Saturday, January 30, 2010

അധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള നീക്കം അംഗീകരിക്കില്ല: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു. പ്രൊട്ടക്റ്റഡ്‌ അധ്യാപകരെ ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളിലേക്കു വിന്യസിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. അധ്യാപകരുടെ നിയമന നിരോധനം പിന്‍വലിച്ചുവെന്നു പറഞ്ഞുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പിറക്കിയിരിക്കുന്ന ഉത്തരവില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അവഗണിച്ചുകൊണ്ടാണ്‌ അധ്യാപകരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഭരണഘടനാവിരുദ്ധമായ ഈഉത്തരവുകള്‍ നിലനില്‍ക്കുകയില്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള ഈ നീക്കം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശം ഒരു സമൂഹത്തിനു നിഷേധിക്കാന്‍ വിദ്യാഭ്യാസവകുപ്പ്‌ ഇവിടെ ബലപ്രയോഗത്തിന്റെ മാര്‍ഗം അവലംബിക്കുകയാണ്‌. ഇത്‌ തികച്ചും അപകടകരവും അസ്വീകാര്യവുമാണ്‌. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ ജനാധിപത്യവിരുദ്ധരും സര്‍വാധിപത്യ നിലപാടുകാരുമാണ്‌. അധ്യാപക നിയമനത്തിലുള്ള അവകാശം വിദ്യാഭ്യാസ അവകാശത്തിന്റെ തന്നെ ഭാഗമാണ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ഉയര്‍ന്ന പൊതുവിദ്യാഭ്യാസ നിലവാര ത്തിനു കാരണം ഇവിടുത്തെ എയ്ഡഡ്‌ സ്കൂളുകളുടെ പ്രവര്‍ത്തനമാണ്‌ എന്നതു വിസ്മരിക്കരുത്‌. അവയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുന്ന നീക്കമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്‌. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. ജനാധിപത്യപരമായ അവകാശങ്ങള്‍ മാനിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു പിന്തുണ നല്‍കി ഗുണമേന്മയുള്ള വിദ്യാഭ്യാസം വളര്‍ത്തിക്കൊണ്ടുവരുവാനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. അല്ലാതെ അവയെ തകര്‍ക്കാനല്ല.

സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നേരിടും : ഡോ.എം.സൂസപാക്യം

സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നിയമപരമായും സാമുദായികമായും നേരിടുമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം. ഇടക്കൊച്ചി അക്വിനാസ്‌ ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ 15-ാ‍മത്‌ ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കെആര്‍എല്‍സിസി രൂപീകരിക്കപ്പെട്ട ശേഷം അല്‍മായ കമ്മീഷന്‍ സംവരണക്കാര്യത്തില്‍ ശക്തമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, സംവരണത്തെ അട്ടിമറിക്കുവാനായി നിക്ഷിപ്ത താത്പര്യക്കാരില്‍ നിന്നും നിരന്തരമായി നീക്കങ്ങള്‍ ഉണ്ടായിരിക്കുകയാണ്‌. എല്ലാ വിഭാഗങ്ങളിലും അവശതയനുഭവിക്കുന്നവര്‍ ഉണെ്ടന്നത്‌ വസ്തുതയാണ്‌. ന്യായമായ മാര്‍ഗങ്ങളിലൂടെ ഇത്തരക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും ലത്തീന്‍ സമൂഹം തയാറാണ്‌. എന്നാല്‍, സംവരണം സ്ഥായിയായ ഒരു പരിഹാര മാര്‍ഗമല്ലെന്നും ചരിത്രപരമായി അവശതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള താത്കാലിക ഉപാധി മാത്രവുമാണെന്ന്‌ മനസിലാക്കണം. ഉദ്ദേശിച്ച തരത്തില്‍ സംവരണം നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന്‌ സംവരണത്തിന്റെ ആവശ്യകത തന്നെ ഇല്ലാതാകുമായിരുന്നു-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. ലത്തീന്‍ സമൂഹത്തിന്‌ ജനസംഖ്യാനുപാദികമായ സമത്വം കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എല്ലാ തലങ്ങളിലും സ്വാധീനമുള്ള സമുദായങ്ങള്‍ പിടിമുറുക്കുകയും അവശ സമുദായങ്ങള്‍ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. സമ്മര്‍ദ തന്ത്രങ്ങളിലൂടെ ചരിത്ര വസ്തുതകളെ തമസ്ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. ഇതിനെതിരായി ക്രൈസ്തവ സമൂഹം ജാഗരൂകരായിരിക്കണം. ഇത്തരമവസ്ഥയില്‍ സഭാ ചരിത്രത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നതായും ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന കടല്‍ മത്സ്യ ബന്ധന പരിപാലന നിയമം പരമ്പരാഗത മത്സ്യ ബന്ധനക്കാരെ അടിച്ചമര്‍ത്തുന്നതാണെന്ന്‌ തീരദേശ മത്സ്യതൊഴിലാളി സമൂഹത്തിനായി ആരംഭിച്ച (കടല്‍) കോസ്റ്റല്‍ ഏരിയാ ഡവലപ്മെന്റ്‌ അസോസിയേഷന്‍ ഫോര്‍ ലിബറേഷന്‍ എന്ന സംഘടന ഉദ്ഘാടനം ചെയ്തു കൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി അല്‍മായ കമ്മീഷന്റെ കീഴില്‍ വനിതകള്‍ക്ക്‌ മാത്രമായുള്ള വനിതാ വേദിയായ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമെന്‍സ്‌ അസോസിയേഷനും ആര്‍ച്ച്‌ ബിഷപ്‌ ഉദ്ഘാടനം ചെയ്തു. ചാള്‍സ്‌ ഡയസ്‌ എംപി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, ഡോ.ജെ.ബി രാജന്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ഫാ.സെബാസ്റ്റ്യന്‍ ഏരിയങ്ങലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, January 29, 2010

വെല്ലുവിളികള്‍ നേരിടുവാന്‍ നൂതന സംസ്കാരം വളര്‍ത്തിയെടുക്കണം: മാര്‍ മാത്യു അറയ്ക്കല്‍

ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതിന്‌ പുതിയ ഭക്ഷ്യ സംസ്കാരവും തൊഴില്‍ സംസ്കാരവും വളര്‍ത്തിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. സെന്റ്‌ ആന്റണീസ്‌ പ്രോഗ്രസീവ്‌ അലയന്‍സും കേന്ദ്ര സര്‍ക്കാരിന്റെ ചെറുകിട വ്യവസായ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ തൊഴില്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. വികാരി ഫാ. ഏബ്രഹാം കഴുന്നടി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തു വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്കു പഞ്ചായത്തു മെംബര്‍ അഡ്വ. സാജന്‍ കുന്നത്ത്‌, ജോസ്‌ ആന്റണി, പി.സി ജോസ്‌, ഡോ. ലാലിച്ചന്‍ കല്ലമ്പള്ളി, ഫാ. ബിജു ചുളയില്ലാപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

അല്‍മായ കമ്മീഷന്‍ യൂത്ത്‌ ഡയറക്ടേഴ്സ്‌ കോണ്‍ഫറന്‍സ്‌ നാലിന്‌

സീറോ മലബാര്‍ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലേയും യുവജന സംഘടനാ ഡയറക്ടര്‍മാരുടെ കോണ്‍ഫറന്‍സ്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചേരും. ഫെബ്രുവരി നാലിന്‌ രാവിലെ 9.30ന്‌ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. നിയുക്ത കൂരിയാ ബിഷപ്‌ മോണ്‍. ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിക്കുമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു

Thursday, January 28, 2010

കെആര്‍എല്‍സിസി ജനറല്‍ ബോഡി 29, 30 തീയതികളില്‍

കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ (കെആര്‍എല്‍സിസി) ദ്വിദിന സമ്മേളനം 29, 30 തിയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 29ന്‌ രാവിലെ 10 -ന്‍്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ.എം.സൂസ പാക്യം അധ്യക്ഷത വഹിക്കും. ചാള്‍സ്‌ ഡയസ്‌ എംപി ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ ആശംസകള്‍ നേരും. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള ലാറ്റിന്‍ കാത്തലിക്‌ വിമന്‍ അസോസിയേഷന്‍, കോസ്റ്റല്‍ ഏരിയ ഡിവലപ്മെന്റ്‌ ഫോര്‍ ലിബറേഷന്‍ (കടല്‍) എന്നിവയുടെ പ്രഖ്യാപനം ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം നിര്‍വഹിക്കും. കില അസിസ്റ്റന്റ്‌ പ്രഫസര്‍ ജെ.ബി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഷാജി ജോര്‍ജ്‌, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. പയസ്‌ ആറാട്ടുകുളം, പ്രഫ. എസ്‌. റെയ്മണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ജോയി ഗോതുരുത്ത്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന്‌ ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ്‌ റവ.ഡോ.ജേക്കബ്‌ പ്രസാദ്‌ ബൈബിള്‍, സഭാ പഠന പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീതി എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. കാലം ചെയ്ത വരാപ്പുഴ ആര്‍ച്ചബിഷപ്പ്‌ ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലല്‍ അനുസ്മരണം 30ന്‌ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 11 രൂപതകളിലെയും മെത്രാന്മാരുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന്‌ ഇടക്കൊച്ചി സെന്റ്‌ മേരീസ്‌ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഒന്‍പതിന്‌ അനുസ്മരണ സമ്മേളനം കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്‌ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ആര്‍ച്ചബിഷപ്പ്‌ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ അനുസ്മരണ പ്രസംഗം നടത്തും. കെആര്‍എല്‍സിസി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. സൂസപാക്യം യോഗത്തിന്‌ അദ്ധ്യക്ഷം വഹിക്കും. രാഷ്ട്രീയ നീതിയെക്കുറിച്ചുള്ള കെ.ആര്‍.എല്‍.സി.സി.യുടെ പഠന ഗ്രന്ഥത്തിന്റെ ആദ്യപ്രതി ആര്‍ച്ച്ബിഷപ്പ്‌ ഡോ. സൂസപാക്യം ഡോമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എക്ക്‌ നല്‍കി പ്രകാശനം ചെയ്യും. കോഴിക്കോട്‌ രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സന്റ്‌ അറക്കല്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സമ്മേളനം ചര്‍ച്ചചെയ്യും. കെഎല്‍സിഎ പ്രസിഡന്റ്‌ റാഫേല്‍ ആന്റണി, സിഎസ്‌എസ്‌ ചെയര്‍മാന്‍ ജോസഫ്‌ സ്റ്റാന്‍ലി, ഡിസിഎംഎസ്‌ ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്‌, കെസിവൈഎം വൈസ്‌ പ്രസിഡന്റ്‌ എ.ബി ജസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. വൈകുന്നേരം മൂന്നരയ്ക്ക്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ പ്രഖ്യാപനം നടത്തും.

Tuesday, January 26, 2010

റിപ്പബ്ലിക്‌ ദിനാശംസകള്‍


മലങ്കര കത്തോലിക്കാസഭയ്ക്ക്‌ രണ്ടു പുതിയ രൂപതകള്‍; നാല്‌ പുതിയ ബിഷപ്പുമാര്‍

മലങ്കര കത്തോലിക്കാസഭയില്‍ രണ്ടു പുതിയ രൂപതകള്‍ രൂപീകരിച്ചു. നാല്‌ പുതിയ ബിഷപ്പുമാരെയും നിയമിച്ചു. രണ്ടു ബിഷപ്പുമാരെ മാറ്റി പുതിയ രൂപതകളില്‍ നിയമിച്ചു. പത്തനംതിട്ട, കര്‍ണാടകയിലെ പുത്തൂര്‍ എന്നിവയാ ണ്‌ പുതിയ രൂപതകള്‍. റവ.ഡോ. വിന്‍സന്റ്‌ കുളപ്പുറവിളൈ-മാര്‍ത്താണ്ഡം, റവ.ഡോ.സാമുവല്‍ കാട്ടുകല്ലില്‍ -തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍, റവ.ഡോ സ്റ്റീഫന്‍ തോട്ടത്തില്‍- തിരുവല്ല അതിരൂപത സഹായമെത്രാന്‍, റവ.ഡോ. ആന്റണി വലിയവിളയില്‍ -സഭാ കൂരിയ എന്നിവരാണ്‌ പുതിയ ബിഷപ്പുമാര്‍. മാര്‍ത്താണ്ഡം രൂപതയിലെ ഇപ്പോഴത്തെ ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമാണ്‌ പത്തനംതിട്ട രൂപതയുടെ പുതിയ ബിഷപ്‌. ബത്തേരി രൂപതയുടെ ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസാണ്‌ പുത്തൂര്‍ രൂപതയുടെ ബിഷപ്‌. വടക്കേ അമേരിക്കയുടേയും യൂറോപ്പിന്റേയും അപ്പസ്തോലിക്‌ വിസിറ്റര്‍ ജോസഫ്‌ മാര്‍ തോമസ്‌ ബത്തേരി രൂപതയു ടെ പുതിയ മെത്രാനായി നിയമിതനായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ പട്ടം കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയാണ്‌ പ്രഖ്യാപനം നടത്തിയത്‌. ഈ സമയം പള്ളി മണികള്‍ മുഴങ്ങി. വിശ്വാസികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട്‌ കരഘോഷം മുഴക്കി.പുതിയ മെത്രാന്‍മാരെയും രൂപതകളും പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ്‌ റോമിലും സഭയുടെ ആസ്ഥാനമായ തിരുവനന്തപുരത്തും ഇന്ത്യന്‍ സമയം 4.30നാണ്‌ നടന്നത്‌. തിരുവല്ല, മാര്‍ത്താണ്ഡം, ബത്തേരി ദ്രാസന കേന്ദ്രങ്ങളിലും തത്സമയം പ്രഖ്യാപനങ്ങള്‍ നടന്നു. സഭയിലെ മെത്രാപ്പോലീത്താമാരുടേയും സന്യാസ സമൂഹ ശ്രേഷ്ഠന്‍മാരുടേയും വൈദികരുടേയും സന്യസ്തരുടേയും അല്‍മായരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്‌.കൂരിയ വൈസ്‌ ചാന്‍സലര്‍ ഫാ.ജോണ്‍ കൊച്ചുതുണ്ടില്‍ ആണ്‌ റോമില്‍ നിന്നുള്ള അറിയിപ്പ്‌ വായിച്ചത്‌. തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങളണിയിച്ചു. ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ ചുവന്ന ഇടക്കെട്ടും ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം കറുത്ത മേലങ്കിയും അണിയിച്ചു. പത്തനംതിട്ടയുടെ പുതിയ ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമിനെ ബിഷപ്‌ ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ ഷാള്‍ അണിയിച്ചു. തുടര്‍ന്ന്‌ ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ നിയുക്ത മെത്രാന്മാരെ അനുമോദിച്ച്‌ പ്രസംഗിച്ചു. മൂന്നു നോമ്പിന്റെ ഒമ്പതാം യാമ പ്രാര്‍ഥനയോടെയാണ്‌ ശുശ്രൂഷ ആരംഭിച്ചത്‌. മാതാവിന്റെ കുക്കിലിയോണ്‍ പ്രാര്‍ഥിച്ചുകൊണ്ട്‌ ശുശ്രൂഷ പൂര്‍ത്തിയാക്കി. പിതാക്കന്മാരുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം, കോര്‍എപ്പിസ്കോപ്പാമാരായ ജോണ്‍പുത്തന്‍വിള, തോമസ്‌ കുമ്പുകാട്ട്‌, തോമസ്‌ താന്നിക്കാക്കുഴി എന്നിവരും മോണ്‍.ജയിംസ്‌ പാറവിള, ഡിജിപി ജേക്കബ്‌ പുന്നൂസ്‌, എഡിജിപി സിബി മാത്യൂസ്‌, മുന്‍ ചീഫ്‌ സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ്‌ എന്നിവരും ലിഡ ജേക്കബ്‌, ഡോ.ജോര്‍ജ്‌ ഓണക്കൂര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നാലു മെത്രാന്മാരുടേയും അഭിഷേകം ഒരുമിച്ച്‌ മാര്‍ച്ച്‌ 13ന്‌ തിരുവനന്തപുരത്തു നടത്തും. പുത്തൂര്‍, പത്തനംതിട്ട, ബത്തേരി, മാര്‍ത്താണ്ഡം രൂപതാ മെത്രാന്മാരുടെ സ്ഥാനാരോഹണം അതത്‌ രൂപതകളില്‍ നടക്കും. തീയതി തീരുമാനിച്ചിട്ടില്ല. തിരുവന ന്തപുരം മേജര്‍ അതിഭദ്രാസനം വിഭജിച്ചാണ്‌ പുതിയ പത്തനംതിട്ട ഭദ്രാസനം രൂപീകരിച്ചത്‌. പത്തനംതിട്ട, റാന്നി-പെരുനാട്‌, പന്തളം എന്നീ വൈദിക ജില്ലകളും അടൂര്‍ വൈദീക ജില്ലയിലെ ആനന്ദപ്പള്ളി, അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, പൊങ്ങലടി, തട്ട എന്നീ ഇടവകകളും പുതിയ ഭദ്രാസനത്തില്‍ പെടുന്നു. 100 ഇടവകകളാണ്‌ പുതിയ ഭദ്രാസനത്തിലുള്ളത്‌. ബത്തേരി ഭദ്രാസനത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ പുതിയ പുത്തൂര്‍ ഭദ്രാസനം സ്ഥാപിച്ചത്‌. കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ, ചാമരാജ്‌ നഗര്‍, ചിക്കമംഗലൂര്‍, ഹസന്‍, കുടക്‌, മാണ്ഡ്യ, മൈസൂര്‍, ഷിമോഗ, ഉഡുപ്പി എന്നീ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നു ഈ ഭദ്രാസനം. 21 ഇടവകകള്‍ ആണ്‌ ഈ ഭദ്രാസനത്തിന്‌ കീഴിലുള്ളത്‌

മദ്യവിപത്തിനെതിരെ പ്രതികരിക്കുക: ബിഷപ്‌ കാരിക്കശേരി

സമൂഹത്തിന്‌ ഭീഷണിയാകുന്ന മദ്യവിപത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന്‌ വരാപ്പുഴ അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ്‌ ഡോ.ജോസഫ്‌ കാരിക്കശേരി പറഞ്ഞു. വരാപ്പുഴ അതിരൂപതാ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ വാര്‍ഷികവും മദ്യവിരുദ്ധ ദിനാചരണവും ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്ന്‌ അദ്ദേഹം കമൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ്‌ കെ.വി ക്ലീറ്റസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.പോള്‍ കാരാച്ചിറ, മോണ്‍.ജോസഫ്‌ തണ്ണികോട്ട്‌, ഫാ.വര്‍ഗീസ്‌ മുഴുത്തേറ്റ്‌, അഡ്വ.ചാര്‍ളി പോള്‍, ജോബ്‌ തോട്ടുകടവില്‍, ജെയിംസ്‌ കോറംമ്പേല്‍, ആന്റണി കളരിക്കല്‍, സിസ്റ്റര്‍ ആന്‍മേരി ജോണ്‍, ഡോ.സോണിയ, ഫാ.സക്കറിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

മദ്യനയം: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന്‌ മദ്യവിരുദ്ധസമിതി

മദ്യനയം രൂപപ്പെടുത്തുമ്പോള്‍ മദ്യ ഉപഭോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിധം വേണമെന്നും മദ്യനയം ആവിഷ്കരിക്കുന്നതിനു മുമ്പ്‌ മദ്യവിരുദ്ധപ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്നും കേരള പ്രദേശ്‌ മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മദ്യഉപഭോഗവും മദ്യാസക്തി യും മുതലെടുക്കാനുള്ള ശ്രമങ്ങളാണ്‌ മദ്യരാജാക്കന്‍മാരും സര്‍ക്കാരും നടത്തുന്നത്‌. വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറികള്‍ക്കു ലൈസന്‍സ്‌ നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മദ്യത്തിന്റെ ദോഷവശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ഒരു പിരീഡ്‌ നീക്കി വയ്ക്കാന്‍ കരിക്കുലം കമ്മിറ്റിക്ക്‌ നിര്‍ദേശം നല്‍കണം. ഈ ആവശ്യങ്ങളുന്നയിച്ച്‌ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ 30ന്‌ സെക്രട്ടേറിയറ്റു പടിക്കല്‍ കൂട്ടഉപവാസവും സര്‍വമത പ്രാര്‍ഥനയും നടത്താനും യോഗം തീരുമാനിച്ചു.അപ്പു കുറ്റിപ്പാട്ട്‌ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ജോണ്‍ മാടമന ഉദ്ഘാടനം ചെയ്തു. ആന്റണി ചാവറ, അഡ്വ. ദിലീപ്‌ ചെറിയനാട്ട്‌, പി.യു തോമസ്‌ പനയ്ക്കല്‍, ബേബി കളരിക്കല്‍, എല്‍സമ്മ പോള്‍, സ്വാമി ശ്രീനാരായണാനന്ദ, വി. നാരായണന്‍ നായര്‍, കെ.എന്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, January 25, 2010

ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍

ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

നിയമനാംഗീകാരം: മാനേജ്മെന്റ്‌ നിലപാടില്‍ മാറ്റമില്ലെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

എയ്ഡഡ്‌ സ്കൂളുകളില്‍ 2006-07 മുതല്‍ നിയമിച്ച അധ്യാപകരെ ഉപാധികൂടാതെ അംഗീകരിച്ചാല്‍ ഭാവിയില്‍ നടത്തുന്ന നിയമനങ്ങളില്‍ 1:1 എന്ന അനുപാതക്രമം പാലിക്കാമെന്ന നിലപാട്‌ മാനേജ്മെന്റുകള്‍ കൈക്കൊണ്ടിട്ടില്ലെന്ന്‌ എയ്ഡഡ്‌ സ്കൂള്‍ മാനേജേഴ്സ്‌ അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ സി.സി സാജന്‍ അറിയിച്ചു.നിയമനപ്രതിസന്ധി സംബന്ധിച്ചു ചില പത്രങ്ങളില്‍ ഉത്തരവുപ്രകാരമുള്ള അഞ്ചാം നിബന്ധന ഉപാധികൂടാതെ അംഗീകരിച്ചാല്‍ ആറാം നിബന്ധനയായി പറയുന്ന 1:1 എന്ന അനുപാതക്രമം പാലിക്കാമെന്നതാണ്‌ മാനേജര്‍മാരുടെ നിലപാടെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതു ശരിയല്ലെന്നും ഉത്തരവിലെ രണ്ടു നിബന്ധനകളും മാനേജ്മെന്റുകള്‍ക്കു സ്വീകാര്യമല്ലെന്നും ഇതു പിന്‍വലിക്കണമെന്നതാണ്‌ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ ചട്ടപ്രകാരം അര്‍ഹമായ തസ്തികകളില്‍ മാത്രമാണ്‌ മാനേജര്‍മാര്‍ നിയമനം നടത്തിയിട്ടുള്ളത്‌. ഇതംഗീകരിക്കാന്‍ ഉപാധികള്‍ വച്ച സര്‍ക്കാരാണ്‌ യഥാര്‍ഥത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്‌. കെഇആറിന്‌ വിരുദ്ധമായി ഇത്തരത്തില്‍ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്മെന്റുകള്‍ ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമെടുത്തു.

നിയമന നിബന്ധനകള്‍ അവകാശലംഘനം: കെസിബിസി

2006-2007 വര്‍ഷം മുതല്‍ എയ്ഡഡ്‌ സ്കൂളിലെ പുതിയ ഡിവിഷനുകളിലെ നിയമനം അംഗീകരിച്ചുകൊണ്ട്്‌ ഈ മാസം 12ന്‌ വിദ്യാഭ്യാസവകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ അവകാശലംഘനമാണെന്നു കെസിബിസി. നിലവിലുള്ള കേരള സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധവും ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവുമായ ഉത്തരവു പിന്‍വലിക്കണമെന്ന്‌ കെസിബിസി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. എയ്ഡഡ്‌ സ്കൂളിലെ അധ്യാപകനിയമനം മാനേജര്‍മാരുടെ അവകാശമാണ്‌. അതിനു വിരുദ്ധമായി ഇപ്പോള്‍ അംഗീകരിക്കപ്പെടുന്ന തസ്തികകള്‍ക്കു തത്തുല്യമായ എണ്ണം സംരക്ഷിത അധ്യാപകരെ നിയമിക്കാമെന്ന്‌ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ്‌ കൊടുക്കാനുള്ള നിബന്ധന നിയമ വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ല. ഇനി വരുന്ന പുതിയ ഡിവിഷനുകളില്‍ 1:1 അനുപാതത്തിലുള്ള നിയമന നിര്‍ദേശവും അവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പക്വതയില്ലാത്ത പരിഷ്കാരങ്ങളിലൂടെ അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ ന്യൂനപക്ഷപീഡനത്തിന്റെ മറ്റൊരു രൂപമാണ്‌ ഇപ്പോഴത്തെ പുതിയ എയ്ഡഡ്‌ സ്കൂള്‍ നിയമന നിബന്ധനകള്‍. നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട്‌ സര്‍ക്കാരുമായി ധാരണയിലോ കരാറിലോ ഏര്‍പ്പെടരുതെന്നു കെസിബിസി കേരളത്തിലെ കത്തോലിക്കാ സ്കൂളുകളുടെ മാനേജര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എയ്ഡഡ്‌ സ്കൂള്‍ നിയമന നിബന്ധനകള്‍ക്കെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Saturday, January 23, 2010

കടുകുമണി ബൈബിള്‍ ക്വിസ്‌ ഏപ്രില്‍ 10ന്‌

സെന്റ്‌ തോമസ്‌ മിഷനറി സൊസൈറ്റിയുടെ മിഷനറി ആനിമേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ വിഭാഗമായ ഇംപാക്ടും ഡിവൈന്‍ ടിവിയും സംയുക്തമായി നടത്തുന്ന കടുകുമണി ബൈബിള്‍ ക്വിസിന്റെ ആദ്യതല മത്സരം ഏപ്രില്‍ 10ന്‌ കേരളത്തിലെ വിവിധ രൂപതാ കേന്ദ്രങ്ങളില്‍ നടക്കും. മാര്‍ച്ച്‌ ഏഴിന്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ ഏപ്രില്‍ 10ലേക്ക്‌ മാറ്റുകയാണെന്നു സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനുളള അവസാനതീയതി മാര്‍ച്ച്‌ 15 ആണ്‌. രണ്ടുപേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക്‌ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9961932592.

അധ്യാപക നിയമനം: സര്‍ക്കാര്‍ നിബന്ധന ചോദ്യം ചെയ്യപ്പെടുന്നു

വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്കെതിരേ അധ്യാപക സംഘടനകളും മാനേജര്‍മാരും രംഗത്ത്‌. നിയമനം അംഗീകരിക്കണമെങ്കില്‍ ഭാവിയിലെ ഒഴിവുകളില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കണമെന്നും ഇതിനു മാനേജര്‍മാര്‍ നോട്ടറി മുമ്പാകെ ഒപ്പിട്ട സത്യവാങ്മൂലം നല്‍കണമെന്നുമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ബാലിശമായ നിര്‍ദേശമായാണ്‌ അധ്യാപക സംഘടനകള്‍ വിലയിരുത്തുന്നത്‌. യാതൊരു പ്രയോജനവുമില്ലാത്ത വിധത്തില്‍ അന്യവിദ്യാലയത്തിലെ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ തയാറാകില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ നിയമനാംഗീകാരം തടസപ്പെടുമെന്നു അധ്യാപക സംഘടനകള്‍ ഉത്ക്കണ്ഠപ്പെടുന്നു.എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ 2006-07 വര്‍ഷം മുതല്‍ നിയമന നിയന്ത്രണം നിലനില്‍ക്കുകയായിരുന്നു. ക്ലാസില്‍ ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടില്ല. ഈ നിയന്ത്രണം നീക്കിക്കൊണ്ട്‌ ജനുവരി 12 നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ച (ജെ) പി. 10 /10 നമ്പര്‍ ഉത്തരവിലെ നിബന്ധനകളാണ്‌ വിവാദമായിരിക്കുന്നത്‌. ഏഴു നിബന്ധനകളില്‍ അഞ്ചാമത്തേതില്‍ ഇങ്ങനെ പറയുന്നു: 2006-07 മുതല്‍ 2009-10 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന്‌, അടുത്ത അധ്യയന വര്‍ഷം, അതായത്‌ 2010-11 മുതല്‍ ടി സ്കൂളുകളില്‍ പുതിയ ഒഴിവുകള്‍ വരുന്ന ഘട്ടത്തില്‍, 2006-07 മുതല്‍ 2009-10 വരെയുള്ള കാലയളവില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാമെന്നു സമ്മതിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാ‘്യ‍ാസ ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറ്റു ചില വിദ്യാലയങ്ങള്‍ ആവശ്യത്തിനു കുട്ടികളില്ലാതെ വലയുകയാണ്‌. ഇത്തരം വിദ്യാലയങ്ങളിലെ പ്രൊട്ടക്്ഷനുള്ള അധ്യാപകരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനയാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇത്‌ മാനേജ്‌മന്റ്ു‍കള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാണ്‌. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനു തുല്യമാണിത്‌. ഈ ഉത്തരവിനെതിരേ മാനേജര്‍മാര്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്‌. പുതിയ ഉത്തരവിലെ മറ്റൊരു നിബന്ധനയും ചോദ്യം ചെയ്യപ്പെടുകയാണ്‌. ‘2006-07 മുതല്‍ 2009-10 വരെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ അധിക ഡിവിഷന്‍ ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക്‌ എല്ലാ എയ്ഡഡ്‌ വിദ്യാലയങ്ങളിലും 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകന്‍, പുതുതായി നിയമിതനാവുന്ന അധ്യാപകന്‍ എന്ന മുറയ്ക്കെ നിയമനം നടത്താന്‍ പാടൂള്ളൂ.’ പുതിയ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പിന്നാലെ ഒരു പ്രൊട്ടക്ടഡ്‌ അധ്യാപകനെയും നിയമിക്കണമെന്നാണ്‌ ഈ നിബന്ധന. മറ്റു വിദ്യാലയത്തിലെ അധ്യാപകരെ പേറേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ്‍്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ മാനേജര്‍മാരുടെ ഇതിനോടുള്ള പ്രതികരണം. എയ്ഡഡ്‌ സ്കൂളുകളില്‍ പുതിയ അധ്യാപകരുടെ നിയമനാംഗീകാരം തടയുകയാണ്‌ വിദ്യാ്യ‍ഭ്യാസ വകുപ്പിന്റെ ഉത്തരവിനു പിന്നിലെന്നു അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. നിലവില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളിലാണ്‌ മാറ്റി നിയമിച്ചു വരുന്നത്‌. ഇതു പിഎസ്സി വഴിയുള്ള നിയമനം കാത്തുനില്‍ക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്‌.

Thursday, January 21, 2010

പങ്കുചേരലും ഐക്യവുമാണ്‌ ദൈവവിളിയുടെയും സഭയുടെയും മഹത്വം: മാര്‍ തോമസ്‌ ചക്യത്ത്‌

പങ്കുചേരലും പ്രോത്സാഹനവും ഐക്യവുമാണ്‌ ദൈവവിളിയുടെയും സഭയുടെയും മഹത്വമെന്നു സീറോ മലബാര്‍ സഭാ വൈദിക -സന്യസ്ത കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാനുമായ മാര്‍ തോമസ്‌ ചക്യത്ത്‌. സഭകാര്യാലയമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാ വ്‌ സഭയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതിന്‌ പ്രധാന തെളിവാണ്‌ വര്‍ധിച്ചു വരുന്ന ദൈവവിളിയെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത മെത്രാന്‍മാരായ മോണ്‍. ബോസ്കോ പുത്തൂര്‍, മോണ്‍. പോളി കണ്ണൂക്കാടന്‍, നവ വൈദിക പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം തിരിതെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം മാര്‍ തോമസ്‌ ചക്യത്ത്‌ നിര്‍വഹിച്ചു. നിയുക്ത കൂരിയ ബിഷപ്‌ മോണ്‍. ബോസ്കോ പുത്തൂര്‍ പ്രഭാഷണം നടത്തി. സഭയിലെ 29 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നും ഈ വര്‍ഷം പുരോഹിതരായി അഭിഷിക്തരായ വൈദികരുടെ സംഗമമാണ്‌ സഭയുടെ കാര്യാലയത്തില്‍ നടന്നത്‌.അജപാലന പ്രവര്‍ത്തനങ്ങളിലേയ്ക്കും മിഷന്‍ ദൗത്യത്തിലേയ്ക്കും നവവൈദികരെ സ്വാഗതം ചെയ്യുകയാണ്‌ സീറോ മലബാര്‍ സഭയിലെ ഈ സംഗമത്തിന്റെ ലക്ഷ്യം. സീറോ മലബാര്‍ സഭയിലെ വൈദിക-സന്യസ്ത കമ്മീഷന്റൈ നേതൃത്വത്തിലാണ്‌ സംഗമം സംഘടിപ്പിച്ചത്‌. ഫാ.ആന്റണി കൊള്ളന്നൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, സിസ്റ്റര്‍ തെരേസിറ്റ എന്നിവര്‍ സമ്മേളനത്തിന്‌ നേത്യത്വം നല്‍കി.

മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ വ്യാജമദ്യം പെരുകുമെന്ന്‌ പറയുന്നത്‌ ഭരണപരാജയത്തിന്റെ തെളിവാണെന്നും വ്യാജമദ്യം തടയാന്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാതെ കൈയിലിരിക്കുന്ന അധികാരവും പോലീസ്‌ -എക്സൈസ്‌ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിച്ച്‌ മനുഷ്യജീവനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെ ബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആവശ്യപ്പെട്ടു. വിജയപുരം ബിഷപ്സ്‌ ഹൗസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ മദ്യവിരുദ്ധ ഭാരവാഹികളുടെയും ഡയറക്ടര്‍മാരുടെയും സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ബിഷപ്‌. കേരളത്തിലെ പുരുഷന്മാരുടെ വര്‍ധിച്ചുവരുന്ന മദ്യപാനമാണ്‌ നാട്‌ നേരിടുന്ന മുഖ്യപ്രശ്നമെന്ന്‌ രാഷ്ട്രപതിപോലും ചൂണ്ടിക്കാട്ടിയ കാര്യം വലിയ അഭിമാനത്തോടെയാണ്‌ അധികാരികള്‍ കാണുന്നത്‌. ഓരോ ആഘോഷത്തിനും ബിവറേജസ്‌ കോര്‍പറേഷന്‍ ചെലവഴിക്കുന്ന മദ്യത്തിന്റെ കോടിക്കണക്കിനു രൂപയുടെ വിറ്റുവരവ്‌ കണക്കുകള്‍ പുറത്തുവിടുന്ന അധികാരികള്‍ മദ്യംമൂലമുണ്ടാകുന്ന ഭീകര നഷ്ടങ്ങളുടെയും ആരോഗ്യ-മാനസിക പ്രശ്നങ്ങളുടെയും കണക്കുകള്‍ക്കൂടി പുറത്തുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2010 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തന പദ്ധതി സെക്രട്ടറി പ്രസാദ്‌ കുരുവിള അവതരിപ്പിച്ചു. ആലപ്പുഴ, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, വിജയപുരം, കോട്ടയം, മാവേലിക്കര, തിരുവല്ല രൂപതകളില്‍പ്പെടുന്ന കോട്ടയം മേഖലയുടെ പുതിയ ഡയറക്ടറായി ഫാ.ജേക്കബ്‌ വെള്ളമരുതുങ്കലിനെ (പാലാ) ബിഷപ്‌ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നിയമിച്ചു. മോണ്‍.ചെറിയാന്‍ രാംനാലില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഫാ.പോള്‍ കാരാച്ചിറ, ഡോ.സെബാസ്റ്റ്യന്‍ ഐക്കര, ആന്റണി ജേക്കബ്‌, സിസ്റ്റര്‍ ജോവിറ്റ, യോഹന്നാന്‍ ആന്റണി, സാറാമ്മ ജോസഫ്‌, ജോബ്‌ തോട്ടുകടവില്‍, ടി.എല്‍ പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

മത്സ്യബന്ധന നിയമത്തിലെ വ്യവസ്ഥകള്‍ ഉപേക്ഷിക്കണം: കെആര്‍എല്‍സിസി

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നിര്‍ദിഷ്്ട മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ ഉപേക്ഷിക്കണമെന്ന്‌ കെആര്‍എല്‍സിസി രൂപീകരിച്ച തീരദേശ വികസന ഏജന്‍സിയായ കടലിന്റെ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍) ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന നിയമത്തില്‍ 12 നോട്ടിക്കല്‍ മെയിലിനപ്പുറം മത്സ്യബന്ധനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ പെര്‍മിറ്റ്‌ സമ്പാദിക്കണം. ഇപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്കര്‍ഷിക്കുന്ന ലൈസന്‍സുകള്‍ക്ക്‌ പുറമേയാണിത്‌. എന്നാല്‍ വന്‍കിട വിദേശ യാനങ്ങള്‍ക്ക്‌ പെര്‍മിറ്റ്‌ സമ്പാദിക്കുന്നതിലൂടെ ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രം മുഴുവന്‍ തുറന്നു ലഭിക്കുകയും ചെയ്യും. പെര്‍മിറ്റില്ലാത്ത 12 നോട്ടിക്കല്‍ മെയിലിനപ്പുറം കണ്ടാല്‍ അതിഭീമമായ പിഴയും ശിക്ഷയുമാണ്‌ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്‌. മൂന്നു വര്‍ഷം തടവും ഒന്‍പത്‌ ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കണം. ജനറല്‍ ബോഡി പറഞ്ഞു.യോഗത്തില്‍ ബിഷപ്‌ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, മോണ്‍.ജയിംസ്‌ കുലാസ്‌, ഷാജി ജോര്‍ജ്‌, ഫാ.ജെയ്സണ്‍ വടശേരി, ടി.പീറ്റര്‍, ജോസഫ്‌ ജൂഡ്‌, പ്ലാസിഡ്‌ ഗ്രിഗറി, അഡ്വ.ജോസി സേവ്യര്‍, ജോയി ഗോതുരുത്ത്‌, ജെയിന്‍ ആന്‍സില്‍, അഡ്വ.ആന്റണി അമ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു

Wednesday, January 20, 2010

ക്രൈസ്തവരെക്കുറിച്ച്‌ പഠിക്കാന്‍ കമ്മിറ്റി വേണം: കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ

ഇന്ത്യയിലെ ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റി പോലെ ഒരു സമിതിയെ നിയോഗിക്കണമെന്ന്‌ നാഗ്പൂരില്‍ ചേര്‍ന്ന കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യാ യോഗം കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തതായി സെക്രട്ടറി ഫാ. വര്‍ഗീസ്‌ പുല്ലന്‍ പറഞ്ഞു. ഇടവകതലം മുതലുള്ള സഭാ സമിതികളില്‍ യുവജനങ്ങള്‍ക്ക്‌ 20 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ സഭാ നേതൃത്വത്തോടും യോഗം നിര്‍ദേശിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സന്യാസികളുടെയും അല്‍മായരുടെയും സംഘമാണ്‌ കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ. സഭയിലെ അന്തര്‍ദേശീയ യുവജന പ്രസ്ഥാനം രൂപം കൊണ്ടതിന്റെ രജതജൂബിലി വര്‍ഷമാണ്‌ 2010. അതുകൊണ്ട്‌ കൗണ്‍സില്‍ ഈ വര്‍ഷം യുവാക്കളെക്കുറിച്ചാണ്‌ ചര്‍ച്ച നടത്തിയത്‌.2020 ഓടെ ഇന്ത്യയുടെ ശരാശരി പ്രായം 29 വയസാവുകയാണ്‌. യുവാക്കളാണ്‌ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. അതിന്‌ അവരെ പ്രാപ്തരാക്കണമെന്നാണ്‌ കൗണ്‍സിലിന്റെ അഭിപ്രായം. അവര്‍ക്ക്‌ സമുദായം തങ്ങളുടേതാണെന്ന ചിന്ത ഉണ്ടാക്കണം. അങ്ങനെ അവരില്‍ സാമൂഹിക പ്രതിബദ്ധതയും ഐക്യവും വളര്‍ത്തണം. മാധ്യമങ്ങളുടെ സ്വാധീനം മൂലം യുവാക്കള്‍ ഇന്ന്‌ എല്ലാ കാര്യത്തിലും ബോധ്യമുള്ളവരാണ്‌. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കപ്പെടണം. അവര്‍ സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നു. സുവിശേഷ മൂല്യാധിഷ്ഠിതമായി ജിവിക്കുന്ന ഒരു നേതൃനിരയെ വളര്‍ത്തിയെടുക്കണം. ജീവിതയാത്രയില്‍ ഉണ്ടാകുന്ന കൊച്ചു തോല്‍വികള്‍ പോലും അവരെ കടുത്ത നിരാശയിലാക്കുന്നു. അതുകൊണ്ട്‌ വിശ്വാസ ജീവിതത്തില്‍ അവര്‍ക്കു വലിയ പരിശീലനം വേണം. അവര്‍ക്ക്‌ മാതൃകയാകാന്‍ മുതിര്‍ന്ന തലമുറയ്ക്കു കഴിയണം. മാധ്യമസ്വാധീനം മൂലം വളരെ ചെറുപ്പത്തിലെ തന്നെ വലിയ അറിവുണ്ടാവുകയാണ്‌. ലൈംഗികത, കുടുംബബന്ധം, ഭാര്യ-ഭര്‍തൃ ബന്ധം തുടങ്ങിയവയോടുള്ള സമീപനങ്ങളില്‍ വന്‍ മാറ്റമാണ്‌ ഉണ്ടാവുന്നത്‌. സാമൂഹികവും വ്യക്തിപരവുമായ ഈ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ ശക്തരാക്കപ്പെടണം. യുവാക്കള്‍ക്കും നവദമ്പതികള്‍ക്കും പ്രത്യേക പരിശീലനം ക്രമീകരിക്കണം. യൂണിവേഴിസിറ്റികളോട്‌ ചേര്‍ന്ന്‌ സഭയുടെ ഹോസ്റ്റലുകള്‍ ഉണ്ടാവണം. നാടുവിട്ടു വരുന്ന യുവാക്കള്‍ക്ക്‌ സഹായം ഉറപ്പാക്കണം. വ്യത്യസ്ത ശേഷികളുള്ള യുവാക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.സഭയില്‍ യുവാക്കളുമായി സംവദിക്കുന്നതിന്‌ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമാകണം. ഇടവക തലത്തില്‍ തന്നെ യുവാക്കള്‍ക്ക്‌ കൂട്ടായ്മകള്‍ ഉണ്ടാക്കണം. മാധ്യമബോധം പകരണം. സഭ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടണം. മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയവക്കെതിരായ ശക്തമായ പ്രചാരണം നടത്തണം.ദളിത്‌ ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കു മതപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സിയും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കോടതികളും സ്ഥാപിക്കുന്നതിന്‌ നിയമ നിര്‍മാണം നടത്തണമെന്ന്‌ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്വവര്‍ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കാനുള്ള നീക്കങ്ങളെ എന്തുവില കൊടുത്തും എതിര്‍ക്കാന്‍ തീരുമാനിച്ചു. സഭയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ചില അധികാരികള്‍ നടത്തുന്ന നീക്കങ്ങളെ അപലപിച്ചു. കുടുംബങ്ങളുടെ വലുപ്പം കുറപ്പിക്കുന്നതിനും ദയാവധം അനുവദിക്കുന്നതിനും നിയമനിര്‍മാണം നടത്തുന്നതിന്‌ കേരളം പോലുള്ള സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.

സംവരണ കാര്യത്തില്‍ മതവിവേചനം അനീതി: സിബിസിഐ

സംവരണം നല്‍കുന്നതില്‍ മതവിവേചനം കാട്ടുന്നത്‌ അനീതിയാണെന്ന്‌ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറലും ഗാന്ധിനഗര്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. സ്റ്റെന്‍സ്ലാവോസ്‌ ഫെര്‍ണാണ്ടസ്‌ വ്യക്തമാക്കി. ക്രൈസ്തവ മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ദളിത്‌ ക്രൈസ്തവര്‍ക്ക്‌ സംവരണം നിഷേധിക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിയുടെയും സമൂഹത്തിന്റെയും സാമൂഹ്യ-സാമ്പത്തിക അവസ്ഥ കണക്കിലെടുത്തുവേണം സംവരണം നല്‍കേണ്ടത്‌. അനധികൃതമായ സംഭാവനകളും മറ്റും തടയണമെന്നു പറഞ്ഞ ആര്‍ച്ച്ബിഷപ്‌, സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സിബിസിഐയ്ക്ക്‌ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹമോ രൂപതകളോ ആണ്‌ ഇക്കാര്യം ശ്രദ്ധിക്കേണ്ടത്‌. സ്വവര്‍ഗ വിവാഹം ഒരു കാരണവശാലും കത്തോലിക്കാ സഭയ്ക്ക്‌ അംഗീകരിക്കാനാവില്ല. വിവാഹ മോചനത്തെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല: ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.

കെസിബിസി യുവജന പുരസ്കാരം സിബിക്കും മെന്‍സിക്കും

കെസിബിസി യുവജന പുരസ്കാരങ്ങള്‍ക്ക്‌ സിബി ജോയിയും മെന്‍സി ബൈജുവും അര്‍ഹരായി. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍ കെസിവൈഎം സംസ്ഥാന സെനറ്റിലാണ്‌ അവാര്‍ഡ്‌ പ്രഖ്യാപനം നടത്തിയത്‌. നിലവില്‍ കെസിവൈഎം സംസ്ഥാന സെക്രട്ടറിയാണ്‌ വരാപ്പുഴ അതിരൂപതാംഗം സിബി ജോയി. ഇരിങ്ങാലക്കുട രൂപതാംഗവും കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ്‌ അംഗവുമാണ്‌ മെന്‍സി ബൈജു.സിബി ജോയി വരാപ്പുഴ അതിരൂപതയിലെ അത്താണി സെന്റ്‌ ആന്റണീസ്‌ കെസിവൈഎം യൂണിറ്റ്‌ പ്രസിഡന്റ്‌, കലൂര്‍ മേഖലാ സെക്രട്ടറി, വരാപ്പുഴ അതിരൂപതാ കെസിവൈഎം സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന സിന്‍ഡിക്കേറ്റ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പുളിക്കര സെന്റ്‌ മേരീസ്‌ ഇടവക കെസിവൈഎം യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, ചാലക്കുടി ഫൊറോനാ വൈസ്‌-പ്രസിഡന്റ്‌, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മെന്‍സി നിലവില്‍ കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ്‌ അംഗമാണ്‌.

Tuesday, January 19, 2010

സീറോ മലബാര്‍ സഭയില്‍ പുതിയ ആറ്‌ ബിഷപ്പുമാര്‍

സീറോ മലബാര്‍ സഭയ്ക്കു പുതുതായി രണ്ട്‌ രൂപതകളും പുതിയ ആറു ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. മോണ്‍. റെമീജിയസ്‌ ഇഞ്ചനാനിയില്‍- താമരശേരി, മോണ്‍. പോളി കണ്ണൂക്കാടന്‍- ഇരിങ്ങാലക്കുട, മോണ്‍. റാഫേല്‍ തട്ടില്‍- തൃശൂര്‍ അതിരൂപത സഹാ യ മെത്രാന്‍, മോണ്‍. ബോസ്കോ പുത്തൂര്‍- സീ റോ മലബാര്‍ സഭാ കൂരിയ ബിഷപ്‌, മോണ്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌- മാണ്ഡ്യ, മോണ്‍. പോള്‍ ആലപ്പാട്ട്‌ - രാമനാഥപുരം എന്നിവരാണ്‌ പുതിയ ബിഷപ്പുമാര്‍. മാനന്തവാടി രൂപത വിഭജിച്ച്‌ കര്‍ണാടകയിലെ മാണ്ഡ്യ, ഹാസന്‍, മൈസൂര്‍, ചാമരാജ്‌ നഗര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി മാണ്ഡ്യ രൂപതയും പാലക്കാട്‌ രൂപത യുടെ തമിഴ്‌നാട്ടിലുള്ള കോയമ്പത്തൂര്‍, ഈറോഡ്‌, കാരൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രാമനാഥപുരം രൂപതയും രൂപീകരിച്ചു. ഭദ്രാവതി രൂപതയുടെ അതിര്‍ത്തി മാനന്തവാടി രൂപതയുടെ ചിക്ക്മംഗളൂര്‍ പ്രദേശം കൂടി ഉള്‍പ്പെടുത്തി പുനഃനിര്‍ണയിച്ചു. സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ്‌ ഇന്നലെ ഇതുസംബന്ധിച്ച കല്‍പന പുറപ്പെടുവിച്ചത്‌. താമരശേരി രൂപതാധ്യ ക്ഷപദവിയൊഴിയുന്ന ബിഷപ്‌ മാര്‍ പോള്‍ ചിറ്റില പ്പിള്ളിയുടെ പിന്‍ഗാമിയായിട്ടാണ്‌ മോണ്‍. റെമീജിയസ്‌ ഇഞ്ചനാനി നിയമിതനായത്‌. ഇരിങ്ങാലക്കുട രൂപതാധ്യക്ഷപദവിയൊഴിയുന്ന മാര്‍ ജയിംസ്‌ പഴയാറ്റിലിന്റെ പിന്‍ഗാമിയായി മോണ്‍. പോളി കണ്ണൂക്കാടനും തൃശൂര്‍ അതിരൂപതയുടെ സ ഹായ മെത്രാനായി മോണ്‍. റാഫേല്‍ തട്ടിലും നിയമിതരായി. കാക്കനാട്‌ സീറോ മലബാര്‍ സഭാ കാര്യാലയത്തിലെ ആദ്യത്തെ കൂരിയ മെത്രാനായിട്ടാ ണ്‌ മോണ്‍. ബോസ്കോ പുത്തൂരിന്റെ നിയമനം. പുതുതായി രൂപീകൃതമാകുന്ന മാണ്ഡ്യ രൂപതാ ബിഷപ്പായി മോണ്‍. ജോര്‍ജ്‌ ഞരളക്കാട്ടും രാമനാഥപുരം രൂപതയുടെ ബിഷപ്പായി മോണ്‍. പോള്‍ ആലപ്പാട്ടും നിയമിതരായി. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാനാണ്‌ കൂരിയാ ബിഷപ്പിനെ നിയമിച്ചത്‌. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്ഥാനത്ത്‌ ഏതെങ്കിലും കാരണവശാല്‍ ഒഴിവു വന്നാല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി ചുമതല ഏറ്റെടുക്കേണ്ടതും കൂരിയാ ബിഷപ്പാണ്‌. ഇന്നലെ വൈകുന്നേരം 4.30-ന്‌ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയത്തിലും അതതു രൂപതാ ആസ്ഥാനങ്ങളിലും, ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക്‌ 12 മണിക്ക്‌ വ ത്തിക്കാനിലും പുതിയ ബിഷപ്പുമാരുടെ നിയമന വാര്‍ത്തയും മറ്റു കല്‍പനകളും പ്രസിദ്ധീകരിച്ചു.

സീറോ മലബാര്‍ സഭയ്ക്ക്‌ 29 രൂപതകള്‍

രണ്ടു രൂപതകള്‍ കൂടി രൂപീകരിച്ചതോടെ സീറോമല ബാര്‍ സഭയ്ക്ക്‌ 29 രൂപതകളായി. കേരളത്തില്‍ പതിനെട്ട്‌ രൂപകളും കേരളത്തിന്‌ പുറത്ത്‌ പത്തു മിഷന്‍ രൂപതകളും അമേരിക്കയിലെ ഷിക്കാഗോ രൂപതയുമാണ്‌ സീറോ മലബാര്‍ സഭയ്ക്കുള്ളത്‌. റിട്ടയര്‍ ചെയ്തവരുള്‍പ്പെടെ 45 മെത്രാന്മാരുമുണ്ട്‌.
രൂപതകളുടെയും ബിഷപ്പുമാരുടെയും പേരുവിവരം:
എറണാകുളം-അങ്കമാലി അതിരൂപത: മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
കോതമംഗലം: മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍
ഇടുക്കി: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
ചങ്ങനാശേരി അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം
കാഞ്ഞിരപ്പള്ളി: മാര്‍ മാത്യു അറയ്ക്കല്‍
പാലാ: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌
തക്കല:മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
കോട്ടയം അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌
തൃശൂര്‍ അതിരൂപത:ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌
ഇരിങ്ങാലക്കുട: മാര്‍ ജയിംസ്‌ പഴയാറ്റില്‍ (നിയുക്ത ബിഷപ്‌ - മോണ്‍. പോളി കണ്ണൂക്കാടന്‍)
പാലക്കാട്‌: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌
രാമനാഥപുരം: മോണ്‍. പോള്‍ ആലപ്പാട്ട്‌
തലശേരി അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം
ബല്‍ത്തങ്ങാടി: മാര്‍ ലോറന്‍സ്‌ മുക്കുഴി
ഭദ്രാവതി: മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌
മാനന്തവാടി: മാര്‍ ജോസ്‌ പൊരുന്നേടം
താമരശേരി: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (നിയുക്ത ബിഷപ്‌- മോണ്‍.റെമീജിയസ്‌ ഇഞ്ചനാ നിയില്‍)
മാണ്ഡ്യ: മോണ്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌
അദിലാബാദ്‌: മാര്‍ ജോസഫ്‌ കുന്നത്ത്‌
ബിജ്നോര്‍: മാര്‍ ജോണ്‍ വടക്കേല്‍
ഛാന്ദാ: മാര്‍ വിജയാനന്ദ്‌ നെടുമ്പുറം
ഗോരഖ്പൂര്‍: മാര്‍ തോമസ്‌ തുരുത്തിമറ്റം
ജഗദല്‍പൂര്‍: മാര്‍ സൈമണ്‍സ്റ്റോക്ക്‌ പാലാത്ര
കല്യാണ്‍: മാര്‍ തോമസ്‌ ഇലവനാല്‍
രാജ്കോട്ട്‌: മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍
സാഗര്‍: മാര്‍ ആന്റണി ചിറയത്ത്‌
സാത്ന: മാര്‍ മാത്യു വാണിയംക്കിഴക്കേല്‍
ഉജ്ജൈന്‍ : മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍
ഷിക്കാഗോ: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

വികസനം സാധ്യമാക്കുന്നതിന്‌ മനോഭാവത്തില്‍ മാറ്റംവരണം: മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ

വികസനം അധികാരികള്‍ മാത്രം സാധ്യമാക്കേണ്ട ഒന്നല്ല, മറിച്ച്‌ അത്‌ ഉണ്ടാക്കേണ്ടത്‌ നമ്മളാണെന്ന ചിന്ത സമൂഹത്തിനുണ്ടായെങ്കിലേ വികസനം കൈവരികയുള്ളുവെന്ന്‌ മലങ്കരസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കബാവ. മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാബാവയുടെ മൂന്നാം ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്രോതസില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള സെമിനാര്‍ ധനമന്ത്രി തോമസ്‌ ഐസക്‌ ഉദ്ഘാടനം ചെയ്തു. എന്‍. പീതാംബരക്കുറുപ്പ്‌ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാബാവയുടെ ദീപ്ത സ്മരണയ്ക്ക്‌ പ്രണാമം അര്‍പ്പിച്ചശേഷം മാര്‍ ക്ലീമിസ്‌ കാതോലിക്കാബാവ ഞായറാഴ്ച അന്തരിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബാസുവിന്റെ സ്മരണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. ശ്രാദ്ധപ്പെരുനാളിന്റെ ഭാഗമായി രാവിലെ പട്ടം കത്തീഡ്രലില്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവരും മേജര്‍ അതിരൂപതയിലെ വൈദികരും സഹകാര്‍മികരായി. കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നടന്നു.വികസനത്തെക്കുറിച്ച്‌ തനിമയാര്‍ന്ന കാഴ്ചപ്പാടുണ്ടായിരുന്ന ദാര്‍ശനികനായിരുന്നു മാര്‍ സിറില്‍ ബസേലിയോസ്‌ എന്ന്‌ കാതോലിക്കാബാവ അനുസ്മരിച്ചു. അതു കേവലം ജീവകാരുണ്യ പ്രവൃത്തിയല്ല. വികസനം, മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പുരോഗതിയാവണമെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. കൊച്ചി മാത്രം സ്മാര്‍ട്ടായാല്‍ പോര, നാട്ടിലെ ഓരോ ഗ്രാമവും സ്മാര്‍ട്ടാകണം. അതിനു വിഭാഗീയതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ വികസനത്തിനക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. സമ്പന്നരുടെ വികസനത്തിന്‌ അത്ര കരുതലൊന്നും വേണ്ട.വികസനം ആരംഭിക്കേണ്ടത്‌ മനുഷ്യമനസുകളിലാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നാം കരുതി അതു നടത്തേണ്ടത്‌ ബ്രിട്ടീഷുകാരാണെന്ന്‌. പിന്നീട്‌ കരുതി നാം ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികളാണെന്ന്‌. വികസനം ഉറപ്പാക്കാന്‍ അവര്‍ക്കു മാത്രമായി സാധിക്കില്ല. പഞ്ചായത്തുകള്‍ പോലുള്ള ക്രമീകരണങ്ങള്‍ വികസനത്തിനു വേഗം കൂട്ടാനുള്ള സംവിധാനങ്ങളാണ്‌. എന്നാല്‍ വികസനം ഉറപ്പാക്കേണ്ടത്‌ നമ്മളാണ്‌. നമ്മുടെ നികുതി പണവും നാടിന്റെ ഇതര വരുമാനങ്ങളും വിനിയോഗിച്ച്‌ വികസനം നടത്താനുള്ള ബാധ്യത അധികാരികള്‍ക്കുണ്ട്‌. എന്നാല്‍ 20 അടി നീളവും 10 അടി ഉയരവുമുള്ള ഒരു കെട്ടിടത്തില്‍ എംപിയുടെ പ്രാദേശിക ഫണ്ട്‌ കൊണ്ടുണ്ടാക്കിയത്‌ എന്ന്‌ എഴുതിവയ്ക്കുന്നതു കാണുമ്പോള്‍ വിസ്മയം തോന്നാറുണ്ട്‌. അതു നമ്മള്‍ കൊടുത്ത പണം കൊണ്ടുണ്ടാക്കിയതാണ്‌. അവരുടെ യാത്രപ്പടി ഒന്നുമല്ല. മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരുടെയും വികസനം ലക്ഷ്യമാക്കുന്ന പ്രസ്ഥാനമാണ്‌ മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു. ബത്തേരിയില്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ തകര്‍ന്നുപോയ ഒരു കോളനിയിലെ 25 കുടുംബങ്ങളെ അവരുടെ സമുദായം നോക്കാതെ സഹായിച്ച സിറില്‍ പിതാവിന്റെ മാതൃക നമുക്ക്‌ പ്രകാശം പകരുന്നു: അദ്ദേഹം പറഞ്ഞു. സ്ത്രീശാക്തീകരണത്തിനുള്ള അവശ്യ ഉപാധിയാണ്‌ സംവരണം എന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. സംവരണത്തിലൂടെ പദവികള്‍ ഉറപ്പാക്കപ്പെടുന്നു. അതുകൊണ്ട്‌ മാത്രം ശാക്തീകരണം സംഭവിക്കില്ല. പദവികള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകള്‍ക്കുണ്ടാവണം. അവരെ അംഗീകരിക്കുന്നതിന്‌ സമൂഹം ഉണ്ടാക്കുന്ന തടസങ്ങള്‍ മാറണം. കേരളത്തില്‍ ജനകീയാസൂതണം നടപ്പാക്കിയപ്പോള്‍ ആദ്യ വര്‍ഷം ഒന്നും ചെയ്യാനറിയാതിരുന്ന സ്ത്രീകള്‍ മൂന്നാം വര്‍ഷമായപ്പോഴേക്കും വളരെ മിടുക്കരായി മാറിയ അനുഭവം അദ്ദേഹം വിവരിച്ചു.

Saturday, January 16, 2010

പരിസ്ഥിതി സംരക്ഷണത്തിന്‌ പദ്ധതികളുമായി കത്തോലിക്കസഭ

പരിസ്ഥിതി സംരക്ഷണത്തിന്‌ നൂതന പദ്ധതികളുമായി കത്തോലിക്കാ സഭ മുന്നിട്ടിറങ്ങുന്നു. ബെനഡിക്റ്റ്‌ 16-ാ‍മന്‍ മാര്‍പാപ്പയുടെ ലോക സമാധാന ദിന സന്ദേശത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ്‌ കേരള കത്തോലിക്കാ സഭ പ്രകൃതി സംരക്ഷണത്തിന്‌ പുതിയ പദ്ധതി തയാറാക്കുന്നത്‌. ‘കാരിത്താസ്‌ ഇന്‍ വേരിത്താത്തെ’(സത്യത്തില്‍ സ്നേഹം) എന്ന ചാക്രിക ലേഖനത്തിലും പ്രകൃതിപരമായ പരിസ്ഥിതിയോടുള്ള മനുഷ്യന്റെ ദൃഢബന്ധത്തില്‍ നിന്നുണ്ടാകുന്ന കടമകളോട്‌ ഉറ്റബന്ധം പുലര്‍ത്തുന്നതാണ്‌ സമഗ്ര മാനുഷിക വികസനമെന്ന്‌ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്‌. മലിനീകരണം, ഖരമാലിന്യങ്ങള്‍, പുതിയ രോഗങ്ങള്‍, തികഞ്ഞ വിനാശക ശക്തി എന്നിങ്ങനെയുള്ളവ വ്യാപകമായ ഒരു സാമൂഹിക പ്രശ്നമായി മുഴുവന്‍ മനുഷ്യവംശത്തെയും ബാധിക്കുമെന്നു മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.ഭൂമി, ജലം, വായു എന്നിവ എല്ലാവര്‍ക്കും വേണ്ടി സ്രഷ്ടാവായ ദൈവം നല്‍കിയ സമ്മാനമെന്ന നിലയില്‍ സംരക്ഷിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷനായ ഡോ.ഏബ്രഹാം മാര്‍ ജൂലിയോസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെയും കെസിബിസി നിയോഗിച്ചിരുന്നു. കേരളത്തില്‍ ഒരു പരിസ്ഥിതി സൗഹൃദ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ സമിതി ആസൂത്രണം ചെയ്യുന്നത്‌. ഇതിന്റെ പ്രാഥമിക യോഗം കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്നു.വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരും ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതിവാദികളും ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയില്‍നിന്നു മാര്‍ഗരേഖ തയാറാക്കുന്നതിനായി സബ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍ കണ്‍വീനറാണ്‌. ഇവര്‍ തയാറാക്കുന്ന മാര്‍ഗരേഖ കെസിബിസിയുടെ ജൂണ്‍ സെഷനില്‍ ചര്‍ച്ചയ്ക്ക്‌ വയ്ക്കും. പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കെസിബിസി പ്രത്യേക കമ്മീഷനെയും നിയോഗിക്കും. പരിസ്ഥിതിക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളെയും ഇന്ത്യന്‍ പരിസ്ഥിതി സംഘടന, പരിസ്ഥിതി-വനം മന്ത്രാലയം, പരിസ്ഥിതി വികസന നേതൃത്വ പരിശീലന സമിതി തുടങ്ങിയവയുമായും വിവിധ പരിസ്ഥിതി ക്ലബുകളുള്‍പ്പെടെയുള്ളവയുമായും കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഭ ആലോചിക്കുന്നുണ്ട്‌. 29 രൂപതകളെയും അതിനു കീഴിലുള്ള മുഴുവന്‍ സ്കൂളുകളെയും-കോളജുകളെയും കെസിബിസിയുടെ 18 കമ്മീഷനുകളും 10 ഡിപ്പാര്‍ട്ടുമെന്റുകളും സംയുക്തമായി ഇതര മതസ്ഥരുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ജീവന്റെ സംരക്ഷണം വിശ്വാസികളുടെ ഉത്തരവാദിത്തം: മെത്രാന്‍ സിനഡ്‌

പ്രകൃതിക്കും ജീവനും ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അവയുടെ സംരക്ഷണത്തിന്‌ ഊന്നല്‍ കൊടുക്കണമെന്ന്‌ സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ്‌. ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത അവസരത്തിലാ ണ്‌ ജീവന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആഹ്വാനം മെത്രാന്‍ സിനഡ്‌ പുറത്തിറക്കിയത്‌. 400 അംഗങ്ങള്‍ പങ്കെടുക്കുന്ന അസംബ്ലിയില്‍ വിവിധ രൂപതകളില്‍നിന്നു വന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിഷയം തെരഞ്ഞെടുത്തതെന്ന്‌ സീറോ മലബാര്‍ സിനഡിന്റെ വ ക്താവ്‌ റവ.ഡോ.പോള്‍ തേല ക്കാട്ട്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. 11ന്‌ തുടങ്ങി ഇന്നലെ വരെ നടന്ന സിനഡില്‍ 36 മെത്രാന്‍മാര്‍ പങ്കെടുത്തു. പ്രവാസികളുടെ അജപാലന ക്രമീകരണം, വൈദിക പരിശീലനം, വൈദികരുടെ തുടര്‍പരിശീലനം, മിഷണറി ദൈവവിളി പരിപോഷണം, സഭാ സംവിധാനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍, സിബിസിഐ യോഗം എന്നിവയും സിനഡ്‌ ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭയുടെ സുവിശേഷവത്കരണ ദൗത്യം ഇന്നത്തെ ഭാരത പശ്ചാത്തലത്തില്‍ എന്ന വിഷയം സിനഡ്‌ പ്രത്യേകം ചര്‍ച്ച ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കായി പുതിയ സെറ്റ്‌ പ്രോപ്രിയ ചേര്‍ത്ത കുര്‍ബാന പുസ്തകവും സന്യസ്തരുടെ വ്രത വാഗ്ദാനത്തിനുള്ള കര്‍മ ക്രമവും പ്രസിദ്ധീകരിച്ചു. ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ ആദരാഞ്ജലിയര്‍പ്പിച്ച സിനഡ്‌ സാധിക്കുന്ന സഹായം കാരിത്താസ്‌ ഇന്ത്യ വഴി അവിടേക്ക്‌ എത്തിക്കാനും ആഹ്വാനം ചെയ്തു.

Friday, January 15, 2010

2009-ലെ കെസിബിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള കാത്തലിക്ക്‌ ബിഷപ്‌ കൗണ്‍സിലിന്റെ 2009-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, കഥ തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ മാനിച്ചു ജോസഫ്‌ പനയ്ക്കലിനാണ്‌ സാഹിത്യ അവാര്‍ഡ്‌, മാര്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിന്‌ റവ.ഡോ. മത്യാസ്‌ മുണ്ടാടന്‍ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമ അവാര്‍ഡ്‌ ആന്റോ അക്കരയ്ക്കാണ്‌. യുവപ്രതിഭ അവാര്‍ഡിന്‌ ലോക പഞ്ചഗുസ്തി ചാംപ്യനായ ജോബി മാത്യു അര്‍ഹനായി. ഫാ. ജേക്കബ്‌ ഏറണാട്ട്‌, എല്‍. കിഴക്കേടം, ഡോ. ഡെയ്സി കണ്ടത്തില്‍ എന്നിവരെ ഗുരുപൂജാ പുരസ്ക്കാരത്തിനും തെരഞ്ഞെടുത്തു. കെസിബിസി മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ. ചെറിയാന്‍ കുനിയന്തോടത്ത്‌, റവ.ഡോ.പോള്‍ തേലക്കാട്ട്‌, റവ.ഡോ.ജേക്കബ്‌ നാലുപറയില്‍, ഷെവ.ഡോ.പ്രീമൂസ്‌ പെരിഞ്ചേരി, ഡോ.ജോര്‍ജ്‌ ഇരുമ്പയം എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡുകള്‍ നിശ്ചയിച്ചത്‌. 31ന്‌ ഞായറാഴ്ച വൈകുന്നേരം 5.30ന്‌ പിഒസി ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

സഭാസ്വത്തുക്കളുടെ ഭരണത്തില്‍ സര്‍ക്കാര്‍ കൈ കടത്തരുത്‌: കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ

സഭയുടെ സ്വത്തുക്കളുടെ ഭരണത്തില്‍ കൈ കടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന്‌ ഇവിടെ ഇന്നലെ സമാപിച്ച കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമ്മേളനം മുന്നറിയിപ്പു നല്‍കി. സഭയ്ക്ക്‌ സ്വത്തുക്കള്‍ സംഭാവന നല്‍കിയവര്‍ക്ക്‌ അവ കാനോന്‍ നിയമം അനുസരിച്ച്‌ വിനിയോഗിക്കപ്പെടണം എന്നാണ്‌ ആഗ്രഹമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഭരണഘടനാ പരമായി സഭയ്ക്കുള്ള അവകാശങ്ങള്‍ക്കുനേരേ നടക്കുന്ന കൈയേറ്റ ശ്രമങ്ങളെ യോഗം അപലപിച്ചു. ഈ അവകാശങ്ങളില്‍, പ്രത്യേകിച്ച്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തില്‍ കൈകടത്താന്‍ ശ്രമിക്കരുതെന്ന്‌ യോഗം മുന്നറിയിപ്പു നല്‍കി. ഒറീസയില്‍ വര്‍ഗീയ കലാപത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാഗ്പൂര്‍ പള്ളോട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കഴിഞ്ഞ ഒമ്പതിനാണ്‌ സമ്മേളനം ആരംഭിച്ചത്‌. ഉദ്ഘാടന സമ്മേളനത്തില്‍ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. കര്‍ദിനാള്‍ ടെലസ്‌ ഫോര്‍ ടോപ്പോ ഉദ്ഘാടനം ചെയ്തു. ഡോ.എഡ്വേര്‍ഡ്‌ എടേഴത്ത്‌ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങള്‍ സഭയിലും സമൂഹത്തിലും എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം.

പ്രഫ.മേനാച്ചേരിയുടെ രചനമുതല്‍ക്കൂട്ട്‌: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

സീറോമലബാര്‍ സഭാ ചരിത്രത്തെക്കുറിച്ചും സഭയുടെ വിവിധ വശങ്ങളെക്കുറിച്ചും പ്രഫ.ജോര്‍ജ്‌ മേനാച്ചേരി തയാറാക്കിയിട്ടുള്ള രചനകള്‍ സഭാചരിത്രത്തിന്‌ മുതല്‍ക്കൂട്ടാണെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ റിസര്‍ച്ച്‌ സെന്ററിന്റെ പ്രഥമ പുരസ്ക്കാരം ചരിത്രകാരനും കലാ-സാംസ്ക്കാരിക ഗവേഷകനുമായ പ്രഫ.ജോര്‍ജ്‌ മേനാച്ചേരിക്കു കാക്കനാട്‌ സെമന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.സഭയ്ക്കും സമുദായത്തിനും നല്‍കിയ സേവനങ്ങള്‍ക്ക്‌ അവാര്‍ഡിന്‌ യോഗ്യനായ അല്‍മായനാണ്‌ പ്രഫ.മേനാച്ചേരിയെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.കലയ്ക്ക്‌ വിശ്വാസം പകര്‍ന്നു കൊടുക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കാനുണ്ടെന്നും ആ നിലയ്ക്ക്‌ സീറോ മലബാര്‍ സഭയുടെ പശ്ചാത്തലത്തില്‍ കലാരംഗത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രഫ.മേനാച്ചേരിയുടെ പങ്ക്‌ മഹത്തരമാണെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം പറഞ്ഞു.തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, റവ.ഡോ.പോളി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ ഓരോ വര്‍ഷവും നല്‍കുന്നതാണ്‌ അവാര്‍ഡ്‌.സഭയുടെ പൗരസ്ത്യവും ഭാരതീയവുമായ മാനങ്ങളുടെ പോഷണാര്‍ഥം ദൈവശാസ്ത്രം, സാഹിത്യം, കല, സംസ്ക്കാരം, ചരിത്രം, ശിക്ഷണക്രമം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയവും വിലപ്പെട്ടതുമായ സേവനങ്ങള്‍ കാഴ്ചവച്ചവരെയാണ്‌ അവാര്‍ഡിനായി പരിഗണിക്കുന്നത്‌.ഇരുപത്തയ്യായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും അടങ്ങിയതാണ്‌ അവാര്‍ഡ്‌. സീറോ മലബാര്‍ സഭയിലെ 36 മെത്രാന്‍മാരും ക്ഷണിക്കപ്പെട്ട മറ്റ്‌ അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

Wednesday, January 13, 2010

അസംഘടിത തൊഴിലാളികള്‍ക്ക്‌ സുരക്ഷാ പദ്ധതിയുമായി കത്തോലിക്കാസഭ

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെയടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന വചനം കത്തോലിക്കാ സഭ അന്വര്‍ഥമാക്കുകയാണ്‌. സംസ്ഥാനത്ത്‌ 90 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക്‌ അത്താണിയും ആശ്വാസവുമായിത്തീരുന്ന സുരക്ഷ എന്ന പദ്ധതിയാണ്‌ ആലംബഹീനര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും തണലായി മാറാന്‍ സഭ ഒരുക്കിയിരിക്കുന്ന പദ്ധതി.സഭാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന അള്‍ത്താര ശുശ്രൂഷികള്‍, പ്രോഗ്രാം സ്റ്റാഫ്‌, ക്ലറിക്കല്‍ സ്റ്റാഫ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടപ്പാക്കുന്ന പദ്ധതി തൊഴില്‍ മേഖലയിലുള്ള അന്യമതസ്ഥരായ അസംഘടിതര്‍ക്കു വേണ്ടിക്കൂടി നടപ്പാക്കാനാണ്‌ സഭ ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്‌. ആരോഗ്യ ഇന്‍ഷ്വറന്‍സ്‌, ഡെത്ത്‌ ബെനഫിറ്റ്‌ സ്കീം, വിരമിക്കല്‍ ബെനഫിറ്റും പെന്‍ഷനും എന്നിവയാണ്‌ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുമായും ജനറല്‍ ഇന്‍ഷ്വറന്‍സുമായും സഹകരിച്ചാണ്‌ കെസിബിസിയുടെ തൊഴിലാളി സംഘടനയായ കേരളാ ലേബര്‍ മൂവ്മെന്റ്‌ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്‌. ഇന്‍ഷ്വറന്‍സ്‌ റഗുലേറ്ററി അഥോറിറ്റി ഓഫ്‌ ഇന്ത്യ സുരക്ഷാ പദ്ധതിയിലെ ഇന്‍ഷ്വറന്‍സ്‌ നടത്തിപ്പിന്റെ പൂര്‍ണ ചുമതലയുള്ള ഏജന്‍സിയായി കെഎല്‍എമ്മിനെ നിയോഗിച്ചിട്ടുമുണ്ട്‌. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ 18 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ളവര്‍ക്കാണ്‌ അംഗമാകാന്‍ അവസരം.മാക്സിമം ക്ലയിം 30,000 രൂപയും ആക്സിഡന്റ്‌ ഡെത്ത്‌ ബെനഫിറ്റ്‌ 25,000 രൂപയുമാണ്‌. ഒരു വര്‍ഷ കാലാവധിയുള്ള പോളിസി പ്രതിവര്‍ഷം പുതുക്കണമെന്ന വ്യവസ്ഥയുമുണ്ട്‌. ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും. ഇതില്‍ കുടുംബത്തില്‍ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ വിവാഹിതരായതിനു ശേഷവും ആണ്‍കുട്ടികള്‍ 25 വയസിനു ശേഷവും പരിരക്ഷയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും. വാര്‍ഷിക പ്രീമിയമായി അടയ്ക്കേണ്ടത്‌ 450 രൂപയാണ്‌. ഡെത്ത്‌ ബെനഫിറ്റ്‌ സ്കീമില്‍ അംഗമാകുന്നതിനുള്ള യോഗ്യതയും 18 മുതല്‍ 65 വയസുവരെയാണ്‌. അസ്വാഭാവിക മരണവും അപകട മരണവും സംഭവിച്ചാല്‍ 75,000 രൂപയും നോര്‍മല്‍ ഡെത്ത്‌ ക്ലയിമായി 30,000 രൂപയും ലഭിക്കും. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാള്‍ക്ക്‌ മാത്രമായിരിക്കും ഈ പരിരക്ഷ ലഭിക്കുക. വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിരിക്കുന്നത്‌ 100 രൂപയാണ്‌. റിട്ടയര്‍ ബെനഫിറ്റ്‌-പെന്‍ഷന്‍ സ്കീമില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 18 മുതല്‍ 45 വയസു വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്‌. മിനിമം പ്രതിമാസ പെന്‍ഷന്‍ 600 രൂപയും പരമാവധി പ്രതിമാസ പെന്‍ഷന്‍ 800 രൂപയുമാണ്‌. റിട്ടയര്‍മെന്റ്‌ ബെനഫിറ്റ്‌ ആയി 16,000 രൂപയാണ്‌ ലഭിക്കുക. പരമാവധി 50,000 രൂപയാണ്‌ അഷ്വേര്‍ഡ്‌ തുക. നോമിനികള്‍ക്ക്‌ ഡെത്ത്‌ ബെനഫിറ്റ്‌ ആയി 34,000 രൂപയും പ്രതിമാസ പ്രീമിയമായി 300 രൂപയും ലഭിക്കും. 15 വര്‍ഷമാണ്‌ പോളിസി കാലാവധി. പദ്ധതിക്കായുള്ള വാര്‍ഷിക പ്രീമിയം സഭാസ്ഥാപനവും തൊഴിലാളിയും കോണ്‍ട്രിബ്യൂട്ടറി അടിസ്ഥാനത്തില്‍ തുല്യമായി പങ്കുവച്ചാണ്‌ അടയ്ക്കുന്നത്‌. അതായത്‌ ആകെ 2125 രൂപയില്‍ പകുതി സഭാസ്ഥാപനവും പകുതി തൊഴിലാളിയും വഹിക്കും.

പോട്ട ബൈബിള്‍ കണ്‍വന്‍ഷന്‌ തുടക്കം

അഞ്ചുദിവസം നീളുന്ന ഇരുപത്തൊന്നാമത്‌ പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‌ ഇന്നു തുടക്കമാവും. രാവിലെ പത്തിന്‌ കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫാ.ജോണ്‍ കണിച്ചേരി നയിക്കുന്ന കണ്‍വന്‍ഷനില്‍ ഫാ.മാത്യു നായ്ക്കംപറമ്പില്‍, ഫാ.ജോര്‍ജ്‌ പനയ്ക്കല്‍, ഫാ.മാത്യു ഇലവുങ്കല്‍ തുടങ്ങിയവരും പ്രശസ്ത വചനപ്രഘോഷകരും പങ്കെടുക്കും. ദിവസേന രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകീട്ട്‌ അഞ്ചിന്‌ സമാപിക്കും. ഫാ.മാത്യു തടത്തില്‍ ചെയര്‍മാനും ഫാ.ബിജു കൂനന്‍ ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനെത്തുന്ന പതിനായിരങ്ങള്‍ക്കുവേണ്ടി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ലക്ഷം പേര്‍ക്ക്‌ ഇരിക്കാവുന്ന പന്തലാണ്‌ കണ്‍വന്‍ഷനായി തയാറാക്കിയിട്ടുള്ളത്‌. രോഗികള്‍ക്ക്‌ കിടന്ന്‌ വചനം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. പന്തലിന്റെ വിവിധ ഭാഗങ്ങളിലായി ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടിവി സ്ഥാപിച്ചിട്ടുണ്ട്‌. എല്ലാവര്‍ക്കും ഉച്ചയ്ക്ക്‌ ലഘുഭക്ഷണം സൗജന്യമായി നല്‍കും. എല്ലാ ബസുകള്‍ക്കും പോട്ട ആശ്രമം സ്റ്റോപ്പായി അനുവദിച്ചിട്ടുണ്ട്‌. ചാലക്കുടിയില്‍ നിര്‍ത്താത്ത ട്രെയിനുകള്‍ക്കു കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ സ്റ്റോപ്പ്‌ അനുവദിച്ചു.

Tuesday, January 12, 2010

മാര്‍ക്സിസവും ദൈവവിശ്വാസവും ഒന്നിച്ചുപോകില്ല: എകെസിസി

മാര്‍ക്സിസവും ദൈവവിശ്വാസവും ഒന്നിച്ചുപോകില്ലെന്നതിന്റെ അവസാന തെളിവാണ്‌ മുന്‍ എംപി കെ.എസ്‌ മനോജിന്റെ വെളിപ്പെടുത്തലെന്ന്‌ എകെസിസി പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ കാള്‍ മാര്‍ക്സിന്റെ കാലഘട്ടത്തില്‍നിന്ന്‌ ഒട്ടും മുന്നോട്ടു പോകാന്‍ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണമാണ്‌ തെറ്റുതിരുത്തല്‍ രേഖ. നേതാക്കള്‍ക്കു പാടില്ലാത്ത ദൈവവിശ്വാസം അണികള്‍ക്കാകാം എന്ന നിലപാട്‌ വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ടു വോട്ട്‌ തട്ടിയെടുക്കാനുള്ള അടവുനയം മാത്രമാണ്‌. ഒരു വശത്ത്‌ നിരീശ്വരത്വവും മറുവശത്ത്‌ കപട വിശ്വാസവുമായി ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും സമുദായസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വരികയോ ശക്തി പ്രാപിക്കുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിലെല്ലാം ആദ്യ യുദ്ധം മതവും ദൈവവുമായിട്ടായിരുന്നുവെന്നതു ചരിത്രം നല്‍കുന്ന പാഠമാണ്‌. യഥാര്‍ഥ വിശ്വാസത്തിന്റെ പേരില്‍ ആത്മസംഘര്‍ഷം അനുഭവിക്കുന്ന പ്രവര്‍ത്തകര്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച്‌ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും പുറത്തുവരാന്‍ തയാറാകണം. പുരോഗമനത്തിന്റെയും അക്ഷരസ്നേഹത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നവര്‍ സാംസ്കാരികനായകര്‍ക്കു നേരേ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സാജു അലക്സ്‌, ജോയി മുത്തോലി, ബെന്നി പാലക്കത്തടം എന്നിവര്‍ പ്രസംഗിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവര്‍ക്കും സംവരണം അനുവദിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്‌

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ക്രൈസ്തവര്‍ക്കും സംവരണം അനുവദിക്കണമെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എം.ഡി ജോസഫ്‌ മണ്ണിപ്പറമ്പിലില്‍ അധ്യക്ഷനായിരുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വലിയ വിഭാഗം മുന്നോക്ക ക്രൈസ്തവരിലുള്ള കാര്യം ഗവണ്‍മെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും വിസ്മരിച്ചിരിക്കുകയാണ്‌. ദളിത്‌-പിന്നോക്ക സംവരണ ക്വോട്ടായെ ബാധിക്കാത്ത തരത്തില്‍ ഇവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം നല്‍കണം. ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതിമൂലം സംവരണം ഏര്‍പ്പെടുത്തണമെന്ന പ്രമേയം യോഗം പാസാക്കി.അന്‍പത്‌ വര്‍ഷങ്ങളായി സമരം ചെയ്യുന്ന ദളിത്‌ ക്രൈസ്തവരുടെ ആവശ്യം കണക്കിലെടുക്കണം. ജസ്റ്റീസ്‌ ജഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാസാക്കിയെടുക്കുവാന്‍ കേന്ദ്രഗവണ്‍മെന്റ്‌ മുന്‍കൈ എടുക്കണം.കത്തോലിക്കാ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രഫ. കെ.കെ ജോണ്‍, സെക്രട്ടറിമാരായ ടോമി തുരുത്തിക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ബിജു പറയനിലം, കെ.ടി തോമസ്‌ കരിപ്പാപ്പറമ്പില്‍, മാത്യു മടുക്കക്കുഴി, ബേബിച്ചന്‍ ഏര്‍ത്തയില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര, ബേബി മാത്യു എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, January 11, 2010

ദൈവ വിശ്വാസിക്ക്‌ ചേര്‍ന്നതല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി: കെസിവൈഎം

ഈശ്വര വിശ്വാസവും ധാര്‍മികതയുമുള്ളവര്‍ക്കു ചേര്‍ന്നതല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്നു കെസിവൈഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. ഈശ്വരവിശ്വാസിയായി തുടരാനായി മുന്‍ എംപി ഡോ.കെ.എസ്‌ മനോജ്‌ സിപിഎം വിട്ടതുമായി ബന്ധപ്പെടുത്തിയാണ്‌ കെസിവൈഎമ്മിന്റെ പ്രസ്താവന. മനോജിനെപ്പോലെ മുഴുവന്‍ ഈശ്വരവിശ്വാസികളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ വിട്ടു ഈശ്വരവിശ്വാസത്തില്‍ ഉറച്ചുനിന്ന്‌ രാഷ്ട്ര പുരോഗതിക്ക്‌ യത്നിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി അഭ്യര്‍ഥിച്ചു.

സ്ത്രീകള്‍ കടമകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടുവരണം: മാര്‍ആനിക്കുഴിക്കാട്ടില്‍

വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കുടുംബപരവും സാമൂഹികവുമായ ദൗത്യങ്ങള്‍ വേണ്ടവിധം മനസിലാക്കി മുന്നോട്ടുവരേണ്ടത്‌ ആവശ്യമാണെന്ന്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കെസിബിസി വനിതാ കമ്മീഷന്റെ പുതിയ ഭാരവാഹികളുടെ പിഒസിയില്‍ നടന്ന സ്ഥാനാരോഹണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പുതിയ സെക്രട്ടറി ആനി റോഡ്നിക്ക്‌ പിതാവ്‌ നിയമനപത്രം കൈമാറി. പഴയ ഭാരവാഹികളായ സെക്രട്ടറി ബീനാ സെബാസ്റ്റ്യന്‍, ജോയിന്റ്‌ സെക്രട്ടറി പ്രഫ. സി.സി ആലീസുകുട്ടി, ട്രഷറര്‍ സിസ്റ്റര്‍ ജോളി സിഎംസി എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, ഫാ. ജോസ്‌ കോട്ടില്‍, റോസക്കുട്ടി എബ്രഹാം, പ്രഫ. താരാ ജോണ്‍സ്‌, ഫാ. ജോസ്‌ കൊച്ചുപറമ്പില്‍, ഫാ. ജോസഫ്‌ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാസഭയിലെ എല്ലാം സംഘടനകളിലെയും പ്രസ്ഥാനങ്ങളിലേയും വനിതാ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ രൂപതാ, ഫൊറോനാ ഇടവകതലത്തില്‍ കോര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും സ്ത്രീകളുടെ ശക്തീകരണം ലക്ഷ്യംവച്ച്‌ പ്രവര്‍ത്തിക്കാനും കെസിബിസി രൂപീകരിച്ച ജന്‍ഡര്‍ പോളിസിക്കനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Saturday, January 9, 2010

ഡിവൈന്‍ ടിവിയില്‍ കടുകുമണി ബൈബിള്‍ ക്വിസ്‌ മത്സരം

സെന്റ്‌ തോമസ്‌ മിഷനറി സൊസൈറ്റിയുടെ മിഷനറി ആനിമേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ വിഭാഗമായ ഇംപാക്ടും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പുതിയ കാല്‍വയ്പായ ഡിവൈന്‍ ടിവിയും സംയുക്തമായി നടത്തുന്ന അഖിലകേരള കടുകുമണി ബൈബിള്‍ ക്വിസ്‌ 2010 മത്സരത്തിലേയ്ക്കുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവചനത്തെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും പങ്കുവയ്ക്കുവാനുമായി റിയാലിറ്റി ഷോയുടെയും ക്വിസിന്റേയും പ്രസരിപ്പുകള്‍ കോര്‍ത്തിണയ്ക്കി അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തപ്പെടുന്നതാണ്‌ കടുകുമണി ബൈബിള്‍ ക്വിസ്‌. ഫെബ്രുവരി മാസം 28- നാണ്‌ രജിസ്ട്രേഷന്‍ അവസാനിക്കുന്നത്‌. 15- നും 25-നും മദ്ധ്യേ പ്രായമുളള ഏവര്‍ക്കും രണ്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ പങ്കെടുക്കാം. രണ്ട്‌ തലങ്ങളിലായിട്ടാണ്‌ മത്സരങ്ങള്‍ നടത്തുന്നത്‌. ആദ്യതലത്തില്‍ സെലക്ഷന്‍ റൗണ്ടായി എഴുത്തുപരീക്ഷയും അവസാനതലത്തില്‍ മള്‍ട്ടീമീഡിയ സഹായത്തോടെ ഫൈനല്‍ റൗണ്ട്‌ മത്സരം ഡിവൈന്‍ടിവിയിലും നടത്തപ്പെടുന്നു.

ഒരു ഇടവകയില്‍നിന്നും എത്ര ഗ്രൂപ്പുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ആദ്യതല പരീക്ഷയ്ക്കായി എല്ലാ രൂപതകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ പഠന സഹായിയുടെ ഒരു കോപ്പിയും പരീക്ഷകേന്ദ്രങ്ങളുടെ വിവരണവും ലഭ്യമാകുന്നതാണ്‌. ആദ്യതലത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കു നേടുന്ന 40 ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതായിരിക്കും. ആദ്യതലമത്സരങ്ങള്‍ കടുകുമണി ബൈബിള്‍ ക്വിസിന്റെ ജൂറി പരിശോധനാവിധേയമാക്കി വിജയികളെ നിശ്ചയിക്കുന്നതായിരിക്കും.

ഈ വര്‍ഷത്തെ പഠനവിഷയം ‘ബൈബിള്‍ ഒരു ആമുഖ പഠനം’ (Introduction to Bible)എന്നതാണ്‌. ആദ്യതല എഴുത്തുപരീക്ഷ മാര്‍ച്ചുമാസം 7-ാ‍ം തീയതി രൂപതാ - അതിരൂപതാ കേന്ദ്രത്തില്‍ വച്ച്‌ നടക്കുന്നതായിരിക്കും. ഏപ്രില്‍ മാസം 25-ാ‍ം തീയതി മുതല്‍ അവസാനതല മത്സരങ്ങള്‍ക്കായുളള ഒരുക്കവും തുടര്‍ന്ന്‌ ഫൈനല്‍ റൗണ്ട്‌ മത്സരങ്ങളും ഡിവൈന്‍ ടിവിയില്‍ നടക്കുന്നതായിരിക്കും.

കടുകുമണി ബൈബിള്‍ ക്വിസിലെ വിജയികള്‍ക്ക്‌ ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനം 10001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, മൂന്നാം സമ്മാനം 5001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നല്‍കുന്നതാണ്‌. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള ടീമുകള്‍ രജിസ്ടേഷന്‍ ഫീസും വികാരിയച്ചന്റെ സമ്മതപത്രവും വിലാസവും എഴുതി ഫെബ്രുവരി 28-ാ‍ം തീയതിയ്ക്കുമുമ്പായി തപാല്‍ വഴിയോ നേരിട്ടോ കടുകുമണി ഓഫീസില്‍ എത്തിക്കണമെന്ന്‌ സംഘാടകന്‍ ഫാ. ആന്റോ തട്ടില്‍ എം.സ്സ്‌.റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9961932592, 9744268406

Friday, January 8, 2010

സിബിഐ അന്വേഷണം വിദ്യാഭ്യാസ വകുപ്പിനേറ്റ തിരിച്ചടി: കാത്തലിക്‌ ഫെഡറേഷന്‍

കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മൂന്ന്‌ സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ വ്യാജരേഖ സമര്‍പ്പിച്ചാണ്‌ എഐസിടിയുടെ അംഗീകാരം വാങ്ങിയതെന്നും അതിനെതിരേ സിബിഐ അന്വേഷണം ആരംഭിച്ചതും വിദ്യാഭ്യാസവകുപ്പിന്റെ കള്ളക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം വിലയിരുത്തി. ഈ വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ്‌ കാലിക്കട്ട്‌ സര്‍വകലാശാലയും വിദ്യാഭ്യാസവകുപ്പും എന്‍ജിനീയറിംഗ്‌ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയത്‌. ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള മൂന്ന്‌ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്‌ ദുരൂഹമാണെന്നും യോഗം ആരോപിച്ചു. ദേശീയ പ്രസിഡന്റ്‌ അഡ്വ. പി.പി ജോസഫ്‌ അധ്യക്ഷത വഹിച്ചു. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, കെ.സി ആന്റണി, ബിനോയ്‌ ആച്ചോത്ത്‌, പ്രഫ. ലീന ജോസ്‌ ടി എന്നിവര്‍ പ്രസംഗിച്ചു.

മേജര്‍ സുപ്പീരിയേഴ്സ്‌ സമ്മേളനം കാക്കനാട്‌ മൗണ്ട്‌ സെന്തോമസില്‍

സീറോ മലബാര്‍ സഭയില്‍ ആരംഭിക്കപ്പെട്ടതും സഭയില്‍ പ്രൊവിന്‍സുകള്‍ രൂപീകരിക്കപ്പെട്ടതുമായ എല്ലാ സന്യാസ - സന്യാസിനീ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്റെ സമ്മേളനം സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട്‌ സെന്തോമസില്‍ വച്ച്‌ ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 4 മണി വരെ നടത്തപ്പെടുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ അജപാലനത്തിനും സന്യസ്ത സമൂഹങ്ങളുടെ സഹകരണമാണ്‌ മുഖ്യ ചര്‍ച്ചാവിഷയം. സമ്മേളനത്തില്‍ അത്യുന്നത കര്‍ദ്ദിനാള്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. സുവിശേഷവല്‍ക്കരണത്തിന്റേയും പ്രവാസികളുടെ അജപാലനത്തിന്റേയും കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ അദ്ധ്യക്ഷനായിരിക്കും. മാര്‍ സൈമണ്‍ സ്റ്റോക്ക്‌ പാലാത്തറ, മാര്‍ ആന്റണി ചിറയത്ത്‌ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. ബാംഗ്ലൂര്‍ ധര്‍മ്മാര വിദ്യാക്ഷേത്രത്തിന്റെ പ്രസിഡന്റായ റവ. ഫാ. ഫ്രാന്‍സീസ്‌ തോണിപ്പാറ സിഎംഐ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാര്‍ സന്യസ്ത കൂട്ടായ്മയുടെ പ്രസിഡന്റായ റവ. ഫാ. മാത്യൂ കുമ്പുക്കേല്‍ സിഎസ്സ്റ്റി പ്രസംഗിക്കും. സിഎംഐ സഭയുടെ വികാര്‍ ജനറാള്‍ ഫാ. ജോര്‍ജ്ജ്‌ താഞ്ചന്‍ നിര്‍ദ്ദേശങ്ങളുടെ കരടുരേഖ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയും ചെയ്യുമെന്ന്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ അറയിച്ചു.

യേശു തന്നെത്തന്നെ ദാനംചെയ്തു: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

അപ്പമായി സ്വയം ചെറുതായി മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ ദാനം ചെയ്ത യേശു നമ്മോട്‌ വലിയ കാരുണ്യമാണ്‌ കാണിച്ചതെന്ന്‌ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. മരുത്തോര്‍വട്ടം ദിവ്യകാരുണ്യ ബൈബിള്‍ കണ്‍വന്‍ഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചേര്‍ത്തല മുട്ടം ഫൊറോനാ വികാരി ഫാ. സെബ്സ്റ്റ്യന്‍ മാണിക്കത്താന്‍ ബൈബിള്‍പ്രതിഷ്ഠ നടത്തി. ഫാ. ജോര്‍ജ്‌ കിഴക്കേമുറി ഭദ്രദീപം തെളിച്ചു. ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍, ഫാ. സ്റ്റീഫന്‍ കണിപ്പള്ളി, ഫാ. തോമസ്‌ കോഴിമല എന്നിവര്‍ വചനസന്ദേശം നല്‍കി.

Thursday, January 7, 2010

റവ. ഡോ. ജോഷി മയ്യാറ്റില്‍ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി രൂപതാംഗവും ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. ജോഷി മയ്യാറ്റിലിനെ കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെയും സെക്രട്ടറിയായി നിയമിച്ചു. ആലുവ കാര്‍മല്‍ഗിരി സെന്റ്‌ ജോസഫ്സ്‌ മേജര്‍ സെമിനാരിയില്‍ പ്രഫസറായി സേവനം അനുഷ്ഠിക്കുന്ന റവ. ഡോ. ജോഷി മയ്യാറ്റില്‍ റോമിലെ ബിബ്ലിക്കും സര്‍വകലാശാലയില്‍ നിന്ന്‌ ബൈബിള്‍ വിജ്ഞാനീയത്തില്‍ ബിരുദാനന്തര ബിരുദവും ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന്‌ പഴയ നിയമത്തിലെ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധത്തിന്‌ ഡോക്ടറേറ്റും കരസ്ഥമാക്കി. കൊച്ചി രൂപതയില്‍ തോപ്പുംപടി സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളി സഹവികാരി, കുമ്പളം സെന്റ്‌ സേവ്യേഴ്സ്‌ സ്റ്റഡി ഹൗസിന്റെ പ്രീഫെക്ട്‌, ആലുവ തടിക്കടവ്‌ ഹോളിക്രോസ്‌ മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. റവ.ഡോ.സൈറസ്‌ വേലംപറമ്പില്‍ വിരമിക്കുന്ന ഒഴിവിലാണ്‌ പുതിയ നിയമനം. അടുത്തമാസം ആറിന്‌ റവ. ഡോ. ജോഷി മയ്യാറ്റില്‍ ചുമതലയേല്‍ക്കും.

Wednesday, January 6, 2010

ക്രൈസ്തവര്‍ ലോകത്തിന്‌ പ്രകാശം പകരണം: മാര്‍ പെരുന്തോട്ടം

ഈശോ നല്‍കിയ നന്മയുടെ വെളിച്ചം ക്രൈസ്തവര്‍ ലോകത്തിന്‌ പകരണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ദനഹാ തിരുനാള്‍ ആഘോഷ ശുശ്രൂഷാ മധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. സ്നേഹവും കൂട്ടായ്മയും ഉറപ്പിക്കാന്‍ ദനഹാ തിരുനാളാഘോഷത്തിലൂടെ കഴിയണമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. വൈകുന്നേരം റംശ പ്രാര്‍ഥനയോടെയാണ്‌ ദനഹാ തിരുനാള്‍ ആഘോഷം ആരംഭിച്ചത്‌. പള്ളി അങ്കണത്തില്‍ സ്ഥാപിച്ച പിണ്ടിയില്‍ മാര്‍ ജോസഫ്‌ പെരുംന്തോട്ടം ദീപം പകര്‍ന്നു. തുടര്‍ന്ന്‌ കത്തിച്ച മെഴുതിരികളുമായി പള്ളിക്കു ചുറ്റും പ്രദക്ഷിണവും നടന്നു.വികാരി ഫാ.തോമസ്‌ തുമ്പയില്‍, ഫാ.ജോണ്‍ പുലിശേരി, ഫാ.സിറിയക്‌ പഴയമഠം, ഫാ.ബിജു കണ്ണാടിപ്പാറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദനഹാ തിരുനാള്‍ ദിനമായ ഇന്ന്‌ രാവിലെ 5.30നും ഏഴിനും 12-നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും

രംഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണം: എകെസിസി

ന്യൂനപക്ഷ സമുദായങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ നിയമിച്ച ജസ്റ്റീസ്‌ രംഗനാഥ്‌ മിശ്ര ചെയര്‍മാനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ്‌ ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സീറോ മലബാര്‍ സഭയുടെ അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ.ജോണ്‍, സൈബി അക്കര, ജയിംസ്‌ ഇലവുങ്കല്‍, സിബി മുക്കാടന്‍, തോമസുകുട്ടി മണക്കുന്നേല്‍, അഡ്വ. ടോമി കണയംപ്ലാക്കല്‍, ജോസുകുട്ടി കുട്ടംമ്പേരൂര്‍, വി.ഒ ഔതക്കുട്ടി, കുഞ്ഞുമോന്‍ തുമ്പുങ്കല്‍, ബിജു മുളകപ്പാടം, ബാബു കുരിശുംമൂട്ടില്‍, മേരിക്കുട്ടി മറ്റക്കടവില്‍, കൊച്ചുറാണി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയുടെ അത്മായ സെക്രട്ടറിയായി തെരഞ്ഞെടുത്ത അഡ്വ.വി.സി സെബാസ്റ്റ്യനെ യോഗത്തില്‍ അനുമോദിച്ചു.

Tuesday, January 5, 2010

മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണം: ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍

ദളിത്‌ സമുദായങ്ങളില്‍നിന്നു ക്രൈസ്തവ, മുസ്ലീം മതം സ്വീകരിച്ചവര്‍ക്കു പട്ടികജാതി - പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള രംഗനാഥ മിശ്ര കമ്മീഷന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നു കാത്തലിക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ പ്രനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌. ജസ്റ്റീസ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായി എഐസിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ സെക്യൂറ, സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ്‌ വിതയത്തില്‍, ദേശീയ സെക്രട്ടറി തോമസ്‌ ജോണ്‍ തേവാരത്ത്‌ എന്നിവര്‍ പറഞ്ഞു. അഡ്വ.എഡ്വേര്‍ഡ്‌ ആരോഗ്യദാസ്‌, പ്രഫ.വി.എ വര്‍ഗീസ്‌, ജോസഫ്‌ വിക്്ടാര്‍ മരക്കാശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരമുള്ള പത്രികയും നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും എഐസിയു നേതാക്കള്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കിട്ടുന്നതിന്‌ ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്ത്‌ ദളിത്‌ ക്രൈസ്തവരുടെ റാലി സംഘടിപ്പിക്കും. ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച്‌ ആദ്യവാരത്തില്‍ കൂട്ട ധര്‍ണയും സംഘടിപ്പിക്കും. മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി ക്രമം തീരുമാനിക്കാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിന്‌ കേരളത്തില്‍നിന്നുള്ള എംപി മാര്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Monday, January 4, 2010

ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ: മാര്‍ ചക്യത്ത്‌

അല്‍മായസമൂഹത്തിന്റെ ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമേ സമൂഹത്തിലും സഭയിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയൂള്ളൂവെന്ന്‌ എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍ (എഐസിയു) സംഘടിപ്പിച്ച ദേശീയ അല്‍മായ പരിശീലന ക്യാമ്പ്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രശ്നങ്ങളെ വിലയിരുത്തി പരിഹാരം കാണുകയും അവയ്ക്ക്‌ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത്‌ അല്‍മായരുടെ ദൗത്യമാണ്‌ - അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വേറിട്ടു ചിന്തിക്കുന്ന അവസ്ഥയ്ക്ക്‌ മാറ്റം വരണം. ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയം കണ്ടെത്തുന്നതിലും സ്ത്രീ ശാക്തീകരണം നല്ല രീതിയില്‍ സാധ്യമാക്കുന്നതിനും നമുക്ക്‌ സാധിച്ചിട്ടില്ല. നാടിന്റെ പുരോഗതിക്ക്‌ സത്യത്തില്‍ അധിഷ്ഠിതമായ സ്നേഹം വളര്‍ത്തിയെടുക്കേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എഐ.സി.യു ദേശീയ സെക്രട്ടറി തോമസ്‌ ജോണ്‍ തേവരേത്ത്‌ അധ്യക്ഷനായിരുന്നു. എ.ഐ.സി.യു നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ എക്സ്‌ സെക്യുറാ മുഖ്യപ്രഭാഷണം നടത്തി. ചാള്‍സ്‌ ഡയസ്‌ എംപി, കെഎല്‍സിഎ പ്രസിഡന്റ്‌ അഡ്വ.റാഫേല്‍ ആന്റണി, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, അഡ്വ.ജോസ്‌ വിതയത്തില്‍, എഐസിയു ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ വിക്ടര്‍ മരക്കാശേരി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ക്രൈസ്തവ സഭകളുടെ ഏകീകരണമാണ്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍. കുമരകം വടക്കുംകര സെന്റ്‌ ജോണ്‍സ്‌ പള്ളിയുടെ 250-ാ‍ം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭകളുടെ ഐക്യം സാധ്യമാകണമെങ്കില്‍ ദൈവാനുഗ്രഹം ഉണ്ടാകണം. വര്‍ഗീയതയുടെ വക്താക്കളാകാതെ നാം സത്യാന്വേഷകരായി തീരണം. വിശ്വാസത്തില്‍ ഉറച്ച്‌ നിന്ന്‌ ദൈവഹിതം നിറവേറ്റുന്നവരാണോ നാമെന്ന്‌ ആത്മപരിശോധന നടത്തണം. വിദ്യാഭ്യാസം സൗജന്യമായി ലഭിക്കണമെന്ന ചിന്ത നാം വെടിയണം. ഉന്നതവിദ്യാഭ്യാസം സൗജന്യമായി നല്‍കേണ്ടതിന്റെ ബാധ്യത സര്‍ക്കാരിനാണ്‌.-മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ജൂബിലിയോടനുബന്ധിച്ച്‌ നടപ്പാക്കുന്ന സ്കോളര്‍ഷിപ്പ്‌ പദ്ധതി ആര്‍ച്ച്ബിഷപ്‌ ഉദ്ഘാടനം ചെയ്തു. ഇടവകയില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെയും പേരില്‍ 25,000 മുതല്‍ അമ്പതിനായിരം വരെ രൂപ ബാങ്കില്‍ നിക്ഷേപിച്ച്‌ കുട്ടിക്ക്‌ 18 വയസാകുമ്പോള്‍ ല ക്ഷങ്ങളായി ഉന്നത പഠനത്തിനുവേണ്ടി നല്‍കുന്ന ഈ പദ്ധതി ദേവാലയങ്ങളില്‍ ഇഥംപ്രഥമമാണെന്ന്‌ ജോ സ്‌ കെ മാണി എംപി അഭിപ്രായപ്പെട്ടു. കോട്ടയ്ക്കുപുറം പള്ളി വികാരി ഫാ.സക്കറിയാസ്‌ പുതുപറമ്പില്‍, കുടമാളൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ വികാരി ഫാ.ജോര്‍ജ്‌ കൂടത്തില്‍, ഫാ.തോമസ്‌ ആലുംപറമ്പില്‍, ഫാ.മൈക്കിള്‍ കട്ടക്കയം, കോട്ടയം ന ഗ രസഭ വൈസ്‌ ചെയര്‍മാന്‍ ജോമോന്‍ തോമസ്‌, കുമരകം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ സക്കറിയ, സി.ടി തോമസ്‌ ചാണാന്‍ച്ചേരില്‍, അലക്സാണ്ടര്‍ ചാക്കോ കട്ടക്കയം, സ്റ്റീഫന്‍ ജോര്‍ജ്‌, വികാരി ഫാ.സെബാസ്റ്റ്യന്‍ എഴുനൂറ്റില്‍, കൈക്കാരന്‍ ജോസ്‌ എ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

സര്‍ക്കാര്‍ വിവേചനം കാണിക്കരുത്‌: ഏബ്രഹാം മാര്‍ യൂലിയോസ്‌

ക്രൈസ്തവരോടുള്ള വിവേചനപരമായ സമീപനം തിരുത്താന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്ന്‌ മൂവാറ്റുപുഴ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ യൂലിയോസ്‌ അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്റെ ദ്വിദിന സംസ്ഥാന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെയിനെവ കരാര്‍ അനുസരിച്ച്‌ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌. ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളുടെ സംസ്ഥാന വിഹിതമായ 25 ശതമാനം നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത മൂലം ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക്‌ അത്‌ നഷ്ടമാകുന്ന അവസ്ഥയുണ്ട്‌. ഇത്തരത്തിലുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നുണ്ടെന്നും മതസംഘടനകളുടെ ശരിയായ പ്രവര്‍ത്തനം അതിന്‌ പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യാസക്തിയും സ്ത്രീ ഭ്രൂണഹത്യയും കേരളം നേരിടുന്ന വിപത്തുകളാണെന്നും അവയ്ക്കെതിരേ കത്തോലിക്ക സമുദായ സംഘടനകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കാത്തലിക്‌ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ സെക്യൂറ അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി തോമസ്‌ ജോണ്‍ തേവരത്ത്‌, പി.ഐ ആന്റണി, പ്രഫ.വി.എ വര്‍ഗീസ്‌, ജോസഫ്‌ വിക്ടര്‍ മരക്കാശേരി, സെബാസ്റ്റ്യന്‍ വടശേരി, അഡ്വ.ജോസ്‌ വിതയത്തില്‍, സി.എല്‍ ഇഗ്നേഷ്യസ്‌, ജോസ്‌ ആഞ്ഞിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, January 2, 2010

കലകളില്‍ ഈശ്വരപ്രകാശമുണ്ട്‌: മാര്‍ കല്ലറങ്ങാട്ട്‌

കലകളില്‍ ഈശ്വരപ്രകാശം നിറഞ്ഞുതുളുമ്പുന്നതായി മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. ജില്ലാ സ്കൂള്‍ കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. കലകള്‍ക്ക്‌ കലാലയങ്ങളാണു ശാസ്ത്രീയമാനം പകരുന്നത്‌. കലയുടെ യുവത്വം കുട്ടികളിലാണ്‌. മതങ്ങളുടെ ഐക്യത്തിനും രാഷ്ട്രത്തിന്റെ പുരോഗതിക്കും കലകള്‍ക്ക്‌ ഏറെ സംഭാവനകള്‍ നല്‍കാനാകും. വിശ്വാസപ്രചാരണത്തില്‍ കലകള്‍ക്കു നിര്‍ണായക സ്ഥാനമാണുള്ളത്‌. കലയുടെ പെരുമഴയാണ്‌ നഗരം ആതിഥ്യമരുളുന്നത്‌ - മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു.വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്‌ കലാപോഷണമെന്ന്‌ ഉദ്ഘാടനപ്രസംഗത്തില്‍ കെ.എം മാണി എംഎല്‍എ പറഞ്ഞു.

Friday, January 1, 2010

പുതുവത്സരാശംസകള്‍

HAPPY NEW YEAR