Monday, April 25, 2011

ജീവിതത്തില്‍ പരിവര്‍ത്തനം നടക്കണം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

നമ്മുടെ ജീവിതത്തില്‍ പരിവര്‍ത്തനം നടത്തണമെന്നും അതിനായി ഇന്നലെവരെയുള്ള നമ്മുടെ ജീവിതത്തില്‍ നിന്നും നാം തിരിച്ചുവരണമെന്നും ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. പുതിയൊരു ജീവിതമാണ്‌ ഉദ്ധിതനായ യേശുദേവന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന്‌ ഡോ.സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ഇന്ന്‌ മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ സുഖലോലുപത നിറഞ്ഞ ജീവിതമാണ്‌. ഈ ജീവിതംകൊണ്ട്‌ എന്തു പ്രയോജനമാണ്‌ ലഭിക്കുന്നതെന്ന്‌ ചിന്തിക്കണം. പഴയ മനുഷ്യനെ ഊരിമാറ്റി പുതിയ മനുഷ്യനെ ധരിക്കണം. അങ്ങനെയേ ഈസ്റ്ററിണ്റ്റെ അര്‍ഥം വ്യക്തമാകുകയുള്ളൂവെന്ന്‌ ബിഷപ്‌ പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ വിശുദ്ധിയിലേക്കുള്ള പാത: ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ വിശുദ്ധിയിലേക്കുള്ള പാതയാണെന്നും സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പാവപ്പെട്ടവരും ദരിദ്രരുമായ ജനവിഭാഗങ്ങളെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനേക്കാള്‍ വലിയ പുണ്യം മറ്റൊന്നുമില്ലെന്നും രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു

ലിബിയയില്‍ നയതന്ത്രത്തിന്‌ മാര്‍പാപ്പയുടെ ആഹ്വാനം

ലിബിയയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു നയതന്ത്രമാര്‍ഗം അവലംബിക്കണമെന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിര്‍ദേശിച്ചു. ഈസ്റ്റര്‍ ദിവ്യബലിക്കുശേഷം സന്ദേശവും ഉര്‍ബി എത്‌ ഓര്‍ബി (നഗരത്തിനും ലോകത്തിനും) ആശീര്‍വാദവും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബിയയിലെ ഇന്നത്തെ സ്ഥിതിയില്‍ ആയുധത്തിനു പകരം നയതന്ത്രവും ചര്‍ച്ചയുമാണ്‌ ഉപയോഗപ്പെടുത്തേണ്ടത്‌. യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ജീവകാരുണ്യ സഹായം എത്തിക്കുകയും വേണം. അനുരഞ്ജനത്തിണ്റ്റെ പാതയിലൂടെ ചരിക്കാന്‍ ഐവറികോസ്റ്റിലെ ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.ഭൂകമ്പവും സുനാമിയും നാശംവിതച്ച ജപ്പാനിലെ ജനതയ്ക്കുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ഥിച്ചു. മാര്‍പാപ്പയെ ശ്രവിക്കാന്‍ സെണ്റ്റ്പീറ്റേഴ്സ്ദേവാലയാങ്കണത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ തടിച്ചു കൂടി. ഹിന്ദി, ബംഗാളി, മലയാളം,തമിഴ്‌ എന്നീ ഇന്ത്യന്‍ഭാഷകള്‍ ഉള്‍പ്പെടെ 65 ഭാഷകളില്‍ മാര്‍പാപ്പ ഈസ്റ്റര്‍ ആശംസ നേര്‍ന്നു.

Saturday, April 23, 2011

ക്രിസ്തീയ ജീവിതത്തിണ്റ്റെ അടിസ്ഥാനം യേശുവിണ്റ്റെ ബലിയര്‍പ്പണം: ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍.

യേശുവിണ്റ്റെ ബലിയര്‍പ്പണവും ക്രിസ്തുദേവന്‍ പഠിപ്പിച്ച പ്രാര്‍ഥനയുമാണ്‌ ക്രിസ്തീയ ജീവിതത്തിണ്റ്റെ അടിസ്ഥാനമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. യേശുവിണ്റ്റെ ബലിയര്‍പ്പണം നമ്മെ ദൈവരാജ്യത്തിണ്റ്റെ അവകാശികളാക്കി മാറ്റുന്നു. നാം പരസ്പരം സ്നേഹിക്കണം. നമ്മെ പീഡിപ്പിക്കുന്നവരെ ശപിക്കരുതെന്നും എങ്കില്‍ മാത്രമേ ദൈവികസ്നേഹം നമ്മില്‍ പ്രകടമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്നേഹവും സൌഹാര്‍ദവും വളര്‍ത്തുന്നതില്‍ അമ്മമാരുടെ പങ്ക്‌ ശ്ളാഘനീയം: മാര്‍ ജേക്കബ്‌ തൂങ്കുഴി

കുടുംബങ്ങളില്‍ സ്നേഹവും സൌഹാര്‍ദവും വളര്‍ത്തുന്നതില്‍ അമ്മമാര്‍ വഹിക്കുന്ന പങ്ക്‌ ശ്ളാഘനീയമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി അഭിപ്രായപ്പെട്ടു. സെണ്റ്റ്‌ മേരീസ്‌ അംസപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ നടത്തിയ അമ്മസംഗമം-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസവും തണലുമേകിയ വലിയ അമ്മയായിരുന്നു മദര്‍ തെരേസ. ആ വിശുദ്ധയുടെ പ്രവര്‍ത്തനങ്ങള്‍ അമ്മമാര്‍ക്ക്‌ പ്രചോദനമാകട്ടെയെന്നും മാര്‍ ജേക്കബ്‌ തൂങ്കുഴി ആശംസിച്ചു

Tuesday, April 19, 2011

പെസഹാ അപ്പം മുറിക്കല്‍ വിശുദ്ധമായ കര്‍മം

വലിയ ആഴ്ചയില്‍ ക്രൈസ്തവര്‍ ഏറെ ശ്രദ്ധയോടും വളരെ ഒരുക്കത്തോടും തീഷ്ണമായ പ്രാര്‍ഥനയോടും അഗാധമായ ഭക്തിയോടുംകൂടി ആചരിക്കുന്ന ഒരു കുടുംബാഘോഷമാണു പെസഹാ ഭക്ഷണം. ക്രൈസ്തവ ആധ്യാത്മികതയുടെ ശക്തികേന്ദ്രമായ വിശുദ്ധ കുര്‍ബാനയുടെ ഒരു ഗാര്‍ഹിക ആഘോഷമാണ്‌ ഇതെന്നു പറയാം. യാഹുദ പെസഹാ ആചരണത്തിണ്റ്റെ ക്രൈസ്തവമായ ഒരു പതിപ്പാണിത്‌. വിശുദ്ധ കുര്‍ബാനയോടും വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ തിരുശരീര രക്തങ്ങളായിത്തീരുന്ന അപ്പത്തിനോടും വീഞ്ഞിനോടും കാണിക്കുന്ന ആദരവാണ്‌ ഈ ആചരണത്തോടും ഇതിലെ വിഭവങ്ങളോടും പൂര്‍വികര്‍ പുലര്‍ത്തിയിരുന്നത്‌. പെസഹാ ആഘോഷത്തില്‍ ഉപയോഗിക്കുന്ന അപ്പം - ഇന്‍റിഅപ്പം, കല്‍ത്തപ്പം, കുരിശപ്പം, പെസഹാ അപ്പം എന്നൊക്കെ അറിയപ്പെടുന്നു. ഇന്‍റി അപ്പം എന്ന പേരുണ്ടായത്‌ ഐഎന്‍ആര്‍ഐ എന്ന നാലക്ഷരങ്ങളുടെ ആകൃതിയില്‍ കുരുത്തോലക്കഷണങ്ങള്‍ വച്ച്‌ അപ്പം ഉണ്ടാക്കിയിരുന്നതുകൊണ്ടാണ്‌. യാഹുദന്‍മാരുടെ രാജാവായ നസ്രായന്‍ ഈശോ എന്ന വാചകത്തിണ്റ്റെ ചുരുക്കരൂപമാണല്ലോ INRI (Jesus Nazarenes Rex Iudeorum ). ഈശോയുടെ കുരിശിനു മുകളില്‍ (മത്തായി 27/37) ആലേഖനം ചെയ്യപ്പെട്ട ഈ വാചകത്തിനു കേരള ക്രൈസ്തവവര്‍ വളരെ പ്രാധാന്യം നല്‍കിയിരുന്നു. പെസഹാ ഭക്ഷണത്തിന്‌ ഉണ്ടാക്കുന്ന അപ്പം കല്‍ത്തപ്പം എന്നും അറിയപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഈ വിഭവം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അടയുണ്ടാക്കുന്നതില്‍നിന്നു വ്യത്യസ്തമായിട്ടാണ്‌ ഇതുണ്ടാക്കുക. അടയുണ്ടാക്കുന്നതിന്‌ അടുപ്പില്‍ മാത്രമേ തീ കത്തിക്കൂ. ഇതുണ്ടാക്കുന്നത്‌ അപ്പമുണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലംവച്ച്‌ അതില്‍ വിറകും ഇട്ടു കത്തിച്ചാണ്‌. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാല്‍ കല്‍ത്തപ്പം എന്നു വിളിക്കുന്നു. കുരിശപ്പം എന്ന പേരുവന്നത്‌ ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയ്ക്കുന്നതിനാലാണ്‌. പെസഹാത്തിരുനാളില്‍ ഉണ്ടാക്കുന്നതുകൊണ്ടു പെസഹാ അപ്പമെന്നും ചില സ്ഥലങ്ങളില്‍ പുളിയാത്തപ്പം എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്‌ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്‌. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്‌, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കിവയ്ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു വിശുദ്ധ കുര്‍ബാന സ്വീകരിച്ചു വീടും പരിസരവും വൃത്തിയാക്കിയശേഷമാണ്‌ പാകംചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്ക്കു മുമ്പുതന്നെ ഇതു പാകംചെയ്തു വയ്ക്കും.വളരെ പവിത്ര മായിട്ടാണു പാകംചെയ്തതിനുശേഷം ഇതു സൂക്ഷിക്കുക. പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയാറാക്കുന്നതും അതീവ ശ്രദ്ധയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഉപയോഗിക്കുന്ന കലവും തവിയും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും തേങ്ങാവെള്ളവും ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണു പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മലമായി കരുതപ്പെടുന്ന തേങ്ങയും തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാത്തിരുനാളില്‍ ഉണ്ടാക്കുന്ന പാലിണ്റ്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കും അത്താഴത്തിനുംശേഷം കുടുംബത്തിലെ സ്ത്രീകള്‍ പാല്‍ തയാറാക്കുമ്പോള്‍ പുരുഷന്‍മാര്‍ ഈശോയുടെ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ പീഡാസഹനവുമായി ബന്ധപ്പെട്ട ആത്മീയ കൃതികളോ ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയാറാക്കുന്ന സ്ത്രീകളും ഇവ ശ്രദ്ധിക്കുന്നതിനാണ്‌. സാധാരണ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളാണ്‌ പെസഹാ അപ്പം മുറിച്ചു മറ്റുള്ളവര്‍ക്കു നല്‍കുക. പെസഹാ അപ്പം തയാറാക്കുമ്പോള്‍ അവയുടെ കൂട്ടത്തില്‍ വട്ടയപ്പവും കിണ്ണ അപ്പവും ഉണ്ടാക്കാറുണ്ട്‌. ഇത്‌ ഇതര മതസ്ഥരായ അയല്‍ക്കാര്‍ക്കു നല്‍കാനാണ്‌. കുരിശടയാളം ഇട്ട അപ്പം മാമ്മോദീസ സ്വീകരിച്ചവര്‍ക്കു മാത്രമേ പങ്കുവയ്ക്കാവൂ എന്നതുകൊണ്ടാണ്‌ ഇങ്ങനെ അപ്പം ഉണ്ടാക്കുന്നത്‌. ഏറ്റവും വിശുദ്ധമായ പെസഹാ ഭക്ഷണം നടത്തുമ്പോഴും മറ്റു മതസ്ഥരായ അയല്‍ക്കാരെ ഓര്‍ക്കുകയും സ്നേഹം അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതു മതസൌഹാര്‍ദത്തിണ്റ്റെ പ്രതീകം കൂടിയാണ്‌. വിഷു, ഓണ നാളുകളില്‍ ഹൈന്ദവര്‍ നല്‍കുന്ന ഭക്ഷണ വിഭവങ്ങളും സ്നേഹ സമ്മാനങ്ങളും ക്രൈസ്തവരും സന്തോഷത്തോടെ സ്വീകരിക്കുന്നതു പോലെ തന്നെ.

Monday, April 18, 2011

സഹനത്തെ സ്നേഹിക്കാനും സ്നേഹത്തില്‍ വളരാനും തയാറാകണം: ബിഷപ്്‌ ഡോ.സ്റ്റാന്‍ലി റോമന്‍.

സഹനത്തെ സ്നേഹിക്കാനും സ്നേഹത്തില്‍ വളരാനും നാം തയാറാകണമെന്ന്‌ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. പഴങ്ങാലം കര്‍മല റാണി ദേവാലയത്തില്‍ ഓശാനദിനാചരണത്തിണ്റ്റെ ഭാഗമായി നടന്ന ദിവ്യബലിക്കും മറ്റു തിരുകര്‍മങ്ങള്‍ക്കും മധ്യേ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. ദേവാലയത്തിനു ചുറ്റും നടന്ന പ്രദക്ഷിണത്തിനും പ്രാര്‍ഥനയ്ക്കും തുടര്‍ന്നുള്ള ദിവ്യബലിക്കും ബിഷപ്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ക്രൈസ്തവ പീഡനത്തെ അനുസ്മരിച്ച്‌ ദുഃഖവെള്ളിയാഴ്ച മൌനറാലി

ദുഃഖവെള്ളിയാഴ്ച മുംബൈയില്‍ നടക്കുന്ന മൌനജാഥയില്‍ ഇരുപതിനായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തവപീഡനത്തിലെ ഇരകളെ അനുസ്മരിച്ചുകൊണ്ടാണ്‌ ഈശോ കുരിശിലേറിയ ദിനത്തില്‍ത്തന്നെ ഈ മൌനജാഥ സംഘടിപ്പിച്ചിരിക്കുന്നത്‌. എല്ലാ ക്രൈസ്തവ സഭകളിലും പെടുന്നവര്‍ പങ്കെടുക്കുന്ന മൌനറാലി സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ നിന്നും ആരംഭിച്ച്‌ സെണ്റ്റെ്‌ ചാള്‍സ്‌ കോണ്‍വണ്റ്റ്ല്‍ എത്തിച്ചേരും. ആറുകിലോമീററര്‍ നടന്നാണ്‌ ഈ മൌനജാഥ നടത്തുന്നത്‌. ഈശോ കുരിശിലേറുകയും പീഡകളേല്‍ക്കുകയുംചെയ്ത ദിവസംതന്നെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരും അനുസ്മരിക്കപ്പെടുന്നത്‌ ഉചിതമാണെന്നാണ്‌ റാലി സ്പോണ്‍സര്‍ ചെയ്യുന്ന കാത്തലിക്കാ സെക്കുലര്‍ ഫോറത്തിണ്റ്റെ നേതാക്കള്‍ മാധ്യമങ്ങളോടുപറഞ്ഞത്‌. 2011 ല്‍ ദിവസേന ഒരു അക്രമസംഭവമെങ്കിലും ക്രൈസ്തവര്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്നുവെന്നാണു കണക്കുകള്‍ കാണിക്കുന്നത്‌. ഒറീസ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്‌ സ്ഥിതിഗതികള്‍ ഏറ്റവും മോശമായിട്ടുള്ളത്‌

കമ്മ്യൂണിസ്റ്റ്‌ ഉത്തരകൊറിയയില്‍ അരലക്ഷം ക്രൈസ്തവര്‍ ജയിലറകളില്‍

കമ്മ്യൂണിസ്റ്റ്‌ സര്‍വ്വാധിപത്യ രാജ്യമായ ഉത്തരകൊറിയയില്‍ 50,000 ക്രൈസ്തവര്‍ കല്‍ത്തുറുങ്കുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ഫിഡ്സ്‌ (fides)വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മതവിരോധത്തിണ്റ്റെയും മതനിഷേധത്തിണ്റ്റെയും നിലപാടുകളാണ്‌ ഈ കമ്മ്യൂണിസ്റ്റു രാജ്യത്ത്‌ കാണാന്‍ കഴിയുന്നത്‌. 1950 ല്‍ കിം. ഇല്‍. സുങ്ങ്‌ വികസിപ്പിച്ചെടുത്തജുകെ(Juche) എന്ന പ്രത്യയശാസ്ത്രത്തില്‍ ജനങ്ങളെല്ലാം വിശ്വസിക്കുകയും മറ്റെല്ലാവിശ്വാസങ്ങളും വെടിയുകയും ചെയ്യുക എന്ന നിലപാടാണ്‌ ഉത്തരകൊറിയയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്‌. മതസ്വാതന്ത്യ്രം അതുകൊണ്ടുതന്നെ അവിടെ നിക്ഷേധിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശകമ്മീഷണ്റ്റെ റിപ്പോര്‍ട്ടനുസരിച്ച്‌ കമ്മ്യൂണിസ്റ്റ്‌ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവര്‍ക്ക്‌ കടുത്ത പീഡനങ്ങളും നിര്‍ബന്ധിച്ചുള്ള കഠിനാദ്ധ്വാനവും ആണ്‌ അടിച്ചേല്‍പിച്ചിരിക്കുന്നത്‌ .

യുവാക്കള്‍ സമൂഹത്തിന്‌ ആത്മീയശക്തി പകര്‍ന്നു നല്‍കണം: ബിഷപ്‌ ജോസഫ്‌ കാരിക്കശേരി

തങ്ങളുടെ ആത്മീയശക്തി സമൂഹത്തിലെ സമസ്തമേഖലകളിലേക്കും പകര്‍ന്നു നല്‍കണമെന്ന്‌ കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി യുവാക്കളോട്‌ ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി, കോട്ടപ്പുറം രൂപതകളിലെ നൂറോളം യുവാക്കള്‍ക്കായി ജീസസ്‌ യൂത്ത്‌ സംഘടിപ്പിച്ച സി-സിഞ്ഞോരെ ധ്യാനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ യേശുവിണ്റ്റെ മുഖം പ്രതിഫിലിപ്പിക്കാന്‍ ജീസസ്‌ യൂത്തിനു കഴിയണം. ലോകത്തിണ്റ്റെ പ്രകാശഗോപുരങ്ങളായി യുവാക്കള്‍ മാറണം. നന്‍മയുടെ ശക്തി പ്രബലമാകുമ്പോള്‍ കടന്നുവരാനിടയുള്ള തിന്‍മയുടെ ശക്തിക്കെതിരേ ജാഗരൂകരായിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദൈവത്തിനു പകരംനില്‍ക്കാന്‍ സാങ്കേതികവിദ്യക്കാവില്ല: മാര്‍പാപ്പ

ദൈവത്തിണ്റ്റെ അധികാരവും ശക്തിയും സാങ്കേതികവിദ്യയുടെ സഹായത്തോടെ നേടാമെന്നു വ്യാമോഹിക്കരുതെന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അഹങ്കാരത്തിണ്റ്റെ തിരത്തള്ളല്‍ മൂലം ഇപ്രകാരം ചിന്തിച്ചാല്‍ കനത്തവില കൊടുക്കേണ്ടിവരും. ഓശാനഞ്ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെണ്റ്റ്പീറ്റേഴ്സ്‌ ബസിലിക്കാ അങ്കണത്തില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങളില്‍ അരലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു.സാങ്കേതികവിദ്യ നിരവധി മേഖലകളില്‍ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപകരിച്ചിട്ടുണ്ട്‌. എന്നാല്‍, നമ്മുടെ പരിമിതി നാം വിസ്മരിക്കരുത്‌. അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്‍ എല്ലാക്കാര്യത്തിലും ശക്തനല്ലെന്നു തെളിയിക്കുന്നു. ദൈവവുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ സ്വയം ദൈവമാകാനുള്ള ആഗ്രഹം മനുഷ്യന്‍ ഉപേക്ഷിച്ചേ മതിയാവൂ എന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ദിവ്യബലിക്കു ശേഷം ത്രികാലജപ പ്രാര്‍ഥന നടത്തിയ മാര്‍പാപ്പ ഓഗസ്റ്റില്‍ മാഡ്രിഡില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തിലേക്ക്‌ യുവജനങ്ങളെ ക്ഷണിച്ചു.

Wednesday, April 13, 2011

എംജി സിന്‍ഡിക്കറ്റ്‌ തീരുമാനം പിന്‍വലിക്കണം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

ക്രൈസ്തവ കലാലയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിണ്റ്റെ തീരുമാനം പിന്‍വലിക്കണമെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്രൈസ്തവ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതവിരുദ്ധത പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും കൊണ്ടുനടക്കുന്നവര്‍ വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ നടത്തുന്ന ശ്രമത്തിണ്റ്റെ ഭാഗമാണ്‌ ഈ ജനാധിപത്യ അവകാശ നിഷേധം. കോളജുകളുടെ അഫിലിയേഷന്‍ റദ്ദ്‌ ചെയ്തും പ്രിന്‍സിപ്പല്‍ നിയമനവും അധ്യാപക നിയമനവും തടഞ്ഞുവച്ചും വിദ്യാര്‍ഥിപ്രവേശനം വികലമാക്കിയും ക്രൈസ്തവ കോളജുകളെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പിന്നോക്കക്കാര്‍ക്കു നല്‍കുന്ന സംവരണത്തിനു തുല്യമായി ഭാഷാ മത സംസ്കാരങ്ങള്‍ സംരക്ഷിക്കാന്‍ നല്‍കിയിരിക്കുന്ന ന്യൂനപക്ഷാവകാശത്തെ ചിത്രീകരിച്ച്‌ ക്രൈസ്തവര്‍ വിദ്യാഭ്യാസപരമായി വളര്‍ന്നതിനാല്‍ അവര്‍ക്കു ന്യൂനപക്ഷാവകാശമില്ലാ എന്ന നിലപാടു വിചിത്രമാണ്‌. ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച 2006-ലെ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനാവിരുദ്ധമായി കണ്ട്‌ കോടതി റദ്ദുചെയ്തതു മറന്നാണു യൂണിവേഴ്സിറ്റി അധികൃതര്‍ ഈ കൈയേറ്റത്തിനു മുതിരുന്നതെന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു

Tuesday, April 12, 2011

മൂന്നു ലക്ഷം തീര്‍ത്ഥാടകര്‍ മെയ്‌ 1 ന്‌ റോമിലെത്തും

മെയ്‌ 1 ന്‌ നടക്കുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. ബനഡിക്റ്റ്‌ 16-ാമന്‍ മാര്‍പ്പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ മെയ്‌ 1-ാം തീയതി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന്‌ അറിയിച്ച ദിവസങ്ങളില്‍ തന്നെ ട്രാവല്‍ ഏജണ്റ്റുമാര്‍ റോമിലെ ഹോട്ടലുകളും മറ്റു താമസ സൌകര്യങ്ങളും മുന്‍കൂട്ടി ബുക്കു ചെയ്തു. ചെലവുകുറഞ്ഞ വിധത്തില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവരെ കരുതി രണ്ടു പ്രധാന ഗ്രൌണ്ടുകളില്‍ താല്‍കാലിക ഷെഡുകള്‍ക്കും പന്തലുകള്‍ക്കും രൂപം നല്‍കുന്നുണ്ട്‌. അവിടെ നിന്നും സ്പെഷ്യല്‍ട്രെയിനില്‍ റോമില്‍ എത്തിച്ചേര്‍ന്ന്‌ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. പത്തുലക്ഷം വെള്ളകുപ്പികള്‍ റോമിലെ ഒരു കമ്പനി സംഭാവനചെയ്തിച്ചുണ്ട്‌. പോളണ്ടില്‍ നിന്നും വന്‍തോതില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരാനുള്ള സാദ്ധ്യത പരിഗണിച്ച്‌ മറ്റു ക്രമീകരണങ്ങളും ആലോചനയില്‍ ഉണ്ട്‌.

Monday, April 11, 2011

ആ പാവനാത്മാവ്‌ നിത്യതയില്‍

ആ ദീപനാളം ഇനി അനേകം ഹൃദയങ്ങളില്‍ അനശ്വര പ്രകാശം. നന്‍മയായും നന്‍മയേകിയും കടന്നു പോയ ശ്രേഷ്ഠ ഇടയണ്റ്റെ ദീപ്തസ്മരണ സഭയ്ക്കും സമൂഹത്തിനും സമാനതകളില്ലാത്ത സൂക്ഷിപ്പ്‌. കര്‍ദിനാള്‍ വിതയത്തില്‍ എന്ന പേര്‌ ഇനി ചരിത്രത്തിണ്റ്റെ നന്‍മയുടെ താളുകളിലേക്ക്‌. ഞാന്‍ കടന്നു പോകുന്ന പക്ഷിയെന്നു സ്വയം വിശേഷി പ്പിച്ചിരുന്ന വലിയ ഇടയനു നാടി ണ്റ്റെ സ്നേഹത്തില്‍ ചാലിച്ച യാ ത്രാമൊഴി. പോവുക മുറപോല്‍ വന്ദ്യഗുരോ നിന്‍ ജയമുടി നേടാന്‍; അഴകൊഴുകും നിന്‍ വഴികളിലെല്ലാം മലരുകള്‍ വിരിയും.. ഗായകസംഘത്തിണ്റ്റെ കണ്ഠങ്ങളില്‍നിന്ന്‌ ഈ വരികള്‍ ഉതിര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ഹൃദയങ്ങള്‍ അതേറ്റുപാടി. വലിയ പിതാവിണ്റ്റെ ജീവിതത്തോട്‌ ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന വരികള്‍ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമൃതം പൊഴിക്കുമ്പോള്‍ ഒപ്പം മന്ത്രിക്കാതിരിക്കാന്‍ ഒരു മനസിനും കഴിയുമായിരുന്നില്ല. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരം പതിനായിരങ്ങളെ സാക്ഷിയാക്കി കബറടക്കി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം ബിഷപ്പുമാരും ആയിരക്കണക്കിനു വൈദികരും സമര്‍പ്പിതരും മണല്‍ത്തരിപോലെ നിറഞ്ഞ വിശ്വാസിസമൂഹവും വലിയ ഇടയനെ മഹത്ത്വപ്രതാപങ്ങളോടെ യാത്രയാക്കാനെത്തി. കര്‍ദിനാളിണ്റ്റെ ആസ്ഥാന ദേവാലയമായ എറണാകുളം സെണ്റ്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു കബറടക്കം. ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്കു ബസിലിക്കയില്‍ ആരംഭിച്ച പൊതുദര്‍ശനം ഇന്നലെ ഉച്ചക്ക്‌ രണ്ടു വരെ തുടര്‍ന്നു. 2.15നു തിരുവസ്ത്രങ്ങളണിഞ്ഞ ആയിരത്തോളം വൈദികര്‍ മേജര്‍ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ നിന്നു പ്രദക്ഷിണമായി ബസിലിക്കയിലേക്കു നീങ്ങി. മുന്നില്‍ ദീപങ്ങളുടെ അകമ്പടിയോടെ കുരിശും വിശുദ്ധ ഗ്രന്ഥവും. വൈദികര്‍ക്കു പിന്നാലെ പ്രദക്ഷിണമായി മെത്രാന്‍മാരും അള്‍ത്താരയിലേക്ക്‌. കബറടക്ക തിരുക്കര്‍മങ്ങളുടെ മൂന്നാം ഭാഗ ശുശ്രൂഷകള്‍ക്കു തുടക്കംകുറിച്ചു സീറോ മലബാര്‍ സഭാ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര്‍ ബോസ്‌ കോ പുത്തൂറ്‍ ആമുഖസന്ദേശം വായിച്ചു. മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ളീമിസ്‌ കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ഡോ.സൂസപാക്യം, ബിഷപ്പുമാരായ മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു.സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌ സന്ദേശം നല്‍കി. ഇന്ത്യയിലെ അപ്പസ്തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തോരെ പെനാക്കിയോ, വത്തിക്കാനിലെ പൌരസ്ത്യ തിരുസംഘത്തിണ്റ്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ ഡോ.സിറില്‍ വാസില്‍ എന്നിവര്‍ക്കൊപ്പം മൂന്നുറീത്തു കളിലും പെട്ട നിരവധി മെത്രാന്‍മാരും നൂറുകണക്കിനു വൈദികരും സമൂഹബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ സഭയോടു വിടചൊല്ലുന്നതിണ്റ്റെ സൂചനയായി ഭൌതികശരീരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിണ്റ്റെ ഇരുവശങ്ങളിലും ആനവാതിലിലും മുട്ടിക്കുന്ന ശുശ്രൂഷ ഹൃദയസ്പര്‍ശിയായിരുന്നു. അതിരൂപതയിലെ ഫൊറോനാ വികാരിമാരും മുതിര്‍ന്ന വൈദികരും കര്‍ദിനാളിണ്റ്റെ സെക്രട്ടറിമാരുമാണ്‌ അപ്പോള്‍ മഞ്ചം വഹിച്ചത്‌. കബറടക്കത്തിനു മുമ്പുള്ള നഗരികാണിക്കല്‍ ൪.൩൦ന്‌ ആരംഭിച്ചു. കര്‍ദിനാളിണ്റ്റെ ബന്ധുക്കളാണു ഭൌതികശരീരം അടക്കം ചെയ്ത മഞ്ചം പള്ളിയില്‍നിന്നു വാഹനത്തിലേക്ക്‌ എത്തിച്ചത്‌. ഹൈക്കോടതി ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്‌, മറൈന്‍ ഡ്രൈവ്‌ വഴി മേനക ജംഗ്ഷന്‍ വരെ എത്തിയ വിലാപയാത്ര തിരിച്ചു ബസിലിക്കയില്‍ പ്രവേശിച്ചപ്പോഴേക്കും ബ്രോഡ്‌വേയും പരിസരങ്ങളും ജനസാഗരമായിക്കഴിഞ്ഞിരുന്നു. നഗരികാണിക്കല്‍ ബസിലിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കപ്പെട്ടു. വെള്ളവസ്ത്രങ്ങള്‍ ധരിച്ചു പൂക്കളേന്തിനിന്ന നൂറുകണക്കിനു തിരുബാലസഖ്യം കുഞ്ഞുങ്ങളുടെ അകമ്പടിയോടെ ഭൌതികശരീരം ബസിലിക്കയിലേക്കു സംവഹിച്ചു.മദ്ബഹാ യില്‍ അള്‍ ത്താരയ്ക്കു സമീപം ഒരുക്കിയി രുന്ന കബറിടം മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ കാര്‍മികത്വത്തില്‍ ആശീര്‍വദിച്ചു. അനു ശോചന സമ്മേളത്തിനു ശേഷം ഏഴരയോ ടെ സമാപനപ്രാര്‍ഥനകളെ തുടര്‍ന്നു കര്‍ദിനാളിണ്റ്റെ ഭൌതികശരീരം അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ കബറടക്കി.

മാര്‍ വിതയത്തിലിണ്റ്റെ ദേഹവിയോഗത്തില്‍ അത്യന്തം ദുഃഖിക്കുന്നു:രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ദേഹവിയോഗത്തില്‍ താന്‍ അത്യന്തം ദുഃഖിക്കുന്നതായി രാഷ്്ട്രപതി പ്രതിഭാ പാട്ടീല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തണ്റ്റെ ഹൃദയംനിറഞ്ഞ ദുഃഖം സീറോ മലബാര്‍ സഭാംഗങ്ങളെ അറിയിക്കുന്നതായും കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ വായിച്ച രാഷ്്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസാണു സന്ദേശം വായിച്ചത്‌.

മാര്‍ വിതയത്തില്‍ മഹാനായ ആത്മീയാചാര്യന്‍: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌

ജീവിതത്തിണ്റ്റെ അടിസ്ഥാന മൂല്യങ്ങളോടു തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയ മഹാനായ ആത്മീയാചാര്യനായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌. ഇന്ത്യയിലെ മതത്തിണ്റ്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ക്ക്‌ അതീതമായി സാമൂഹികവും മതപരവുമായ സൌഹാര്‍ദം നിലനിര്‍ത്തുന്നതിന്‌ അര്‍ഥപൂര്‍ണമായ നേതൃത്വം നല്‍കിയ മഹദ്‌വ്യക്തിയായിരുന്നു കര്‍ദിനാള്‍. വിവിധ വിശ്വാസധാരകളും ആശയസംഹിതകളും വച്ചുപുലര്‍ത്തുന്നവര്‍ക്കിടെ സംവാദത്തിനായി മുന്നിട്ടിറങ്ങുകയും ഐക്യം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനായി. കര്‍മോത്സുകനായ ഒരു ആത്മീയാചാര്യനെയാണു കര്‍ദിനാളിണ്റ്റെ ദേഹവിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായിരിക്കുന്നത്‌. മാനുഷിക മൂല്യങ്ങളും വിദ്യാഭ്യാസവും ദേശീയോദ്ഗ്രഥനവും ഉയര്‍ത്തിപ്പിടിക്കുന്നതിനായി യത്നിച്ച അദ്ദേഹത്തിണ്റ്റെ സമഗ്രമായ കാഴ്ചപ്പാട്‌ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ചു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ വായിച്ച പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ അനുസ്മരിച്ചു. ലോകത്താകമാനമുള്ള സീറോ മലബാര്‍ സഭാംഗങ്ങളെയും തണ്റ്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശം സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ളാംതൊട്ടിയിലാണ്‌ അനുസ്മരണയോഗത്തില്‍ വായിച്ചത്‌

തികഞ്ഞ സമര്‍പ്പണത്തോടെ കര്‍ദിനാള്‍ രാജ്യത്തെ സേവിച്ചു: സോണിയാ ഗാന്ധി

അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടും തികഞ്ഞ സമര്‍പ്പണത്തോടും രാജ്യത്തെയും കേരളത്തെയും സേവിച്ച വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്നു കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ സോണിയാ ഗാന്ധി. അദ്ദേഹത്തിണ്റ്റെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ മാത്രമല്ല സമൂഹം ഒന്നായി തന്നെ ദുഃഖിക്കുകയാണ്‌. ആ ദുഃഖത്തില്‍ താനും പങ്കു ചേരുന്നു. എല്ലാ വിശ്വാസധാരകളിലും മതസമൂഹത്തിലും പെട്ട ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ യത്നിച്ചു. മനുഷ്യത്തവും കരുണയും നിറഞ്ഞ ആ വ്യക്തിത്വം എവിടെയൊക്കെ വേദനകളും യാതനകളും നിറഞ്ഞവരെ കണ്ടോ അവര്‍ക്കായി ആവുന്നതൊക്കെ ചെയ്തു. മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ചെയ്ത എല്ലാ കാര്യങ്ങളിലും ആ അനുഭവജ്ഞാനവും വിജ്ഞാനവും തെളിഞ്ഞുകാണാമായിരുന്നു- കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ച്‌ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ വായിച്ച സോണിയാ ഗാന്ധിയുടെ സന്ദേശത്തില്‍ പറഞ്ഞു. എഐസിസി അംഗം എ.സി. ജോസാണ്‌ സോണിയാ ഗാന്ധിയുടെ സന്ദേശം വായിച്ചത്‌. ഇത്‌ തിരിച്ചറിഞ്ഞുകൊണ്ടാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളാക്കിയത്‌. അദ്ദേഹം നിത്യനിദ്രയിലേക്കു പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിണ്റ്റെ ആത്മാവിനായി പ്രാര്‍ഥിക്കുന്നു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മഹത്തായ തത്വങ്ങളില്‍ നിന്നും നമുക്ക്‌ പ്രചോദനം ഉള്‍ക്കൊള്ളുകയും മാര്‍ഗദര്‍ശനം നേടുകയും ചെയ്യാം. ഇന്ത്യയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അദ്ദേഹത്തെ എന്നും അദരവോടെ ഓര്‍മിക്കുമെന്നും കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ച്‌ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ വായിച്ച സോണിയാ ഗാന്ധിയുടെ സന്ദേശത്തില്‍ പറഞ്ഞു. എഐസിസി അംഗം എ.സി. ജോസാണ്‌ സോണിയാ ഗാന്ധിയുടെ സന്ദേശം വായിച്ചത്‌.

മാര്‍ വിതയത്തില്‍ ഐക്യത്തിണ്റ്റെ പുണ്യപുരുഷന്‍: ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍

ക്രൈസ്തവ ഐക്യത്തിണ്റ്റെ പ്രതീകമായിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കാഴ്ചപ്പാടുകള്‍ അല്‍മായരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഏറെ സഹായകരമായിരുന്നുവെന്നു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറലും കേരള കാത്തലിക്‌ ഫെഡറേഷന്‍ ചെയര്‍മാനുമായ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ അനുസ്മരിച്ചു. കേരള കാത്തലിക്‌ ഫെഡറേഷണ്റ്റെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കര്‍ദിനാളിണ്റ്റെ ഹൃദയവിശാലതയും ജീവിതവീക്ഷണവും കത്തോലിക്കാസഭയ്ക്കു മുതല്‍ക്കൂട്ടായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡണ്റ്റ്‌ പ്രഫ. ജേക്കബ്‌ എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈബി അക്കര പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. ജോസ്‌ കോട്ടയില്‍, കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ജോളി പാവേലില്‍, ഷിബു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

വിശ്വാസജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക്‌ തയാറാകാതെ മൂല്യങ്ങള്‍ സംരക്ഷിക്കണം: മാര്‍ റാഫേല്‍ തട്ടില്‍

വിശ്വാസജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക്‌ തയാറാകാതെ മൂല്യങ്ങള്‍ സരംക്ഷിക്കാന്‍ പരിശ്രമിക്കണെമന്ന്‌ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. വിശ്വാസം വിലപ്പെട്ടതാണ്‌. അത്‌ ഒരിക്കലും അടിയറവയ്ക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാലയൂരിലേക്ക്‌ തീര്‍ഥാടനത്തിനെത്തിയ വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം വര്‍ധിക്കേണ്ടത്‌ ജീവണ്റ്റെ സംഋദ്ധിയിലാണ്‌. അതിനാല്‍ കുടുംബങ്ങളില്‍ ജീവണ്റ്റെ സംഋദ്ധിയുണ്ടാകണം. ദൈവവിളികളും ഒപ്പം വര്‍ധിക്കണം. അതിനായി വൈദികരും സമര്‍പ്പിതരും കുടുംബങ്ങളും ഒറ്റക്കെട്ടായി യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചുള്ള സന്ദേശവും അദ്ദേഹം നല്‍കി. പാലയൂറ്‍ തീര്‍ഥാടനത്തിനെത്തിയ വിശ്വാസിസമൂഹത്തെ മാര്‍ തോമാശ്ളീഹായുടെ കൈപിടിച്ച്‌ വിതയത്തില്‍ പിതാവും അനുഗ്രഹിക്കുന്നുണ്ടാകുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. അദ്ദേഹം വിശുദ്ധന്‍മാരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടുവെന്നാണ്‌ വിശ്വാസം. ഈ തീര്‍ഥാടനം പരിശുദ്ധ പിതാവിണ്റ്റെ മാധ്യസ്ഥം തേടിക്കൊണ്ടുള്ള പ്രാര്‍ഥന കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മെത്രാഭിഷേക ആശംസാസന്ദേശം പാലയൂറ്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ്‌ തട്ടില്‍ നല്‍കി. മഹാതീര്‍ഥാടനം ചെയര്‍മാന്‍ മോണ്‍. പോള്‍ പേരാമംഗലത്ത്‌ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു. തിരുശേഷിപ്പ്‌ വന്ദനവും മരിച്ചവര്‍ക്കായുള്ള ഒപ്പീസുമുണ്ടായിരുന്നു.

Saturday, April 9, 2011

വത്തിക്കാന്‍ പ്രതിനിധി എത്തും

കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍നിന്നുള്ള പ്രത്യേക പ്രതിനിധി എത്തും. ആര്‍ച്ച്ബിഷപ്‌ സിറില്‍ വാസിന്‍ ആണു മാര്‍പാപ്പയുടെ പ്രതിനിധിയായി കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്നത്‌. റോമിലായിരുന്ന സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരും അദ്ദേഹത്തോടൊപ്പം ഇന്നെത്തും. ഇരുവരും സഭാ ആസ്ഥാനമായ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെ ശുശ്രൂഷകളില്‍ പങ്കെടുക്കും. മൌണ്ട്‌ സെണ്റ്റ്‌ തോമസിലെ ശുശ്രൂഷകളോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ അനുശോചന പ്രസംഗം നടത്തും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പൌവ്വത്തില്‍ കബറടക്ക ചടങ്ങുകളുടെ ഭാഗമായുള്ള പ്രത്യേക പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കും.

കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷ: അതിരൂപത വെബ്സൈറ്റില്‍ തത്സമയം

കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷകള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ വെബ്സൈറ്റില്‍ തത്സമയം പ്രക്ഷേപണം ചെയ്യും. www.ernakulamarchdiocese.org എന്ന വെബ്സൈറ്റിലാണു കബറടക്ക ശുശ്രൂഷകള്‍ കാണാനാകുക. ഇന്നു രാവിലെ 10.30 മുതലാണു വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയെന്നു സഭാ വക്താവ്‌ റവ.ഡോ.പോള്‍ തേലക്കാട്ട്‌ അറിയിച്ചു.

മാര്‍ വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷകള്‍ക്കു വിപുലമായ ക്രമീകരണങ്ങള്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്കശുശ്രൂഷകള്‍ക്കു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. താഴെപ്പറയുന്ന പ്രകാരമായിരിക്കും ചടങ്ങുകളുടെ സമയക്രമീകരണം. രാവിലെ 6.30 - 7.00അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൌതികശരീരം രാവിലെ ആറരയ്ക്കു പ്രത്യേക ആംബുലന്‍സില്‍ കാലടിക്കടുത്തു മരോട്ടിച്ചുവടിലുള്ള ദിവ്യരക്ഷക (റിഡമ്പ്റ്ററിസ്റ്റ്‌) സന്യാസസഭയുടെ ആശ്രമ ത്തില്‍ എത്തിക്കും. കര്‍ദിനാള്‍ അംഗമായിരുന്ന സന്യാസ സഭയുടെ അധികാരികളും വൈദികരും അന്ത്യാഞ്ജലിയര്‍പ്പിക്കും. തുടര്‍ന്ന്‌ ഏഴോടെ ഭൌതികശരീരം അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയിലേക്കു കൊണ്ടുപോകും. 7.30 -9.00 അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയിലേക്ക്‌ ഏഴരയ്ക്ക്‌ എത്തിക്കുന്ന ഭൌതികദേഹം പള്ളിയുടെ മധ്യഭാഗത്തു പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. ബസിലിക്ക ഇടവകാംഗങ്ങള്‍ക്കു മുഴുവന്‍ ഇവിടെ ആദരാഞ്ജലിയര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്‌. 9.00 - 10.00അങ്കമാലി ബസിലിക്കയില്‍നിന്ന്‌ അലങ്കരിച്ച വാഹനത്തില്‍ കര്‍ദിനാളിണ്റ്റെ ഭൌതികശരീരം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലേക്ക്‌. വാഹനത്തില്‍ അതിരൂപതയുടെ സഹായമെത്രാന്‍മാരും മുതിര്‍ന്ന വൈദികരും ഭൌതികശരീരത്തിനൊപ്പമുണ്ടാകും. അങ്കമാലിയില്‍നിന്നു ആലുവ, കളമശേരി, സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡു വഴിയാണ്‌ ഭൌതികശരീരം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെത്തിക്കുന്നത്‌. മൂന്നു വശത്തുകൂടിയും ഭൌതികശരീരം ജനങ്ങള്‍ക്കു കാണാവുന്ന തരത്തിലാണു വാഹനം ഒരുക്കിയിരിക്കുന്നത്‌. അനൌണ്‍സ്മെണ്റ്റ്‌ വാഹനവും കറുത്ത കൊടിയും കര്‍ദിനാളിണ്റ്റെ ചിത്രവുമായി നൂറുകണക്കിനു മറ്റു വാഹനങ്ങളും ഭൌതികശരീരത്തിന്‌ അകമ്പടിയായുണ്ടാകും. മൌണ്ട്‌ സെണ്റ്റ്‌ തോമസ്‌ വരെയുള്ള വഴിക്കിരുവശവും അത്താണി, തായിക്കാട്ടുകര ഉള്‍പ്പെടെ അതിരൂപതയുടെ വിവിധ പള്ളികളുടെ സമീപത്തും ഭൌതികശരീരം ദര്‍ശിക്കുന്നതിനായി കാത്തുനില്‍ക്കുന്നവര്‍ക്കുവേണ്ടി വാഹനങ്ങള്‍ വേഗം കുറച്ചാകും മുന്നോട്ടു നീങ്ങുക. 10.00 - 1.00കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെത്തുമ്പോള്‍ സഭാ അഡ്മിനിസ്ട്രേറ്റര്‍ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ നേതൃത്വത്തില്‍ ഭൌതിക ശരീരം ഏറ്റുവാങ്ങും. 10.30നു കബറടക്ക ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിണ്റ്റെ ചടങ്ങുകള്‍ ഇവിടെ നടക്കും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിണ്റ്റെ കാര്‍മികത്വത്തിലാണു സമൂഹബലിയും മറ്റു പ്രാര്‍ഥനാശുശ്രൂഷകളും. സഭയിലെ വിവിധ മെത്രാന്‍മാരും കൂരിയയിലെ വൈദികരും സഹകാര്‍മികരാവും. കേരളത്തിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ ഇവിടെ അന്ത്യാഞ്ജലിയര്‍പ്പിക്കും. .00 - 2.15മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍നിന്ന്‌ അനൌണ്‍സ്മെണ്റ്റ്‌ വാഹ നത്തിണ്റ്റെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ ഭൌതികശരീരം ബ്രോഡ്‌വേയിലെ എറണാകുളം അതിമെത്രാസനമന്ദിരത്തിലേക്ക്‌. കാക്കനാടു നിന്നു പാലാരിവട്ടം, കലൂറ്‍ വഴിയാണ്‌ അതിമെത്രാസനമന്ദിരത്തിലേക്കു കൊണ്ടുവരുന്നത്‌. 2.15 - 2.30അതിമെത്രാസനമന്ദിരത്തില്‍ സഹായമെത്രാന്‍മാരും മറ്റുള്ളവരും ചേര്‍ന്നു ഭൌതികശരീരം ഏറ്റുവാങ്ങും. ലളിതമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ഭൌതികശരീരം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്കു കൊണ്ടുപോകും. 2.30 നാളെ ഉച്ചയ്ക്ക്‌ 2. ൦൦ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയുടെ മധ്യഭാഗത്തു പ്രത്യേകം ഒരുക്കിയിട്ടുള്ള പീഠത്തില്‍ ഭൌതികശരീരം വയ്ക്കും. തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിണ്റ്റെ കാര്‍മികത്വത്തില്‍ കബറടക്കശുശ്രൂഷയുടെ രണ്ടാം ഭാഗം തുടങ്ങും. വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്‍മാരും പ്രാര്‍ഥനകളില്‍ പങ്കെടുക്കും. പത്തു മിനിറ്റോളം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്കുശേഷം പൊതുജനങ്ങള്‍ക്ക്‌ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൌകര്യമുണ്ടാകും. പൊതുദര്‍ശനത്തിനായി എത്തുന്ന വിശ്വാസികളും പൊതുജനങ്ങളും മുന്‍വശത്തെ വാതിലിലൂടെ പ്രവേശിച്ച്‌ അന്തിമാഞ്ജിലിയര്‍പ്പിച്ചശേഷം വശങ്ങളിലെ വാതില്‍ വഴി പുറത്തേക്കു കടക്കണം. അന്തിമാഞ്ജലിയര്‍പ്പിക്കാനെത്തുന്ന പ്രമുഖര്‍ക്ക്‌ ആനവാതിലിലൂടെയാണു ബസിലക്കയുടെ അകത്തേക്കു പ്രവേശിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുള്ളത്‌. പൊതുദര്‍ശനത്തിനു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു വരെ അവസരമുണ്ടാകും. ഞായര്‍ 2.00 - 2. 30 കബറടക്കശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ പങ്കെടുക്കാന്‍ കാപ്പ ധരിച്ച വൈദികര്‍ അതിമെത്രാസന മന്ദിരത്തില്‍നിന്നു ബസിലിക്കയിലേക്കു പ്രദക്ഷിണമായി നീങ്ങും. 2.30 - 4.30 കബറടക്ക ശുശ്രൂഷയുടെ മൂന്നാമത്തെയും അവസാനത്തെ യും ഭാഗത്തിന്‌ ഉച്ചയ്ക്കു രണ്ടരയ്ക്കു തുടക്കമാവും. സീറോ മ ലബാര്‍ സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. കര്‍ദിനാള്‍ വിട പറയുന്നതിണ്റ്റെ സൂചനയായി ഭൌതികശരീരം അടക്കം ചെയ്ത മഞ്ച ല്‍ അള്‍ത്താരയിലും ദേവാലയത്തിണ്റ്റെ ആനവാതിലിലും ഇരുവശങ്ങളിലും മുട്ടിക്കും. അതിരൂപതയിലെ മുതിര്‍ന്ന വൈദികരും കര്‍ദിനാളിണ്റ്റെ സെക്രട്ടറിമാരുമാണ്‌ ഈ സമയം മഞ്ചല്‍ വഹിക്കുന്നത്‌.4.30 - 5.30ഭൌതികശരീരം നഗരികാണിക്കലിനായി പുറത്തേക്ക്‌. ഈ സമയം ബന്ധുക്കളാണു ഭൌതികശരീരം അടക്കം ചെയ്ത മഞ്ച ല്‍പള്ളിയില്‍നിന്നു വാഹനത്തിലേക്കു കയറ്റുന്നത്‌. ഹൈക്കോര്‍ട്ട്‌ ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്‌, മറൈന്‍ ഡ്രൈവ്‌ വഴി മേനക ജംഗ്ഷന്‍ വരെ എത്തി തിരികെ ബസിലിക്കയില്‍ പ്രവേശിക്കുന്നു. 5.30 - 6.30ഭൌതികശരീരം ദേവാലയത്തില്‍ കൊണ്ടുവന്നശേഷം കുഴിവെഞ്ചരിപ്പ്‌. ബസിലിക്ക അങ്കണത്തിലെ സ്റ്റേജില്‍ അനുശോചന യോഗം. സഭയുടെയും സാമൂഹ്യ, സാംസ്കാരിക മേഖലകളിലെയും പ്രമുഖര്‍ അനുശോചന യോഗത്തില്‍ പങ്കെടുക്കും. 6.30 -10.00യോഗത്തിനു ശേഷവും പൊതുദര്‍ശനത്തിന്‌ അവസരമുണ്ടാകും. പത്തോടെ ബസിലിക്കയിലെ അള്‍ത്താരയില്‍ ബിഷപ്പുമാരുടെയും പ്രമുഖ വൈദികരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സമാപനപ്രാര്‍ഥനകളും കബറടക്കവും

സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ആതുര ശുശ്രൂഷാ സംവിധാനം കത്തോലിക്കാ സഭയുടേത്‌

ഇന്ത്യയിലെ പകുതി സ്ത്രീകളും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 70% പേരും ആനീമിയ അഥവാ വിളര്‍ച്ച രോഗത്തിനു കീഴ്പ്പെട്ടവരാണ്‌. ഇന്ത്യന്‍ ഗവണ്‍മെണ്റ്റെ്‌ ആരോഗ്യപരിരക്ഷയ്ക്ക്‌ അത്ര അതികം പ്രാധാന്യം നല്‍കാത്തതുകൊണ്ടു തന്നെ കത്തോലിക്കാ സഭക്ക്‌ പ്രത്യേകമായി ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും ശക്തമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗീശുശ്രൂഷ ചെയ്യുന്ന സംവിധാനം കത്തോലിക്കാസഭയുടേതാണ്‌ എന്ന്‌ സി.ബി.സി.ഐ യുടെ ഹെല്‍ത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ.മാത്യു അബ്രാഹം വെളിപ്പെടുത്തി. 3306 ആശുപത്രികളുടെ ഒരു ശൃംഖലയാണ്‌ ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. സ്വകാര്യ ആശുപത്രികളില്‍ പലതും ഉന്നത നിലവാര മുള്ളതാണെങ്കിലും ഇന്ത്യന്‍ ജനസംഖ്യയില്‍ 80% പേര്‍ക്കും ഇവിടത്തെ ചികിത്സാ സൌകര്യങ്ങള്‍ സാമ്പത്തിക പിന്നോക്കാവസ്ഥകൊണ്ട്‌ അപ്രാപ്യമാണ്‌. ഹാര്‍വാര്‍ഡ്‌ സ്കൂള്‍ ഓഫ്‌ പബ്ളിക്‌ ഹെല്‍ത്തിണ്റ്റെ പഠനമനുസരിച്ച്‌ മൂന്നു വയസ്സില്‍ താഴെയുള്ളകുട്ടികളുടെ പോഷകാഹാരക്കുറവ്‌ ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌

Friday, April 8, 2011

മാര്‍ വിതയത്തിലിണ്റ്റെ കബറടക്കം: ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷയ്ക്കുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ ഞായറാഴ്ച രണ്ടരയ്ക്കാണു കബറടക്കശുശ്രൂഷയ്ക്കു തുടക്കമാകുന്നത്‌. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൌതികശരീരം നാളെ രാവിലെ ഏഴര മുതല്‍ ഒമ്പതു വരെ അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആലുവ, കളമശേരി, സീപോര്‍ട്ട്‌ റോഡു വഴി സീറോ മലബാര്‍ സഭാ കാര്യാലയമായ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ എത്തിക്കും. ഇവിടെ പത്തരയ്ക്കു മെത്രാന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. രണേ്ടാടെ ഭൌതികശരീരം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ എത്തിക്കും. എറണാകുളം സെണ്റ്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍ നാളെ 2.30 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്കു 1.30 വരെ പൊതുദര്‍ശനത്തിനു സൌകര്യമുണ്ടാകും. ഞായറാഴ്ച 2.30നു ദിവ്യബലിയോടെയാണു കബറടക്ക ശുശ്രൂഷ ആരംഭിക്കുന്നത്‌. നഗരികാണിക്കല്‍ ഹൈക്കോര്‍ട്ട്‌ ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്‌, മറൈന്‍ ഡ്രൈവ്‌ വഴി മേനക ജംഗ്ഷന്‍ വരെ എത്തി തിരികെ ബസിലിക്കയില്‍ പ്രവേശിക്കും. തുടര്‍ന്നു അനുശോചന യോഗം ചേരും. ഈ സമയത്തും പൊതുജനങ്ങള്‍ക്കു ഭൌതികദേഹം കാണാന്‍ അവസരമുണ്ടാകും. വൈകുന്നേരം ആറരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌. കബറടക്കദിവസം വരെ ദുഃഖാചരണവും പിതാവിനുവേണ്ടി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ സീറോ മലബാര്‍ രൂപതകളിലെ എല്ലാ വികാരി ജനറാള്‍മാര്‍ക്കുമയച്ച സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്‌. പത്തിനു ഇടവകകളില്‍ വൈകുന്നേരത്തെ കുര്‍ബാന ഒഴിവാക്കണം. രാവിലെ ആവശ്യമെങ്കില്‍ മാത്രം ഒന്നില്‍ കൂടുതല്‍ കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും. സൌകര്യപ്രദമായ സമയങ്ങളില്‍ അന്നേ ദിവസം മുഴുവന്‍ ദുഃഖസൂചകമായി പള്ളികളില്‍ മണിയടിക്കണം. കബറടക്ക ശുശ്രൂഷയോടനുബന്ധിച്ചുള്ള നഗരികാണിക്കലില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും പൊന്‍കുരിശ്‌, വെള്ളിക്കുരിശ്‌, മുത്തുക്കുടകള്‍ എന്നിവയുമായി വേണം വിശ്വാസികള്‍ പങ്കുചേരേണ്ടത്‌. നഗരികാണിക്കലിനുവേണ്ട നിര്‍ദേശങ്ങള്‍ ബസിലിക്കയുടെ മുന്നിലുള്ള അന്വേഷണ കൌണ്ടറില്‍നിന്നു ലഭിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗിനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ആളുകളെ മറൈന്‍ ഡ്രൈവില്‍ ഇറക്കി ചെറിയ വാഹനങ്ങള്‍ സെണ്റ്റ്‌ ആല്‍ബര്‍ട്സ്‌ സ്കൂള്‍ ഗ്രൌണ്ടിലും മറൈന്‍ ഡ്രൈവ്‌ ഗ്രൌണ്ടിലും, വലിയ വാഹനങ്ങള്‍ ഗോശ്രീ റോഡിണ്റ്റെ വശങ്ങളിലുമായി പാര്‍ക്കു ചെയ്യണം. കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്ന വൈദികര്‍ തങ്ങള്‍ കൊണ്ടുവരുന്ന തിരുവസ്ത്രങ്ങള്‍ ധരിച്ച്‌ ഉച്ചയ്ക്കു രണ്ടിനു പ്രദക്ഷിണം ആരംഭിക്കത്തക്കവിധം അരമനമുറ്റത്തു നിരക്കണം. പിതാവിന്‌ ഏറ്റവും ഉചിതമായ അന്തിമയാത്രയയപ്പു നല്‍കുന്നതിന്‌ എല്ലാ സഭാംഗങ്ങളും കബറടക്ക ശുശ്രൂഷയില്‍ പങ്കുചേരണം. ഇടവകകളിലെ കുടുംബ യൂണിറ്റ്‌ അടിസ്ഥാനത്തില്‍ അതിനുവേണ്ട ക്രമീകരണം ചെയ്യേണ്ടതാണെന്നും ബിഷപ്‌ ചക്യത്ത്‌ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു

മാര്‍ വിതയത്തിലിണ്റ്റെ ഭൌതികശരീരം ഒമ്പതിനു മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരം ഏറ്റുവാങ്ങാനും പ്രാര്‍ഥനാശുശ്രൂഷയ്ക്കുമായി സഭാ ആസ്ഥാനമായ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു. അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയില്‍നിന്നു ഭൌതികശരീരം ശനിയാഴ്ച രാവിലെ പത്തിനാണു മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ എത്തിക്കുന്നത്‌. കൂരിയ പ്രതിനിധികളും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും ചേര്‍ന്നു ഭൌതികശരീരം ഏറ്റുവാങ്ങും. ചാപ്പലില്‍ അള്‍ത്താരയ്ക്കു സമീപം ഒരുക്കുന്ന പീഠത്തില്‍ ഭൌതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. 10.30 നു സഭാധ്യക്ഷന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തും. ഈ സമയത്തു പൊതുദര്‍ശനത്തിനു നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക്‌ ഒന്നിനു എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്കു ഭൌതികശരീരം കൊണ്ടുപോകും. 2.30 മുതല്‍ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു സൌകര്യമുണ്ടാകും. വത്തിക്കാന്‍ പ്രതിനിധികള്‍, ഇന്ത്യയിലേയും വിദേശത്തേയും വിവിധ രൂപതകളിലെ മെത്രാന്‍മാര്‍, പ്രതിനിധി സംഘങ്ങള്‍, സിബിസിഐ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള സീറോ മലബാര്‍ സഭയുടെ വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്ത്‌ എത്തും. സഭാ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ ചെറിയമ്പനാട്‌, ഫാ.അനീഷ്‌ ഈറ്റയ്ക്കക്കുന്നേല്‍, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, സഭയിലെ വിവിധ കമ്മീഷന്‍ പ്രതിനിധികള്‍, വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ബസുകളിലും മിനിബസുകളിലും എത്തുന്നവര്‍ പ്രധാന കവാടത്തി നു സമീപം ആളുകളെ ഇറക്കി വാഹനം സിഎംഐ ജനറാള്‍ ഹൌസ്‌ കോമ്പൌണ്ടില്‍ പാര്‍ക്കു ചെയ്യണം. മെത്രാന്‍മാരുടെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ക്കു കോമ്പൌണ്ടിനകത്തു പ്രത്യേക പാര്‍ക്കിംഗ്‌ ക്രമീകരണമുണ്ട്‌. വൈദികരും സന്യാസിനികളും അല്‍മായരും എത്തുന്ന കാറുകള്‍ക്കു മ്യൂസിയം ഗ്രൌണ്ടിലാണു പാര്‍ക്കിംഗ്‌ സൌകര്യം. ചാപ്പലിനുള്ളിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ പുറത്തു സ്ക്രീനിലും കാണാനാകും.

Thursday, April 7, 2011

വലിയ ഇടയന്‌ അന്ത്യവിശ്രമം മുന്‍ഗാമികളുടെ കബറിടത്തിനരികെ

അള്‍ത്താരയില്‍ പൂര്‍വപിതാക്കന്‍മാരുടെ കബറിടത്തിനരികിലേക്ക്‌ അന്ത്യവിശ്രമത്തിനായി വലിയ ഇടയനും. കാലംചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടമൊരുങ്ങുന്നതു തണ്റ്റെ മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയുടെ കബറിടത്തിനു തൊട്ടരികെ. എറണാകുളം അതിരൂപതയുടെ അധ്യക്ഷന്‍മാരായിരുന്ന അഞ്ചു മെത്രാപ്പോലീത്തമാരുടെ കബറിടവും എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലെ പ്രധാന അള്‍ത്താരയിലാണ്‌. ആര്‍ച്ച്ബിഷപ്പുമാരായിരുന്ന മാര്‍ ലൂയിസ്‌ പഴേപറമ്പില്‍, മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍, കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ഏബ്രഹാം കാട്ടുമന, കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറ എന്നിവരെയാണ്‌ ഇവിടെ കബറടക്കിയിരിക്കുന്നത്‌. 1919 ഡിസംബര്‍ ഒമ്പതിനാണു മാര്‍ ലൂയിസ്‌ പഴേപറമ്പിലിണ്റ്റെ നിര്യാണം. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ 1956 ജനുവരി പത്തിനും കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ 1987 ഫെബ്രുവരി ഇരുപതിനും മാര്‍ ഏബ്രഹാം കാട്ടുമന 1995 ഏപ്രില്‍ നാലിനുമാണു ദിവംഗതരായത്‌. കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയെയാണ്‌ ഒടുവില്‍ ബസിലിക്കയിലെ അള്‍ത്താരയില്‍ കബറടക്കിയത്‌. 2000 മാര്‍ച്ച്‌ 23നാണു കര്‍ദിനാള്‍ പടിയറ കാലംചെയ്തത്‌. കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയുടെ കബറിടത്തിണ്റ്റെ വലതുഭാഗത്തായാണു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടം ഒരുങ്ങുന്നത്‌. ഈ ഭാഗം ഇന്നലെ തുറന്നു മണ്ണു മാറ്റി ക്രമീകരിച്ചിട്ടുണ്ട്‌. ഞായറാഴ്ച രണ്ടരയ്ക്കു സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കബറടക്ക ശുശ്രൂഷള്‍ ആരംഭിക്കും. സമൂഹബലി, നഗരികാണിക്കല്‍ എന്നിവയെത്തുടര്‍ന്ന്‌ എത്തുന്നവര്‍ മുഴുവന്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷമായിരിക്കും ഭൌതികശരീരം കബറിടത്തിലേക്കു വയ്ക്കുകയെന്നു ബസിലിക്ക റെക്ടര്‍ റവ.ഡോ.ജോസ്‌ ചിറമേല്‍ അറിയിച്ചു.

Wednesday, April 6, 2011

ദിവ്യകാരുണ്യപ്രേഷിതന്‍ മാര്‍ തോമസ്‌ കുര്യാളശേരി ധന്യപദവിയില്‍

ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാനും ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിണ്റ്റെ സ്ഥാപകനും ദിവ്യകാരുണ്യപ്രേഷിതനും സാമൂഹ്യപരിഷ്കര്‍ത്താവുമായ ദൈവദാസന്‍ മാര്‍ തോമസ്‌ കുര്യാളശേരി ധന്യപദവിയില്‍. മാര്‍ കുര്യാളശേരിയുടെ ജീവിത നന്‍മയും സവിശേഷഗുണങ്ങളും അംഗീകരിച്ചു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ശനിയാഴ്ചയാണു ദൈവദാസനെ ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചത്‌. മാര്‍ കുര്യാളശേരി വീരോചിതമായ പുണ്യംകൊണ്ടു ക്രൈസ്തവ സാക്ഷ്യം നല്‍കിയ വ്യക്തിയാണെന്ന വസ്തുത അംഗീകരിച്ച്‌ അത്‌ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിണ്റ്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയെ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. മാര്‍പാപ്പ ശനിയാഴ്ച കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണു മാര്‍ കുര്യാളശേരിയെ ധന്യപദവിയിലേക്ക്‌ ഉയര്‍ത്തുന്ന കാര്യം അറിയിച്ചത്‌. ധന്യണ്റ്റെ മധ്യസ്ഥതയില്‍ ഒരു അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടും. തുടര്‍ന്ന്‌ ഒരു അദ്ഭുതം കൂടി സ്ഥിരീകരിച്ചാല്‍ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും. ചമ്പക്കുളം കുര്യാളശേരി ചാക്കോച്ചണ്റ്റെയും അക്കാമ്മയുടെയും ആറാമത്തെ മകനായി 1873 ജനുവരി 14നു ജനിച്ച മാര്‍ തോമസ്‌ കുര്യാളശേരി, ചങ്ങനാശേരി സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ളീഷ്‌ പഠനവും മാന്നാനം സെണ്റ്റ്‌ അപ്രേം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ദൈവശുശ്രൂഷ ജീവിത നിയോഗമായി സ്വീകരിച്ച കുഞ്ഞുതോമാച്ചന്‍ 1890 ജനുവരി 18ന്‌ വൈദികപഠനത്തിനായി റോമിലേക്കു പോയി. ഒമ്പതുവര്‍ഷത്തെ പഠനത്തിനുശേഷം റോമിലെ സെണ്റ്റ്‌ ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ തിരുപ്പട്ടം സ്വീകരിച്ചു. 1899 നവംബര്‍ ഒന്നിനു നാട്ടില്‍ തിരിച്ചെത്തിയ ഫാ. കുര്യാളശേരി ചങ്ങനാശേരി സെണ്റ്റ്‌ ബെര്‍ക്കുമന്‍സ്‌ ബോര്‍ഡിംഗില്‍ വൈസ്‌ റെക്ടറായി. ഇടവക പ്രേഷിതത്വത്തിണ്റ്റെ ഭാഗമായി ചേന്നങ്കരി, കാവാലം, എടത്വാ, ചമ്പക്കുളം പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 1908 ഡിസംബര്‍ എട്ടിനാണ്‌ അദ്ദേഹം ദിവ്യകാരുണ്യ ആരാധനാ സന്യാസിനീസമൂഹം സ്ഥാപിച്ചത്‌. 1909ല്‍ ചങ്ങനാശേരി ഓര്‍സ്ളം ദേവാലയം സ്ഥാപിച്ചു. 1911ല്‍ കോട്ടയത്ത്‌ വികാരിയത്ത്‌ സ്ഥാപിക്കപ്പെട്ടു. ചങ്ങനാശേരി വികാരി അപ്പസ്തോലിക്കയായി അതേവര്‍ഷം ഡിസംബര്‍ മൂന്നിന്‌ അദ്ദേഹം കാന്‍ഡിയില്‍ മെത്രാഭിഷിക്തനായി. ഈ കാലയളവിലാണു ക്ഷേത്രപ്രവേശനവിളംബരത്തിനു സമാനമായി ദളിതര്‍ക്ക്‌ എല്ലാ ദേവാലയങ്ങളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചത്‌. ജൂബിലി വര്‍ഷമായ 1925ല്‍ അതു പ്രമാണിച്ചും വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമകരണച്ചടങ്ങില്‍ പങ്കെടുക്കാനായി റോമിലെത്തിയ ബിഷപ്‌ കുര്യാളശേരി രോഗബാധിതനായി. ടൈബര്‍ നദീതീരത്തുള്ള ഫാത്തെ ദേനെ ഫ്രത്തില്ലി ആശുപത്രിയില്‍ 1925 ജൂണ്‍ രണ്ടിനു കാലം ചെയ്തു. റോമില്‍ കബറടങ്ങിയ മാര്‍ കുര്യാളശേരിയുടെ ഭൌതികാവശിഷ്ടം പിന്‍ഗാമിയായ ബിഷപ്‌ മാര്‍ ജയിംസ്‌ കാളാശേരി പത്തുവര്‍ഷങ്ങള്‍ക്കുശേഷം 1935ജൂലൈ 25ന്‌ നാട്ടിലെത്തിച്ചു ചങ്ങനാശേരി കത്തീഡ്രല്‍ മദ്ബഹായില്‍ സ്ഥാപിച്ചു. ദിവ്യകാരുണ്യനാഥനെ ഓരോ മണിക്കൂറിലും ആരാധിക്കുന്ന സന്യാസിനീസഭ സാക്ഷാത്കരിക്കാനായി സ്ഥാപിച്ച ദിവ്യകാരുണ്യ ആരാധനാസന്യാസിനീ സമൂഹത്തിന്‌ ഇന്ന്‌ ആറു ഭൂഖണ്ഡങ്ങളിലെ പത്തു രാജ്യങ്ങളില്‍ 105 രൂപതകളിലായി 5000 സന്യാസിനിമാരുണ്ട്‌. 17 പ്രോവിന്‍സുകളാണു സഭയ്ക്കുള്ളത്‌. പ്രേഷിതമേഖലയായി ദിവ്യകാരുണ്യപ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിവ സ്വീകരിച്ച സന്യാസിനീ സമൂഹത്തിണ്റ്റെ ജനറലേറ്റ്‌ ആലുവയ്ക്കടുത്ത്‌ കാരുകുന്നിലാണ്‌. 1983 ലാണ്‌ മാര്‍ കുര്യാളശേരിയുടെ നാമകരണത്തിനുള്ള പ്രാരംഭ നടപടികള്‍ക്കു തുടക്കമായത്‌. ചങ്ങനാശേരി മാര്‍ തോമസ്‌ കുര്യാളശേരി സെണ്റ്റര്‍ കേന്ദ്രമാക്കിയാണു ജീവചരിത്രപഠനങ്ങളും രോഗശാന്തിസാക്ഷ്യങ്ങളുടെ വിലയിരുത്തലും നടത്തിയത്‌. മോണ്‍. പോള്‍ പള്ളത്താണു നാമകരണ പഠനത്തിണ്റ്റെ പോസ്റ്റുലേറ്റര്‍. വൈസ്‌ പോസ്റ്റുലേറ്ററായി സിസ്റ്റര്‍ ബെഞ്ചമിന്‍ മേരിയും നിയമിതയായി. ചങ്ങനാശേരിയില്‍ ധന്യണ്റ്റെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ള ദേവാലയത്തില്‍ വര്‍ഷംതോറും ജൂണ്‍ രണ്ടിന്‌ അനുസ്മരണദിനാചരണത്തിലും അന്നു മുതല്‍ ഒമ്പതുനാള്‍ നീളുന്ന നൊവേനയിലും വര്‍ഷങ്ങളായി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു വരുന്നു. ബിഷപ്‌ മാര്‍ കുര്യാളശേരിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷത്തില്‍ത്തന്നെ ധന്യപദവി ലഭിച്ചതു ദിവ്യകാരുണ്യനാഥണ്റ്റെ പ്രത്യേക സമ്മാനമായി സ്വീകരിക്കുന്നുവെന്നു ദിവ്യകാരുണ്യ ആരാധനാസന്യാസിനീസമൂഹത്തിണ്റ്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസ്‌ കേറ്റ്‌ പറഞ്ഞു

സീറോ മലബാര്‍ മെത്രാന്‍മാര്‍ ഒര്‍ത്തോണയിലെ മാര്‍ത്തോമാശ്ളീഹായുടെ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ അകാല വേര്‍പാടിനെത്തുടര്‍ന്ന്‌, റോമില്‍ നടന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ മെത്രാന്‍മാരുടെ ഔദ്യോഗിക സന്ദര്‍ശനം ഏഴിന്‌ മാര്‍പാപ്പയുടെ അഭിസംബോധനയോടെ സമാപിക്കുകയാണ്‌. മുന്‍ തീരുമാനമനുസരിച്ച്‌ 12 നാണ്‌ ഔദ്യോഗികമായി സന്ദര്‍ശന പരിപാടി സമാപിക്കേണ്ടിയിരുന്നത്‌. സീറോ മലബാര്‍ സഭയിലെ 34 മെത്രാന്‍മാര്‍ ഇറ്റലിയിലെ ഒര്‍ത്തോണയിലുള്ള മാര്‍ത്തോമാശ്ളീഹായുടെ ബസിലിക്ക സന്ദര്‍ശിച്ച്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബസിലിക്കായില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചെന്നൈയിലെ മൈലാപ്പൂരില്‍ കബറടക്കം ചെയ്യപ്പെട്ട വിശുദ്ധ തോമാശ്ളീഹായുടെ പൂജ്യശരീരത്തിണ്റ്റെ ഭൌതികാവശിഷ്ടങ്ങള്‍ നാലാം നൂറ്റാണ്ടില്‍ എസേസ്സായിലേയ്ക്കും കുരിശുയുദ്ധകാലഘട്ടത്തില്‍ ഇറ്റലിയിലെ ഒര്‍ത്തോണയിലേയ്ക്കും സംവഹിക്കപ്പെട്ടു. ഈ പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒര്‍ത്തോണയിലെ ഈ ബസിലിക്ക തീര്‍ത്ഥകേന്ദ്രമായി നിലകൊള്ളുന്നു. ഈ ഭൌതികാവശിഷ്ടങ്ങളുടെ ഭാഗങ്ങളാണ്‌ നമ്മുടെ മാര്‍ത്തോമ്മ തീര്‍ത്ഥകേന്ദ്രങ്ങളില്‍ കൊണ്ടുവന്ന്‌ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകള്‍. പൊന്തിഫിക്കല്‍ ഓറിയണ്റ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റേയും മാര്‍ത്തോമ്മ യോഗത്തിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ത്തോമ്മ പൈതൃകത്തെക്കുറിച്ചുള്ള സെമിനാര്‍ കാര്‍ഡിനല്‍ ലെയണാര്‍ഡോ സാന്ദ്ര ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ ബര്‍ണാര്‍ഡ്‌ ലോ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മോണ്‍. നത്താലേ ലോതാ, പ്രഫ. പാബ്ളോ ഗഫായേല്‍ എന്നിവര്‍ നവസുവിശേഷവല്‍ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഫാ. ജെയിംസ്‌ മക്കാന്‍, സിസ്റ്റര്‍ നാന്‍സി എന്നിവര്‍ പ്രസംഗിച്ചു. ആദ്ലിമിന സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, എറണാകുളം, പാലക്കാട്‌, ഇരിങ്ങാലക്കുട, ബിജ്നോര്‍, ഗോരഖ്പൂറ്‍, രാമനാഥപുരം, തക്കല, ഇടുക്കി, കല്യാണ്‍, താമരശ്ശേരി, മാനന്തവാടി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി എന്നീ രൂപതകളിലെ മേലധ്യക്ഷന്‍മാരും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാന്‍മാരെല്ലാവരും വത്തിക്കാനിലെ സ്റ്റേറ്റ്‌ സെക്രട്ടറി കാര്‍ഡിനല്‍ തര്‍സിസിയേ ബര്‍ത്തോണയെ സന്ദര്‍ശിച്ച്‌ സഭയുടെ ആവശ്യങ്ങള്‍ ഉണര്‍ത്തിച്ചു. ചൊവ്വാഴ്ച പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയണാര്‍ഡോ സാന്ദ്രയെയും അപ്രകാരം സന്ദര്‍ശിച്ച്‌ ഫലപ്രദമായ ആശയവിനിമയം നടത്തി.

Tuesday, April 5, 2011

നാല്‍പതുകാരന്‍ ആര്‍ച്ചുബിഷപ്‌ ഉക്‌റേനിയന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്‌.

ഉക്‌റേനിയന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചു ബിഷപ്‌ സ്വിയീറ്റോസ്ളാവ്‌ ഷെവ്ചുക്ക്‌ ഓര്‍ത്തഡോക്സ്‌ സഭകളുമായി ചേര്‍ന്ന്‌ മതത്തെ പൊതുവേദികളില്‍ നിന്നും നിഷ്ക്കാസനം ചെയ്യുന്ന സെക്കുലറിസത്തിനെതിരെ ശക്തമായി പോരാടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.ഏപ്രില്‍ ഒന്നാം തീയതി പരിശുദ്ധ പിതാവ്‌ ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോഴാണ്‌ ആര്‍ച്ചുബിഷപ്‌ ഷെവ്ചുക്ക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നാല്‍പതു വയസുകാരനായ പുതിയ മേജര്‍ ആര്‍ച്ചു ബിഷപ്‌ ഉക്രേനിയന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്നു. 77മത്തെ വയസ്സില്‍ മേജര്‍ ആര്‍ച്ചു ബിഷപ്‌ സ്ഥാനം ത്യജിച്ച കര്‍ദ്ദിനാള്‍ ഹുസാറിണ്റ്റെ പിന്‍ഗാമിയായിട്ടാണ്‌ ആര്‍ച്ചുബിഷപ്‌ ഷെവ്ചുക്ക്‌ സ്ഥാനമേല്‍ക്കുന്നത്‌. 1990 വരെ റഷ്യയിലെ കമ്മ്യൂണിസ്റ്റു സര്‍വ്വാധിപത്യത്തിനു കീഴില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സഭയാണ്‌ ഉക്‌റേനിയന്‍ കത്തോലിക്കാസഭ. അനേകായിരം പേര്‍ ഇക്കാലയളവില്‍ രക്തസാക്ഷികളായി, വൈദീകര്‍ തടവിലാക്കപ്പെട്ടു. ഉക്‌റേനിയന്‍ കത്തോലിക്കാസഭ പൊതുവേദിയില്‍ നിന്നും പാടേ അപ്രത്യക്ഷമായി. കമ്മ്യൂണിസത്തിണ്റ്റെ തകര്‍ച്ചയെത്തുടര്‍ന്നു യുവജനങ്ങള്‍ക്കിടയില്‍ മൂല്യങ്ങളില്‍ ഉറച്ച ജീവിത ശൈലിയും ഊര്‍ജ്വസ്വലതയും വര്‍ദ്ധിച്ചു. വൈദീക സന്യാസ ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ക്കൊണ്ടു സമ്പന്നമാണ്‌ സഭ. വൈദീകരുടെ ശരാശരി പ്രായം 35-40 ആണത്രേ.

ലൂര്‍ദ്ദില്‍ വച്ച്‌ തളര്‍വാതം സുഖപ്പെട്ടയാള്‍ ആയിരം മെയില്‍ നടന്ന്‌ തീര്‍ത്ഥാടനം നടത്തി

ലൂര്‍ദ്ദില്‍ വച്ച്‌ തളര്‍വാതം ബാധിച്ച്‌ കാല്‌ സുഖപ്പെട്ട ഫ്രഞ്ചുകാരന്‍ ആയിരം മെയില്‍ നടന്ന്‌ യാക്കോബ്ശ്ളീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സാണ്റ്റിയാഗോ ഡി കൊമ്പാസ്റ്റെലായില്‍ എത്തി പ്രാര്‍ത്ഥിച്ചു. സെര്‍ജെ ഫ്രാന്‍സോയി എന്ന നാല്‍പതുകാരനായ ടെലിവിഷന്‍ റിപ്പയറര്‍ ആണ്‌ തണ്റ്റെ സൌഖ്യം സാക്ഷ്യപ്പെടുത്താനും ദൈവത്തെ സ്തുതിക്കാനുമായി ആയിരം മെയില്‍ ദ്ദൂരം നടന്ന്‌ തീര്‍ത്ഥാടനം നടത്തിയത്‌. ലൂര്‍ദ്ദില്‍ തീര്‍ത്ഥാടനം നടത്തുന്ന വേളയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്നപ്പോള്‍ തണ്റ്റെ തളര്‍ന്ന കാലില്‍ ചൂടുള്ളശക്തി പ്രസരിക്കുന്നതായി അനുഭവപ്പെട്ടതായി ഫ്രാന്‍സോയി സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന്‌ സൌഖ്യം ലഭിക്കുകയായിരുന്നു. ഇരുപതു ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിനു ലഭിച്ചരോഗശാന്തിയെക്കുറിച്ചു പഠിച്ചതിനുശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ "അസാധാരണവും രേഖപ്പെടുത്തേണ്ടതുമായ ഒരു സൌഖ്യം" എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. സ്ഥലത്തെ ബിഷപ്‌ എമ്മാനുവേല്‍ ദെല്‍മാസ്‌ സഭക്കുവേണ്ടി ഈ സൌഖ്യത്തെ "തികച്ചും അസാധാരണം" എന്നു വിശേഷിപ്പിക്കുന്നു. "വ്യക്തിപരമായ ഒരു ദൈവികദാനവും ദൈവകൃപയുടെ അനുഭവവുമാണ്‌" ഈ സൌഖ്യം എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്നും, പൂര്‍ണ്ണവും ഏതെങ്കിലും ചികിത്സയുടെ ഭാഗമല്ലാതെയുള്ളതും, നീണ്ടു നില്‍ക്കുന്നതുമായ ഈ സൌഖ്യത്തെ അത്ഭുതമായിട്ടാണ്‌ കരുതുന്നത്‌. ലൂര്‍ദ്ദില്‍ ഏതാണ്ട്‌ 7000ത്തോളം അസാധാരണമായ രോഗശാന്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും 67 എണ്ണം മാത്രമേ അത്ഭുതമായി സ്ഥിരീകരിച്ചിട്ടുള്ളു

കര്‍ദിനാള്‍ വിതയത്തിലിണ്റ്റെ ശുശ്രൂഷാ ജീവിതവും വീരോചിതമായ മാതൃക : പരിശുദ്ധ പിതാവ്‌ ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പാപ്പ

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ സമര്‍പ്പണ മനോഭാവവും ശുശ്രൂഷാ ജീവിതവും സാര്‍വത്രിക സഭക്ക്‌ പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭക്ക്‌ വീരോചിതമായ മാതൃകയാണെന്ന്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. തന്നെ സന്ദര്‍ശിച്ച സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരോട്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ അകാല വേര്‍പാടിലുണ്ടായ തണ്റ്റെ ദു:ഖം അറിയിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നേരുകയും ചെയ്തതായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ അറിയിച്ചു.

Monday, April 4, 2011

വേര്‍പാടിണ്റ്റെ രാത്രിസ്മരണയില്‍ പിതാക്കന്‍മാര്‍

നിങ്ങള്‍ തിരിച്ചു വരുന്നതിനു മുമ്പു ഞാന്‍ വിടവാങ്ങിയേക്കാം. എണ്റ്റെ രോഗാവസ്ഥ നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അനീതിയെ എതിര്‍ക്കണം. എന്നാല്‍, ദൈവഹിതത്തിനു വിപരീതമായി ഒന്നും ചെയ്യരുത്‌. സഭാ ജീവിതം പ്രാര്‍ഥനാപൂര്‍ണമായിരിക്കണം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ പിതാവിണ്റ്റെ സ്നേഹപൂര്‍വമായ വാക്കുകളിലെ പ്രസക്തഭാഗം ഇതായിരുന്നുവെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ ഓര്‍മിക്കുന്നു. റോമില്‍ ആദ്‌ ലിമിന സന്ദര്‍ശനത്തിലായിരുന്ന മെത്രാന്‍മാരായ മാര്‍ തോമസ്‌ ചക്യത്തും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഇന്നലെയാണു മടങ്ങിയെത്തിയത്‌. റോമിലേക്കു പുറപ്പെടുന്നതിനു തലേദിവസം രാത്രിയിലാണു പിതാവ്‌ തങ്ങളെ വിളിച്ചു സംസാരിച്ചതെന്നു മാര്‍ ചക്യത്ത്‌ പറഞ്ഞു. 15 മിനിറ്റു നേരത്തോളം അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിണ്റ്റെ അസുഖത്തെക്കുറിച്ച്‌ അപ്പോള്‍ ഭയം തോന്നി. സംസാരം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തന്നെ മറ്റു പുരോഹിതരെയും പിതാവിണ്റ്റെ സഹായികളെയും വിളിച്ചു ജാഗ്രതയായിരിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു. ഡോക്ടര്‍മാരോടും സംസാരിച്ചു. എന്നാല്‍, തത്കാലത്തേക്കു കുഴപ്പമൊന്നുമില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ റോമില്‍വച്ചു പിതാവിണ്റ്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയി. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മാര്‍പാപ്പയുമായുള്ള സന്ദര്‍ശനത്തിന്‌ ഒരു മണിക്കൂറ്‍ ശേഷിച്ചിരിക്കെയായിരുന്നു ഈ വാര്‍ത്ത അറിഞ്ഞത്‌. മാര്‍പാപ്പയെ കണ്ടപ്പോള്‍ വിവരം അറിയിക്കുകയും അദ്ദേഹം അത്യഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീടു സന്ദര്‍ശനത്തിലായിരുന്ന എല്ലാ മെത്രാന്‍മാരും ഒന്നിച്ചുകൂടി പിതാവിനുവേണ്ടി പ്രാര്‍ഥിക്കുകയും സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള പ്രാഥമിക ആലോചന നടത്തുകയും ചെയ്തതായി മാര്‍ ചക്യത്ത്‌ പറഞ്ഞു. . മെത്രാസന മന്ദിരത്തിലെ കവാടത്തിനരികില്‍ വച്ചിരുന്ന കര്‍ദിനാളിണ്റ്റെ ചിത്രത്തില്‍ തിരി തെളിച്ച്‌ അല്‍പനേരം പ്രാര്‍ഥിച്ചു. നീണ്ട വര്‍ഷങ്ങള്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി പിതാവിണ്റ്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇരുവര്‍ക്കും താങ്ങാനാകാത്ത ആഘാതമായിരുന്നു പിതാവിണ്റ്റെ പെട്ടെന്നുള്ള വേര്‍പാട്‌.

വലിയപിതാവിനു മുന്നില്‍ പ്രാര്‍ഥനാപൂര്‍വം മാര്‍ തോമസ്‌ ചക്യത്ത്‌

കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരം സൂക്ഷിച്ചിരിക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിയ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ മോര്‍ച്ചറിയുടെ മുന്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിതാവിണ്റ്റെ ചിത്രത്തിനു മുന്നില്‍ ഒരു നിമിഷം ശിരസു നമിച്ചു.വലിയ പിതാവിണ്റ്റെ ഓര്‍മകളില്‍ അല്‍പസമയം ബിഷപ്‌ ധ്യാനനിരതനായി. തുടര്‍ന്നു പിതാവിനുവേണ്ടി ഒപ്പീസ്‌ ചൊല്ലി. എല്ലാവര്‍ക്കും മാതൃകയായ വ്യക്തിത്വത്തിനുടമയായിരുന്നു വര്‍ക്കിപ്പിതാവെന്ന്‌ അദ്ദേഹം അനുസ്മരിച്ചു. ദൈവത്തിണ്റ്റെ നന്‍മയില്‍ പങ്കുചേര്‍ന്നുള്ള ജീവിതശൈലിയായിരുന്നു പിതാവിണ്റ്റേത്‌. ഈശ്വരനന്‍മ സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ പിതാവിനു കഴിഞ്ഞു. അടുത്ത്‌ ഇടപഴകുന്നവര്‍ക്ക്‌ ഈ നന്‍മ അനുഭവിച്ചറിയാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നതിനു ധാരാളം ജീവിതസാക്ഷ്യങ്ങളുണ്ടെന്നും മാര്‍ ചക്യത്ത്‌ പറഞ്ഞു. സംസ്കാരചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നതിനു മുന്‍പ്‌ പിതാവിണ്റ്റെ ഭൌതികശരീരം അങ്കമാലി ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും ബിഷപ്‌ അറിയിച്ചു. ഒപ്പീസ്‌ ചൊല്ലി.

വൈദികര്‍ക്കു മഹത്തായ മാതൃക: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ

പിതൃതുല്യമായ സ്നേഹത്തോടെ വൈദികരോട്‌ ഇടപഴകിയ ശ്രേഷ്ഠ മെത്രാപ്പോലീത്തയായിരുന്നു കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍. ഉന്നത പദവിയില്‍ ഇരിക്കുമ്പോഴും പുരോഹിതരുടെ ചെറിയ കാര്യങ്ങളില്‍ പോലും അദ്ദേഹം ശ്രദ്ധവച്ചിരുന്നു. പ്രത്യേകിച്ചു കെസിബിസി ആസ്ഥാന കാര്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന വൈദികരെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും തത്പരനായിരുന്നു. പിഒസിയുമായി ഒരു ആത്മബന്ധം എന്നും പുലര്‍ത്തിയിരുന്നു. പിഒസിയുടെ അയല്‍വാസികളായിരുന്നു അദ്ദേഹത്തിണ്റ്റെ മാതാപിതാക്കള്‍. അവര്‍ തങ്ങളുടെ ജീവിതത്തിണ്റ്റെ അവസാനകാലഘട്ടം ചെലവഴിച്ച കര്‍ദിനാളിണ്റ്റെ വീട്‌ പിഒസിക്കു സമീപമായിരുന്നു. അതുകൊണ്ടുതന്നെ പിഒസിയെ തണ്റ്റെ ഒരു കുടുംബം പോലെ സ്നേഹിക്കുകയും തണ്റ്റെ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനു പിഒസി തെരഞ്ഞെടുക്കുകയും ചെയ്തു. ആ എളിയജീവിതം പുരോഹിതര്‍ക്കും മെത്രാന്‍മാര്‍ക്കും പ്രചോദനമായിരുന്നു. കുലീനമായ കുടുംബത്തിലാണു ജനിച്ചതെങ്കിലും ഒരു സാധാരണ വൈദികനായി സഭാ ശുശ്രൂഷ നടത്താനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. അതിനായി ദിവ്യരക്ഷകസഭയിലെ ഒരു വൈദികനായി പൌരോഹിത്യ ശുശ്രൂഷ തുടങ്ങി. പില്‍ക്കാലത്ത്‌ അദ്ദേഹത്തിണ്റ്റെ കഴിവുകള്‍ക്കും ജീവിതശുദ്ധിക്കും അംഗീകാരമെന്ന നിലയില്‍ സാര്‍വത്രിക സഭയുടെ പല മേഖലകളിലും മധ്യസ്ഥനായി കര്‍ത്തവ്യങ്ങള്‍ നിറവേറ്റി. സീറോ മലബാര്‍ സഭയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററും മേജര്‍ ആര്‍ച്ച്ബിഷപ്പും കര്‍ദിനാളുമായി ഉയര്‍ത്തപ്പെടുമ്പോഴും എളിമ ആ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നു. കെസിബിസിയുടെ യോഗങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളില്‍ പലതും സഭ ഐക്യത്തിനു വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ സമൂഹത്തില്‍ സഭയുടെ ദൌത്യം പരസ്നേഹ ശുശ്രൂഷ നിര്‍വഹിക്കലാണെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സഭയുടെ ശുശ്രൂഷകളില്‍ കുറവുണ്ടായപ്പോള്‍ ഒരു പ്രവാചകനെപ്പോലെ അതു ചൂണ്ടിക്കാണിക്കുന്നതില്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. അദ്ദേഹത്തിണ്റ്റെ ചില നിലപാടുകള്‍ മറ്റു ചിലര്‍ വിമര്‍ശിച്ചപ്പോഴും അദ്ദേഹത്തിനു ബോധ്യമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക മാത്രമാണു ചെയ്തിരുന്നത്‌. അദ്ദേഹത്തിണ്റ്റെ ഇത്തരം ഇടപെടലുകളിലൂടെ ദൈവാരൂപിയുടെ പ്രവര്‍ത്തനം കാണാന്‍ സാധിക്കുമായിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങള്‍ മറക്കാനാവില്ല. കേരളസഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു കാലഘട്ടത്തിണ്റ്റെ ചരിത്രമാണ്‌ ആ ജീവിതത്തിനു നമ്മോടു പറയാനുള്ളത്‌. ഉന്നതനായ ഈ പുരോഹിത ശ്രേഷ്ഠണ്റ്റെ മുന്നില്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രാര്‍ഥനാനിര്‍ഭരമായ കൃതജ്ഞതകള്‍.

Saturday, April 2, 2011

സഭയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയ വ്യക്തിത്വം: മാര്‍ ജോസഫ്‌ പവ്വത്തില്‍

സൌമ്യവും സൌഹാര്‍ദപരവുമായ നിലപാടുകള്‍കൊണ്ട്‌ സഭയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയ വ്യക്തിത്വമാണ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ എന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പിതാവ്‌ വൈദികനും ധ്യാനപ്രസംഗകനും ആയിരുന്ന കാലം മുതല്‍ത്തന്നെ അദ്ദേഹവുമായി പ്രത്യേക സൌഹാര്‍ദം പുലര്‍ത്തിയിരുന്നു. കര്‍ദിനാള്‍ സ്ഥാനത്തേക്കും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനത്തേക്കുമെല്ലാം അദ്ദേഹത്തെ ഉയര്‍ത്തിയപ്പോള്‍ ആ സൌഹാര്‍ദം അഭംഗുരം തുടര്‍ന്നു. റോമില്‍ നടക്കുന്ന പ്രത്യേക സിനഡുകളില്‍ പങ്കുചേരുമ്പോഴും അദ്ദേഹം പുലര്‍ത്തിയിരുന്ന സാഹോദര്യവും സ്നേഹവും സൌഹാര്‍ദവും പരിഗണനയും പ്രത്യേകം സ്മരണീയമാണ്‌. വ്യക്തിപരമായി അദ്ദേഹത്തിണ്റ്റെ സ്നേഹവും കരുതലും മറക്കാനാവാത്തതാണെന്ന്‌ മാര്‍ പവ്വത്തില്‍ പറഞ്ഞു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിണ്റ്റെ നിര്യാണത്തില്‍ മാര്‍ പവ്വത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അനുശോചനം രേഖപ്പെടുത്തി

സൌമ്യനും സ്നേഹസമ്പന്നനുമായ പിതാവ്‌: മാര്‍ ജോസഫ്‌ പെരുന്തോട്ടം

സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ പൈതൃകമായ വാത്സല്യത്തോടും വിനീതമായ ശുശ്രൂഷാമനോഭാവത്തോടും കൂടി സഭയെ നയിച്ചുവെന്ന്‌ ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ എന്ന നിലയില്‍ സീറോ മലബാര്‍ സഭയെ വിവിധ മേഖലകളില്‍ പുരോഗതിയിലേക്കാനയിച്ചു. സഭയില്‍ സമാധാനത്തിണ്റ്റെയും ഐക്യത്തിണ്റ്റെയും ചൈതന്യം വളര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മനുഷ്യബന്ധങ്ങളില്‍ സ്നേഹവും സൌമ്യതയും സൌഹൃദവും പുലര്‍ത്തിയിരുന്ന വര്‍ക്കിപ്പിതാവ്‌ വിശാലഹൃദയനും എല്ലാവര്‍ക്കും അഭിഗമ്യനുമായിരുന്നു. പാണ്ഡിത്യവും നിഷ്കളങ്കതയും അദ്ദേഹത്തില്‍ വിളങ്ങിയിരുന്നു. കര്‍ദിനാളെന്ന പദവിയില്‍ മാര്‍പാപ്പയോട്‌ ചേര്‍ന്ന്‌ സാര്‍വ്വത്രികസഭയ്ക്കും അദ്ദേഹം നിസ്തുല സേവനം നല്‍കിയെന്നു മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.

സഭയ്ക്കുവേണ്ടി ആകുലപ്പെട്ട പിതാവ്‌: മാര്‍ ബോസ്കോ പുത്തൂറ്‍

അവസാന നിമിഷം വരെയും സഭയ്ക്കു വേണ്ടി ആകുലപ്പെട്ട പിതാവാണു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്നു സീറോ മലബാര്‍ സഭ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍. കഴിഞ്ഞ ൨൫നു റോമില്‍ പോകുന്നതിനു മുമ്പായി വര്‍ക്കി പിതാവിനെ കണ്ടിരുന്നു. വളരെ ക്ഷീണിതനായിരുന്നു പിതാവെങ്കിലും ഞങ്ങളുടെ റോമ യാത്ര നന്നായി നടക്കാനും പരിശുദ്ധ പിതാവുമായി നേരത്തെ സംസാരിച്ച കാര്യങ്ങള്‍ നടപ്പിലാക്കിക്കിട്ടാന്‍ വേണ്ട നടപടികള്‍ ഉണ്ടാകാനും പിതാവ്‌ പ്രത്യാശ പ്രകടിപ്പിച്ചതായി മാര്‍ പുത്തൂറ്‍ അനുസ്മരിച്ചു. ഇന്നലെ മാര്‍പാപ്പയെ കാണുന്നതിനായി മുറിയില്‍ ചെന്നപ്പോള്‍ പരിശുദ്ധ പിതാവ്‌ തന്നെ അനുശോചനവും നമ്മുടെ സഭയോടുള്ള വാത്സല്യവും അറിയിച്ചു. അഭിവന്ദ്യ കര്‍ദിനാള്‍ പിതാവിനു വേണ്ടി തന്നോടൊപ്പം പ്രാര്‍ഥിക്കാനായി പരിശുദ്ധ പിതാവ്‌ ആവശ്യപ്പെട്ടു. പരിശുദ്ധ പിതാവിനോടൊപ്പം വര്‍ക്കി പിതാവിണ്റ്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. സഭയുടെ അതിവിശ്വസ്തനായ ഒരു പുത്രന്‍ എന്നാണു മാര്‍പാപ്പ വര്‍ക്കി പിതാവിനെ വിശേഷിപ്പിച്ചത്‌. സഭയിലുള്ള എല്ലാവര്‍ക്കും പിതാവിണ്റ്റെ വാത്സല്യം അറിയിക്കുന്നതായി എന്നോടു പറയുകയുണ്ടായി. സീറോ മലബാര്‍ സഭ വലിയ ദുഃഖത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ ക്രൂശിതനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിച്ചുകൊണ്ട്‌ നമുക്കു മുന്നേറാം.

കര്‍ദിനാളിണ്റ്റെ ജീവിതാദര്‍ശം ദൈവാശ്രയബോധത്തില്‍ അധിഷ്ഠിതമായ ആഴമേറിയ ആത്മീയത ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌

ദൈവാശ്രയബോധത്തില്‍ അധിഷ്ഠിതമായ ആഴമേറിയ ആത്മീയതായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ജീവിതാദര്‍ശം. പതിമൂന്നു വര്‍ഷം അഭിവന്ദ്യ പിതാവുമായി ഒന്നിച്ചു ജീവിച്ചതിണ്റ്റെ അനുഭവം വളരെ സംതൃപ്തിയുള്ള ഒന്നായിരുന്നു. പിതാവ്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനായി ഉത്തരവാദിത്തം ഏറ്റെടുത്ത ഉടനെ എന്നെ വികാരി ജനറാളായി നിയമിച്ചു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ്‌ സഹായ മെത്രാനായി ഉയര്‍ത്തി അതിരൂപതാ ഭരണത്തില്‍ പുതിയ ചുമതല ഏല്‍പ്പിച്ചു. പിതാവിനോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും വലിയ ആത്മീയ അനുഭവമായപിതാവിണ്റ്റെപ്രാര്‍ഥനാ ജീവിതം ഞങ്ങള്‍ക്കെന്നും മാതൃകയായിരുന്നു. അതിരൂപതാ കാര്യങ്ങളില്‍ മാത്രമല്ല സീറോ മലബാര്‍ സഭ മുഴുവത്തിണ്റ്റെയും വലിയ ഉത്തരവാദിത്തങ്ങളില്‍ പിതാവ്‌ വലിയ ശ്രദ്ധയോടെ തണ്റ്റെ ചുമതലകള്‍ നിറവേറ്റി. എല്ലാ വിശ്വാസികളുടെയും ആത്മീയ കാര്യത്തില്‍ ഒരു ഇടയനടുത്ത ശ്രദ്ധയോടെയും താത്പര്യത്തോടെയും പിതാവ്‌ ഇടപെടുകയും വിശ്വസ്തനായ ഒരു കാര്യസ്ഥനെപ്പോലെ പിതാവ്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ലളിതമായ ജീവിത ശൈലിയായിരുന്നു പിതാവിണ്റ്റേത്‌. എല്ലാവരോടും സൌമ്യതയോടെയും സന്തോഷത്തോടെയും പെരുമാറി. പാവപ്പെട്ട മനുഷ്യരോടു പിതാവിന്‌ പ്രത്യേകമായ താത്പര്യവും വാത്സല്യവും ഉണ്ടായിരുന്നു. അവരോട്‌ ഒരു പ്രത്യേക പരിഗണന കാണിക്കണമെന്നു പിതാവ്‌ ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. വലിയ ആദര്‍ശധീരതയും നീതിബോധവും പിതാവിനുണ്ടായിരുന്നു. അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും വലിയ നഷ്ടം തന്നെയാണ്‌ ഈ അപ്രതീക്ഷിത വിയോഗം. വന്ദ്യ പിതാവിണ്റ്റെ നിര്യാണ വാര്‍ത്ത പരിശുദ്ധ പിതാവ്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയെ ഞാനും ബോസ്ക്കോ പിതാവും സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പിതാവും നേരിട്ട്‌ കണ്ടറിയിച്ചപ്പോള്‍ അദ്ദേഹം നമ്മുടെ ദു:ഖത്തില്‍ അനുശോചിക്കുകയും വര്‍ക്കി പിതാവിണ്റ്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിതാവ്‌ കൊളുത്തി തന്ന സ്നേഹത്തിണ്റ്റെയും കൂട്ടായ്മയുടെയും ദീപം നമുക്കെന്നും കെടാതെ സൂക്ഷിക്കാം.

സഭയുടെ വളര്‍ച്ചയ്ക്കു നല്‍കിയ നേതൃത്വം അതുല്യം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ദേഹവിയോഗത്തില്‍ കെസിബിസി അധ്യക്ഷനും തൃശൂറ്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഭയുടെ സമീപകാലത്തെ സത്വരവളര്‍ച്ചയ്ക്ക്‌ അദ്ദേഹം നല്‍കിയ നിര്‍ണായക നേതൃത്വം അതുല്യമാണ്‌. കേരളസഭയ്ക്കു ശക്തമായ നേതൃത്വം നല്‍കിയ വിതയത്തില്‍ പിതാവ്‌ സഭയെ ആത്മീയമായി പരിപോഷിപ്പിച്ചു. സഭൈക്യത്തിനായി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌. ലത്തീന്‍, മലങ്കര റീത്തുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അദ്ദേഹമാണ്‌ അവസരമൊരുക്കിയത്‌. പിതാവിനെ കൂട്ടായ്മയുടെ ഇടയശ്രേഷ്ഠന്‍ എന്നു പലരും വിശേഷിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. ആഴത്തിലുള്ള പാണ്ഡിത്യവും നിഷ്കളങ്കമായ പെരുമാറ്റവും എല്ലാവരോടും സൌഹാര്‍ദം പുലര്‍ത്താനുള്ള വിശാലമനസും അദ്ദേഹത്തിണ്റ്റെ സവിശേഷതയാണ്‌. കേരളത്തിലെ വിശ്വാസികള്‍ക്കും മെത്രാന്‍മാര്‍ക്കും അദ്ദേഹം നല്‍കിയ മാര്‍ഗദര്‍ശനങ്ങള്‍ അമൂല്യമാണ്‌. കേരളസഭയിലെ വിശ്വാസികള്‍ക്കും മെത്രാന്‍മാര്‍ക്കും വേണ്ടി പ്രാര്‍ഥനാപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി കെസിബിസി അധ്യക്ഷന്‍ വത്തിക്കാന്‍ സിറ്റിയില്‍നിന്ന്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൃശൂറ്‍ അതിരൂപതയോടും സന്യസ്തരോടും വിശ്വാസികളോടും അതിരൂപതയിലെ സ്ഥാപനങ്ങളോടും വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന പിതാവിണ്റ്റെ വിയോഗം തൃശൂറ്‍ അതിരൂപതയ്ക്കും വലിയ നഷ്്ടമാണുണ്ഠാക്കിയതെന്നും മാര്‍ താഴത്ത്‌ പറഞ്ഞു. റോമില്‍ ആദ്‌-ലിമിന സന്ദര്‍ശനം നടത്തുന്ന തൃശൂറ്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും അനുശോചനം അറിയിച്ചു. തൃശൂറ്‍ അതിരൂപതയുമായി പൈതൃകബന്ധം പുലര്‍ത്തിയിരുന്ന വര്‍ക്കിപ്പിതാവ്‌ എന്നും വലിയ വഴികാട്ടിയായിരുന്നുവെന്ന്‌ ആര്‍ച്ച്ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി അനുസ്മരിച്ചു

ദൈവം നല്‍കിയ ഇടയന്‍; മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവാ

ശ്രേഷ്ഠാചാര്യനു മലങ്കര സുറിയാനി കത്തോലിക്കാസഭയുടെയും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിണ്റ്റെയും (സിബിസിഐ) പ്രാര്‍ഥനാനിര്‍ഭരമായ ആദരാഞ്ജലികള്‍. സീറോ-മലബാര്‍സഭയിലെ വന്ദ്യപിതാക്കന്‍മാര്‍ റോമില്‍ ആദലിമിനാ സന്ദര്‍ശനം നടത്തുകയും പരിശുദ്ധ പിതാവിനെ ഔദ്യോഗികമായി സന്ദര്‍ശിച്ചു വരുകയുമാണല്ലോ. ദിവംഗതനായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ പിതാവിണ്റ്റെ ജന്‍മശതാബ്ദിയുടെ തുടക്ക ദിവസമാണു മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവു യാത്രയായത്‌. ഭാരതസഭയ്ക്കും കേരള സഭയ്ക്കും നമ്മുടെ പൊതുസമൂഹത്തിനും വന്ദ്യ വര്‍ക്കിപ്പിതാവു നല്‍കിയ അനുഗൃഹീതമായ നേതൃത്വത്തിനു ഹൃദയംഗമമായ കൃതജ്ഞത. സ്നേഹവും സേവനവും സംലഭ്യതയും സഭയ്ക്കും സമൂഹത്തിനും ആവോളം നല്‍കിയ ഈ ഇടയശ്രേഷ്ഠണ്റ്റെ അനുഗൃഹീത വ്യക്തിത്വത്തിണ്റ്റെ സജീവ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ സുവിശേഷത്തിണ്റ്റെ സജീവത്വം അതില്‍ പ്രതിഫലിക്കുന്നതു കാണാം. തണ്റ്റെ സന്യാസസമൂഹം ഏല്‍പ്പിച്ച വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ സൂക്ഷ്മത യോടെ നിര്‍വഹിച്ചുവരുമ്പോഴാണു സീറോ-മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ തലവനും പിതാവും ആകാനുള്ള ദൈവികനിയോഗം അദ്ദേഹത്തി നുണ്ടായത്‌. പൌരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാനോന്‍ നിയമസംഹിതയുടെ ക്രോഡീകരണത്തില്‍ ക്രിയാത്മകമായി പങ്കുവഹിച്ചതിനുശേഷം ദീര്‍ഘകാലം വിവിധ ദൈവശാസ്ത്ര പാഠശാലകളില്‍ അദ്ദേഹം പ്രഗത്ഭനായ അധ്യാപകനായിരുന്നു. ഈ മേഖലകളില്‍ വ്യാപരിക്കുമ്പോഴും അതിനുമപ്പുറം ഒരു ചരിത്രനിയോഗം ദൈവം അദ്ദേഹത്തിനായി ഒരുക്കിവച്ചിരുന്നു എന്നു വിശ്വസിക്കാനാണ്‌ ഇത്തരുണത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌. അധികമാരും പ്രതീക്ഷിക്കാതെയാണ്‌ അഭിവന്ദ്യ തിരുമേനി സീറോ-മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്ററും തുടര്‍ന്ന്‌ പരമാധ്യക്ഷനുമായി അവരോധിക്കപ്പെട്ടത്‌. വിശ്വസ്തനായ ഭൃത്യണ്റ്റെ ഉപമയില്‍ നാം വായിക്കുന്നതുപോലെ അല്‍പകാര്യങ്ങളില്‍ വിശ്വസ്തരായവരെ അനേകകാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവനാണല്ലോ പരമകാരുണ്യവാനായ ദൈവം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മന സില്‍ ആദ്യം ഓടിയെത്തുന്നത്‌ അദ്ദേഹത്തിണ്റ്റെ ലാളിത്യമാണ്‌. വിതയത്തില്‍ തിരുമേനി ഒരു തികഞ്ഞ സന്യാസശ്രേഷ്ഠനായിരുന്നു. സ്വയം വരിച്ച സന്യാസ ജീവിതനിഷ്ഠ അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചു. ആര്‍ക്കും ഏതുസമയവും അദ്ദേഹം സംലഭ്യനായിരുന്നു. പ്രത്യക്ഷത്തില്‍ കലുഷിതം എന്നു തോന്നുന്ന സാഹചര്യങ്ങളെപ്പോലും തണ്റ്റെ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. അപാരമായ ഹൃദയവിശാലതയുടെ ഉടമയായിരുന്നു വര്‍ക്കിപ്പിതാവ്‌. അദ്ദേഹത്തിണ്റ്റെ ലാളിത്യം വെളിവാക്കുന്ന അവസരങ്ങള്‍ അനവധിയുണ്ട്‌. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്‌ ആ വലിയ മനുഷ്യണ്റ്റെ മനസില്‍ ഒരിടം സൂക്ഷിച്ചിരുന്നു. ലാളിത്യം അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു.ഉന്നതമായ ജീവിത വീക്ഷണവും ലളിതമായ ജീവിതവും - ഈ വിശേഷണത്തിനു സമകാലീന സമൂഹത്തില്‍ ഉത്തമ ഉദാഹരണമാണു വര്‍ക്കി വിതയത്തില്‍ പിതാവ്‌. പണ്ഡിതനും പാമരനും ആ സ്നേഹസാഗരത്തില്‍നിന്ന്‌ ആവോളം നുകര്‍ന്ന്‌ സായൂജ്യമടഞ്ഞു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എന്ന മനുഷ്യസ്നേഹി നമ്മുടെ സമൂഹത്തില്‍ അവശേഷിപ്പിക്കുന്ന വിടവ്‌ വളരെ വലുതാണ്‌. ഒരു ശ്രേഷ്ഠപുരോഹിതണ്റ്റെ ജീവിതം പ്രാര്‍ഥനയ്ക്കും കൂദാശാനുഷ്ഠാനങ്ങള്‍ക്കുമായി മാറ്റിവയ്ക്കപ്പെട്ടതാണല്ലോ. അദ്ദേഹം ഒരു ദൈവിക മനുഷ്യനാണെന്ന്‌ എനിക്കു നിസംശയം പറയാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോടുള്ള അദ്ദേഹത്തിണ്റ്റെ ഭക്തി അപാരമായിരുന്നു. രോഗാവസ്ഥയിലായിരിക്കുമ്പോഴും അദ്ദേഹം തന്നെ വിളിച്ചു വേര്‍തിരിച്ച്‌ അനുഗ്രഹിച്ചവനോടുള്ള വിശ്വസ്തത അഭംഗുരം തുടര്‍ന്നു. തണ്റ്റെ അവസാന നിമിഷങ്ങളില്‍പ്പോലും ആ പതിവു തെറ്റിയില്ല. "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിച്ചുകൊള്ളണമേ എന്ന പ്രാര്‍ഥന അഭിവന്ദ്യ തിരുമേനിയുടെ ജീവിതത്തില്‍ അന്വര്‍ഥമായി. അപാരമായ ദൈവാശ്രയം കൈമുതലായവര്‍ക്കുമാത്രം നിര്‍വഹിക്കാവുന്ന ശുശ്രൂഷകളാണ്‌ അഭിവന്ദ്യ പിതാവ്‌ തണ്റ്റെ ജീവിതത്തിലുടനീളം നിര്‍വഹിച്ചത്‌. തന്നില്‍ നിറഞ്ഞുനിന്ന ദൈവാനുഭവത്തിണ്റ്റെ, ദൈവവുമായുള്ള സ്നേഹബന്ധത്തിണ്റ്റെ, ബഹിര്‍സ്ഫുരണങ്ങളായിരുന്നു അദ്ദേഹത്തിണ്റ്റെ പ്രസംഗങ്ങളും സന്ദേശങ്ങളും. ഞങ്ങളുടെ സംഘത്തില്‍ നിന്നു തിരുസന്നിധാനത്തിലേക്കു യാത്രയായിരിക്കുന്ന സ്നേഹനിധിയായ വിതയത്തില്‍ പിതാവേ, അങ്ങേക്ക്‌ ഏറെ ഇഷ്ടപ്പെട്ട മലങ്കര ആരാധനക്രമത്തിലെ ഒരു പ്രാര്‍ഥന അങ്ങേക്കുവേണ്ടി അര്‍പ്പിക്കട്ടെ: ഭാഗ്യവാനായ ഞങ്ങളുടെ പിതാവേ, സമാധാനത്തോടെ പോകുക... സന്തോഷകരമായ മണവറയില്‍ ഇനി അങ്ങയെ ഞങ്ങള്‍ കാണുമാറാകട്ടെ

വിനയത്തിണ്റ്റെ കൈയൊപ്പ്‌, അനുരഞ്ജനത്തിണ്റ്റെ സുവിശേഷമായ ജീവിതം: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

സഭയിലും സമൂഹത്തിലും അനുരഞ്ജനത്തിണ്റ്റെ സുവിശേഷമാവുകയെന്നതു തണ്റ്റെ ജീവിതദൌത്യമാക്കിയ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഹൃദയവിശാലതയും തുറവിയും എല്ലാവരോടുമുള്ള സ്നേഹവായ്പും ഭിന്നാഭിപ്രായക്കാരെപ്പോലും ഉള്‍ക്കൊള്ളാനുള്ള സന്‍മനോഭാവവും വരുംതലമുറകള്‍ക്കും മാതൃകയാവുമെന്നു വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഫ്രാന്‍സിസ്കല്ലറയ്ക്കല്‍.
"എല്ലാവരെയും ഉള്‍ക്കൊള്ളുകയും എല്ലാവരോടും സഹിഷ്ണുത കാട്ടുകയും ചെയ്യുമ്പോള്‍ത്തന്നെ, കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളില്‍ അല്‍പം പോലും വെള്ളംചേര്‍ക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല എന്ന സത്യവും വിസ്മരിക്കപ്പെട്ടുകൂടാ. സീറോ മലബാര്‍ സഭയ്ക്കു വരാപ്പുഴ അതിരൂപതയുമായുള്ള ചരിത്രബന്ധത്തെ അദ്ദേഹം വളരെയധികം വിലമതിച്ചിരുന്നു. നല്ല അയല്‍ക്കാരന്‍ എന്നാണ്‌ അദ്ദേഹം എന്നെ വിളിച്ചിരുന്നത്‌. അദ്ദേഹവും എനിക്ക്‌ എല്ലാ അര്‍ഥത്തിലും നല്ല അയല്‍ക്കാരന്‍ തന്നെയായിരുന്നു. നിത്യപുരോഹിതനായ യേശു അദ്ദേഹത്തിനു നിത്യസമ്മാനം നല്‍കട്ടെ".

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തു

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. അദ്ദേഹത്തിന്‌ 84 വയസായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന്‌ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പത്തിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‍എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍. ബ്രോഡ്‌ വേയില്‍ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്‌ ചാപ്പലില്‍ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ലിസി ആശുപത്രിയില്‍നിന്നു വൈദ്യസംഘം എത്തി പ്രഥമശ്രുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും ചെയ്തെങ്കിലും രണ്ടോടെ അന്ത്യമുണ്ടായതായി ലിസി ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍, എറണാകുളം-അങ്കമാലി അതിരൂപത പ്രോവികാരി ജനറാള്‍ റവ.ഡോ.ജോസ്‌ പുത്തന്‍വീട്ടില്‍, ചാന്‍സലര്‍ ഫാ.വര്‍ഗീസ്‌ പൊട്ടക്കല്‍, സഭാ വക്താവ്‌ റവ.ഡോ.പോള്‍ തേലക്കാട്ട്‌ എന്നിവര്‍ അറിയിച്ചു. റോമില്‍ മാര്‍പാപ്പയുമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആദ്‌ ലിമിന കൂടിക്കാഴ്ചയിലായിരിക്കുന്ന സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ തിരിച്ചെത്തിയ ശേഷമായിരിക്കും സംസ്കാര കര്‍മങ്ങള്‍. അതിരൂപതാ ആസ്ഥാന ദേവാലയമായ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലായിരിക്കും അന്ത്യവിശ്രമം. ഭൌതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സിനഡ്‌ ചേര്‍ന്നു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരിനായിരിക്കും സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേഷന്‍ ചുമതല. പതിവുപോലെ ഉച്ചഭക്ഷണത്തിനു മുമ്പായി 12ന്‌ അതിമെത്രാസനമന്ദിരത്തിലെ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തു വിശുദ്ധ കുര്‍ബാന സ്വീകരിച്ചശേഷമാണ്‌ അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ലിസി ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.റോണി മാത്യു കടവിലിണ്റ്റെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ ചികിത്സയും അദ്ദേഹത്തിനു നല്‍കി. വൈകിട്ട്‌ 4.20നു ഭൌതികശരീരം പൊതുദര്‍ശനത്തിനായി ലിസി ആശുപത്രിയിലെ ചാപ്പലില്‍ എത്തിച്ചു. അഞ്ചു വരെ പൊതുദര്‍ശനത്തിനു വച്ച ഭൌതികശരീരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട്‌ ആയിരങ്ങളാണ്‌ അന്ത്യാഞ്ജലി അര്‍പ്പിച്ചത്‌. മതമേലധ്യക്ഷന്‍മാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും വൈദികരും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും സാധാരണക്കാരും ആശുപത്രിയിലെ രോഗികളും വലിയ പിതാവിനെ അവസാന നോക്കു കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. അഞ്ചോടെ ഭൌതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു ഭൌതിക ശരീരം അങ്കമാലിയിലെത്തിച്ചത്‌. ഇടയശ്രേഷ്ഠണ്റ്റെ ഭൌതികശരീരം അങ്കമാലിയിലേക്കു കൊണ്ടുവരുമെന്ന വാര്‍ത്ത കേട്ടറിഞ്ഞു വാന്‍ വിശ്വാസി സമൂഹമാണ്‌ അങ്കമാലിയിലേക്ക്‌ ഒഴുകിയെത്തിയത്‌. നാലു മുതല്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി കോമ്പൌണ്ടില്‍ ക്ഷമയോടെ കാത്തുനിന്ന ജനാവലിയുടെ മധ്യത്തിലേക്ക്‌ ആറോടെ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം വന്നുനിന്നു.ശീതീകരിച്ച മുറിയിലേക്കു മാറ്റുന്നതിനു മുമ്പു പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ഒപ്പീസും നടത്തി. വിശ്വാസി സമൂഹത്തിന്‌ ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൌകര്യവും ഒരുക്കിയിരുന്നു.