌ പവ്വത്തിൽ

ദളിത്‌ ക്രൈസ്തവരോട്‌ സർക്കാർ കാട്ടുന്ന അനീതി ക്രൈസ്തവ വിശ്വാസത്തോടുളള വിവേചനമാണെന്ന്‌ ഇന്റർ ചർച്ച്‌ കൗൺസിൽ ചെയർമാൻ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, ഡിസിഎംഎസ്‌ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെത്രാപ്പോലീത്തൻ പളളി പാരിഷ്‌ ഹാളിൽ സംഘടിപ്പിച്ച നീതി ഞായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ ബിഷപ്‌. ക്രൈസ്തവിശ്വാസത്തിന്റെ പേരിൽ പട്ടിക ജാതി സംവരണം നിഷേധിക്കപ്പെടുന്നത്‌ അനീതിയാണ്‌ മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. മാറി വരുന്ന സർക്കാരുകൾ ദളിത്‌ ക്രൈസ്തവരോട്‌ വിവേചനം കാട്ടുകയാണ്‌. ഇത്‌ മതപരമായ വിവേചനമാണ്‌. ഇനിയെങ്കിലും ഈ വിവേചനം അവസാനിപ്പിക്കണം. വിദ്യാഭ്യസത്തിലൂടെ സാമൂഹ്യ വളർച്ച നേടാൻ ദളിത്‌ ക്രൈസ്തവർ പരിശ്രമിക്കണമെന്നും മാർ പവ്വത്തിൽ ആഹ്വാനം ചെയ്തു


സർക്കാർ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങുന്നത്‌ കത്തോലിക്കർ: മാർ ആൻഡ്രൂസ്‌ താഴത്ത്‌

സർക്കാരിന്റെ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങിക്കുന്നത്‌ കത്തോലിക്കർ മാത്രമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌. സാമൂഹ്യസേവനരംഗത്ത്‌ തൃശൂർ അതിരൂപത ചെയ്യുന്ന സാമൂഹ്യസേവനങ്ങൾ ജില്ലയിൽ സർക്കാർപോലും ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്‌ അതിരൂപതയിൽ ആദ്യമായി സംഘടിപ്പിച്ച കണ്ടശാംകടവ്‌ ഫൊറോന അസംബ്ലിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. ന്യൂനപക്ഷമായ കത്തോലിക്കർക്ക്‌ സർക്കാരിൽനിന്ന്‌ ജോലികളിൽ പോലും സംവരണം ലഭിക്കുന്നില്ല -മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. 50 ശതമാനം കുട്ടികളിൽനിന്ന്‌ ഇരട്ടി കാപ്പിറ്റേഷൻ വാങ്ങി സർക്കാൽ ലിസ്റ്റ്‌ പ്രകാരം നൽകുന്ന പണക്കാരുടെ മക്കളെ വെള്ളാപ്പള്ളി നടേശന്റെ മകനെപോലും പണംവാങ്ങാതെ സ്വാശ്രയ കോളേജുകളിൽ സഭ പഠിപ്പിക്കണമെന്നാണ്‌ മുൻ മന്ത്രി എം.എ. ബേബിയും ഇപ്പോൾ യുഡിഎഫ്‌ സർക്കാരും പറയുന്നത്‌. അങ്ങനെവരുമ്പോൾ വെറുതെ പഠിച്ചതിന്റെ പേരിൽ രാഷ്ട്രീയകക്ഷികൾക്ക്‌ വോട്ടുകിട്ടും. അതിനുള്ള ചെലവ്‌ മുഴുവൻ സഭ നടത്തുന്ന സ്വാശ്രയകോളജിലെ 50 ശതമാനം വിദ്യാർഥികൾ വഹിക്കണമെന്ന്‌ പറയുന്നത്‌ എന്ത്‌ സാമൂഹ്യനീതിയാണ്‌ -മാർ താഴത്ത്‌ ചോദിച്ചു. സ്കൂളുകളിൽ ഈവർഷം നിയമിച്ച അധ്യാപകരെ പോലും ടീച്ചേഴ്സ്‌ ബാങ്കിന്റെ മറവിൽ പിരിച്ചുവിടാനാണ്‌ സർക്കാർ ശ്രമം -അദ്ദേഹം പറഞ്ഞു. സത്യം പറയുന്നതുകൊണ്ട്‌ തെരഞ്ഞുപിടിച്ച്‌ മാധ്യമങ്ങളിലൂടെ കത്തോലിക്കസഭയെ കരിവാരിതേയ്ക്കാൻ ശ്രമം വ്യാപകമാണ്‌ -മാർ താഴത്ത്‌ പറഞ്ഞു. ജോലി നൽകുന്ന ഫാക്ടറിയല്ല സഭ. ജോലികിട്ടാൻ പ്രോത്സാഹനം നൽകുകയാണ്‌ സഭയുടെ ജോലി. സഭ പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ്‌ സഭാസ്ഥാപനങ്ങളിൽ നിരവധിപേർ പഠിച്ച്‌ വിവിധ മേഖലകളിൽ ജോലി നേടുന്നത്‌-മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. കാർഷികരംഗത്തെ വളർത്തി പ്രോത്സാഹിപ്പിച്ചതും ആതുരശുശ്രൂഷ, വിദ്യാഭ്യാസം, അധ്യാപനം, ബാങ്കിംഗ്‌, വാണിജ്യമേഖലകളിലെല്ലാം സഭാംഗങ്ങൾ നൽകിയ സേവനം മറക്കാൻ പാടില്ല. നമ്മൾ ചെയ്യുന്നതിനെക്കുറിച്ച്‌ അഭിമാനബോധമുണ്ടാകണം -അദ്ദേഹം ഓർമിപ്പിച്ചു. ബാങ്കിംഗ്‌ രംഗത്തുനിന്ന്‌ നമ്മെ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷം കേൾക്കാത്തവർക്ക്‌ സുവിശേഷം നൽകാനും സുവിശേഷമറിയുന്നവർ സുവിശേഷത്തിൽ ആഴപ്പെടുകയും വേണം. പുതിയകാലഘട്ടത്തിൽ ഊന്നൽ നൽകേണ്ടത്‌ നവസുവിശേഷവത്കരണത്തിനാണ്‌-മാർ താഴത്ത്‌ ഉദ്ബോധിപ്പിച്ചു.

ബ്ലാക്ക്‌ മാസിനെതിരേ ആർച്ച്ബിഷപ്പ്‌

ബ്ലാക്ക്‌ മാസിനെതിരേ ആർച്ച്ബിഷപ്പ്‌ മാർ ആൻഡ്രൂസ്‌ താഴ്ത്ത്‌. പരിശുദ്ധ കുർബാനയെ ചവുട്ടിമെതിക്കുന്ന ഈ സംഘം തൃശൂർ ജില്ലയിലെ മൂന്നു സ്ഥലങ്ങളിലുണ്ട്‌. ഇടയ്ക്കിടെ ഇവർ സ്ഥലം മാറി ബ്ലാക്ക്‌ മാസ്‌ നടത്തും. സകലതിന്മകളുമാണ്‌ ഇത്തരം കേന്ദ്രങ്ങളിൽ നടത്തുന്നത്‌-മാർ താഴത്ത്‌ ആരോപിച്ചു.


Wednesday, August 17, 2011

ലത്തീൻ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണം: ആർച്ച്‌ ബിഷപ്‌ ഡോ. എം.സൂസാപാക്യം

ലത്തീൻ സമൂദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണമെങ്കിൽ ശരിയായ അൽമായ നേതൃത്വം വളർന്നുവരണമെന്ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം.സൂസാപാക്യം അഭിപ്രായപ്പെട്ടു. പോങ്ങുംമൂട്‌ സെന്റ്മേരീസ്‌ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തശേഷം ഇടവക ബി.സി.സി. നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ കത്തോലിക്കാ സമുദായം ഇന്നും വിദ്യാഭ്യാസ- സാമൂഹ്യ- സാമ്പത്തിക മേഖലകളിലാകെ വളരെ പിന്നിലാണ്‌. എന്നാൽ അതനുസരിച്ചുള്ള പരിഗണനയും ആനുകൂല്യങ്ങളും ഇന്നും സമുദായാംഗങ്ങൾക്ക്‌ ലഭ്യമാകുന്നില്ല. സമുദായത്തിന്റെ യഥാർഥ അവസ്ഥ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അതുനേടിയെടുക്കാനും കഴിയുന്ന തരത്തിൽ അൽമായ നേതൃത്വം വളരേണ്ടതുണ്ടെന്നും ആർച്ച്‌ ബിഷപ്‌ പറഞ്ഞു. ഇടവക വികാരി ഫാ. വിൽഫ്രഡ്‌ അധ്യക്ഷത വഹിച്ചു. ഇടവക മധ്യസ്ഥയായ സ്വർഗാരോപിതമാതാവിന്റെ തിരുനാൾ ദിവ്യബലിക്ക്‌ ബിഷപ്‌ സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതയിലെ നിരവധി പുരോഹിതരും പങ്കെടുത്തു. ദിവ്യബലിയോടനുബന്ധിച്ച്‌ കുട്ടികളുടെ ആദ്യകുർബാന സ്ഥൈര്യലേപന സ്വീകരണ പരിപാടികളും ഉണ്ടായിരുന്നു. അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന അതിരൂപതാ അധ്യക്ഷന്റെ ഇടവക സന്ദർശന ചടങ്ങളും ഇതോടനുബന്ധിച്ച്‌ നടന്നു

ഉന്നത വിദ്യാഭ്യാസം രാജ്യപുരോഗതിക്ക്‌ അടിസ്ഥാനം: മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ രാജ്യപുരോഗതിക്ക്‌ അടിസ്ഥാനമെന്ന്‌ ബിഷപ്‌ മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ. മൂവാറ്റുപുഴ നിർമല കോളജിനോടനുബന്ധിച്ച്‌ നിർമിച്ച എംസിഎ ബ്ലോക്ക്‌ ആശീർവദിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. കുട്ടികൾക്ക്‌ നല്ല പരിശീലനം നൽകേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായുള്ള കോഴ്സുകൾ സംസ്ഥാനത്ത്‌ ഇന്നുണ്ട്‌. നല്ല ജോലി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസം ആവശ്യമാണ്‌. ഉന്നത ജോലികൾക്ക്‌ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു.


ഭവനം സ്വർഗമാക്കാൻ എല്ലാവർക്കും കടമയുണ്ട്‌: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

സ്നേഹത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും വീടിനെ സ്വർഗമാക്കാനുള്ള കടമ ഓരോരുത്തർക്കുമുണ്ടെന്നു കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി ഓർമിപ്പിച്ചു. തുരുത്തിപ്പുറം ഫാ. വർഗീസ്‌ താണിയത്ത്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർമിച്ചു നൽകുന്ന 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്തെ താണിയത്ത്‌ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്‌. മദ്യത്തിനും ധൂർത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ഒരോ വ്യക്തിയും പങ്കുചേരണമെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു. താക്കോൽദാന ചടങ്ങ്‌ കെ.പി. ധനപാലൻ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്‌ സർക്കാർ പല ഭവനപദ്ധതികളും നടപ്പാക്കുന്നുണെ്ടങ്കിലും തുച്ഛമായ തുകമാത്രമാകും അതിനായി ലഭിക്കുക. എന്നാൽ താണിയത്ത്‌ ട്രസ്റ്റിന്റെ ഭവനപദ്ധതികൾ അധിക സാമ്പത്തിക ബാധ്യതക്ക്‌ ഇടയാക്കുന്നില്ല എന്നത്‌ ആശ്വാസകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.


ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടേ രാഷ്ട്രത്തിനു മുന്നോട്ടുപോകാൻ കഴിയൂ: മാർ കണ്ണൂക്കാടൻ

ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടുമാത്രമേ രാഷ്ട്രത്തിനു മുന്നോട്ടുപോകാൻ കഴിയൂവെന്ന്‌ ഇരിങ്ങാലക്കുട ബിഷപ്‌ ഉദ്ബോധിപ്പിച്ചു. സ്വയം ഒന്നുംചെയ്യാൻ കഴിവില്ലാത്ത അഗതികളെ ശുശ്രൂഷിക്കുന്ന കൂടപ്പുഴ അനുഗ്രഹസദന്റെ ആറാം വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ മറ്റുള്ള പുരോഗതിയേക്കാളും ഐക്യം ഉറപ്പിക്കാൻ ആത്മീയമായ സാംസ്കാരിക പുരോഗതിയാണ്‌ ആവശ്യമെന്നും ആക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം നേടികൊണ്ട്‌ ആത്മീയമൂല്യങ്ങൾ ലോകത്തെ പഠിപ്പിച്ച വലിയ ചൈതന്യമാണ്‌ ഭാരതത്തിന്റേതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ആത്മീയതയുടെ വലിയ പ്രകടനാണ്‌ നിർമല ദാസി സന്യാസിനി സമൂഹം ഇവിടെ നടത്തുന്ന സേവനങ്ങളെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.


സ്വന്തം ഇഷ്ടം സമൂഹത്തിൽ സ്വാർഥതയായി മാറുന്നു: മാർ റാഫേൽ തട്ടിൽ

നമ്മുടെ സമൂഹത്തിൽ സമ്പത്ത്‌ കൂടുന്തോറും മനുഷ്യന്റെ സ്വന്തം ഇഷ്ടം സ്വാർഥതയായി മാറുകയാണെന്ന്‌ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. ഔദാര്യമായി കൊടുക്കാനുള്ള നല്ല മനസ്‌ കാണിക്കുന്നവർക്ക്‌ ദൈവം അനുഗ്രഹങ്ങൾ ചൊരിയും -അദ്ദേഹം ചൂടണ്ടിക്കാട്ടി. കാഞ്ഞാണി സെന്റ്‌ തോമസ്‌ പള്ളിയിലെ സാന്തോം മതബോധന മിനി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മാർ തട്ടിൽ. നിങ്ങളുടെ ഔദാര്യം നാടിന്റെ നന്മയ്ക്ക്‌ കാരണമാകും. നാടിന്റെ വളർച്ചയ്ക്കും നന്മയ്ക്കും പങ്കാളിത്തസ്വാഭവത്തിൽ സംഭാവന നൽകാൻ കടമയുണ്ട്‌. അദ്ദേഹം ഓർമിപ്പിച്ചു. ഈശോയ്ക്ക്‌ ഇഷ്ടമുള്ളവരാകാൻ കുട്ടികളെ അദ്ദേഹം ആഹ്വാനം ചെയ്തു

സേവനമാണ്‌ പ്രേഷിത പ്രവർത്തനം: മാർ ആൻഡ്രൂസ്‌ താഴത്ത്‌

അർഹിക്കുന്നവർക്ക്‌ സഹായവും സേവനവും സ്നേഹവും നൽകുന്നതിലൂടെയാണ്‌ യഥാർത്ഥ പ്രേഷിത പ്രവർത്തനം നടക്കുന്നതെന്ന്‌ ആർച്ചുബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. ലൂർദ്ദ്‌ കത്തീഡ്രലിൽ പ്രേഷിതവർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റുകൂടിയായ അദ്ദേഹം. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ്‌ മാർ ബോസ്കോ പുത്തൂർ അധ്യക്ഷനായി.

തലമുറകൾക്കു വിശ്വാസപൈതൃകം പകരാൻ ക്രൈസ്തവനു കടമ: മാർ ജോസഫ്‌ പെരുന്തോട്ടം

പൂർവ പിതാക്കന്മാർ പകർന്നുനൽകിയ വിശ്വാസപൈതൃകം തലമുറകൾക്കു കൈമാറാൻ വിശ്വാസി സമൂഹത്തിന്‌ കടമയുണ്ടെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. 1887ൽ നിർമിച്ച സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തൻ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്‌. പാപത്തിന്റെ അടിമത്തത്തിൽനിന്നും നാം സ്വാതന്ത്ര്യം നേടണമെന്നു പ്രേഷിതപ്രവർത്തനം ക്രൈസ്തവൻ മുഖമുദ്രയാക്കണമെന്നും ആർച്ച്ബിഷപ്‌ ഉദ്ബോധിപ്പിച്ചു. സൺഡേ സ്കൂൾ മുഖ്യ അധ്യാപകർക്ക്‌ തിരികൾ തെളിച്ചു നൽകി പ്രേഷിതവർഷാചരണത്തിന്റെ ഉദ്ഘാടനവും ആർച്ച്ബിഷപ്‌ നിർവഹിച്ചു.

സുവിശേഷ പ്രചാരണം ക്രൈസ്തവന്റെ കടമ: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

സുവിശേഷപ്രചാരണം ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. സീറോമലബാർ സഭ പ്രേഷിത വർഷാചരണത്തിന്റെ പാലാ രൂപതാതല ഉദ്ഘാടനം കത്തീഡ്രലിൽ നിർവഹിച്ച്‌ സന്ദേശം നൽകുകയായിരുന്നു മാർ കല്ലാര്റങ്ങാട്ട്‌. പ്രേഷിത അവബോധം ജനിപ്പിക്കുക, ദൈവവിളി വർധിപ്പിക്കുക എന്നിവയാണ്‌ പ്രേഷിത വർഷാചരണത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ അതിരുകൾ മാത്രമാണ്‌ സുവിശേഷവത്കരണത്തിൽ ഏക പരിധി. ആത്മീയമന്ദത മാറ്റി പ്രേഷിത പ്രവർത്തനം നടത്തണമെന്നും ദൈവവിളിയെ പ്രോത്സാഹിപ്പിക്കണമെന്നും മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു.

Tuesday, August 16, 2011

ലോകയുവജനദിനത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള പ്രദർശനം

ലോകയുവജനദിനത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള പ്രദർശനവും ക്രമീകരിച്ചിരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതസാഹചര്യത്തിൽ നിന്നും പ്രചോദനം സ്വീകരിക്കാനുമായിട്ടാണ്‌ ഈ പ്രദർശനം ആസൂത്രണം ചെയ്തിരിക്കുന്നത്‌. സ്വതന്ത്രമായി തങ്ങളുടെ മതവിശ്വാസത്തിൽ ജീവിക്കാൻ കഴിയാത്ത സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ പല യുവജനങ്ങൾക്കും അറിവുപകരുന്നതാണ്‌ പ്രദർശനം. “ഇത്‌ പലർക്കും ആശ്ചര്യം ഉളവാക്കുന്നു”. എന്ന്‌ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്ന എയ്ഡ്‌ റ്റു ചർച്ച്‌ ഇൻ നീഡ്‌(Aid to church in need) വക്താക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ 50 വർഷക്കാലത്തെ പ്രധാനപ്പെട്ട 15 രക്തസാക്ഷികളുടെ ചരിത്രമാണ്‌ പ്രദർശനത്തിൽ കാണാൻ കഴിയുന്നത്‌. ലോകത്തിന്റെ തന്നെ ശ്രദ്ധ കവർന്ന മതപീഡനങ്ങളാണ്‌ ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പാക്കിസ്ഥാനിലും, ഇന്ത്യയിലെ ഒറീസയിലും അൾജീറിയയിലെ റ്റിബൈറ്റ്ൻ ആശ്രമത്തിലും നടന്ന അക്രമങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. നൈജീരിയ, ചൈന, സുഡാൻ, ക്യൂബ, ഇറാഖ്‌ എന്നീ രാജ്യങ്ങളിലെ പീഡനങ്ങളുടെ വിവരണവും പ്രദർശനത്തിലുണ്ട്‌.


Saturday, August 13, 2011

വിശുദ്ധ അൽഫോൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനി: മാർ ജോസഫ്‌ പവ്വത്തിൽ

വിശുദ്ധ അൽഫോാ‍ൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനിയായിരുന്നുവെന്ന്‌ ആർച്ചുബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അൽഫോൻസാമ്മ നിത്യവ്രത വാഗ്ദാനം നടത്തിയ ചങ്ങനാശേരി ക്ലാരമഠത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ചുബിഷപ്‌. വിശുദ്ധ ക്ലാര പുണ്യവതിയെപ്പോലെ ഈശോയെ സർവശക്തിയോടെ സ്നേഹിച്ച സന്യാസിനിയാണ്‌ വിശുദ്ധ അൽഫോൻസാമ്മയെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസ ദാർഢ്യത്തോടെ മുന്നേറണമെന്നാണ്‌ ഈശോയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നത്‌. ദൈവത്തിന്റെ കരുണയുടെ വലയത്തിലാണ്‌ നാം ജീവിക്കുന്നതെന്നു വലിയ ചിന്ത പകർന്ന വ്യക്തിയാണ്‌ വിശുദ്ധ അൽഫോൻസാമ്മ. ദൈവത്തെക്കുറിച്ചുളള ചിന്തകൾ കുറയുന്ന ഈ കാലഘട്ടത്തിൽ സഹനപുത്രിയായ അൽഫോൻസാമ്മയെക്കുറിച്ചുളള സ്മരണകൾ പുതിയ തലമുറയ്ക്കു പ്രചോദനമാകുമെന്നും മാർ പവ്വത്തിൽ ഉദ്ബോധിപ്പിച്ചു. മെത്രാപ്പോലീത്തൻ പളളി വികാരി ഫാ. തോമസ്‌ തുമ്പയിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ സന്ദേശം നൽകി. 

Tuesday, August 9, 2011

കെസിബിസി പരിസ്ഥിതി നയരേഖ രൂപീകരണത്തിനു പ്രത്യേക സമിതി

കേരളത്തിലെ കത്തോലിക്കാസഭ പരിസ്ഥിതി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കെസിബിസിയുടെ പരിസ്ഥിതി നയരേഖയുടെ പ്രാരംഭ ചർച്ചകൾക്കു തുടക്കമായി. സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രജ്ഞരും പങ്കെടുത്ത ദൈവശാസ്ത്ര സമ്മേളനത്തിലാണു നയരേഖ രൂപീകരിക്കാനുള്ള നടപടികൾക്കു തുടക്കമായത്‌. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ നടന്ന കെസിബിസിയുടെ ദൈവശാസ്ത്രസമ്മേളനത്തിൽ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. റവ.ഡോ.മാത്യു ഇല്ലത്തുപറമ്പിൽ, റവ.ഡോ.കുര്യാക്കോസ്‌ മാമ്പിള്ളി, റവ.ഡോ.പ്രശാന്ത്‌, റവ.ഡോ.പ്ലാസിഡ്‌, പ്രഫ.ഡോ.ആനി തോമസ്‌ എന്നിവർ വിവിധ പരിസ്ഥിതിവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌, ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഏബ്രഹാം മാർ യൂലിയോസ്‌ തുടങ്ങിയവർ പ്രസംഗിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്‌ ബസേലിയോസ്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവ, തിരുവനന്തപുരം ആർച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം എന്നിവരുൾപ്പടെ 27 മെത്രാന്മാരും 68 ദൈവശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു മാർഗരേഖ തയാറാക്കാനും പരിസ്ഥിതി നയരേഖ രൂപീകരിക്കാനും ബിഷപ്‌ ഏബ്രഹാം മാർ യൂലിയോസ്‌ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി തയാറാക്കുന്ന പരിസ്ഥിതി നയരേഖയുടെ കരട്‌ പിന്നീടു കെസിബിസിയുടെ അംഗീകാരത്തിനുശേഷം പ്രാബല്യത്തിൽ വരുത്തും. കാലം ചെയ്ത കെസിബിസിസി മുൻ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ.കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിനെ അനുസ്മരിച്ചുകൊണ്ടാണു ദൈവശാസ്ത്ര സമ്മേളനം ആരംഭിച്ചത്‌. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി നടത്തിയ പ്രാർഥനശുശ്രൂഷകൾക്ക്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ നേതൃത്വം നൽകി. ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷകളിൽ മുഴുവൻ ബിഷപ്പുമാരും പങ്കെടുക്കും.


Monday, August 8, 2011

ഗുരു പകർന്നുനൽകിയ മധുരം: ഡോ. ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ (വരാപ്പുഴ ആർച്ച്ബിഷപ്‌)

കൊർണേലിയൂസ്‌ പിതാവുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ബന്ധം. പിതാവിന്റെ പിറന്നാളിന്‌ അദ്ദേഹത്തിന്റെ വിശ്രമവസതിയിലെത്തി ആശംസ നേരുന്നതു ഞാൻ മുടക്കിയിട്ടില്ല. എല്ലാ വർഷവും അദ്ദേഹത്തെക്കുറിച്ച്‌ പുതുതായി എന്തെങ്കിലും അവിടെ സംസാരിക്കാനും എനിക്കു കഴിയാറുണ്ട്‌. വൈദികപഠനത്തിനായി മൈനർ സെമിനാരിയിൽ എത്തിയപ്പോഴാണു ഞാൻ കൊർണേലിയൂസ്‌ പിതാവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹമായിരുന്നു സെമിനാരി റെക്ടർ. ഞങ്ങളുടെ പ്രായത്തിലുള്ളവർക്കും ലത്തീൻ പഠിക്കാനെത്തിയവർക്കും അദ്ദേഹം സൗമ്യനായ ഒരു ഗുരുനാഥനായാണ്‌ അനുഭവപ്പെട്ടിരുന്നത്‌. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹം കർക്കശക്കാരനായിരുന്നു. സെമിനാരിയിൽ സമപ്രായക്കാർ തമ്മിൽപ്പോലും 'എടാ പോടാ' വിളി അനുവദിച്ചിരുന്നില്ല. ഒരു പുരോഹിതനാകുന്നെങ്കിൽ സഭാ നിയമങ്ങൾക്കു പുറമെ സാമൂഹ്യമര്യാദയും പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. അതുകൊണ്ടുതന്നെ കൊർണേലിയൂസ്‌ പിതാവിന്റെ ശിഷ്യരായിരുന്ന പുരോഹിതർ വാക്കുകളിൽ എന്നും മാന്യത പുലർത്തിയെന്ന്‌ ഉറപ്പായും എനിക്കു പറയാനാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലുമുണ്ടായിരുന്നു ഈ ശ്രദ്ധ. അദ്ദേഹം ഫാൻ ഉപയോഗിക്കാറില്ലായിരുന്നു. പാളയിലും പനയോലയിലും നിർമിച്ച വിശറികളാണ്‌ പകരം ഉപയോഗിച്ചിരുന്നത്‌. വിദേശത്തു പോകുമ്പോഴും ഈ വിശറി കരുതിയിരുന്നു. ഓട്ടോമാറ്റിക്‌ ഫാൻ എന്നാണ്‌ അദ്ദേഹമതിനെ വിളിച്ചിരുന്നത്‌. പ്രകൃതിയോട്‌ ഏറ്റവുമിണങ്ങി ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. വൈദ്യകുടുംബത്തിലെ അംഗമായിരുന്നതിനാൽ ആയുർവേദ മരുന്നുകൾ പലതും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. സെമിനാരിയിൽ ഞങ്ങൾക്കു പനിയോ ജലദോഷമോ വന്നാൽ ചികിത്സിക്കുന്നതു പിതാവ്‌ തന്നെ. ഞങ്ങളെ കഷായവും അരിഷ്ടവും ധാരാളം കുടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കട്ടിലിനു സമീപം എപ്പോഴും നെല്ലിക്കാരിഷ്ടം കരുതിവച്ചിട്ടുണ്ടാവും. ചില്ലറ അസുഖങ്ങളുടെ പേരുപറഞ്ഞ്‌ നെല്ലിക്കാരിഷ്ടം വാങ്ങിക്കുടിക്കുന്നതു ഞങ്ങളുടെ പതിവായിരുന്നു. അതിന്റെ മധുരം ഇപ്പോഴും നാവിൻതുമ്പിലുണ്ട്‌. വിജയപുരത്തും വരാപ്പുഴയിലും നിരവധി സേവനപ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്‌. സഭയും അൽമായരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവാക്കളെ സഭയുമായി അടുപ്പിക്കണമെന്നും സ്ത്രീശാക്തീകരണം വേണമെന്നും അഭിപ്രായപ്പെടുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ഏറെ ത്യാഗം സഹിച്ചു നിർമിച്ച എറണാകുളം കച്ചേരിപ്പടിയിലെ ആശീർഭവൻ ഇതിന്റെ സാക്ഷ്യമാണ്‌. അത്തരം പല കാര്യങ്ങളിലും ഞാനുൾപ്പടെയുള്ളവർക്ക്‌ അദ്ദേഹം മികച്ച മാതൃക നൽകി. സാമൂഹ്യതിന്മകൾക്കെതിരെ പ്രസംഗിക്കുക മാത്രമല്ല ജീവിതത്തിൽ അതു പകർത്തുകയും ചെയ്തു അദ്ദേഹം. മദ്യവിമോചന പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ അദ്ദേഹം പരിശ്രമിച്ചു. ജയിലുകൾ സന്ദർശിക്കുകയും അനേകം തടവുകാർക്ക്‌ ആശ്വാസം പകരുകയും ചെയ്തു. പാപികളെയല്ല പാപങ്ങളെയാണു വെറുക്കേണ്ടത്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. സംഗീതത്തിന്റെ കാര്യത്തിൽ കൊർണേലിയൂസ്‌ പിതാവിന്റെ പ്രാവീണ്യം ഏവർക്കും അറിവുള്ളതാണ്‌. എനിക്കതു നേരിട്ട്‌ അനുഭവപ്പെട്ടത്‌ 1987ൽ ഞാൻ കോട്ടപ്പുറം ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തിലാണ്‌. ബിഷപ്പായി അവരോധിതനാകുന്ന ചടങ്ങിൽ അവതരിപ്പിക്കാനായി ഒരു ടൈറ്റിൽ സോംഗ്‌ വേണ്ടിയിരുന്നു. കൊർണേലിയൂസ്‌ പിതാവിനോട്‌ ഒരു ഗാനം ചോദിച്ചാലോ എന്നെനിക്കു തോന്നി. കോട്ടപ്പുറത്തിനടുത്ത്‌ കാര സ്വദേശിയാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ പ്രദേശത്തിന്റെ ചരിത്രവും മറ്റും ഏറെ അറിയാവുന്നത്‌ അദ്ദേഹത്തിനാണ്‌. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ഞാൻ പിതാവിനോടു കാര്യം പറഞ്ഞു. ശരിയാക്കാമെന്ന്‌ അദ്ദേഹം മറുപടിയും നൽകി. ഉച്ചഭക്ഷണത്തിന്‌ എത്തിയപ്പോൾ കവിത കുറിച്ച കടലാസാണ്‌ എനിക്കദ്ദേഹം നൽകിയത്‌. ഏവരും ഇഷ്ടപ്പെട്ട ഒരു ഗാനമായി അതു മാറുകയും ചെയ്തു. വരാപ്പുഴ അതിരൂപതയ്ക്കും ലത്തീൻ സമുദായത്തിനും വലിയ നഷ്ടമാണു കൊർണേലിയൂസ്‌ പിതാവിന്റെ വേർപാട്‌. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ദൈവത്തോടു പ്രാർഥിക്കാം.

കവിത്വവും വേദാന്തവും ലേശം വൈദ്യവും

കൊടുങ്ങല്ലൂർ കോവിലകത്തും അംഗീകാരമുണ്ടായിരുന്ന കാരയിലെ വിശ്രുത ഇലഞ്ഞിക്കൽ അവിരാ വൈദ്യന്മാരുടെ പരമ്പരയിലാണു ഇട്ടിയവിര എന്ന കൊർണേലിയൂസ്‌ ജനിച്ചത്‌.
പൈതൃകത്തിന്റെ ഭാഗമായ വൈദ്യവും സംസ്കൃതവും ഡോ. കൊർണേലിയൂസിന്റെ ജീവിതദർശനത്തിലും കർമപഥത്തിലും അതിവിശിഷ്ട സുഗന്ധം പരത്തി. കാര സെന്റ്‌ ആൽബന (മൗണ്ട്‌ കാർമൽ) സ്കൂളിലും എറണാകുളം സെന്റ്‌ ആൽബർട്ട്സിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ അട്ടിപ്പേറ്റിയുടെ ആശീർവാദത്തോടെ 1933ൽ എറണാകുളത്തു പെറ്റി സെമിനാരിയിൽ ചേർന്നു. രണ്ടു കൊല്ലം മൈനർ സെമിനാരിയിൽ ലത്തീൻഭാഷ പഠിച്ചു. 38ൽ മംഗലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര പഠനത്തിന്റെ രണ്ടാം വർഷം ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളജിലേക്ക്‌ അയച്ചു. 1939 ഒക്ടോബർ പത്തിന്‌ ബോംബെയിൽനിന്ന്‌ ഇറ്റലിയിലെ നേപ്പിൾസിലേക്കു കപ്പൽ കയറി. രണ്ടാംലോകമഹായുദ്ധത്തിനു നടുവിലാണു റോമിൽ ഊർബൻ സർവകലാശാലയിൽ വൈദികപഠനം പൂർത്തിയാക്കിയത്‌. പന്ത്രണ്ടാം പീയൂസ്‌ മാർപാപ്പയുടെ സമാധാന ദൗത്യങ്ങൾക്കിടയിലും റോമിൽ പ്രൊപ്പഗാന്ത കോളജിനടുത്ത്‌ ബോംബുവർഷമുണ്ടായി. 1945 മാർച്ച്‌ 18നു സുവിശേഷവത്കരണ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ഫ്യുമസോണി ബിയോജിയിൽനിന്നു ഡോ. ഇലഞ്ഞിക്കൽ വൈദികപട്ടം സ്വീകരിച്ചു. ഊർബൻ സർവകലാശാലയിലെ തത്ത്വശാസ്ത്ര വിഭാഗത്തിൽ ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുക്കളിലെ ദൈവാശയപരിണാമം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം സഭയുടെ കാനൻ നിയമത്തിലും ഡോക്ടറേറ്റ്‌ സമ്പാദിച്ചു. റോമിൽ ഭാരതീയ തത്ത്വശാസ്ത്ര പ്രഫസറായി നിയമിതനായെങ്കിലും ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അക്കാദമിക മേഖലയിൽനിന്ന്‌ അദ്ദേഹത്തെ അജപാലന ദൗത്യത്തിനായി നാട്ടിലേക്കു തിരികെ വിളിക്കുകയായിരുന്നു.എറണാകുളം ചാത്യാത്ത്‌ മൗണ്ട്‌ കാർമൽ ഇടവകയിൽ സഹവികാരിയായി 1950ൽ നിയമിതനായി. 1951 മുതൽ 54 വരെ ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റിയുടെ സെക്രട്ടറിയായിരുന്നു. 54 മുതൽ 58 വരെ സെന്റ്‌ ഫ്രാൻസിസ്‌ അസീസി കത്തീഡ്രലിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. വരാപ്പുഴ അതിരൂപത മൈനർ സെമിനാരി റെക്ടർ (1956), അതിരൂപതാ പ്രോ വികാർ ജനറൽ (1961), വരാപ്പുഴ അതിരൂപതാ വികാർ ക്യാപിറ്റുലർ (1970) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. നീണ്ട 36 വർഷം കേരളത്തിലെ ലത്തീൻ കത്തോലിക്കാ ഹയരാർക്കി അധ്യക്ഷനായിരുന്ന ഡോ. അട്ടിപ്പേറ്റിയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ ഒരു വർഷം അതിരൂപത അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ. കൊർണേലിയൂസ്‌ 1971ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി.ഡോ. കൊർണേലിയൂസിന്റെയും വരാപ്പുഴ ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. ജോസഫ്‌ കേളന്തറയുടെയും മെത്രാഭിഷേക ചടങ്ങ്‌ സെന്റ്‌ ആൽബർട്ട്സ്‌ സ്കൂൾ ഗ്രൗണ്ടിലായിരുന്നു. 1971 ഏപ്രിൽ നാലിന്‌ ഓശാന ഞായറാഴ്ച, സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്‌ ഡോ. സൈമൺ ലൂർദ്ദ്സ്വാമിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു മെത്രാഭിഷേകം. ഡോ. കൊർണേലിയൂസ്‌ 71 ഏപ്രിൽ 20നു വിജയപുരത്തെ അജപാലന ദൗത്യം ഏറ്റെടുക്കാനായി കോട്ടയം വിമലഗിരി കത്തീഡ്രലിൽ എത്തിയപ്പോൾ മുൻഗാമിയായ സ്പാനിഷ്‌ കർമലീത്ത മിഷനറി മെത്രാൻ ഡോ. അംബ്രോസ്‌ അഞ്ച്സോളോ അദ്ദേഹത്തെ അനുഗ്രഹിക്കാൻ അവിടെ സന്നിഹിതനായിരുന്നു. 1987 വരെ വിജയപുരം മെത്രാനായി തുടർന്നു. ആർച്ച്ബിഷപ്‌ ഡോ. ജോസഫ്‌ കേളന്തറയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ 1987 മാർച്ച്‌ 19ന്‌ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. കൊർണേലിയൂസ്‌ ഒൻപതു വർഷം അതിരൂപതയെ നയിച്ചു. മങ്ങാത്ത സ്മരണകൾ, മായാത്ത സ്മരണകൾ, എന്നീ ആത്മകഥാ വാല്യങ്ങൾ, ഉപനിഷത്തുകളിലെ ദൈവസങ്കൽപം, രണ്ടു പനിനീർപ്പൂക്കൾ തുടങ്ങി പത്തു പുസ്തകങ്ങൾ രചിച്ചു. സമാഹരിച്ചതും അല്ലാത്തതുമായ അഞ്ഞുറിൽപ്പരം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്‌. ഇതിൽ നിത്യസഹായമാതാവിന്റെ നൊവേനയിൽ ആലപിക്കപ്പെടുന്ന ഗീതങ്ങളും കന്യകമാതാ സ്തുതികളും അന്ത്യശ്രുശ്രൂഷ ഗാനങ്ങളും ഏറെ പ്രശസ്തമാണ്‌. ലത്തീനിൽനിന്ന്‌ ആരാധനക്രമം മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയിൽ പ്രധാനപങ്കു വഹിച്ചു.

സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി പ്രയത്നിച്ച മഹാപുരുഷൻ: മാർ ജോർജ്ജ്‌ ആലഞ്ചേരി

മഹത്തായ ശുശ്രൂഷയിലൂടെ സഭയ്ക്കു നേതൃത്വം നൽകുകയും സഭയ്ക്കും സമൂഹത്തിനും പുതിയ ഉൾക്കാഴ്ചകൾ നൽകി ആത്മീയോത്കർഷവും സാമൂഹിക പുരോഗതിയും കൈവരുത്തുകയും ചെയ്ത മഹാമനസിന്റെ ഉടമയായിരുന്നു കാലംചെയ്ത കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ പിതാവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പിതാവിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന വരാപ്പുഴ അതിരൂപതയോടും ഇന്ത്യയിലെ സഭയോടും എന്റെ ദുഃഖങ്ങൾ പങ്കുവയ്ക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ, വിജയപുരം രൂപത, വരാപ്പുഴ അതിരൂപത എന്നിവയുടെ മേലധ്യക്ഷൻ എന്നീ നിലകളിൽ പിതാവ്‌ ശുശ്രൂഷ ചെയ്തിട്ടുണ്ട്‌. ഈ രണ്ടു നിലകളിലും കേരളത്തിലെ സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടിയും പാവപ്പെട്ടവരുടെയും തിരസ്കൃതരായവരുടെയും പ്രത്യേകിച്ചു ദളിതരുടെയും ഉന്നമനത്തിനുവേണ്ടിയും അക്ഷീണം അധ്വാനിച്ച മഹാപുരുഷനായിരുന്നു പിതാവ്‌. കേരള കാത്തലിക്‌ ബിഷപ്സ്‌ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം അടുത്തു ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം ലഭിച്ചിട്ടുണ്ട്‌. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ വിശാലവീക്ഷണങ്ങളും താൻ ശുശ്രൂഷ ചെയ്യുന്ന സഭാംഗങ്ങളോടുള്ള പ്രതിബദ്ധതയും മനസിലാക്കിയിട്ടുണ്ട്‌. ആരെപ്പറ്റിയും ഒരു ദോഷവും പറയാതെ എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സഹപ്രവർത്തകരുടെ സങ്കുചിത മനോഭാവങ്ങളെ തിരുത്താനും അദ്ദേഹം പരിശ്രമിച്ചിരുന്നു. തികഞ്ഞ സഭാസ്നേഹിയും സമുദായാചാര്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മീയ ദർശനങ്ങൾ ഗാനരൂപത്തിൽ ദിവ്യസന്നിധിയിലേക്കുയർത്തുവാനും അജഗണങ്ങൾക്കു സാധിച്ചു.
കൊർണേലിയൂസ്‌ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രവർത്തനശൈലിയും നമ്മുടെ ജീവിതങ്ങളിലേക്കു ഏറ്റുവാങ്ങാനും നാം തയാറാകണം - മാർ ആലഞ്ചേരി പറഞ്ഞു.

റവ. ഡോ. സ്റ്റീഫൻ ആലത്തറ (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ)

ആർച്ച്ബിഷപ്‌ ഡോ.കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ദൈവസങ്കൽപം ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ഒതുങ്ങുന്നതല്ല. വിശുദ്ധ ആഗസ്തീനോസിനെയും അസീസിയിലെ വിശുദ്ധ ഫ്രാൻസീസിനെയും പോലെ സനാതന സത്യത്തെ തേടിയുള്ള യാത്ര ആർച്ച്ബിഷപ്പിനെ വലിയൊരുഹൈന്ദവ പണ്ഡിതനാക്കി. തത്ത്വശാസ്ത്രത്തിലും സഭയുടെ കാനോനിക നിയമത്തിലും അദ്ദേഹത്തിനു ഡോക്ടറേറ്റുകളുണ്ട്‌. ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയ പരിണാമം എന്നതായിരുന്നു അദ്ദേഹത്തിനു തത്ത്വശാസ്ത്ര ഡോക്ടറേറ്റിന്റെ ഗവേഷണവിഷയം. ഉപനിഷദ്‌ ചിന്തകരിൽ മഹോന്നതനായ യാജ്ഞവൽക്യ മഹർഷിയുടെ നേതി, നേതി എന്ന പ്രയോഗമാണു ഗവേഷണ പ്രബന്ധത്തിന്റെ അകക്കാമ്പ്‌. ആദിശങ്കരാചാര്യരെപ്പോലെ ആഴമാർന്ന വേദാന്തപഠനത്തിലൂടെ ഹൈന്ദവ ദൈവശാസ്ത്രവും ദൈവസങ്കൽപവും മനസിലാക്കാനും ഉപനിഷത്തുകളിൽ പാണ്ഡിത്യം ആർജിക്കാനും ആർച്ച്ബിഷപ്‌ കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിനു സാധിച്ചു. ഹൈന്ദവ ദർശനങ്ങളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം ഇതര മതങ്ങളെ സഹോദരതുല്യം സ്നേഹിക്കാനും ആദരിക്കാനും അദ്ദേഹ ത്തെ പ്രാപ്തനാക്കി. ഹൈന്ദവത ത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിനെ സർവകലാശാലയിലെ തത്ത്വശാസ്‌ ത്ര വിഭാഗത്തിൽ അധ്യാപകനാക്കാൻ വകുപ്പു മേധാവി പ്രഫസർ ഫാബ്രോ തീരുമാനിച്ചെങ്കിലും വരാപ്പുഴ അതിരൂപതയിലേക്കു തിരികെ വന്ന്‌ നാട്ടിൽ സേവനം അനുഷ്ഠിക്കാനാണു പിതാവ്‌ ആഗ്രഹിച്ചത്‌. 1918 സെപ്റ്റംബർ 8-ന്‌, പരിശുദ്ധ കന്യകാമറിയത്തി ന്റെ ജനനത്തിരുനാൾ ദിവസം, ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂർ കാര കർമലനാഥയുടെ നാമധേയത്തിലുള്ള ഇടവകയിൽ പുരാതനവും പ്രശസ്തവുമായ ഇലഞ്ഞിക്കൽ തറവാട്ടിൽ കുഞ്ഞവരായുടെയും ത്രേസ്യയുടെയും മകനായി കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ ജാതനായി. മാതാവിന്റെ പിറവിത്തിരുന്നാളിൽ ജാതനായതുകൊണ്ടും ഇടവകദേവാലയം പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടും വലിയൊരു മരിയഭക്തനായാണ്‌ അദ്ദേഹം വളർന്നത്‌. ഇടവകദേവാലയത്തോടു ചേർന്നുള്ള സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. 1933-ൽ എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കാൻ എറണാകുളം സെന്റ്‌ ആൽബർട്ട്സ്‌ സ്കൂളിൽ ചേരുകയും അതേവർഷം തന്നെ യേശുവിന്റെ പുരോഹിതനാകണം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. മൈനർ സെമിനാരി പഠനത്തിനുശേഷം 1938-ൽ മംഗലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സെമിനാരിയിൽ ചേർന്ന്‌ തത്ത്വശാസ്ത്രപഠനം ആരംഭിച്ചു. 1939-ൽ ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക്‌. റോമിലെ ഉർബാനിയാന പ്രൊപ്പഗാന്ത കോളജിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1945 മാർ ച്ച്‌ 18നു പൗരോഹിത്യം സ്വീകരിച്ചു. പ്രൊപഗാന്ത കോളജിലെ പ്രഫസറായിരുന്ന കാലം ചെയ്ത കർദിനാൾ പിയത്രോ പരേന്തെ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്‌ 'optimus discipulus meus'- 'എന്റെ ഉത്തമനായ ശിഷ്യൻ' എന്നാണ്‌. 1950-ൽ റോമിൽ നിന്നു തിരി ച്ചെത്തിയ പിതാവ്‌ ചാത്യാത്ത്‌ കർമലനാഥയുടെ പള്ളിയിൽ സഹവികാരിയായി നിയമിക്കപ്പെട്ടു. 1951-ൽ പുണ്യശ്ലോകനായ അട്ടിപ്പേറ്റി പിതാവിന്റെ സെക്രട്ടറിയായി നിയമിതനായി. മൂന്നു വർഷത്തിനു ശേഷം 1954-ൽ സെന്റ്‌ ഫ്രാൻസീസ്‌ അസീസി കത്തീഡ്രലിൽ അസിസ്റ്റന്റായി നിയമനം ലഭിച്ചു. 1956-ൽ മൈനർ സെമിനാരി റെക്ടറായി. 1961 ഒക്ടോബർ ഒന്നിനു പ്രോ വികാരി ജനറാളായി ഉയർത്തിയത്‌ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിനും ഭരണപാടവത്തിനും അംഗീകാരമായി. 1970 ജനുവരി 21ന്‌ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാ പ്പോലീത്താ ഡോ. ജോസഫ്‌ അട്ടിപ്പേറ്റിയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ അതിരൂപതാ ആലോചനാസമിതി മോൺ. കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിനെ വികാർ കാപ്പിറ്റുലർ ആയി തെരഞ്ഞെടുത്തു. 1971 ഫെബ്രുവരി 15ന്‌ വിജയപുരം രൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാനായി നിയമിക്കപ്പെട്ടതുവരെ പ്രസ്തുത ഉത്തരവാദിത്വം പിതാവ്‌ സ്തുത്യർഹമായ രീതിയിൽ നിർവഹിച്ചു. 1971 ഏപ്രിൽ നാലിന്‌ ഓശാന ഞായറാഴ്ചയാണ്‌ ഡോ. ജോസഫ്‌ കേളന്തറയോടൊപ്പം അദ്ദേഹം മെത്രാനായി അഭിഷിക്തനായത്‌. വേദപ്രചാര തിരുസംഘത്തിന്റെ സെക്രട്ടറിയും പിന്നീട്‌ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കർദിനാൾ സൈമൺ ലൂർദ്ദ്സ്വാമിയാണു മെത്രാഭിഷേകത്തിൽ മുഖ്യകാർമികത്വം വഹിച്ചത്‌. 1971 ഏപ്രിൽ മുതൽ 1987 മാർച്ച്‌ വരെ അദ്ദേഹം വിജയപുരം രൂപതയുടെ മെത്രാനായി സേവനം അനുഷ്ഠിച്ചു. 1987 ഫെബ്രുവരി 11നു വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നാമനിർദേശം ചെയ്യപ്പെട്ടു. 1987 മാർച്ച്‌ 19ന്‌ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. 1987 ജൂൺ 29ന്‌ റോമിൽവച്ച്‌ മെത്രാപ്പോലീത്തമാരുടെ പ്രത്യേക സ്ഥാനികവസ്ത്രമായ പാലിയം വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നു സ്വീകരിച്ചു. 1996 ഓഗസ്റ്റ്‌ അഞ്ചിന്‌ കൊർണേലിയൂസ്‌ പിതാവ്‌ വാർധക്യവും അനാരോഗ്യവും നിമിത്തം അതിരൂപതാ ഭരണത്തിൽ നിന്നു സ്വയംവിരമിച്ചു. തന്റെ ഓർമക്കുറിപ്പുകൾ 2000ൽ'മങ്ങാത്ത സ്മരണകൾ'എന്ന പേരിൽ പിതാവ്‌ പ്രസിദ്ധീകരിച്ചു. പത്തോളം വിലപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഉപനിഷത്തുകളിലെ ദൈവസങ്കൽപം, ദൈവപിതാവിന്‌ സ്തുതിഗീതം, മഹാഇ ടയന്മാർ, രണ്ടു പനിനീർപൂക്കൾ, പ്രശ്നങ്ങളും പ്രതിവിധികളും, ലേഖനങ്ങളും പ്രസംഗങ്ങളും, കേരള സഭാചരിത്ര സംക്ഷേപം എന്നിവ അവയിൽ ചില പ്രധാനപ്പെട്ട പുസ്തകങ്ങളാണ്‌. ക്രൈസ്തവ ഗാനരചയിതാവായിട്ടാണ്‌ പിതാവ്‌ കൂടുതൽ അറിയപ്പെട്ടിട്ടുള്ളത്‌. അഞ്ഞൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്‌. അവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

നിത്യസനാതന സത്യം കണ്ടെത്തിയ ഇടയശ്രേഷ്ഠൻ: കെസിബിസി

നിത്യസനാതന സത്യം അജഗണങ്ങൾക്കു മുമ്പിൽ നവമായ രീതിയിൽ അവതരിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു ആർച്ച്ബിഷപ്‌ ഡോ. കൊർണേലിയൂസ്‌ ഇലഞ്ഞിക്കലെന്നു കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ ദൈവശാസ്ത്രത്തിലും ഹൈന്ദവ തത്ത്വശാസ്ത്രത്തിലും ദൈവത്തെ കണ്ടെത്താൻ പരിശ്രമിച്ച ആർച്ച്ബിഷപ്‌ വേദാന്തപഠനത്തിലൂടെ ഉപനിഷത്തുകളിൽ പാണ്ഡിത്യം നേടിയ അപൂർവം ക്രൈസ്തവരിൽ ഒരാളാണ്‌. ഹൈന്ദവദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യം ഇതരമതങ്ങളെ സഹോദരതുല്യം സ്നേഹിക്കാനും ആദരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി. ആഴമുള്ള ദൈവാനുഭവത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞ കാവ്യഭാവനയിലൂടെ ക്രൈസ്തവ ഭക്തിഗാനരചനാരംഗത്തു പുതിയ പാത വെട്ടിത്തുറക്കാൻ പിതാവിനു സാധിച്ചു. അനേകായിരങ്ങളെ ദൈവത്തിങ്കലേക്ക്‌ അടുപ്പിക്കാൻ സഹായകമാകുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ പിതാവിനെ എന്നും അനശ്വരനാക്കും. വിജയപുരം രൂപതയുടെ ആധുനിക കാലഘട്ടത്തിലെ നവീകരണങ്ങൾക്ക്‌ അടിത്തറ പാകിയ പിതാവ്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും 1987 മുതൽ 1996 വരെ കേരള ലത്തീൻ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെന്ന നിലയിലും സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല. 1989 മുതൽ 1992 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഐക്യത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങൾ അക്കാലത്ത്‌ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലാളിത്യം, ദൃഢമായ വിശ്വാസം, ആഴവും പരപ്പുമുള്ള വിജ്ഞാനം, സ്നേഹവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ദൈവസ്നേഹംകൊണ്ടും പരസ്നേഹ പ്രവൃത്തികൾകൊണ്ടും ധന്യനായ ആർച്ച്ബിഷപ്‌ കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ദേഹവിയോഗം കേരളകത്തോലിക്കാസഭയ്ക്കും കേരള സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്നു കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ആർച്ച്ബിഷപ്‌ ഡോ. കൊർണേലിയൂസ്‌ ദിവംഗതനായി

വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്‌ ഡോ. കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ ദിവംഗതനായി. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന്‌ എറണാകുളം ലൂർദ്ദ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 7.30ന്‌ ആയിരുന്നു. 93 വയസായിരുന്നു.
ജൂലൈ 18ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നി ല ഗുരുതരമായതിനെത്തുടർന്നു ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാ യിരുന്നു ശ്വസനം. തുടർന്നു വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ഹൃദയാഘാതത്തോ ടെ ദേഹവിയോഗം സംഭവിക്കുകയുമായിരുന്നുവെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 22നു രോഗീലേപനകൂദാശ സ്വീകരിച്ചിരുന്നു. പിതാവിന്റെ മരണസമയത്ത്‌ അടുത്ത ബന്ധുക്കൾ സന്നിഹിതരായിരുന്നു.
വരാപ്പുഴ മെത്രാപ്പോലീത്ത ഫ്രാൻസീസ്‌ കല്ലാര്റയ്ക്കലിന്റെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തിയശേഷം ഡോ. കൊർണേലിയൂസിന്റെ ഭൗതികദേഹം ലൂർദ്ദ്‌ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവി ലെ ഒൻപതിനു ഭൗതികദേഹം വിലാപയാത്രയായി എറണാകുളം സെന്റ്‌ ഫ്രാൻസിസ്‌ അസീസി കത്തീഡ്രലിൽ എത്തിക്കും. പത്തിന്‌ ആർച്ച്ബിഷപ്‌ കല്ലാര്റയ്‌ ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വരാപ്പുഴ അതിരൂപതയിലെ വൈദികർ ദിവ്യബലി അർപ്പിക്കും. തുടർന്നു കത്തീഡ്രലിൽ പൊതുജനങ്ങൾക്ക്‌ അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടാകും.
നാളെ രാവിലെ എട്ടിനു വിലാപയാത്രയായി ഭൗതികശരീരം എറണാകുളം സെന്റ്‌ ആൽബർട്ട്‌ സ്‌ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്കു കൊണ്ടുപോകും. അവിടെ തയാറാക്കിയിരിക്കുന്ന പന്തലിൽ ഉച്ചയ്ക്കു രണ്ടു വരെ പൊതുജനങ്ങൾക്ക്‌ അന്തിമോപചാരം അർപ്പിക്കാം. മൂന്നിനു സംസ്കാരശുശ്രൂഷകൾ തുട ങ്ങും.
ദിവ്യബലിയിൽ സീറോ മ ല ബാർ സഭയുടെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി സന്ദേശം നൽകും. കേരളത്തിലെ ലത്തീൻ, സീറോ മലബാർ, മല ങ്കര സഭകളിലെ മെത്രാന്മാർ ദിവ്യബലിയിൽ സഹകാർമികരായിരിക്കും. ദിവ്യബലിയെത്തുടർന്നു സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ, കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും.
ആർച്ച്ബിഷപ്പിന്റെ ഭൗതികശരീരം വിലാപയാത്രയായി ബാനർജിറോഡ്‌, ഷൺമുഖം റോഡ്‌ കടന്ന്‌ ബ്രോഡ്‌വേയിലെത്തി സെന്റ്‌ ഫ്രാൻസീസ്‌ അസീസി കത്തീഡ്രലിലെ ക്രിപ്റ്റിലേക്കു സംവ ഹിച്ചു കബറടക്കം നടത്തും.
നിത്യസഹായമാതാവിന്റെ നൊവേനഗീതങ്ങളും കന്യകമാതാ സ്തുതികളും തിരുക്കർമഗീതങ്ങളും അന്ത്യശ്രുശ്രൂ ഷാ ഗാനങ്ങളും ഉൾപ്പെടെ കേരളത്തിലെ ദേവാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും ആലപിക്കപ്പെടുന്ന ധാരാളം വിഖ്യാത ഗാനങ്ങളുടെ രചയിതാവും കാനോൻ നിയമ വിദഗ്ധനും വേദാന്തചിന്തകനുമായിരുന്നു ഡോ. കൊർണേലിയൂസ്‌ ഇലഞ്ഞി ക്കൽ.
കൊടുങ്ങല്ലൂരിനടുത്തു കാരയിൽ വിശ്രുത വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട ഇലഞ്ഞിക്കൽ കുഞ്ഞവര-ത്രേസ്യ ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമനായി 1918 സെപ്റ്റംബർ എട്ടിനാണ്‌ ഇട്ടിയവര (കൊർണേലിയൂസ്‌ എന്നതു ജ്ഞാനസ്നാന പേരാണ്‌) ജനിച്ചത്‌. പൈതൃകത്തിന്റെ ഭാഗമായ വൈദ്യവും സംസ്കൃതവും ജീവിതത്തിലുടനീളം വലിയ സ്വാധീനം ചെലുത്തി.റോമിലെ ഊർബ
സർവകലാശാലയിൽനിന്നു 'ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയപരിണാമം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം സഭയുടെ കാനൻ നിയമത്തിലും ഡോക്ടറേറ്റ്‌ സമ്പാദിച്ചു.
വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ.ജോസഫ്‌ അട്ടിപ്പേറ്റി പ്രോ വികാരി ജനറലായി നിയമിച്ച ഡോ.കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ അട്ടിപ്പേറ്റിപ്പിതാവിന്റെ ദേഹവിയോഗത്തെത്തുടർന്ന്‌ ഒരു വർഷം അതിരൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്നു. 1971ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി. വിജയപുരം രൂപതയുടെ വികസനത്തിനായി 16 വർഷം അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ആർച്ച്ബിഷപ്‌ ഡോ.ജോസഫ്‌ കേളന്തറ ദിവംഗതനായതിനെത്തുടർന്ന്‌ 1987 മാർച്ച്‌ 19ന്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. കൊർണേലിയൂസ്‌ ഒൻപതു വർഷം കേരളത്തിലെ ല ത്തീൻ കത്തോലിക്കാ ഹയരാർക്കിയുടെ അധ്യക്ഷനായിരുന്നു. വിരമിച്ച ശേഷം 1996 ഓഗസ്റ്റ്‌ മുതൽ കാക്കനാട്‌ അട്ടിപ്പേറ്റിനഗറിലെ വില്ല സൊക്കോർസോയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

Wednesday, August 3, 2011

യുവജനങ്ങൾ നന്മയുടെ വക്താക്കളാകണം: മാർ പോളി കണ്ണൂക്കാടൻ

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നന്മയുടെ വക്താക്കളാകാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നു ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സിഎൽസിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പാരീഷ്‌ ഹാളിൽ സംഘടിപ്പിച്ച ഇഗ്നേഷ്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. ധാർമികമൂല്യങ്ങളും ആദർശങ്ങളും സ്വാർഥതാത്പര്യങ്ങൾക്കായി ബലികഴിക്കപ്പെടുന്ന അവസ്ഥയാണു പലേടത്തും. വിശ്വാസതീക്ഷ്ണതയുള്ള യുവജന മുന്നേറ്റത്തിനു മാത്രമേ ഇതിനെ തടയാൻ സാധിക്കൂ. തിന്മയ്ക്കെതിരേ നന്മയുടെ പ്രകാശം പരത്തുന്നവരാകുവാനാണു യുവജനങ്ങൾ മുന്നിട്ടിറങ്ങേണ്ടത്‌. -ബിഷപ്‌ ഉദ്ബോധിപ്പിച്ചു.

Monday, August 1, 2011

ആത്മീയനിറവു നേടിയെടുത്താലേ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കാനാകൂ: മാർ റാഫേൽ തട്ടിൽ

ആത്മീയനിറവു നേടിയെടുത്താലേ യുവജനങ്ങൾക്ക്‌ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കാനാകൂവെന്ന്‌ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. സിഎൽസിയുടെ ആത്മീയാചാര്യനായ വിശുദ്ധ ഇഗ്നേഷ്യസ്‌ ലെയോളയുടെ അനുസ്മരണദിനാഘോഷം അതിരൂപത സിഎൽസിയുടെ നേതൃത്വത്തിൽ പട്ടിക്കാട്‌ സെന്റ്‌ സേവ്യേഴ്സ്‌ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയവിഷയത്തിൽ സഭാ നിലപാട്‌ ശരി: ആർച്ച്ബിഷപ്‌ ഡോ.സൂസപാക്യം

സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിൽ കത്തോലിക്കാ സഭയെ ഒറ്റപ്പെടുത്തി ആക്രമിച്ചു ദുഷ്പ്രചാരണങ്ങളിലൂടെ സംശയത്തിന്റെ പുകമറ ഉയർത്താൻ തത്പരകക്ഷികൾക്ക്‌ ഏതാണ്ട്‌ കഴിഞ്ഞെങ്കിലും യഥാർഥ വസ്തുതകൾ ഇപ്പോൾ വെളിപ്പെടുകയാണെന്നു കെആർഎൽസിസി സമ്മേളനം വിലയിരുത്തി. ഉദ്ദേശ്യ ശുദ്ധിയോടും യാഥാർഥ്യബോധത്തോടും അന്യോന്യ ആദരവോടുംകൂടി ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഏതു കേന്ദ്രത്തിൽനിന്നുമുണ്ടടാകുന്ന പരിശ്രമത്തോടും ക്രിയാത്മകമായി സമുദായം സഹകരിക്കും. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ പൊതുസമീപനമാണിതെന്നു സമ്മേളനതീരുമാനങ്ങൾ വിശദീകരിക്കവേ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ.സൂസപാക്യം വ്യക്തമാക്കി. സമുദായത്തിനു പുനർ നവോഥാനം ലക്ഷ്യമിട്ട്‌ ആഭ്യന്തരമായ വിലയിരുത്തലുകളും തിരുത്തലുകളും അനിവാര്യമാണ്‌. ധാരാളിത്തം, ധൂർത്ത്‌, മദ്യാസക്തി തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരേ വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കും. വിനോദസഞ്ചാര, കാർഷിക, മത്സ്യമേഖലകളിലെ വിഭവങ്ങളുടെ മൂല്യവർധന, മനുഷ്യശേഷി വികസനം എന്നീ രംഗങ്ങളിലെ സാധ്യതകൾ വിലയിരുത്തി ഇന്ത്യയിലും വിദേശങ്ങളിലുമുള്ള സമുദായാംഗങ്ങളുടെകൂടി സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിക്കും. ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ്‌ നൽകുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവിലെ 1947 എന്ന പരാമർശം അനാവശ്യവും അപ്രസക്തവും ആകയാൽ അടിയന്തരമായി നീക്കം ചെയ്യണം. ജാതി സർവേയുടെ ചോദ്യാവലിയിലെയും വിവരശേഖരണത്തിന്‌ അവലംബിച്ചിരിക്കുന്ന രീതിയിലെയും അപാകതകൾ ഉടൻ പരിഹരിക്കണം. 15 ഇന ചോദ്യമായി ഉന്നയിച്ചിരിക്കുന്നതു സാമ്പത്തിക സ്ഥിതിയാണ്‌. ആ ചോദ്യം ഒഴിവാക്കണം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ടവരാണു ജാതി സർവേ നടത്തുന്നത്‌. എത്രമാത്രം ഗൗരവമാണ്‌ ഇക്കാര്യത്തിലുള്ളതെന്ന സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോസഫ്‌ കരിയിൽ, സെക്രട്ടറിമാരായ ഷാജി ജോർജ്ജ്‌, ജെയിൻ ആൻസിൽ ഫ്രാൻസിസ്‌, ട്രഷറർ ഡോ.എസ്‌.റെയ്മൺ, ഇഗ്നേഷ്യസ്‌ ഗോൺസാൽവസ്‌ എന്നിവരും പങ്കെടുത്തു.