Monday, March 29, 2010
Wednesday, March 24, 2010
മനസ് നിറയെ ദൈവചിന്തയുണ്ടാകണം: മാര്‍ തോമസ് ചക്യത്ത്
ദൈവചിന്ത നിറഞ്ഞുനില്ക്കുമ്പോള് മാത്രമേ ദൈവത്തിന്റെ പ്രമാണങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യസമൂഹത്തിന്റെ മനസ് നിറയെ അതുകൊണ്ടുതന്നെ ദൈവചിന്തയുണ്ടാകണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത സഹായ മെത്രാന് ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉത്ബോധിപ്പിച്ചു. ഫോര്‍ട്ടുകൊച്ചി വെളി വിശുദ്ധ ജോണ്‍ വിയാനി നഗറില്‍ നടന്നുവരുന്ന വചന വിസ്മയം 2010 സായാഹ്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഷാജി തുമ്പച്ചിറയില്‍ കണ്‍വന്‍ഷനില്‍ പ്രഘോഷണം നടത്തി. ഫാ. ജോഷി മയ്യാറ്റില്‍ ആന്തരിക സൗഖ്യ ശുശ്രൂഷ നടത്തി. നാലാം ദിവസമായ ഇന്നു നടക്കുന്ന ദിവ്യബലിക്ക് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോയി ചെമ്പേരിയില്‍ വചന പ്രഘോഷണം നടത്തും. ഫാ. വി.പി.ജോസഫ് വലിയവീട്ടില്‍ ആന്തരിക സൗഖ്യ ശുശ്രൂഷ നടത്തും.
Tuesday, March 23, 2010
മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തരുത്: കെസിബിസി
മതസ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി രാഷ്ട്രീയവത്കരിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം സ്വീകാര്യമല്ലെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി അഭിപ്രായപ്പെട്ടു. നിരീശ്വരവാദ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മത-ധര്‍മ സ്ഥാപനങ്ങളെയും ഈശ്വരവിശ്വാസികളെയും പീഡിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഭരണപരിഷ്കാരങ്ങളിലൂടെ ദൈവവിശ്വാസം ഉന്മൂലനം ചെയ്യാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മതവിശ്വാസത്തെയും ഈശ്വരവിശ്വാസികളെയും ബാധിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ മതനേതാക്കളോടും വിശ്വാസികളുടെ പ്രതിനിധികളോടും ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും സമവായം ഉണ്ടാക്കുവാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു. ഹൈന്ദവ സഹോദരങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയും അവരുടെ നേതാക്കളുമായി ആലോചിക്കാതെയുമാണ് പുതിയ ദേവസ്വം ബില്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നതെങ്കില്‍ അത് ഉചിതമല്ല. പുതിയ നിയമങ്ങളിലൂടെ വിശ്വാസ പ്രമാണങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ന്യായീകരിക്കാനാവില്ല. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതനുസരിച്ച് ഈശ്വരവിശ്വാസികളെ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കാനും നടപ്പാക്കാനും ദൈവവിശ്വാസികള്‍ക്കും ആത്മീയ നേതൃത്വത്തിനുമാണ് അവകാശമുള്ളതെന്ന് കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
നീതിബോധമുള്ളവരായി ജീവിക്കുക: ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
ജീവിത വിശുദ്ധിക്ക് ശാന്തിയും സമാധാനവും കാരുണ്യവും അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍. ഫോര്‍ട്ട്കൊച്ചി വിശുദ്ധ ജോണ്‍ വിയാനി നഗറില്‍ നടന്നുവരുന്ന വചനവിസ്മയം-2010 സായാഹ്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യേശുദേവന്റെ നിര്‍മലമായ പാത പിന്തുടര്ന്നുകൊണ്ട് നീതിബോധമുള്ളവരായി ജീവിക്കണമെന്നും മെത്രാപ്പോലീത്ത ആയിരക്കണക്കിന് വരുന്ന വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഫാ. നെല്‍സണ്‍ ജോബ് കളപ്പുരക്കല്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തി. റവ.ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. ജോണ്സണ് ചിറമേല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ് മാക്കോതകത്ത്, ഫാ. മാര്ട്ടിന് ഡിലീഷ്യസ്, ഫാ. ആന്റണി വലിയവീട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ അരോജ് എന്നിവര്‍ ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു. മൂന്നാംദിവസമായ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷാജി തുമ്പച്ചിറയില്‍ വചനപ്രഘോഷണം നടത്തും. ഫാ. ജോഷി മയ്യാറ്റില്‍ ആന്തരിക സൗഖ്യശുശ്രൂഷ നടത്തും.
Monday, March 22, 2010
മദ്യക്കോള: പ്രക്ഷോഭം തുടങ്ങുമെന്ന് കെസിബിസി
മദ്യക്കോള വിതരണത്തിനു കേരളത്തില്‍ അനുമതി നല്കുകയാണെങ്കില് ഇടതുപക്ഷ സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കേരളത്തില്‍ മദ്യക്കോള വിപണനത്തിന് മുന്നോടിയായി മദ്യക്കമ്പനികള്‍ നിലവിലുള്ള മദ്യത്തിന്റെ അതേപേരില്‍ കോളകള്‍ വിപണിയിലിറക്കിയ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ നിര്‍വാഹകസമിതി അടിയന്തരമായി സമ്മേളിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യപാനത്തിന് അടിമകളാക്കുന്ന നീക്കമാണ് മദ്യക്കോള. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഐക്യജനാധിപത്യ മുന്നണിയും തങ്ങളുടെ മദ്യനയം പ്രഖ്യാപിക്കണമെന്നു കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Wednesday, March 17, 2010
മനുഷ്യജീവിതത്തിന്റെ നിയമങ്ങള്‍ ബൈബിളില്‍ നിന്നാകണം: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
മനുഷ്യജീവിതത്തിന്റെ നിയമങ്ങള്‍ ബൈബിളില്‍ നിന്നായിരിക്കണമെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പറഞ്ഞു. കാക്കൂര്‍ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയില്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനും ഊട്ട്നേര്ച്ചക്കും മുന്നോടിയായി കുരിശുപള്ളി മൈതാനിയില്‍ ആരംഭിച്ച ത്രിദിന ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിലേക്കുള്ള വഴിയാണ് ദൈവവചനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വികാരി ഫാ. ജോസ് വടക്കേക്കുറ്റ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാനസാന്തരവും വചനാധിഷ്ഠിത ജീവിതവും എന്ന വിഷയത്തില്‍ റവ. ഡോ. തോമസ് ജെ. പറയിടം വചനപ്രഘോഷണം നടത്തി. ഫാ. ജിനേഷ് മങ്കന്താനം ദിവ്യബലിയര്‍പ്പിച്ചു. ഇന്ന് വൈകുന്നേരം 4.45-ന് നൊവേന, വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് കുറ്റിയാങ്കല്‍, 5.45-ന് ഗാനശുശ്രൂഷ, ആറിന് കുടുംബജീവിതവും വിശുദ്ധ കുര്‍ബാനയും എന്ന വിഷയത്തില്‍ ഫാ. നെല്‍സണ്‍ ജോബ് വചനപ്രഘോഷണം നടത്തും. ഒമ്പതിന് ആരാധന, 9.30-ന് സമാപനം.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു
‘വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 20 മുതല്‍ 22 വരെ സമ്മേളിക്കുന്ന മൂന്നാമത് സീറോ മ ലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്കായുള്ള മാര്‍ഗരേഖ പുറത്തിറക്കി. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് കോപ്പി നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരും ബിഷപ്പുമാരായ മാര്‍ ജോ സഫ് കല്ലറങ്ങാട്ട്, മാര്‍ ബോസ്കോ പുത്തൂര്‍, കൂരിയാ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാനോനിക സഭാസമ്മേളനമാണ് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ അസംബ്ലി. 1998ലും,2004-ലുമാണ് മുന്‍പ് അസംബ്ലി നടന്നത്. 36 ലക്ഷം വിശ്വാസികളുള്ള സീറോമലബാര്‍ സമൂഹത്തിലെ 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സഭയുടെ 46 മെത്രാന്മാരും, 9,000 വൈദികരുടേയും 41,836 സന്യസ്തരുടേയും പ്രതിനിധികളും അസംബ്ലിയില്‍ പങ്കെടുക്കും. സീറോമലബാര്‍ സഭയിലെ അല്മായരും വൈദികരും സന്യസ്തരുമടങ്ങുന്ന 15 അംഗ വിദഗ്ധ സമിതിയാണു രൂപരേഖ തയാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം നല്‍കിയത്. ഫാ. ജോസഫ് തൊണ്ടിപറമ്പില്‍, ഫാ. മാത്യു ഇല്ലത്തുപറമ്പില്‍, ഫാ. പോള്‍ തേലക്കാട്ട്, പ്രഫ. ലീനാ ജോസ്.ടി , പ്രഫ. കെ.എം. ഫ്രാന്‍സിസ് എന്നിവരടങ്ങിയ അഞ്ചംഗ സമിതിയാണു കരടു തയാറാക്കിയത്. മാര്‍ഗരേഖ എല്ലാ വിശ്വാസികളുടെയും പഠനത്തിനും ,അഭിപ്രായത്തിനുമായി സമര്‍പ്പിക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കണ്‍വീനറായും, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അംഗങ്ങളായും, ഫാ. ജെസ്റ്റിന് വെട്ടുകല്ലേല്‍ സെക്രട്ടറിയായും ഫാ. ജയിംസ് കല്ലുങ്കല്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന പത്തംഗ കമ്മിറ്റിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കുന്നത്.
Monday, March 15, 2010
ജനദ്രോഹപരമായ മദ്യനയം ആവിഷ്ക്കരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
ജനദ്രോഹപരമായ മദ്യനയം ആവിഷ്ക്കരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതാ വാര്‍ഷിക സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ജനക്ഷേമത്തിനും ജനഹിതത്തിനും അനുസൃതമായുള്ള ഭരണമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. ജനങ്ങളെ മദ്യാസക്തിയിലേക്ക് നയിക്കുന്ന മദ്യനയമല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേരള സമൂഹത്തില്‍ തിന്മകള് പെരുകുന്നതിന് മുഖ്യകാരണം മദ്യാസക്തിയാണ്. ഘട്ടഘട്ടമായി മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ വിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മദ്യവിരുദ്ധ പോരാട്ടം ഏറ്റവും മികച്ച സാമൂഹികസേവനമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ വച്ച് മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സമ്മാനിച്ചു. മികച്ച ഫൊറോനയ്ക്കുള്ള അവാര്‍ഡ് കൊരട്ടി ഫൊറോനയ്ക്കും മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിക്കും സമ്മാനിച്ചു. ചാണ്ടി ജോസ് പള്ളിപ്പുറത്തിന് മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ചു. അതിരൂപതയിലെ ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ ലഭിച്ച ഫ്രാന്‍സിസ് കൊമരോത്ത്, സിസ്റ്റര്‍ മേരി ജോണ്‍ എഫ്സിസി, സിസ്റ്റര്‍ മേരി കരിമ്പനാക്കുഴി എഫ്സിസി, സിസ്റ്റര്‍ അലീസ്യാ എഫ്സിസി, സിസ്റ്റര്‍ കൊര്സീന എസ്എബിസി, സിസ്റ്റര്‍ റോസ് കാതറിന് എസ്എബിസി, സിസ്റ്റര്‍ പ്ലാസിഡ് എസ്എബിസി എന്നിവരെ ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റവ.ഫാ പോള്‍ കാരാച്ചിറ, സി.ജോണ്‍കുട്ടി, എന്നിവര്‍ പ്രസംഗിച്ചു.
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് വലുതാകാനുള്ള ശ്രമം: ഡോ. സൂസപാക്യം
വലുതാകാന്‍ ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ചെറുതാകുന്നതാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നും തിരുവനന്തപുരം അതിരൂപത ആര്‍ച്ചുബിഷപ് ഡോ. സൂസ പാക്യം. അനന്തപുരി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിനമായ ഇന്നലെ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്്നങ്ങള്‍ക്കും ഒരു പരിഹാരമേയുള്ളൂ; യേശു. എങ്ങനെ ചെറുതാകണം എന്നു കാണിക്കാനാണ് യേശു ലോകത്തിലേക്ക്് വന്നത്. തന്നത്താന്‍ താഴ്ത്തപ്പെടുന്നവന്‍ ദൈവത്താല്‍ ഉയര്‍ത്തപ്പെടും എന്നും തന്നത്താന്‍ ഉയര്ത്തപ്പെടുത്തവന് താഴ്ത്തപ്പെടും എന്നുമാണ് വചനം. കുരിശു മരണം വരെ അനുസരണയുള്ളവനായി യേശു തന്നെത്തന്നെ താഴ്ത്തി. വിശുദ്ധ പൗലോസ് പറയുന്നത് യേശുവിന്റെ മനോഭാവം നമ്മിലും ഉണ്ടാവണം എന്നാണ്. യേശുവിന്റെ മനോഭാവം എത്രമാത്രം നമുക്കുണ്ടോ അത്രയും നമുക്ക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ജീവിതം സേവനം ആണെന്ന് യേശു പഠിപ്പിക്കുന്നു. ഇതു നാം മനസിലാക്കിയാല്‍ അധികാരത്തിനുള്ള വടംവലി ഇല്ലാതാകും. ചെറുതാകാന്‍ വിഷമം ഉണ്ടാവുകയുമില്ല. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന് എല്ലാവരുടേയും ശുശ്രൂഷകന് ആയിരിക്കണം എന്ന് യേശു പറയുന്നു. ആ മാതൃക ശിഷ്യരുടെ കാലുകള്‍ കഴുകി തുടച്ചുകൊണ്ട് അവിടുന്ന് കാണിച്ചു തരികയും ചെയ്തു. തന്റെ ഈ മാതൃക പിന്തുടരാന് യേശു ശിഷ്യരോടു പറയുന്നു. ചെറുതാകാന്‍ വളരെ പ്രയാസമാണ്. അതിന് നാം ഏറെ വളരേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. നമ്മുടെ എല്ലാ വിശപ്പും ശമിപ്പിക്കുന്ന അപ്പമാണ് യേശു എന്ന്് തുടര്‍ന്ന് സന്ദേശം നല്കിയ ഫാ.ജോര്‍ജ്് പനയ്ക്കല്‍ പറഞ്ഞു. യേശുവിനെ സ്വീകരിക്കുമ്പോള്‍ ഓരോരുത്തരും ദൈവത്തിന്റെ പുത്രനാണ് എന്ന അനുഭവത്തിലേക്ക് കടന്നുവരുന്നു. ഇതാണ് ക്രിസ്തീയ ആത്മീയതയുടെ ഉള്ളടക്കം എന്നും അദ്ദേഹം പറഞ്ഞു. സമാപനദിനമായ ഇന്നലെ ദിവ്യകാരുണ്യപ്രദക്ഷിണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ പൂര്‍ത്തിയായത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ച് മെഴുകു തിരികള്‍ കത്തിച്ച് ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടുമെന്ന് പ്രഖ്യാപിച്ചാണ് കണ്വന്ഷന് അവസാനിച്ചത്.
Saturday, March 13, 2010
മനുഷ്യരെ ദൈവികരാക്കാന് യത്നിക്കുക: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
ദൈവം മനുഷ്യനായി അവതരിച്ചത് മനുഷ്യരെ ദൈവികരാക്കുന്നതിനു വേണ്ടിയാണെന്നും ഓരോ മനുഷ്യനും ദൈവത്തിന്റെ ഈ രക്ഷാകര പ്രവര്‍ത്തനത്തില്‍ എക്കാലവും വ്യാപൃതരാകണമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. കെ.സി.ബി.സി.യുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി. ഈ വര്‍ഷം സംഘടിപ്പിച്ച വിവിധ കോഴ്സുകളിലെ വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ദൈവശാസ്ത്ര, മനഃശാസ്ത്ര കോഴ്സുകളുടെയെല്ലാം ലക്ഷ്യം മനുഷ്യരിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മേഖലകള്‍ വിശാലമാക്കുകയെന്നതാണ്. സാമൂഹിക വിമോചനവും, ദൈവവിശ്വാസവും ഉള്‍ച്ചേര്‍ന്ന പ്രത്യയശാസ്ത്രങ്ങളുടെ യഥാവിധിയുള്ള പഠനം തീര്‍ച്ചയായും നമുക്കു ചുറ്റും ജീവിക്കുന്നവരിലേക്ക് നന്മയുടെ പ്രകാശം പരത്താന്‍ മനുഷ്യരെ സഹായിക്കുക തന്നെ ചെയ്യും - ബിഷപ് പറഞ്ഞു. സ്വയം നന്നാവുക മാത്രമല്ല, ആ സ്വയംബോധ്യങ്ങള്‍ നല്കുന്ന ഹൃദയതുറവിയിലൂടെ അനേകരെ ദൈവത്തിലേയ്ക്ക് നയിക്കാന്‍ പി.ഒ.സി. സംഘടിപ്പിച്ചിട്ടുള്ള കോഴ്സുകള്‍ പ്രയോജനപ്പെട്ടതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നായി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. റവ. ഡോ. മരിയാന് അറയ്ക്കല്‍ (പ്രീഫെക്ട് ഓഫ് സ്റ്റഡീസ്), റവ. ഡോ. സ്റ്റീഫന്‍ ആലത്തറ (ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, കെ.സി.ബി.സി.), റവ. ഡോ. ജേക്കബ് പ്രസാദ് (പ്രസിഡന്റ്, സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ആലുവ), മിസ് ഷിനി മോള്, ടോം സിറിയക് എന്നിവര്‍ പ്രസംഗിച്ചു.
മത-ശാസ്ത്ര സമന്വയം ഇന്നിന്റെ ആവശ്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മതവും ശാസ്ത്രവും സമന്വയിച്ച് ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാനവരാശിയുടെ പുരോഗതി സാധ്യമാകൂവെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന മതശാസ്ത്ര സംവാദം സംബന്ധിച്ച ദേശീയ സെമിനാറില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ഭാരതം മതശാസ്ത്ര സഹകരണത്തിന്റെയും പൗരാണിക പാരമ്പര്യങ്ങളുടെയും നാടാണെന്ന് സ്വാമി വാമദേവാനന്ദ അഭിപ്രായപ്പെട്ടു. ഡോ. ടി.വി മുരളീവല്ലഭന്‍, ഹാജി മുഹമ്മദ് സക്കീര്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. അഗസ്റ്റിന് പാമ്പ്ലാനി, ഡോ. കെ.എസ് മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എല്‍സാ ടോം, ഡോ. സണ്ണി കുര്യാക്കോസ്, ഡോ. ജോമി അഗസ്റ്റിന്, ഡോ. കെ.പി ഫിലോമിന, ഡോ. സിബി ജയിംസ്, ഡോ. ഐസണ്‍ വഞ്ചിപ്പുര, ഡോ. ജെം മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പ്രിന്‍സിപ്പല്‍ ഡോ. കെ.കെ ജോസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍, ബര്‍സാര്‍ ഫാ. മാത്യു കുര്യന് കാവനാടിമലയില്‍, റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് എന്നിവര്‍ നേതൃത്വം നല്കി.
ബൊക്കെക്കും റീത്തിനും വേണ്ടിയല്ല വോട്ടുചെയ്തത്: മാര്‍ ആനിക്കുഴിക്കാട്ടില്‍
മരിക്കുമ്പോള്‍ റീത്തുവയ്ക്കാനും വിവാഹത്തിന് ബൊക്കെ നല്‍കാനുമല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കും ലോകസഭയിലേക്കും അയയ്ക്കുന്നതെന്ന് ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ആത്മഹത്യ ചെയ്താല്‍ 50000 രൂപ കിട്ടും. ഇതിനുവേണ്ടിയാണ് നമ്മള് ഇവിടെ ജീവിക്കുന്നതെന്ന വിചാരമാണ് രാഷ്ട്രീയക്കാര്‍ക്ക്. അങ്ങനെ ഒരു ജീവിതം ഇനിയും നമുക്കു വേണ്ടെന്ന് കുടിയേറ്റ കര്‍ഷകന്റെ രണ്ടാംതലമുറയിലെ അംഗംകൂടിയായ ബിഷപ് പറഞ്ഞു. കുടിയേറ്റകാലത്ത് പനയുടെ നൂറ് ഇടിച്ചെടുത്ത് അടയുണ്ടാക്കി കഴിച്ച് വിശപ്പടക്കിയ ഗതകാലത്തേക്ക് ബിഷപ്പിന്റെ ഓര്മ പെട്ടന്ന് പോയപ്പോള്‍ ബിഷപ്പിന്റേതടക്കം പലരുടേയും കണ്ഠം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തു. കൊടിയ പട്ടിണിയും രോഗവും ദുരിതവും മാത്രം നിറഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ വിശപ്പടക്കാന്‍ ധാന്യം വിളയിക്കാന്‍ അരവയര്‍ നിറച്ച് തൃപ്തിയടഞ്ഞവരെ കാട്ടുകള്ളന്മാരായി ആക്ഷേപിക്കുന്ന നവീന സര്‍ക്കാരുകളുടെ നടപടി പൊറുപ്പിക്കാനാകില്ല. ജില്ലയുടെ ഭൂമിശാസ്ത്രം ചോദിച്ചപ്പോള്‍ വിസ്തീര്‍ണം അറിയാമെന്നുപറഞ്ഞ ജില്ലാ ഭരണാധികാരിയേയും ബിഷപ് പരിഹസിച്ചു. വാച്ചുനോക്കാന് അറിയാത്ത ബംഗാളിലെ കുട്ടികളല്ല ഇവിടെയുള്ളത്. ജില്ലയുടെ വിസ്തീര്‍ണം ഇവിടുത്തെ സ്കൂള്‍ കുട്ടികള്‍ക്കുപോലുമറിയാം. ജില്ലയുടെ കൈവശഭൂമിയും റവന്യുഭൂമിയും വനഭൂമിയും എത്രയെന്ന് അറിയാത്ത ജില്ലാ ഭരണകൂടം കൈയേറ്റത്തേക്കുറിച്ച് കൂകിവിളിക്കുന്നതിലെ ആത്മാര്ഥതയേയും ബിഷപ് ചോദ്യംചെയ്തു. ജില്ലയില്‍ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയുണ്ട്. ഇവിടെ പ്രകടനം നടത്തിയ കാല്‍ലക്ഷം പേരില്‍ ഒരാളെങ്കിലും കൈയേറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു സര്‍ക്കാരിനും ആകില്ലെന്നും ബിഷപ് പറഞ്ഞു.
ജീവന്മരണ സമരത്തിനായുള്ള കാഹളം മുഴങ്ങി: മാര്‍ മാത്യു അറയ്ക്കല്‍
ഹൈറേഞ്ചിലെ മനുഷ്യരുടെ ജീവന്മരണ പോരാട്ടത്തിനുള്ള കാഹളം മുഴങ്ങിയതായി മാര്‍ മാത്യു അറയ്ക്കല്‍. കുടിയേറ്റ കര്‍ഷകരുടെ അവസാന ആശ്വാസശബ്ദമാണ് ഇപ്പോള്‍ മുഴങ്ങുന്നത്. മൂന്നാറില്‍ ഇടിച്ചുപൊളിച്ചത് മാന്യതയല്ല, കാടത്തമാണ്. അനധികൃതമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ മുതല്‍കൂട്ടണം. ഇടിച്ചുപൊളിച്ച കെട്ടിടങ്ങള്‍ യഥാര്‍ഥ പട്ടയസ്ഥലത്തും നിയമാനുസൃതവുമാണെന്ന് തെളിഞ്ഞാല്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇങ്ങനെ സംഭവിച്ചാല്‍ നമ്മള് നല്കുന്ന നികുതിപണം നഷ്ടപരിഹാരമായി നല്കി സംസ്ഥാനം കുത്തുപാളയെടുക്കും. മൂന്നാര്‍ കൈയേറ്റവും ഹൈറേഞ്ചിലെ കുടിയേറ്റവും തമ്മില്‍ ബന്ധിപ്പിച്ച് യഥാര്‍ഥ കര്‍ഷകരെ ദ്രോഹിക്കുന്നത് അനുവദിക്കാനാകില്ല. ഇവിടെ എത്രയോ പട്ടയമേളകള്‍ നടന്നു. പട്ടയമേളകള്‍ നടത്തിയവരൊക്കെ ഇപ്പോള്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. പട്ടയം എന്നെഴുതിയ കടലാസല്ല നമുക്ക് വേണ്ടത്. പൂര്‍ണ അവകാശത്തോടുകൂടിയ ഭൂമിയുടെ രേഖയാണ്. ഉപാധികളോടെയുള്ള പട്ടയങ്ങള്‍ തിരസ്കരിക്കും.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന താത്പര്യം കേരളത്തിലെ രാഷ്ട്രീയക്കാര്‍ കണ്ടുപഠിക്കണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.
Friday, March 12, 2010
ലത്തീന്‍ ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കണം: ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം
ലോകത്തിലെ മൂന്ന് ക്ലാസിക്കല്‍ ഭാഷകളില്‍ ഒന്നായിട്ടും ലത്തീന്‍ ഭാഷയ്ക്ക് അവഗണനയാണെന്നും വേണ്ടവിധത്തില്‍ പരിപോഷിപ്പിക്കപ്പെടുന്നില്ലെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ.സൂസപാക്യം അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാലയും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ലത്തീന്‍ വകുപ്പും സംയുക്തമായി, ലത്തീന്‍ ഭാഷയും ലോക സംസ്കാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലത്തീന്‍ ഒരു വിദേശ ഭാഷയല്ല. അതിന്റെ പ്രാധാന്യം ഇല്ലാതായിട്ടുമില്ല. താന്‍ ജനിച്ചുവളര്‍ന്നതുതന്നെ സാധാരണക്കാര്‍ ലത്തീന്‍ പ്രാര്‍ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്ന ഒരു സമൂഹത്തിലാണ്. തന്റെ ഗ്രാമത്തില്‍ ലത്തീന്‍ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. ഒരുകാലത്ത് ലോകമെമ്പാടും ഉപയോഗിച്ചിരുന്നതായിട്ടും ഇന്ന് കത്തോലിക്കാ സഭ മാത്രമാണ് ലത്തീന്‍ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത്. വൈദികപഠന കാലത്ത് അവധിക്കു വരുമ്പോള്‍ ലത്തീന്‍ ശരിക്കു പഠിക്കുന്നുണ്ടോ എന്നറിയാന്‍ തന്റെ പിതാവ് ലത്തീന്‍ സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. ഉന്നതപഠന കാര്യത്തില്‍ ഭാഷകളും ആര്‍ട്സ് വിഷയങ്ങളും അവഗണിക്കപ്പെടുകയാണെന്നും ഈ അവസ്ഥ മാറണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എ. ജയകൃഷ്ണന് അധ്യക്ഷനായിരുന്നു. സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.സണ്ണി ജോസ്, സിന്‍ഡിക്കറ്റംഗം ഡോ. സിറിള്‍ ജോണ്സണ് എന്നിവരും പ്രസംഗിച്ചു. പ്രഫ. ഇവാന്ജെലിന് ശാന്തി സ്വാഗതവും സെന്റ് സേവ്യേഴ്സ് കോളേജ് ലത്തീന്‍ വിഭാഗം മേധാവി റവ.ഡോ.ദാസപ്പന് നന്ദിയും പറഞ്ഞു. പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവരും പങ്കെടുത്തു.
കള്ളില്ലാത്ത നാട്ടില്‍ വ്യാജക്കള്ള് വില്ക്കാന് റ്റോഡി പാര്‍ലറുകള്‍: കെസിബിസി മദ്യവിരുദ്ധ സമിതി
സംസ്ഥാനത്തെ മുഴുവന്‍ തെങ്ങുകളും പനകളും ചെത്തിയാലും മുഴുവന്‍ സമയവും വില്‍ക്കാനുള്ള കള്ള് ഷാപ്പുകളില്‍ കിട്ടില്ലെന്നിരിക്കെ ജില്ലാടിസ്ഥാനത്തില്‍ വ്യാജകള്ള് നിര്‍മിച്ച് വില്‍ക്കുവാനാണ് പുതിയ ടോഡി പാര്‍ലറുകള്‍ അനുവദിക്കുന്ന അബ്കാരി നയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. തൊഴില്‍ സംരക്ഷിക്കാന്‍ കള്ളില്ലാതെ കള്ള് വില്‍ക്കപ്പെടുന്ന സമ്പ്രദായം നിര്‍ത്തിവയ്ക്കണം. ദൂരപരിധി ലംഘിച്ചും കള്ളിലാതെ വന്നതിനാല്‍ 2002 ല്‍ നിര്‍ത്തലാക്കിയ ഷാപ്പുകള്‍ പുനരാരംഭിച്ച നടപടി പിന്‍വലിക്കണം. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഷാപ്പുകളും ഉപഷാപ്പുകളും എല്ലാം നമ്പരിട്ട് ഷാപ്പുകളായി മാറിയിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ എത്ര ഷാപ്പുകള്‍ ഉണ്ടെന്നും ഷാപ്പുകളില്‍ ഇതിനുള്ള കള്ള് എവിടെനിന്നു ലഭിക്കുന്നു എന്നുള്ളതും കള്ളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്താണെന്നും പൊതുജനത്തിന് വ്യക്തമാക്കിക്കൊടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.25 ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഏകദിന ഉപവാസം നടത്തും.ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, ഡോ.സെബാസ്റ്റ്യന്‍ ഐക്കര, ആന്റണി ജേക്കബ്, സിസ്റ്റര്‍ ജോവിറ്റ, യോഹന്നാന് ആന്റണി, സാറാമ്മ ജോസഫ്, ജോബ് കാട്ടുകടവില്, ടി.എല്‍ പൗലോസ്, തോമസ് ചെറിയാന്, ജോയിംസ് കൊറമ്പേല്‍, മാത്യു എം. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Thursday, March 11, 2010
നേട്ടങ്ങളെയും പുരോഗതിയെയും ദൈവത്തിന്റെ കരവേലയായി മനസിലാക്കണം: മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
മനുഷ്യനുണ്ടാകുന്ന നേട്ടങ്ങളെ ദൈവത്തിന്റെ കരവേലയായി കാണാന്‍ കഴിയണം. ലോകത്തിലുണ്ടാകുന്ന വികസനത്തെയും പുരോഗതിയെയും മനുഷ്യകരങ്ങളുടെ വിസ് മയമായി മാത്രം കണ്ടാല്‍ ആത്മീയ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. അഞ്ചാമത് അനന്തപുരി ബൈബിള്‍ കണ്വന്ഷന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. വളര്‍ച്ചയുടെ വേഗത കണ്ട് സ്തംഭിച്ച്, ലോകത്തിനുണ്ടാകുന്ന മാറ്റം കണ്ട് നിശ്ചലരായി നില്‍ക്കുകയാണ് നാം. സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ മനുഷ്യബുദ്ധിയുടെ മികവായി അതിനെ കാണുകയാണ് നാം. ഇതെല്ലാം മനുഷ്യന്റെ നേട്ടമായി കാണുമ്പോള്‍ ദൈവത്തിന്റെ കരവേലയെ മറക്കാന്‍ സാധ്യതയുണ്ട്. ജീവിതം മുഴുവന്‍ കര്‍ത്താവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്ന സമര്‍പ്പണം നമ്മിലുണ്ടാകണം. മനുഷ്യനായി അവതരിച്ച വചനത്തെ സ്വീകരിക്കാനും ജീവിക്കാനും അനുഭവത്തിലാക്കി സാക്ഷ്യം നല്‍കാനും നമുക്ക് കഴിയണം. ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നത് ഒരുമിച്ചാകുന്നുവെന്ന് വചനം പറയുന്നു. ദൈവത്തിന്റെ ജീവന് ലഭിച്ചത് മനുഷ്യന് മാത്രമാണ്.മറ്റുള്ളവയെ സൃഷ്ടിച്ചപ്പോള്‍ നന്നായിരിക്കുന്നു എന്നു മാത്രം പറഞ്ഞ ദൈവം മനുഷ്യ സൃഷ്ടി പൂര്‍ത്തിയായപ്പോള്‍ വളരെ നന്നായിരിക്കുന്നു എന്നു പറഞ്ഞു. തന്റെ ഛായയും സാദൃശ്യവുമാകുന്ന ജീവമുദ്ര നല്‍കിയാണ് മനുഷ്യസൃഷ്ടി നടത്തിയത്.ഇത്രവലിയ സ്നേഹം, ഔദാര്യം, കരുണ മനുഷ്യനോട് മാത്രമാണ് ദൈവംകാണിച്ചത്.ദൈവഭയം അകല്ച്ചകൊണ്ടുണ്ടാകുന്നതല്ല, സ്നേഹം കൊണ്ടുണ്ടാകുന്നതാണ്.
കുടുംബങ്ങളില്‍, കൂട്ടായ്മകളില്‍, ഇടവകകളില്‍, വിശാലസമൂഹത്തില്‍, രാജ്യത്തുടനീളം സമാധാനവും സന്തുഷ്ടിയും കുറഞ്ഞുപോകുന്നതിനു പിന്നില്‍ ദൈവസ്നേഹവും ദൈവഭയവും ഇല്ലാത്തതാണ് കാരണം. ദൈവസ്നേഹം മറന്ന് മറ്റുള്ള അനന്തസാധ്യതകളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ ഏറ്റവും വലിയ സൃഷ്ടിയായ മനുഷ്യന്റെ സന്തോഷം സന്തുലനാവസ്ഥ, സംതൃപ്തി എന്നിവ കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണാന്‍ കഴിയുന്നതായി കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിന്റെ പ്രഭാവം പോലെതന്നെയാണ് അവിടുത്തെ കാരുണ്യവുമെന്ന് വചനം പറയുന്നു.വചനത്തിന്റെ സമൃദ്ധിയില്‍ ഹൃദയങ്ങളെ ഉയര്‍ത്താനുള്ള അവസരമായി കണ്‍വന്‍ഷനെ കാണണമെന്ന് കാതോലിക്കാ ബാവ നിര്‍ദേശിച്ചു. ജീവിതക്രമത്തിന്റെ വിശുദ്ധീകരണവും വിപുലീകരണവും മൂല്യങ്ങളുടെ വീണ്ടെടുക്കലുമാണ് വചനം പ്രഘോഷിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്.ത്രീത്വം നല്കുന്ന മാതൃക കൂട്ടായ്മയുടേതാണ്. ഈ കൂട്ടായ്മയിലാണ് വചനം പ്രഘോഷിക്കപ്പെടുന്നത്. ഇത് ദൈവത്തിന്റെ ശക്തിമൂലം സംഭവിക്കുന്നതാണ്.ഏതാനും വൈദികര്‍ക്കുവേണ്ടി മാര്‍പാപ്പ നടത്തിയ ആഹ്വാനമല്ല വൈദികവര്ഷാചരണം. സഭയുടെ ശുശ്രൂഷകള്‍ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണത്. യുഗാന്ത്യത്തോളം നമ്മോടൊത്തു വസിക്കുന്ന മിശിഹാ സ്ഥാപിച്ച തിരുസഭയുടെ ദൗത്യത്തെക്കുറിച്ച് ,ശുശ്രൂഷകളെക്കുറിച്ച്, ബലഹീനരായ വൈദികരിലൂടെ ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതിന്, അവര്‍ക്കുവേണ്ടി പ്രാര്‍ഥനയുടെ കരങ്ങള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള അവസരമാണിതെന്ന് കാതോലിക്കാ ബാവ പറഞ്ഞു. കേരളത്തിലെ കത്തോലിക്കാസഭയില്‍ പുതുതായി അഭിഷിക്തരാകുന്ന വൈദിക മേലധ്യക്ഷന്മാര്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും കാതോലിക്കാ ബാവ അഭ്യര്‍ഥിച്ചു.
മലയോരജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: കെസിബിസി
സ്വന്തം ഭൂമിയില്‍ കൈ യേറ്റക്കാരെന്ന ദുഷ്പേരും പേറി പ്രവാസികളെ പോലെ ജീവിക്കുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്കാ മെത്രാന് സമിതി. മലയോര കര്‍ഷകരുടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം ഇടതുപക്ഷ സര്‍ക്കാരിന്റെ അനാസ്ഥയും രാഷ്ട്രീയക്കാരുടെ സ്ഥാപിത താത്പര്യങ്ങളും ഉദ്യോഗസ്ഥ മേധാവികളുടെ തെറ്റിദ്ധാരണകളും തെറ്റായ നടപടികളുമാണ്. നാനൂറിലേറെ വര്‍ഷത്തെ ചരിത്രമുള്ള മലയോര ജനത നിലനില്‍പ്പിനായി സംസ്ഥാന സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. 1968നു മുന്‍പ് കൃഷിക്കാര്‍ക്കു പതിച്ചു നല്‍കുന്നതിനായി റവന്യൂവകുപ്പിനു കൈമാറിയ ഭൂമിക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കു കീഴില്‍ പട്ടയം നല്‍കുക, 1.1.1977 മുന്‍പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും ഉപാധികളില്ലാതെ പട്ടയം നല്‍കുക, 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടങ്ങളിലെ ഭൂമി കൈമാറ്റം തടയുന്ന 15-ാം ചട്ടം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, മലയോര മേഖലയിലെ മുഴുവന്‍ ഭൂമിയും സര്‍വേ നടത്തി റവന്യൂ സെറ്റില്‍മെന്റ് നടത്തുക, സിഎച്ച്ആര്‍ കേസില്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്ങ് മൂലത്തിലെ പിഴവുകള്‍ തിരുത്തി കേസ് കര്‍ഷകര്‍ക്കനുകൂലമായി തീര്‍പ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. മലയോര മേഖലയെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നും ഭൂമി കൈമാറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നുമുള്ള റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തിരുത്തുക, കര്‍ഷക വിരുദ്ധമായ മുഴുവന്‍ നിയമങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുക, പാരമ്പര്യസ്വത്തായി കിട്ടിയ ഭൂമിയില്‍ അന്തസായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ക്കും പരിഹാരം ആവശ്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,് ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജനകീയ പ്രശ്നങ്ങളില്‍ സഭ ഇടപെടല്‍ ശക്തമാക്കണം: അല്മായ കമ്മീഷന്
ജനകീയ പ്രശ്നങ്ങളില്‍ ഭരണ നേതൃത്വങ്ങള്‍ ജനദ്രോഹ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സഭയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പരിചരണം എന്നീ പ്രാഥമിക മേഖലകളില്‍ പോലും ഫലവത്തായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രീയ നാടകങ്ങളിലൂടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്- അല്മായ കമ്മീഷന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം കേരളത്തെ വന്‍ നാശത്തിലേക്ക് നയിക്കും. ഹൈറേഞ്ചിലെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധം ആത്മഹത്യാപരമാണെന്നും അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ വി.സി സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാനുള്ള നീക്കം അപലപനീയം: എകെസിസി
ധ്യാനകേന്ദ്രങ്ങളെ കരിതേച്ചു കാണിക്കുവാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് എകെസിസി. എട്ടാംക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ഉത്തരത്തിലൂടെ ആതമീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനകേന്ദ്രങ്ങളെ അന്ധവിശ്വാസം പഠിപ്പിക്കാനുള്ള സങ്കേതങ്ങളായി ചിത്രീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അപലപനീയമാണെന്നും കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട വീണ്ടും മറനീക്കി പുറത്തുവന്നിരിക്കയാണെന്ന് അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.സംസ്ഥാന പ്രസിഡന്റ് എം.ഡി ജോസഫ് മണ്ണിപറമ്പില്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പ്രഫ. കെ.കെ ജോണ്‍, ടോമി തുരുത്തിക്കര, ബിജു പറയനിലം, ബേബി പെരുമാലില്‍, ടോമിച്ചന് അയ്യല്കുളങ്ങര, സൈബി അക്കര, ബേബിച്ചന് ഏര്യ്യില്, മാത്യു മടുക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
Wednesday, March 10, 2010
സര്‍ക്കാരുമായി വിദ്യാഭ്യാസ ചര്‍ച്ച: സഭ വീഴ്ചവരുത്തിയിട്ടില്ലെന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള ചില നിര്‍ദേശങ്ങള്‍ സഭ നേരത്തെ മുന്നോട്ടുവച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഇക്കാര്യത്തില്‍ സഭയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി തുടര്‍ന്നും ക്രിയാത്മക ചര്‍ച്ചയ്ക്ക് സഭ സന്നദ്ധമാണ്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ പുതിയ കോഴ്സുകള്‍ അനുവദിക്കൂ എന്ന നിലപാടുകൊണ്ട് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുമ്പോള്‍ തുറന്ന ചര്‍ച്ചയും അഭിപ്രായ സമന്വയവും ആവശ്യമാണ്. മുമ്പത്തെ അപേക്ഷിച്ച് ചര്‍ച്ച ആവശ്യമാണെന്ന ഒരു ബോധ്യമെങ്കിലും ഇപ്പോള്‍ സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. ഇത് പ്രശ്നപരിഹാരത്തിനുള്ള അനുകൂല സാഹചര്യമായാണ് കാണുന്നത്. പ്രവേശന പരീക്ഷകളില്‍ സുതാര്യമായ മാര്‍ഗം സ്വീകരിക്കുന്നതിനെ സഭ സ്വാഗതം ചെയ്യുന്നു. അപാകതയുണ്ടെങ്കില്‍ പരിഹരിക്കണം. സര്‍ക്കാരുമായി സംഘട്ടനമില്ലാതെ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുപോലെതന്നെ സുതാര്യമായ ഒരു പ്രവേശനരീതിക്കൊപ്പം പഠനത്തിന് എല്ലാവര്ക്കും സാഹചര്യവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അവസരവും ഉണ്ടാകണമെന്നാണ് സഭയുടെ ആഗ്രഹവും നിലപാടും. നിര്‍ഭാഗ്യവശാല്‍ ഇത് ഇവിടെ സാധ്യമാകുന്നില്ല. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുഴുവന്‍ കുട്ടികളുടേയും പഠനച്ചെലവ് ഒരു വിഭാഗത്തിന്റെ മാത്രം ചുമലില്കെട്ടിവയ്ക്കുന്നത് ശരിയല്ല- അദ്ദേഹം പറഞ്ഞു.
ഭരണഘടനാവിരുദ്ധ വകുപ്പുകള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കാന്‍ ശ്രമം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി കോടതി റദ്ദു ചെയ്ത സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ വകുപ്പുകള്‍ ഇപ്പോഴും ബലംപ്രയോഗിച്ചു പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കി മന്ത്രി ഉത്തരവു പുറപ്പെടുവിച്ച് അസം ബ്ലിയില്‍ അറിയിച്ചെങ്കിലും മറ്റു മേഖലകളിലെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ സമാനമായ ഉത്തരവുകള്‍ നിലനില്‍ക്കുകയാണ്.ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നല്കുന്ന ലിസ്റ്റില്‍നിന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുകൊള്ളാമെന്നുള്ള കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ അഫിലിയേഷന് തുടര്‍ന്നു നല്‍കുകയുള്ളുവെന്ന എം.ജി. യൂണിവേഴ്സിറ്റിയുടെ ഉത്തരവ് അതുപോലെതന്നെ ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും കോടതിവിധികള്ക്കെതിരുമാണ്. കോളേജുകളില്‍ നടക്കുന്ന സ്വാശ്രയ കോഴ്സുകള്‍ തുടര്‍ന്നു നടത്തണമെന്നുണ്ടെങ്കിലും ഇതുപോലെ ഭരണഘടനാവിരുദ്ധവും കോടതിവിധികള്‍ക്കു വിരുദ്ധവുമായ കരാറുകള്‍ ഒപ്പുവയ്ക്കണമെന്ന ഉത്തരവും പിന്‍വലിക്കേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ ഭരണഘടനാവിരുദ്ധമായ കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ അവയുടെ അഫിലിയേഷന് റദ്ദുചെയ്തത് പുനസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അസംബ്ലിയില്‍ പ്രസ്താവിച്ചുവെങ്കിലും നടപ്പിലാക്കിയില്ല. കോടതി വിധികളിലൂടെയാണ് ഈ പീഡനം മറികടന്നത്. ഇപ്പോഴും സമാനമായ ഉത്തരവുകള്‍ യൂണിവേഴ്സിറ്റികള്‍ പുറപ്പെടുവിക്കുന്നത് ഖേദകരമാണ്. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ 50% അധ്യാപകരെ പ്രൊട്ടക്റ്റഡ് അധ്യാപകരില്‍ നിന്നു നിയമിക്കണമെന്ന ഉത്തരവും ന്യൂനപക്ഷ എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാത്തതും ഇതുപോലെ തന്നെ ഭരണഘടനാവിരുദ്ധവും അംഗീകരിക്കാനാവാത്തതുമായ നിലപാടുകളാണ്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നീക്കങ്ങള്‍ക്കെല്ലാം പരിഹാരം തേടി കോടതിയില്‍ പോയി സമയവും സമ്പത്തും നഷ്ടപ്പെടുത്തേണ്ട ഗതികേടിലാണ് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍. കേവല വാഗ്ദാനങ്ങള്‍ക്കുപകരം പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം: കമ്മീഷന് ആവശ്യപ്പെട്ടു.
Tuesday, March 9, 2010
സ്ത്രീയായതുകൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാലം കഴിഞ്ഞു: മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
സ്ത്രീയായതുകൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാലം കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.സ്ത്രീകള്‍ സമൂഹത്തിന്റെ സമ്പത്താണ്. സ്ത്രീയുടെ നന്മകള് പൊതു സമൂഹത്തിന് നേരിട്ട് ലഭിക്കുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സാര്‍വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് തമലം സേക്രഡ് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടത്തിയ മഹിളോത്സവം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു കാതോലിക്ക ബാവ. അമ്മ വീടിന്റെ വിളക്കാണ് എന്ന് പറഞ്ഞാല്‍ യൂറോപ്യന്‍കാര്‍ക്ക് മനസിലാകില്ല. അതെല്ലാം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. ഉത്തമമായ നേതൃത്വം നല്‍കുന്നതിന് സ്ത്രീ സമൂഹം സജ്ജരാകണം.സ്ത്രീ സംവരണം വരുന്നത് വഴി സമൂഹത്തിന് ഗുണപരമായ മാറ്റങ്ങളുണ്ടാകണം. മാനുഷികമൂല്യങ്ങള്‍ക്ക് ഒന്നാം സ്ഥാനം കല്പിക്കണം. അധികാരികള്‍ വരുമ്പോള്‍ എല്ലാവര്ക്കും അധികാരത്തിന്റെ കരുതല്‍ ഉണ്ടാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു. കുടുംബകാര്യങ്ങള്‍ മുതല്‍ രാജ്യഭരണം വരെ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയട്ടെ എന്നും കാതോലിക്ക ബാവ ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.വില്‍സണ്‍ തട്ടാരുതുണ്ടില്‍, കോര്പറേഷന് കൗണ്‍സിലര്‍ കെ.രാജശേഖരന്, ജില്ലാ വ്യവസായ കേന്ദ്രം എക്സ്റ്റംഗ്ഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഫാ.ശാന്തന് ചരുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹ്യ രംഗത്തേക്ക് സ്ത്രീകളുടെ കടന്നുവരവ് കൂടുതല്‍ ഉള്‍വെളിച്ചം പകരും: മാര്‍ തോമസ് ചക്യത്ത്
സാമൂഹിക സാംസ്ക്കാരിക രംഗത്തേക്ക് സ്ത്രീകള്‍ കൂടുതല്‍ കടന്നുവരുന്നതിലൂടെ ആ മേഖലകളില്‍ അഴിമതിയും അനീതിയും ഒഴിവാക്കി പുതിയ ഉള്‍വെളിച്ചം പകരാനാവുമെന്ന് എറണാകുളം- അങ്കമാലി സഹായ മെത്രാന് മാര്‍ തോമസ് ചക്യത്ത്. വെല്‍ഫയര്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോളതാപനത്തിനെതിരെ വീട്ടമ്മമാര്‍ എന്ന പദ്ധതിയുടെ എറാണാകുളം അതിരൂപതാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിരൂപതയിലെ എല്ലാ ദേവാലയ മുറ്റങ്ങിലും വീട്ടുമുറ്റങ്ങളിലും മരങ്ങള്‍ വളര്‍ത്തുന്നതിനുള്ള പദ്ധതി തയാറാക്കിവരുന്നതായും അദ്ദേഹം അറിയിച്ചു. വീട്ടമ്മമാര്‍ക്കുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. റവ. ഡോ.പോള്‍ തേനായന്‍ അധ്യക്ഷത വഹിച്ചു. ഭാരത്മാതാ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ലാലിയമ്മ ജോസ് വനിതാദിന സന്ദേശം നല്കി. സ്ത്രീ ശാക്തീകരണം എന്നാല്‍ പുരുഷന്മാരോടുള്ള മത്സരം എന്നല്ല അര്‍ഥമാക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത യുവജന കോ-ഓര്‍ഡിനേറ്റര്‍ സി. ജ്യോത്സ്ന, വെല്‍ഫയര്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, വെസ്കോ ക്രെഡിറ്റ് ജനറല്‍ മാനേജര്‍ ജോസ്് സെബാസ്റ്റ്യന്‍, റീജ്യണല്‍ ഓഫീസര്‍ എത്സി ആന്റണി എന്നിവര്‍ സംസാരിച്ചു.
ബജറ്റ് പ്രഖ്യാപനം ക്രൈസ്തവരെ അവഹേളിക്കാന്‍: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
കൊന്തയ്ക്കും കുര്‍ബാന കുപ്പായത്തിനും നികുതി ഇളവ് നല്‍കുമെന്ന സംസ്ഥാന ബജറ്റ് പ്രസംഗം ക്രൈസ്തവരെ കളിയാക്കുന്നതിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സിബിസിഐ വൈസ് പ്രസിഡന്റും കോതമംഗലം രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. മുതലക്കോടത്ത് എകെസിസി രൂപത സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊന്തയും തിരുവസ്ത്രവും അതാത് പ്രദേശത്തെ സന്യാസിനികളും വിശ്വാസികളും കൈത്തൊഴിലായി നിര്‍മിക്കുന്നതാണ്. ഇതിന് നികുതിയിളവ് പ്രഖ്യാപിച്ച ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയെന്താണെന്നും ബിഷപ് ചോദിച്ചു. സാക്ഷര കേരളത്തിന്റെ പുരോഗതിയ്ക്ക് 19 ശതമാനം വരുന്ന ക്രൈസ്തവരാണ് നിര്‍ണായക പങ്ക് വഹിച്ചത്. അമേരിക്കന്‍ നിലവാരമുള്ള ചികിത്സാ സൗകര്യം കേരളത്തിലും സാധ്യമാക്കിയത് ക്രൈസ്തവരാണ്. ക്രൈസ്തവരെ ഒറ്റപ്പെടുത്താനും അവഗണിക്കാനും സര്‍ക്കാര്‍ ഇത്രയും വ്യഗ്രത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബിഷപ് പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത സംഗമം എകെസിസി സംസ്ഥാന പ്രസിഡന്റ് ജോസഫ് മണ്ണിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്ന് പാരിസ്ഥിതിക പ്രശ്നമുയര്‍ത്തി കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമാഫിയയെ രക്ഷിക്കാന്‍ കര്‍ഷകരെ സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷററും രൂപത പ്രസിഡന്റുമാരായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറം, ജിബോയിച്ചന്‍ വടക്കന്‍, ഫാ. ജോസഫ് കോയിക്കക്കുടി, സിസ്റ്റര്‍ ഗ്ലാഡി, എം. മാത്തപ്പന്, സിസ്റ്റര്‍ മേഴ്സി കുര്യന്, ജോസുകുട്ടി മാടപ്പിള്ളില്‍, റോയ്സണ്‍ കുഴിഞ്ഞാലില്‍, ഡോ. ലിസി ജോസ്, ഷാജി ഓലിക്കല്‍, ടോമി തുരുത്തിക്കര എന്നിവര്‍ പ്രസംഗിച്ചു. സിബിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് സംഗമത്തില്‍ സ്വീകരണം നല്കി. സ‘യില്‍ അത്മായരുടെ വിളിയും ദൗത്യവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ടും സ‘യും അത്മായ നേതൃത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറവും ക്ലാസ് നയിച്ചു. പത്രപ്രവര്ത്തകന് ടി.സി മാത്യു, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. എകെസിസി പ്രവര്‍ത്തന രൂപരേഖ മാത്യു ജെ. ചാലില്‍ അവതരിപ്പിച്ചു.
Friday, March 5, 2010
സര്‍ക്കാര്‍ ഉത്തരവ് കോടതികളോടുള്ള വെല്ലുവിളി: കാത്തലിക് ഫെഡറേഷന്
ഹൈക്കോടതി റദ്ദാക്കി യ സ്വാശ്രയ നിയമത്തിലെ വിവാദ മായ എട്ടാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവ് നിയമ വ്യവസ്ഥയോടും കോടതികളോടുമുള്ള വെല്ലുവിളിയാണെന്ന് കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ. വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം ന്യൂനപക്ഷവിരുദ്ധ സമീപനത്തിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കോട്ടയത്തു ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ.പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ.മാണി പുതിയിടം, റവ.ഡോ.ടോം കുന്നുംപുറം, ഹെന്്റി ജോണ്‍, അഡ്വ.ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, കെ.സി ആന്റണി കിഴക്കേവീട്, ഡോ. ഐസക് ആന്റണി, ബിനില സജി എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം: കെസിബിസി മദ്യ വിരുദ്ധ സമിതി
പുതിയ മദ്യനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി നോര്‍ത്തേണ്‍ റീജണല്‍ സമ്മേളനം ആവശ്യപ്പെട്ടു. യുവതലമുറയെ മദ്യാസക്തിക്ക് അടിമയാക്കി നശിപ്പിക്കാന്‍ പുതിയ നയം ഇടവരുത്തും. ഇതിനെതിരേ കെസിബിസി സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
Wednesday, March 3, 2010
വാക്കും പ്രവൃത്തിയും ഒന്നാകുമ്പോള്‍ ദൈവസാന്നിധ്യം ഉണ്ടാകുന്നു: ഡോ. സൂസപാക്യം
വാക്കും പ്രവൃത്തിയും ഒന്നാകുമ്പോള്‍ അവിടെ ദൈവസാന്നിധ്യമുണ്ടാകുന്നു. ആ സാന്നിധ്യത്തില്‍ എല്ലാം പവിത്രവും ജീവസുറ്റതുമാകുന്നു. വചനം മാംസമാകുന്നു എന്ന വിശുദ്ധ വചനം സാര്‍ഥകമാകുന്നത് അപ്പോഴാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. ഇതിന്റെ ചൈതന്യവത്തായ മാതൃകയാണ് വൃക്ക രോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. ഡേവിസ് ചിറമ്മേലിന്റേത്. കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും. ത്യജിക്കുവാനുള്ള മനസുണ്ടാകുമ്പോഴാണ് വാക്ക് പ്രവര്‍ത്തിയായി പരിണമിക്കുന്നത്. വൃക്കരോഗം ബാധിച്ച് വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനും അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി അവരുടെ മനസിന്റെ നന്മകള് ഉണര്‍ത്തി അത് പ്രയോജനപ്പെടുത്താനും ചിറമേല്‍ നടത്തിയ കാരുണ്യയാത്ര പവിത്രമായി തീരുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ.ഡേവിസ് ചിറമേല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ മാനവ കാരുണ്യയാത്രയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ത്യാഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതിനിടയില്‍ കാഷ്ടപ്പാടിന്റേയും ദുരിതങ്ങളുടേയും നൂറു നൂറ് മുഖങ്ങളെയാണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ഫാ.ചിറമ്മേല്‍ പറഞ്ഞു. രാത്രി താന്‍ വിശ്രമിച്ചത് വൃക്കരോഗികളുടെ വീടുകളിലായിരുന്നു. ഒരു വീട്ടിലും ആനന്ദമില്ല. എവിടേയും ടി.വി.പ്രവര് ത്തിപ്പിക്കുന്നില്ല. എവിടേയും അവര്‍ പോകുന്നില്ല. കണ്ണീരിന്റേയും ഒടുങ്ങാത്ത സങ്കടങ്ങളുടേയും തുരുത്തുകളാണ് ഓരോ വീടും. ചികില്‍സാ ചെലവിന് കാശില്ലാതെ മരണത്തിലേക്ക് സ്വമേധയാ നടന്നടുക്കുന്നവരെ കണ്ടു. രോഗം ബാധിച്ച കുട്ടികളെ മടിയില്‍ കിടത്തി നിലവിളിക്കുന്നവരെ കണ്ടു. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതിന് മുമ്പ് അവരില്‍ പലരും മരിച്ചു എന്ന വാര്‍ത്തയും കേട്ടു. സങ്കടങ്ങളുടെ ഒരു മഹാസാഗരം കടന്നാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലുമാസം മുമ്പ് ഗോപിനാഥ് എന്നു പറയുന്നൊരാളിന് ഒരു വൃക്ക ദാനം ചെയ്തയാളാണ് ഞാന്‍. അതിന്റെ പേരില്‍ തനിക്ക് ഒരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. എന്നല്ല അനിര്‍വചനീയമായ സന്തോഷവും ഉണ്ട്. ദൈവം തനിക്ക് ജീവന് തരുമ്പോള്‍ തന്റെ ദൗത്യവും നിര്ണയിച്ചിട്ടുണ്ടാകും. അത് സന്തോഷപൂര്‍വം ചെയ്തു എന്നുമാത്രം. ത്യജിക്കുവാനുള്ള സന്നദ്ധതയേയാണ് ത്യാഗം എന്നു പറയുന്നത്. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമുക്കുള്ളത് ത്യജിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അര്‍ഥമുണ്ടാകുന്നത്. യാത്രയില്‍ വൃക്ക രോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കാന് കഴിഞ്ഞു. അതോടൊപ്പം രോഗം ബാധിച്ച് ദുഖിക്കുന്നവര്‍ സമൂഹത്തിന്റെ നിറഞ്ഞ സഹായം ആവശ്യപ്പെടുന്നു എന്ന് ബോധ്യമാക്കാനുമായി. യാത്രയില്‍ അറുപതു പേര് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നത് സമൂഹത്തില്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉറവ ഇനിയും വറ്റിയിട്ടില്ലെന്ന വലിയ അറിവ് തനിക്ക് പകര്‍ന്നു കിട്ടാനും ഇടയാക്കിയെ ന്ന് അദ്ദേഹം പറഞ്ഞു. ജലം നീരാവിയായി പോകുമ്പോള്‍ കടല്‍ സങ്കടപ്പെടുന്നതേയില്ല. കാരണം അത് കാരുണ്യത്തിന്റെ മഴയായി തിരിച്ചുവരുമെന്ന് കടലിനറിയാം. ഇങ്ങനെ എല്ലാത്യാഗങ്ങള്ക്കും ആത്മനിര്‍വൃതി പകരുന്നൊരു ഫലശ്രുതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം ഗായകന് കെ.ജെ യേശുദാസ് ഭദ്രദീപം കൊ ളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായിരുന്നു. സ്വാമി ഡോ.ലോകഹിതാനന്ദ, സൂര്യാകൃഷ്ണമൂര്‍ത്തി, ജേക്കബ് മണ്ണപ്രയില്‍ കോര്‍ എപ്പിസ്കോപ്പ, ഡോ.കാശിവിശ്വേശ്വരന്, ഡോ.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
Tuesday, March 2, 2010
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റ്; മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വൈസ് പ്രസിഡന്റ്
ഇന്ത്യയിലെ കത്തോലി ക്കാ മെത്രാന് സം ഘം (സിബിസിഐ) പ്രസിഡന്റായി മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാബാവയാണ് ഒന്നാം വൈസ് പ്രസിഡന്റ്. രണ്ടാം വൈസ് പ്രസിഡന്റായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും തെരഞ്ഞെടു ത്തു. സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗോഹട്ടിയില്‍ നടക്കുന്ന സിബിസിഐയുടെ 29-ാം ജനറല്‍ ബോഡി മീറ്റിംഗിനിടയില്‍ ഇന്നലെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുന്ന ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിലവില്‍ ഒന്നാം വൈസ് പ്രസിഡന്റായിരുന്നു. സിബിസിഐയുടെ രണ്ടാം വൈസ് പ്രസിഡന്റായിരുന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ജെര്‍വിസ്- ഓട്്സ്വിന്താ ദമ്പതികളുടെ മകനായി 1944ല്‍ മുംബൈയിലെ മാഹിമിലാണ് കര്‍ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ജനിച്ചത്. 1970 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.1997 ജൂണ്‍ 28ന് മുംബൈ അതിരൂപത സഹായമെത്രാനും 2000 സെപ്റ്റംബര്‍ ഏഴിന് ആഗ്രാ ആര്‍ച്ച്ബിഷപ്പുമായി നിയമിതനായി. 2006 ഒക്്ടോബര്‍ 16ന് മുംബൈ ആര്‍ച്ച്ബിഷപ്പായി നിയമിതനായ അദ്ദേഹത്തെ 2007 നവംബര്‍ 24ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി.
മല്ലപ്പള്ളി തോട്ടുങ്കല്‍ ടി.എം മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി 1959 ജൂണ്‍ 15ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ജനിച്ചു. 1986 ജൂണ്‍ 11ന് പൗരോഹിത്യം സ്വീകരിച്ചു. 1988ല്‍ ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1997ല്‍ റോമില്‍ നിന്ന് എക്യുമിനിസത്തില് ഡോക്ടറേറ്റ് നേടി. 2001 ഓഗസ്റ്റ് 15ന് തിരുവന ന്തപുരം അതിരൂപതാ സഹായ മെത്രാനായും വടക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് വിസിറ്ററായും 2003 സെപ്റ്റംബര്‍ 11 ന് തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പായും നിയമിതനായി. സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് 2007 ഫെബ്രുവരി 10ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പാ യും തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.
എറണാകുളം ജില്ലയില്‍ തഴുവംകുന്നില്‍ പുന്നക്കോട്ടില്‍ ജോസഫ്-മര്‍ത്ത ദമ്പതികളുടെ മകനായി 1936 സെപ്റ്റംബര്‍ 13ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ജനിച്ചു. 1961 ഒക്്ടോബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോരിയന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്്ടറേറ്റ് നേടിയ അദ്ദേഹം 1968ല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ അധ്യാപകനായി. മാര്‍ മാത്യു പോത്തനാംമൂഴിയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് 1977 ഏപ്രില്‍ 24ന് കോതമംഗലം രൂപത ബിഷപ്പായി നിയമിതനായി.
ഖാദി ഉത്പന്നങ്ങള്‍ മൂല്യങ്ങളുടെ പ്രതീകം: മാര്‍ ജോസഫ് പവ്വത്തില്‍
ഖാദി ഉത്പന്നങ്ങള്‍ മൂല്യങ്ങളുടെ പ്രതീകമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ശാസ്ത്രിറോഡിലെ ഖാദിഗ്രാമോദ്യോഗ് ഭവനില്‍ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള -ഖാദി ഗ്രാമോത്സവ്- ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭകര്‍ക്ക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെങ്കിലും വിപണനം ചെയ്യാന്‍ സാധിക്കാത്തത് സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉത്പാദനവും വിപണനവും കോര്ത്തിണക്കിക്കൊണ്ടുപോയാല് മാത്രമേ വ്യവസായ വളര്‍ച്ച സാധിക്കൂ. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഖാദി ഗ്രാമോത്സവ വേദികള്‍ മാറണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ചാസ് പ്രസിഡന്റ് മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ കെവിഐസി സംസ്ഥാന ഡയറക്ടര്‍ കെ.മോഹന്‍ രാജു മേള ഉദ്ഘാടനം ചെയ്തു. ചാസ് സെക്രട്ടറി ഫാ.ജേക്കബ് കാട്ടടി, ഫാ.അനില്‍ കരിപ്പിങ്ങാംപുറം, കോട്ടയം നഗരസഭാധ്യക്ഷ ബിന്ദു സന്തോഷ് കുമാര്‍, ജോണ്‍ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Monday, March 1, 2010
രാഷ്ട്രീയക്കാരില്നിന്നുള്പ്പെടെ പണം വാങ്ങി: ജോമോന്
അഭയാ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രമുഖ രാഷ്ട്രീയനേതാക്കളില്‍നിന്നും വിദേശ മലയാളികളില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ടെന്ന്് ജോമോന് പുത്തന്‍പുരയ്ക്കല്‍ സുപ്രീം കോടതിയെ അറിയിച്ചു. മൊത്തം 4,42,276 രൂപ സഹായമായും വേറെ ഒരു ലക്ഷം രൂപ വായ്പയായും നല്കിയ 43 പേരുടെ പട്ടിക ഇദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആറാം ക്ലാസില്‍ തന്റെ വിദ്യാഭ്യാസം മുടങ്ങിയെന്ന് ജോമോന് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ എംപി സുരേഷ് കുറുപ്പ്് അടക്കം ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വക്കീലന്മാര്ക്ക്് 2,27,000 രൂപ ഫീസ് നല്‍കിയെന്നും ജോമോന് വിശദീകരിച്ചിട്ടുണ്ട്. എസ്. കൃഷ്ണമൂര്‍ത്തി മാത്രം സൗജന്യമായാണ് നിയമസഹായം നല്‍കിയത്. അമേരിക്കന്‍ ഡോളറായും രൂപയായും കിട്ടിയ 20,000 മുതല്‍ 3,000 രൂപ വരെ സംഭാവനകള്‍ മാത്രമേ ആക്്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്റെ പട്ടികയിലുള്ളൂ. പി.സി ജോര്‍ജ് എംഎല്‍എയില്‍നിന്നു കിട്ടിയ ഒരു ലക്ഷം രൂപയുടെ വായ്പ പല തവണയായി തിരിച്ചുകൊടുത്തെന്നും വിശദീകരണമുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി നേതാക്കളായ പി.എസ് ശ്രീധരന്‍പിള്ള, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സിപിഎം നേതാക്കളും മുന്‍ മന്ത്രിമാരുമായ ടി.കെ രാമകൃഷ്ണന്, ലോനപ്പന് നമ്പാടന്, വര്‍ക്കല രാധാകൃഷ്ണന്, സാജു പോള്‍ എംഎല്‍എ, സേവ്യര്‍ അറയ്്ക്കല്‍, പി.സി ചെറിയാന് മടുക്കാനി, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി ജോര്‍ജ്, ടി.വി ഏബ്രഹാം, എന്‍സിപി നേതാക്കളായ മാണി സി. കാപ്പന്, തോമസ് ചാണ്ടി എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പണം നല്കി അഭയാകേസ് നടത്തിപ്പിനെ സഹായിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ക്കു പുറമേ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു, ജോസഫ് പുലിക്കുന്നേല്‍, ക്രൈം വാരിക എഡിറ്റര്‍ ടി.പി നന്ദകുമാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്. ബിഷപ്പുമാരായ പൗലോസ് മാര്‍ പൗലോസ്, യൂഹാനോന്‍ മാര്‍ ഫിലിക്സിനോസ്, വൈദികരായ കെ.എ ഏബ്രഹാം, തോമസ് വിരുത്തിയില്‍, കെ.വി പൗലോസ്, ജോസഫ് കൊച്ചുതാഴം എന്നിവരും ജോമോന് പണം നല്കി സഹായിച്ചവരുടെ പട്ടികയിലുണ്ട്. ഒരു ലക്ഷം വായ്്പയ്ക്കു പുറമേ പി.സി ജോര്‍ജ് 20,000 രൂപയും നല്‍കിയിട്ടുണ്ട്. ചെന്നിത്തല 15,000 രൂപ നല്കി. പിസി ചെറിയാന് മടുക്കാനിയും ക്രൈം നന്ദകുമാ റും 20,000 രൂപ നല്‍കിയവരുടെ പട്ടികയിലുണ്ട്. ലോനപ്പന് നമ്പാടന്, ടി.കെ രാമകൃഷ്ണന്, വര്‍ക്കല രാധാകൃഷ്ണന്, സാജു പോള്‍, തോമസ് ചാണ്ടി, മാണി സി. കാപ്പന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഇ.കെ ഹസന്‍കുട്ടി, യൂഹാനോന്‍ മാര്‍ ഫിലിക്സിനോസ്, ജോസഫ് പുലിക്കുന്നേല്‍, വഴിയച്ചന്, ഫാ. കെ.എ ഏബ്രഹാം തുടങ്ങിയവര്‍ 10,000 രൂപ വീതവും മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു, ശ്രീധരന്‍പിള്ള, പൗലോസ് മാര്‍ പൗലോസ്, സേവ്യര്‍ അറയ്ക്കല്‍, ടി.വി ഏബ്രഹാം, ഫാ. കൊച്ചുതാഴം തുടങ്ങിയവര്‍ 5,000 രൂപ വീതവുമാണ് നല്‍കിയത്. ജോമോനെതിരേ കേരള ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും ജോമോനോട് അന്വേഷണ വിഷയങ്ങളെക്കുറിച്ച് വിശദീകരണം നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പൗരനെന്ന നിലയിലുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് തന്നെക്കുറിച്ചുള്ള അന്വേഷണത്തിലെ വിഷയങ്ങളെന്ന് ജോമോന് പറയുന്നു. 2008 ഓഗസ്റ്റിലാണ് ജോമോനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരം പേരൂര്‍ക്കട ശാഖയില്‍ ഒരു സേവിംഗ്്സ് അക്കൗണ്ട് മാത്രമേയുള്ളൂ. ഇതില്‍ വെറും 1,100 രൂപയാണ് നീക്കിയിരുപ്പ്. കുടുംബസ്വത്തായി ആറു സെന്റ് സ്ഥലം മാത്രമാണ് കിട്ടിയത്. സ്വന്തമായി ബുക്ക് പ്രസിദ്ധീകരണ ശാല നടത്തുന്നതും ടെലിവിഷനുകളിലും മറ്റമുള്ള ചര്‍ച്ചകള്‍ക്കു കിട്ടുന്ന പ്രതിഫലവുമാണ് തന്റെ വരുമാനമെന്നും ജോമോന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്്. അമേരിക്കന്‍ മലയാളികളായ ജോസ് പുല്ലാപ്പള്ളി നല്കിയ 1,100 ഡോളറും ബിനു അലക്്സ് നല്കിയ 300 ഡോളറും മാത്രമാണ് വിദേശത്തുനിന്നു കിട്ടിയ സാമ്പത്തിക സഹായമായി സത്യവാങ്ങ്്മൂലത്തില്‍ ചേര്‍ത്തിരിക്കുന്നത്.വിദേശത്തുനിന്നു പണം കിട്ടുന്നുണ്ടോയെന്ന ചോദ്യം ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ചുള്ള പൗരന്റെ മൗലികാവകാശ ലംഘനമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീം കോടതി വിധി അഭിനന്ദനീയം: അല്മായ കമ്മീഷന്
ആത്മീയ ഉണര്‍വും ആയിരങ്ങള്‍ക്ക് ആതുര ശുശ്രൂഷയും നിസ്വാര്‍ഥ സേവനവും പങ്കുവയ്ക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവഹേളിക്കുന്നവര്ക്കെതിരേയുള്ള മുന്നറിയിപ്പാണ് സുപ്രീം കോടതി വിധിയെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍. ആരോരുമില്ലാത്തവരെയും രോഗബാധിതരേയും മാനസിക രോഗികളെയും മരണാസന്നരേയും കുഞ്ഞുങ്ങളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ക്രൈസ്തവ ശുശ്രൂഷാ സ്ഥാപനങ്ങളുടെ നിസ്വാര്‍ഥ സേവനങ്ങള്‍ വളരെ സുതാര്യവും ഗുണഭോക്താക്കള്‍ നാനാജാതി മതസ്ഥരുമാണ്. മതവും, ജാതിയും, രാഷ്ട്രീയവും നോക്കാതെ മനുഷ്യന് എന്ന ഒറ്റ കാഴ്ചപ്പാടി ല്‍ സഭയിലെ വൈദികരും, സന്യാ സിനികളും, അല്മായരും നടത്തു ന്ന ഇത്തരം മഹത് സേവനങ്ങളെ ആക്ഷേപിക്കുന്നത് അപലപനീയമാണ്. സഭയുടെ മഹത്തായ സേവനങ്ങള്‍ക്ക് ശക്തി പകരുകയാണ് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ഉദ്യോഗസ്ഥ മേധാവികളും ചെയ്യേണ്ടത്. നീതി ന്യായ സംവിധാനങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ചു ചില തല്പരകക്ഷികള് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ നടത്തുന്ന നിഗൂഢ നീക്കങ്ങളെ വളരെ ഗൗരവത്തോടെ പൊതു സമൂഹം കാണണമെന്നു വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
എകെസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
എകെസിസി, ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപകന്‍ പി.സി ഏബ്രഹാം പല്ലാട്ടുകുന്നേലി(കുഞ്ഞേട്ടന്)ന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നൂറ്റാണ്ടിന്റെ അല്മായ പ്രേഷിതന് അവാര്‍ഡ് അല്മായ പ്രേഷിതരംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന ബ്രദര്‍ ബെന്നി പുന്നത്തറ (ശാലോം ടിവി)യ്ക്ക് നല്‍കും. സിറിയക് കണ്ടത്തില്‍ അവാര്‍ഡ് അഭിനയരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പ്രസിദ്ധ സിനിമാനടന് ജോസ് പ്രകാശിനാണ്. ഡൊമിനിക് മണ്ണിപ്പറമ്പില്‍ ‘ദീനബന്ധു അവാര്‍ഡ്’ സ്വന്തം വൃക്ക ഒരു അന്യമതസ്ഥന് ദാനം ചെയ്ത ഫാ. ഡേവിസ് ചിറമ്മലിനും നല്‍കും.സാമൂഹ്യസേവന അവാര്‍ഡിന് നവജീവന്‍ ട്രസ്റ്റ് രക്ഷാധികാരി പി.യു തോമസും എം.എം മാത്യു മടുക്കക്കുഴി മെമ്മോറിയല്‍ സീനിയര്‍ പ്രവര്‍ത്തക അവാര്‍ഡിനു കെ.ജെ ചാക്കോ കുഴിവയലും അര്‍ഹരായി. ഒ.എം ജോണ്‍ ഓലിക്കല്‍ മതാധ്യാപക അവാര്‍ഡ് 2008ലേത് ആനക്കല്ല് ഇടവകയില്‍ 70 വര്ഷത്തിനുമേല് മതാധ്യാപനം നടത്തിവരുന്ന കുര്യാക്കോസ് (കുട്ടിസാര്‍) മേപ്പലക്കാടിനും 2009ലെ അവാര്‍ഡ് ബേബി ആലുങ്കലിനും (കൂത്താട്ടുകുളം) നല്‍കും. സാഹിത്യഅവാര്‍ഡ് 2008 ലേത് എ.കെ പുതുശേരിക്കും 2009 ലേത് ടോം ജോസിനും (അങ്കമാലി) നല്‍കും. എറണാകുളത്തെ എകെസിസിയുടെ സ്ഥലം അന്യകൈവശത്തില്നിന്നു തിരിച്ചെടുക്കാന്‍ സഹായിച്ച ബേബി മാത്യുവിന് സേവന അവാര്‍ഡും നല്‍കും. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗില്‍ പ്രസിഡന്റ് എം.ഡി ജോസഫ് മണ്ണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് കര്‍ഷക സമരത്തിന് എല്ലാവിധ പിന്തുണ നല്‍കാനും മാര്‍ച്ച് 12ന് കട്ടപ്പനയില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപവാസ സത്യഗ്രഹത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാനും വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.
Subscribe to:
Posts (Atom)