വിദ്യാഭ്യാസ മന്ത്രിയുടെ ന്യൂനപക്ഷ പീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് തൃശൂര്‍ ജില്ലയിലെ ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള രണ്ട് എന്‍ജിനീയറിംഗ് കോളജുകളിലെ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന ആയിരത്തോളം വിദ്യാര്‍ഥികളെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍. ജ്യോതി എന്‍ജിനീയറിംഗ് കോളജിലും സഹൃദയാ എന്‍ജിനീയറിംഗ് കോളജിലും പഠിക്കുന്ന രണ്ടും മൂന്നും വര്‍ഷക്കാരായ വിദ്യാര്‍ഥികള്‍ക്കു ഹാള്‍ ടിക്കറ്റും ചോദ്യപേപ്പറും നല്‍കാതെയും കോളജിന്റെ അഫിലിയേഷന്‍ തുടരാതെയും വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനാണു മന്ത്രി ശ്രമിക്കുന്നത്. ഭരണഘടനാനുസൃതമായ ന്യൂനപക്ഷാവകാശ ങ്ങള്‍ ക്കും കോടതിവിധികള്‍ക്കും വിരുദ്ധമായിട്ടുള്ള യൂണിവേഴ്സിറ്റികളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും അടുത്ത വര്‍ഷം ന്യൂനപക്ഷാവകാശങ്ങള്‍ ത്യജിച്ചു സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയും ചെയ്താല്‍ മാത്രമേ അഫിലിയേഷന്‍ തുടരൂ എന്നു വിശദീകരിച്ച വിദ്യാഭ്യാസ വകുപ്പ് ബഹുജന പ്രക്ഷോഭം വിളിച്ചു വരുത്തുകയാകും ചെയ്യുക. ക്രൈസ്തവ ന്യൂനപക്ഷങ്ങ ളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞ്പിടിച്ച് ഉന്മൂലനം ചെയ്യാനുള്ള നീക്കമാണു വിദ്യാഭ്യാസ മന്ത്രി നടത്തുന്നത്. ക്രൈസ്തവര്‍ക്ക് ഇവിടെ വിദ്യാഭ്യാസം നല്‍കണമെങ്കിലും വിദ്യ അഭ്യസിക്കണമെങ്കിലും തങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ ത്യജിച്ചേ പറ്റൂ എന്ന ഫാസിസ്റ്റു നിലപാടാണ് ഇവിടെ വ്യക്തമാകുന്നത്. ഈ നിലപാടിന്റെ ഭാഗമായാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക്രേയുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഏകാധിപത്യപരമായ നീക്കങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്കു നീതി ഉറപ്പാക്കുന്നതിനായി കോടതിക്ക് ഇടപെടാനുള്ള സാഹചര്യം ബോധപൂര്‍വം വച്ചുതാമസിപ്പിക്കാന്‍ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് തൊട്ടടുത്ത ദിവസം നല്‍കിയതും, കോടതിയുടെ യൂണിവേഴ്സിറ്റിക്കെതിരായ ഉത്തരവു കൈപ്പറ്റാതിരിക്കാന്‍ യൂണിവേഴ്സിറ്റി കേന്ദ്രത്തില്‍ ഫാക്സ് മെഷീന്‍ ഓഫ് ചെയ്തിട്ടതും ഏറ്റവും കുറച്ചു പറഞ്ഞാല്‍ ധിക്കാരമാണ്. ഒറീസയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികള്‍ക്കെതിരേ രാഷ്ട്രീയ ലാക്കോടെ കണ്ണീരൊഴുക്കുന്നവര്‍തന്നെ ഇവിടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവ കാശം കവര്‍ന്നെടുക്കാന്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുകയാണു ചെയ്യുന്നത്. ഒരേസമയം, ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്നവരുടെ പൊയ്മുഖങ്ങളാണ് ഇവിടെ അഴിഞ്ഞുവീഴുന്നത്. ഈ നിലപാട് വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോക്കം നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തിന് അപമാനകരമാണ്.വിദ്യാഭ്യാസ വകുപ്പിന്റെ ഈ ന്യൂനപക്ഷ പീഡനംമൂലം ഏതാണ്ട് ഒന്നരലക്ഷം ക്രൈസ്തവ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ട് മറ്റിടങ്ങളില്‍ പ്രഫഷണല്‍ വിദ്യാഭ്യാസം തേടേണ്ടിവന്നിരിക്കുകയാണ്. കേരളത്തിനു പുറത്തു താരതമ്യേന ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസം വളരെ കൂടിയ ചെലവില്‍ തേടേണ്ടിവരുന്ന ഈ വിദ്യാര്‍ഥികള്‍ സര്‍ക്കിന്റെ ന്യൂനപക്ഷ പീഡനത്തിന്റെ ഇരകളാണ്.
Friday, October 31, 2008
Thursday, October 30, 2008
ബജ്‌രംഗ്ദളിനെ നിരോധിക്കണം: ന്യൂനപക്ഷ കമീഷന്‍
സംഘപരിവാര്‍ സംഘടനകളായ ബജ്‌രംഗദളിനെയും വിഎച്ചപിയെയും നിരോധിക്കണമെന്ന്് ദേശീയ ന്യൂനപക്ഷ കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈയില്‍ ഇന്തോറില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട വര്‍ഗീയകലാപത്തിനു പിന്നില്‍ ഈ സംഘടനകളാണെന്ന് കുറ്റപ്പെടുത്തിയാണ് കമീഷന്‍ നിരോധന ആവശ്യം ഉന്നയിച്ചത്. കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രധാനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കമീഷന്‍ ആവശ്യപ്പെട്ടു. വര്‍ഗീയകലാപം ഇളക്കിവിടുന്ന സംഘടനകളെ നിരോധിക്കുന്നതിനു പുറമെ ഇതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് അയോഗ്യത കല്‍പ്പിക്കണം. വര്‍ഗീയാടിസ്ഥാനത്തിലുള്ള വിഭാഗീയത നിരുത്സാഹപ്പെടുത്തുന്നതിന് ഒരു ദേശീയനയം രൂപീകരിക്കണം. വിഎച്ച്പി, ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളെയും അവയുടെ പോഷകഘടകങ്ങളെയും നിരോധിക്കുക മാത്രമല്ല നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും വേണം. മറ്റു പേരുകളില്‍ ഇത്തരം സംഘടനകള്‍ വീണ്ടും പ്രത്യക്ഷപ്പെടരുതെന്ന് ഉറപ്പുവരുത്തുകയും വേണം. പലപ്പോഴും കലാപബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെടുന്ന പൊലീസ്- അര്‍ധസേനാ വിഭാഗങ്ങള്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കാറുണ്ട്. ബജ്‌രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രസാദവും തിലകവുമൊക്കെ സുരക്ഷാസൈനികര്‍ക്ക് വാഗ്ദാനം നല്‍കുന്നതും പതിവാണ്. പൊലീസ്- അര്‍ധസേനാ വിഭാഗങ്ങളില്‍ ഇവരുടെ ആളുകള്‍ സമര്‍ഥമായി നുഴഞ്ഞുകയറിയിട്ടുമുണ്ട്. ഇന്തോറില്‍ അമര്‍നാഥ് വിഷയത്തില്‍ വിഎച്ച്പി ആഹ്വാനംചെയ്ത ബന്ദാണ് പ്രശ്നങ്ങള്‍ക്ക് ആധാരം. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം- കമീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. (കടപ്പാട് : ദേശാഭിമാനി)
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍
രാജ്യത്തെ ക്രൈസ്തവ പീഢനത്തിന്റെ മറ്റൊരു രക്തസാക്ഷിയാണ് ഫാ. ബര്‍ണാഡ് ദിഗാള്‍ എന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രയപ്പെട്ടു. ഒറീസ്സയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന സംഘടിതാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. ബര്‍ണാഡ് ദിഗാളിന്റെ നിര്യാണത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ രാജ്യത്തു നടക്കുന്ന സംഘടിതാക്രമണങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘടിതാക്രമണം നിയന്ത്രണാധീതമാകുന്നതില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഭാരതത്തില്‍ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. മതത്തിന്റെ പേരില്‍ ഒറീസ്സയിലും കര്‍ണ്ണാടകത്തിലും മധ്യപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വൈദീകരെയും സന്യസ്തരെയും മനുഷ്യത്വരഹിതമായി പീഢിപ്പിക്കുകയും സ്വത്തുക്കള്‍ക്കും ആരാധനാലയങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും നശിപ്പിക്കുകയും, കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
Wednesday, October 29, 2008
മതവിശ്വാസം പാര്‍ട്ടി അംഗത്വം പോലെയാണെന്ന് കരുതരുത്: മാര്‍ ജോസ് പൊരുന്നേടം
മതവിശ്വാസം പാര്‍ട്ടിഅംഗത്വം പോലെയാണെന്നാണ് ചിലരുടെ ധാരണയെന്ന് മാനന്തവാടി രൂപ ബിഷപ് മാര്‍ ജോസ് പൊരുന്നേടം രണ്ടു ദിവസമായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്നുവന്ന മാനന്തവാടി രൂപത മതാധ്യാപക കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മതം എന്നത് ഒരു ധാര്‍മിക വിശ്വാസതത്വ സംഹിതയാണ്. അത് വളച്ചൊടിച്ചും വ്യാകരണങ്ങള്‍ നല്‍കിയും ആക്ഷേപിക്കാനാണ് ഒരു കൂട്ടര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അക്കൂട്ടരുടെ ധാരണ ഇത് പാര്‍ട്ടി അംഗത്വം പോലെയാണെന്നാണ് . മതവിശ്വാസം മാതാപിതാക്കള്‍ പകര്‍ന്നു നല്‍കേണ്ട ഒന്നുതന്നെയാണ്. അതു മാതാപിതാക്കളുടെ കടമയും അവകാശവുമാണ്. കടമയും അവകാശവും ഹനിക്കപ്പെട്ടാല്‍ അത് ഭരണഘടനയുടെ തന്നെ അവകാശധ്വംസനമാകും. ഇതു സംരക്ഷിക്കേണ്ട ബാധ്യത മതനേതാക്കള്‍ക്കുണ്ട്. അതുകൊണ്ടാണ് വിശ്വാസത്തിന്റെ പേരില്‍ മാനന്തവാടി രൂപത എന്തെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും. അത് ആരേയെങ്കിലും തോല്‍പ്പിക്കാനാണെന്ന് കരുതരുതെന്നും ബിഷപ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: ബിഷപ് ഡോ. കരിയില്‍
കേരളത്തിലെ കത്തോലിക്കാ സമൂഹം പുരാതനമായിത്തന്നെ സംഘടിത സമൂഹമാണെന്നും സംശയത്തിന്റെ നിഴലില്‍ ന്യൂനപക്ഷ സമുദായസമൂഹത്തെ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പുനലൂര്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. ചങ്ങനാശേരി അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ സുവര്‍ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന സുവര്‍ണജൂബിലി സിമ്പോസിയത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്. മാധ്യമങ്ങള്‍ ധാര്‍മികത പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിക്കണമെന്നും താത്പര്യങ്ങളുടെ പുറകെ പോകാതെ വേറിട്ട ചിന്ത കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.സമാപനസമ്മേളനത്തില്‍ സന്ദേശനിലയം ഡയറക്ടര്‍ ഫാ. ജോസഫ് പനക്കേഴം അധ്യക്ഷത വഹിച്ചു
ക്രൈസ്തവര്‍ക്കെതിരായ അക്രമം നാണക്കേട്:ആര്‍ക്കോട്ട് നവാബ് മുഹമ്മദ് അബ്ദുള്‍ അലി
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ക്കെതിരേ ഒറീസയിലും കര്‍ണാടകയിലും കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമായുണ്ടായ അതി ക്രമങ്ങള്‍ രാജ്യത്തിന് നാണക്കേടാണെന്ന് ആര്‍ക്കോട്ട് നവാബ് മുഹമ്മദ് അബ്ദുള്‍ അലി അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങള്‍, സാമൂഹ്യസേവന കേന്ദ്രങ്ങള്‍, ആശു പത്രികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അതി ക്രമങ്ങള്‍ ഏത് രാഷ്ടീയത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ജീവന്‍ ടി വിയും സംയുക്തമായി സംഘടിപ്പിച്ച മതേതരത്വം ഇന്ത്യയില്‍ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷിപ്ത താത്പ ഋയക്കാരാണ് മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്,യഥാര്‍ഥമതവിശ്വാസികള്‍ അല്ല. മതേതരത്വത്തിന് പേരുകേട്ട രാജ്യമായിരുന്നു ഭാരതം. എത്രയോ ഹൈന്ദവ രാജാക്കന്‍മാരാണ് മുസ്ലിം ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ മുസ്ലിം ഭരണാധികാരികളും വേണ്ട സഹായം നല്‍കി. ക്രൈസ്തവ വിദ്യാലയങ്ങളും പള്ളികളും നിര്‍മിക്കാനും ഇന്ത്യയിലെ ഹൈന്ദവ, മുസ്ലിം രാജാക്കന്‍മാര്‍പിന്തുണ നല്‍കിയത് നമ്മുടെ മഹത്തായ പാരമ്പര്യ ത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിം എന്ന നിലയില്‍ താന്‍ ഇന്ത്യയില്‍ ജനിച്ചതിലും വളര്‍ന്നതിലും ജീവിക്കുന്നതിലും അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും, ഹിന്ദുവും മുസ്ലിം കളും തമ്മിലും ശത്രുത തുടരണം എന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങ ള്‍ക്കനുസരിച്ച് വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മലയാളികളായ തീവ്രവാദികള്‍ കാഷ്മീരില്‍കൊല്ലപ്പെട്ട കാര്യം കേരളീയര്‍ ഇതുവരെയും ഗൗരവത്തോടെ കണ്ടുതുടങ്ങിയിട്ടില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മുമ്പ് എല്ലാ കാര്യങ്ങള്‍ക്കും മാതൃകയായിരുന്നു കേരളം. ഈ അവസ്ഥ നഷ്ടമായിരിക്കുന്നു. ഭീകരവാദം ഏറ്റവും ഭീഷണിയുയര്‍ത്തുന്നത് മതേതരത്വത്തിനാണ്. മേറ്റ്ല്ലാ രാജ്യങ്ങളിലും മതേതരത്വം മതങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. എന്നാല്‍, ഇന്ത്യ യില്‍ എല്ലാവിശ്വാസങ്ങളെയും സ്വീകരിക്കുന്ന സാഹചര്യമാണത്. കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെട്ടാല്‍ നമ്മുടെ മതേതര സങ്കല്‍പങ്ങള്‍ക്കാണ് അത് ഭീഷണിയുയര്‍ത്തുക. ഇവിടത്തെ മുസ്ലിംകള്‍ ആയിരിക്കും അതിന്റെ ഫലം രൂക്ഷമായി അനുഭവിക്കേണ്ടിവരികയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂന പക്ഷ, ഭൂരിപക്ഷ വേര്‍തിരിവില്ലാതെ എല്ലാമതങ്ങളിലും മൗലിക വാദികളുണ്ടന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജീവന്‍ ടി വി എം.ഡി ബേബി മാത്യു സോമതീരം അധ്യക്ഷ ത വഹിച്ചു. മുന്‍ അംബാസഡര്‍ തോമസ് ഏബ്രഹാം, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. താസിം സയ്ദ് മുഹമ്മദ്, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇന്ദിരാ രവീ ന്ദ്രനാഥ്, പ്രഫ.ടി.കെ.തമ്പി, ഡോ.പി.വി മജീദ് എന്നിവര്‍ പ്രസംഗിച്ചു
വിശ്വാസികള്‍ സമാധാനത്തിന്റെ വക്താക്കളാകണം: ബിഷപ് മാര്‍ എടയന്ത്രത്ത്
ക്രിസ്തുവില്‍ വിശ്വസിച്ച് ജീവിക്കുന്ന ഓരോ വ്യക്തികളും സമൂഹത്തില്‍ നന്മയുടേയും സ്നേഹത്തിന്റെയും സുവിശേഷ പ്രഘോഷകരായി മാറി സമാധാനത്തിന്റെ വക്താക്കളായി ജീവിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. എറണാകുളം -അങ്കമാലി അതിരൂപതയിലെ കരിസ്മാറ്റിക് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി മാറാനുള്ള വിനയത്തോടെയുള്ള മനസ്ഥിതിയാണ് ആര്‍ജിക്കേണ്ടത്.ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിലും ക്രിസ്തുവിന്റെ സ്നേഹ വിപ്ലവത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സമാപന സന്ദേശത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. സഭയോട് വിശ്വസ്തതയും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരുമായിരിക്കണം ഓരോ വിശ്വാസിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.പോള്‍ പൊട്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
Tuesday, October 28, 2008
ദൈവ വിശ്വാസികള്‍ക്ക് അക്രമത്തെയും ഹിംസയേയും പ്രോത്സാഹിപ്പിക്കാനാവില്ല: മാര്‍ പവ്വത്തില്‍
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അക്രമത്തെയും ഹിംസയേയും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും മൂല്യബോധവും നഷ്ടപ്പെട്ടാല്‍ സാമൂഹ്യ ഭദ്രത നഷ്ടപ്പെടും. ദൈവത്തെ ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തി ജീവിതഭദ്രത കൈവരിക്കാനാവില്ല. തിന്മയുടെ ശക്തികള്‍ വളരുന്ന സാഹചര്യത്തില്‍ നന്മയും തിന്മയും വിവേചിച്ചറിയാന്‍ കഴിയണം. നഷ്ടപ്പെട്ട ഈശ്വര വിശ്വാസവും വീണ്ടെടുത്ത് ദൈവമക്കളായി വളരാന്‍ ജൂബിലി ആഘോഷങ്ങളിലൂടെ കഴിയണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു.തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍, എം.ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, തിരുനക്കര പള്ളി ഇമാം മുഹമ്മദ് നദീര്‍ മൗലവി, വികാരി ഫാ. ജോണ്‍ തടത്തേല്‍, ജനറല്‍ കണ്‍വീനര്‍ എം.ഡി ജോണ്‍ മുതിരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു
ഒറീസയില്‍ മിഷണറി പ്രവര്‍ത്തനവും മതംമാറ്റവും ഇല്ലെന്ന് റിപ്പോര്‍ട്ട്
ഒറീസയിലെ കേന്ദ്രപാറ ജില്ലയിലെ തീരപ്രദേശങ്ങളില്‍ വിദേശ മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും ഔദ്യോഗിക അന്വേഷണറിപ്പോര്‍ട്ട്. രാജ്നഗര്‍, മഹാകല്‍പട എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ മതംമാറ്റം നടക്കുന്നെന്ന സംഘപരിവാര്‍ സംഘടനകളുടെ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. രാജ്നഗര്‍, മഹാകല്‍പട മേഖലയിലെ റവന്യൂ, താലൂക്ക് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്.റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നൂറുകണക്കിനു ഹിന്ദുക്കള്‍ വിദേശ മിഷണറിമാരുടെ പ്രവര്‍ത്തനംമൂലം ക്രിസ്ത്യാനികളായെന്നായിരുന്നു സംഘപരിവാറിന്റെ ആരോപണം. മേഖലയിലെ ബംഗാളി കുടിയേറ്റക്കാരില്‍ നൂറിലേറെ പേര്‍ ക്രിസ്ത്യന്‍മതം സ്വീകരിച്ചതായി ആര്‍എസ്‌എസും ആരോപിച്ചിരുന്നു. എന്നാല്‍, ടികായത്നഗര്‍, ബഘമാരി, അമരാവതി, പ്രവതി, ഗാര്‍ട, രാധാമലിപുര്‍, ബനിപല, കെരുവാന്‍പള്ളി, കനകനഗര്‍ എന്നിവിടങ്ങളില്‍ 1998 നുശേഷം ആരും ക്രിസ്തുമതത്തിലേക്ക് മാറിയിട്ടില്ലെന്നാണ് അന്വേഷണറിപ്പോര്‍ട്ട്. ഒറീസ ഫ്രീഡം ഓഫ് റിലീജിയസ് ആക്ട് ആരും ലംഘിച്ചിട്ടില്ലെന്നും രണ്ടുകുടുംബങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്‍ പറയുന്നു. (കടപ്പാട് : ദേശാഭിമാനി )
സഭകള്‍ സഹകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ പവ്വത്തില്‍
സഭകള്‍ ഒന്നാകണമെന്ന യേശുവിന്റെ തീവ്രമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് എക്യുമെനിക്കല്‍ സംരംഭമെന്ന് മാര്‍ ജോസഫ് പവ്വത്തില്‍. അല്‍ഫോന്‍സാ നാമകരണ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകുന്നേരം കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്യുമനിക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭകള്‍ അന്യോന്യം ആക്ഷേ പിക്കാതെ ആശ്ലേഷിക്കുകയും സഹകരിക്കുകയുമാണ് ഇന്നിന്റെ ആവശ്യമെന്ന് മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന ആന്തരിക വിശുദ്ധി സമൂഹത്തിന്റെ വിശുദ്ധിയാക്കി മാറ്റണമെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.സഹനത്തിലൂടെ മാത്രമേ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹം സാക്ഷാത്കരിക്കാന്‍ സാധിക്കൂവെന്ന് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോംസ് അഭിപ്രായപ്പെട്ടു. മണ്ണും വെള്ളവുമില്ലാതെ വിഗ്രഹം നിര്‍മിക്കാന്‍ ആവാത്തതുപോലെ സഹനവും ദൈവാശ്രയവുമില്ലാതെ വിശുദ്ധി കൈവരിക്കാനാകില്ല. ലോകത്തിന്റെ വെളിച്ചമായി തീരാന്‍ മദര്‍ തെരേസയും അല്‍ഫോന്‍സാമ്മയും വിളിക്കപ്പെട്ടതുപോലെ നമുക്കും ദൈവദത്തമായ വിളിയുണ്ട്. വരള്‍ച്ച, അന്ധകാരം, ഏകാന്തത എന്നിവ ആന്തരിക വിശുദ്ധിയിലേക്ക് നയിക്കു ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലുഷിതമായ ഈ ലോകം തരുന്ന വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്കിടയില്‍ സാന്ത്വനമേകുന്ന ഓര്‍മകളാണ് വിശുദ്ധര്‍ നമുക്ക് സമ്മാനിക്കുന്നതെന്ന് മാര്‍ത്തോമ്മ സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. യേശുവിന്റെ അന്ത്യത്താഴവും കാലുകഴുകല്‍ ശുശ്രൂഷയും അത്തരം ഓര്‍മകളാണ് സമ്മാനിക്കുന്നത്. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെ സന്ദേശമാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 പങ്കുവച്ചത്.ഇന്നത്തെ കാലഘട്ടത്തിന് കരുണാമയനായ ദൈവം നല്‍കിയ ദിവ്യ സമ്മാനമാണ് വിശുദ്ധ അല്‍ ഫോന്‍സാമ്മയെന്ന് യാക്കോബായ സുറിയാനി കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.ദൈവത്തോട് ശിശുഭാവവും അയല്‍ക്കാരോട് മാതൃഭാവവും തന്നോടുതന്നെ ന്യായാധിപ ഭാവവും പുലര്‍ത്തിയ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മയെന്ന് സി.എസ്.ഐ ബിഷപ് റവ. സാം മാത്യു അഭിപ്രായപ്പെട്ടു. വികാരി ഫാ.ജോര്‍ജ് കൂടത്തില്‍ സ്വാഗതവും പ്രഫ.മാത്യു ഉലകംതറ നന്ദിയും പറഞ്ഞു
കൂത്താട്ടുകുളം പള്ളിയിലെ നിലവിളക്കിന് ഇന്ന് ലിംക സര്‍ട്ടിഫിക്കറ്റ്
ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക് എന്ന ബഹുമതി സ്വന്തമാക്കിയ കൂത്താട്ടുകുളം ടൗണ്‍പള്ളിയിലെ നിലവിളക്കിന് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12-ന് നടക്കുന്ന ചടങ്ങില്‍ തിരുവല്ല മുന്‍ രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ്, വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയിലിന് സര്‍ട്ടിഫിക്കറ്റ് കൈമാറും. കഴിഞ്ഞ പത്ത് ദിവസമായി പള്ളിയില്‍ നടക്കുന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ഇരുപത്തി നാലര അടി ഉയരമുള്ള നിലവിളക്കിന് 6640 കിലോയാണ് ഭാരം. ആയിരത്തൊന്ന് തിരിയുള്ള വിളക്കിന് ഒമ്പത് നിലകളാണുള്ളത്. താഴത്തെ നിലയ്ക്ക് 120 ഇഞ്ചാണ് വ്യാസം. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ മുന്‍കൈയെടുത്താണ് കൂറ്റന്‍ നിലവിളക്ക് പള്ളിയങ്കണത്തില്‍ സ്ഥാപിച്ചത്. 20 തൊഴിലാളികളുടെ അഞ്ച് മാസം നീണ്ടുനിന്ന അധ്വാനമാണ് 20 ലക്ഷം രൂപ ചെലവില്‍ പണിതീര്‍ത്ത നിലവിളക്കിന് പിന്നില്‍. മാന്നാറിലെ പി.ആര്‍.എം. ലക്ഷ്മണയ്യര്‍ അസോസിയേറ്റ്സിനായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. 2003 ഒക്ടോബര്‍ 28-നാണ് നിലവിളക്ക് ആശീര്‍വദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ നിലവിളക്കിന്റെ സൗന്ദര്യം ആകര്‍ഷിക്കുന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് രാവിലെ 10.30-ന് മലങ്കര റീത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം നൊവേന-ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ്.രാവിലെ 5.30 മുതല്‍ നെയ്യപ്പ നേര്‍ച്ചവിതരണം ഉണ്ടായിരിക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കുന്നതിനും അവസരമുണ്ട്. വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, കൈക്കാരന്മാരായ ജോസ് പാറപ്പുറത്ത് പുത്തന്‍പുര, ജോര്‍ജ് കണിപറമ്പില്‍, സജി എം. ജോണ്‍ മുട്ടനോലില്‍, ഉലഹന്നന്‍ മേക്കാട്ടില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും
Monday, October 27, 2008
വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം വിലപ്പെട്ടത്: മോന്‍സ് ജോസഫ്
കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം വിലപ്പെട്ടതായിരുന്നെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. മിഷണറിമാരുടെ വിദ്യാഭ്യാസ സംഭാവനകളിലൂടെ വളര്‍ന്ന വിദ്യാഭ്യസരംഗം പൊതുമേഖലയിലൂടെയും സ്വാശ്രയമേഖലയിലൂടെയും സഞ്ചരിച്ച് നാടിന്റെ യശസ്സുയര്‍ത്തിനില്‍കുമ്പോള്‍ പിന്നിട്ടവഴികളെ ചെറുതായികാണിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് ഹോളിക്രോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ് ടെക്നോളജിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയുടെ പ്രവര്‍ത്തനം വിലപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍കൊണ്ടുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിയില്ല. അതുകൊണ്ടു തന്നെ സ്വാശ്രയ വിദ്യാഭ്യാസരംഗം ശക്തിപ്പെടേണ്ടതും വിദ്യാഭ്യാസ അവശ്യം തന്നെ. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളുമില്ലതെ മുളച്ചുപൊന്തി വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണോടെ മാത്രം കാണുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടതും അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചടങ്ങില്‍ താമരശേരി രൂപത ബിഷപ്് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ധാര്‍മികതയും മൂല്യബോധവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കലാവണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദഹം പറഞ്ഞു. ഭാരതത്തിന്റെ മക്കള്‍ എന്ന നിലയില്‍ ജാതിമതഭേദമന്യേ ഏക സഹോദരങ്ങളായി ജീവിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തുകളില്‍ നിന്നെല്ലാം ശാശ്വത സമാധാനം കൈവരുമെന്നും ആധുനിക വിദ്യാഭ്യാസമാര്‍ജിക്കുന്ന പുതുതലമുറ അതിനായി പ്രവര്‍ത്തിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാര്‍ വേദവ്യാസന്‍, മേയര്‍ എം.ഭാസ്കരന്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ യു.ടി രാജന്‍, അഡ്വ. ടി.ജെ വര്‍ക്കി, ഹോളിക്രോസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റജീസ് കൊച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹോളിക്രോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ ഷൈനി ജോര്‍ജ് സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.പി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു
മാധ്യമങ്ങള്‍ സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കണം: മാര്‍ പെരുന്തോട്ടം
മാധ്യമങ്ങള്‍ സമൂഹത്തിന്റെ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ സുവര്‍ണജൂബിലി സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.ക്രിസ്തീയ കൂട്ടായ്മ എന്നത് യേശുവില്‍ എല്ലാവരെയും രൂപപ്പെടുത്തുക എന്നതാണ്. മാധ്യമങ്ങളുടെ ദുര്‍വിനിയോഗം സമൂഹത്തില്‍ ശിഥിലത സൃഷ്ടിക്കും. മാധ്യമങ്ങളുടെ വിനിയോഗം ശ്രദ്ധയോടെ വേണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.സീറോമലബാര്‍ സിനഡല്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു
ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം: ബിഷപ് ഡോ.ജോസഫ് കാരിക്കശേരി
ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷകരാകാനുള്ള കടമ വിശ്വാസികള്‍ വിസ്മരിക്കരുതെന്ന് ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഓര്‍മ്മപ്പെടുത്തി. ഡിസംബര്‍ ഏഴിന് കെ.എല്‍.സി.എ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി നേടുവാനുള്ള സമരങ്ങളില്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ സജീവമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.റാഫേല്‍ ആന്റണി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ്, സംസ്ഥാന-രൂപതാ ഭാരവാഹികളായ വിക്ടര്‍ മരക്കാശേരി, പി.ജെ തോമസ്, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട്, വിറ്റി വില്യം, അഡ്വ.വി.എ ജെറോം എന്നിവര്‍ പ്രസംഗിച്ചു.ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക, ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സുനാമി പുനരധിവാസ ഫണ്ട് പൂര്‍ണമായും തീരദേശത്ത് വിനിയോഗിക്കുക, വികസന പദ്ധതികള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കെ.എല്‍.സി.എ ഡിസംബര്‍ ഏഴിന് സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. 11 ലത്തീന്‍ രൂപതകളില്‍ നിന്നായി 5000 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
Saturday, October 25, 2008
കരള്‍ പിളര്‍ക്കും കദനവുമായി ഒറീസയിലെ കന്യാസ്ത്രീ
ഒറീസയിലെ കാന്‍ഡമലില്‍ ക്രൂരമായ മാനഭംഗത്തിനിരയായ കന്യാസ്ത്രീ ആ പീഡാനുഭവത്തിന്റെ കരള്‍ പിളര്‍ക്കുന്ന വേദനകള്‍ പത്രസമ്മേളനത്തില്‍ പങ്കുവച്ചു. മന:സാക്ഷിയുള്ളവരെയെല്ലാം കുത്തിനോവിക്കുന്ന ക്രൂരമായ കാട്ടാളത്തത്തിന്റെ നടുക്കുന്ന വിവരണമാണ് കന്യാസ്ത്രീ നല്‍കിയത്. തനിക്കു സംരക്ഷണം നല്‍കേണ്ടിയിരുന്ന ഒറീസാ പോലീസ് അക്രമികളോട് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.താന്‍ മാനഭംഗത്തിനിരയായ സംഭവത്തെപ്പറ്റി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലും വിസമ്മതിച്ച സംസ്ഥാന പോലീസിന്റെ പീഡനത്തിന് ഒരിക്കല്‍ കൂടി ഇരയാകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കന്യാസ്ത്രീ ആവശ്യപ്പെട്ടു. ഒറീസയില്‍ ക്രൈസ്തവര്‍ ആ ക്രമിക്കപ്പെട്ട സംഭവങ്ങളെപ്പറ്റി സി. ബി.ഐ അന്വേഷണം ആവശ്യ പ്പെട്ട് കട്ടക്ക് ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്ത് നല്‍കി യ ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണാവശ്യം സുപ്രീം കോടതി നിര സിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീ പത്രസമ്മേളനം നടത്തിയത്. മാനഭംഗ സംഭവത്തിനുശേഷം ആദ്യമായാണ് അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷ പ്പെടുന്നത്. മിഷനറി പ്രവര്‍ത്തനത്തിനിടയില്‍ തനിക്കു നേരിട്ട ക്രൂരമായ അനുഭവം വിവരിച്ച് കന്യാസ്ത്രീ തയാറാക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ: ഓഗസ്റ്റ് 24 വൈകുന്നേരം നാലര. ദിവ്യജ്യോതി പാസ്റ്ററല്‍ സെന്ററിന്റെ ഗേറ്റില്‍ വലിയൊരു ജനക്കൂട്ടത്തിന്റെ കൊലവിളി കേട്ട് ഞാനും മറ്റുള്ളവരും പുറകുവശത്തെ വാതിലിലൂടെ പുറത്തേക്കോടി. വനത്തിലേക്കാണ് ഞങ്ങള്‍ രക്ഷ പ്പെട്ടത്. ഞങ്ങളുടെ ഭവനം കത്തിയമരുന്നത് ഞങ്ങള്‍ കണ്ടു. രാത്രി എട്ടരയോടെ ഞങ്ങള്‍ വനത്തില്‍ നിന്നു പുറത്തുവന്നു. മാന്യനായ ഒരു ഹിന്ദു ഞങ്ങള്‍ക്ക് അഭയം തന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി.പിറ്റേന്ന് ഉച്ചക്ക് ഒന്നരയോടെ ആ വീട്ടില്‍ ഞാന്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഒരുകൂട്ടം അക്രമികള്‍ ഇരച്ചു കയറി. അവരിലൊരാള്‍ എന്റെ മുഖത്ത് അടിച്ചു; മുടിക്കു കുത്തിപ്പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. കോടാലി കൊണ്ടു കഴുത്തുവെട്ടാനായി രണ്ടു പേര്‍ എന്റെ കഴുത്തില്‍പ്പിടിച്ചു. എന്നെ റോഡിലേക്കു കൊണ്ടുവരാന്‍ മറ്റുള്ളവര്‍ അവരോടു പറഞ്ഞു. ഫാ. തോമസ് ചെല്ലന്‍തറയെ അവിടെ കൊണ്ടുവന്നു മര്‍ദിക്കുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് 40- 50 പേരു വരുന്ന അക്രമിക്കൂട്ടത്തിന്റെ പക്ക ല്‍ ലാത്തി, കോടാലി, അരിവാള്‍, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരെയും അവര്‍ മെയിന്‍ റോഡിലേക്കു കൊണ്ടു പോയി. അക്രമികള്‍ കത്തിച്ച ജനവികാസ് കെട്ടിടത്തിലേക്കാണ് അവിടെനിന്നു കൊണ്ടുപോയത്. ഞങ്ങളെ തീയിലിട്ടു ചുട്ടെരിക്കാന്‍ പോവുകയാണെന്ന് അവര്‍ പറഞ്ഞു. അവിടെച്ചെന്നപ്പോള്‍ ഡൈനിംഗ് റൂമിന്റെ വരാന്തയിലേക്ക് എന്നെ തള്ളിയിട്ടു. അവിടമാകെ പൊട്ടിയ ഗ്ലാസ് കഷണങ്ങളും ചാരവും കൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ എന്റെ ബ്ലൗസ് വലിച്ചു കീറി. മറ്റുള്ളവര്‍ അടിവസ്ത്രങ്ങളും. ഫാ. ചെല്ലന്‍ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കി അവിടെനിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. അവരെന്റെ സാരി വലിച്ചഴിച്ചു. രണ്ടു പേര്‍ എന്റെ ഓരോ കൈകളിലും ചവി ട്ടിനിന്നു. മൂന്നാമതൊരാള്‍ മാനഭംഗപ്പെടുത്തി.എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരുവിധത്തില്‍ എഴുന്നേറ്റ് എന്റെ ബാക്കിയുള്ള വസ്ത്രങ്ങള്‍ നേരെയാക്കി. അപ്പോള്‍ മറ്റൊരു ചെറുപ്പക്കാരന്‍ വന്ന് എന്നെ വലിച്ചിഴച്ച് സ്റ്റെയര്‍കേസിനടുത്തുള്ള മുറിയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് അയാളും മാനഭംഗത്തിനു മുതിര്‍ന്നു. ഞാന്‍ സ്റ്റെയര്‍കേസിനടിയില്‍ ഒളിച്ചു.സിസ്റ്റര്‍ എവിടെ, ഞങ്ങള്‍ക്കും മാനഭംഗപ്പെടുത്തണം എന്നു പറഞ്ഞ് അക്രമിക്കൂട്ടം പുറത്തു ബഹളം വയ്ക്കുകയായിരുന്നു. കുറഞ്ഞത് നൂറു പേരെങ്കിലും അവളെ മാനഭംഗപ്പെടുത്തണം എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്റ്റെയര്‍കേസിനടിയില്‍നിന്ന് അവര്‍ എന്നെ വലിച്ചിഴിച്ച് റോഡിലേക്കു കൊണ്ടുപോയി. അവിടെ ഫാ. ചെല്ലന്‍ മുട്ടിലിഴയുന്നത് ഞാന്‍ കണ്ടു. അവര്‍ അദ്ദേഹത്തെ മര്‍ദിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരെയും കെട്ടിയിട്ട് തീയിലിടാന്‍ അവര്‍ കയര്‍ തെരഞ്ഞു. ഞങ്ങളെ നഗ്നരാക്കി നടത്തണമെന്ന് ചിലര്‍ പറഞ്ഞു. അര കിലോമീറ്റര്‍ അകലെയുള്ള നുവാഗോണ്‍ മാര്‍ക്കറ്റ് വരെ അവര്‍ ഞങ്ങളെ നടത്തിച്ചു. കൈകള്‍ കൂപ്പിപ്പിടിപ്പിച്ചാണ് അവര്‍ ഞങ്ങളെ നടത്തിയത്. ബ്ലൗസും അടിവസ്ത്രങ്ങളും അവര്‍ കീറിക്കളഞ്ഞതിനാല്‍ എനിക്കു സാരിയും പെറ്റിക്കോട്ടും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുപോലും അഴിക്കാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ എതിര്‍ത്തപ്പോള്‍ എന്നെ ക്രൂരമായി മര്‍ദിച്ചു. കൈ കൊണ്ടു മുഖത്തടിക്കുകയും വടികള്‍ കൊണ്ടു പുറത്ത് തല്ലുകയും ചെയ്തു.മാര്‍ക്കറ്റില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ ഒരു ഡസനോളം ഒറീസ പോലീസുകാര്‍ ഉണ്ടായിരുന്നു. എന്നെ രക്ഷിക്കണമെന്ന് അവരോട് ഞാന്‍ കരഞ്ഞ് അപേക്ഷിച്ചു. രണ്ടു പോലീസുകാരുടെ നടുവിലായി ഞാനിരുന്നു. പക്ഷേ, അവര്‍ അനങ്ങിയില്ല. ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ അവിടെനിന്നു വലിച്ചിഴച്ചു.അവരുടെ ക്ഷേത്ര മണ്ഡ പത്തിലേക്ക് ഞങ്ങളെ കൊണ്ടു പോകാന്‍ ശ്രമിച്ചു. പിന്നെ ഫാ.ചെല്ലനേയും എന്നെയും ബി.ഡി.ഒ യ്ക്കു കൈമാറാനെന്നു പറഞ്ഞ് നുവാഗോണ്‍ ബ്ലോക്ക് കെട്ടിടത്തിലേക്കു കൊണ്ടുപോയി. അവിടെനിന്ന് ബ്ലോക്ക് ഓഫീസറും ജനക്കൂട്ടവും ഞങ്ങളെ നുവാഗോണ്‍ പോലീസ് ഔട്ട്പോസ്റ്റില്‍ എത്തിച്ചു.ഭക്ഷണം കഴിച്ചു തിരിച്ചുവരാമെന്നു പറഞ്ഞ് അക്രമിക്കൂട്ടം പോയി. എന്നെ ആക്രമിച്ച ഒരാള്‍ മാത്രം പോലീസ് ഔട്ട്പോസ്റ്റില്‍ നിന്നു. പിന്നെ പോലീസുകാര്‍ അവിടേയ്ക്കുവന്നു. എന്നെ ആക്രമിച്ചയാളുമായി വളരെ പരിചിതഭാവത്തിലാണ് പോലീസുകാര്‍ സംസാരിച്ചത്. ബലിഗുഡയിലെ പോലീസ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വരുന്നതുവരെ ഞങ്ങള്‍ അവിടെയിരുന്നു. പിന്നെ ഞങ്ങളെ ബലിഗുഡയിലേക്കു കൊണ്ടുപോയി. ഞങ്ങളെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാ ന്‍ അവര്‍ ഭയപ്പെട്ടു. കുറേനേരം ഗാരേജില്‍ പോലീസ് ജീപ്പ്പില്‍ ഇരുത്തിയശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജും മറ്റു രണ്ട് ഉദ്യോഗസ്ഥരും എന്നെ സ്വകാര്യമായി ഒരിടത്തേക്കു കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. സംഭവിച്ചതെല്ലാം ഞാന്‍ വിശദമായി വിവരിച്ചു. ഇന്‍സ്പെക്ടര്‍ അതെല്ലാം എഴുതിയെടുത്തു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ഇന്‍സ്പെക്ടര്‍ ചോദിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ അറിയുമോ എന്നും അയാള്‍ ചോദിച്ചു. രാത്രി പത്തുമണിയോടുകൂടി എന്നെ മെഡിക്കല്‍ ചെക്കപ്പിനായി ബലിഗുഡ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു വനിതാ പോലീസ് ഓഫീസറും കൂടെയുണ്ടായിരുന്നു. എന്നെ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ അവര്‍ ഭയപ്പെട്ടു. അക്രമിക്കൂട്ടം സ്റ്റേഷന്‍ ആക്രമിക്കുമെന്ന് അവര്‍ പറഞ്ഞു. അതുകൊണഅട് സി.ആര്‍. പി.എഫുകാര്‍ ക്യാമ്പു ചെയ്യുന്ന ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പിറ്റേന്നു രാവിലെ ഒമ്പതോടു കൂടി ഞങ്ങളെ ബലിഗുഡ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. എഫ്.ഐ.ആറിനുവേണ്ടി ഞാന്‍ മൊഴി എഴുതിക്കൊണ്ടിരുന്നപ്പോള്‍ ചാര്‍ജു ള്ള പോലീസുകാരന്‍ വേഗമാകട്ടെയെന്നും വിശദാംശങ്ങളൊന്നും വേണ്ടെന്നും പറഞ്ഞു. ഞാന്‍ പോലീസിനെപ്പറ്റി എഴുതിയപ്പോള്‍ ഇങ്ങനെയല്ല എഫ്.ഐ.ആര്‍ മൊഴി എഴുതേണ്ടതെന്നും ചുരുക്കിയെഴുതിയാല്‍ മതിയെന്നും അയാള്‍ പറഞ്ഞു. അങ്ങനെ മൂന്നാമതും ഞാന്‍ തിരുത്തിയെഴുതി. ഞാന്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറിന്റെ കോപ്പി എനിക്കു നല്‍കിയില്ല. വൈകുന്നേരം നാലുമണിയോ ടെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് മറ്റു രണ്ട് ഉദ്യോഗസ്ഥരോടോപ്പം ഞങ്ങളെ ഭുവനേശ്വറിലേക്കു കൊണ്ടുപോകാനെന്നും പറഞ്ഞ് ബസില്‍ കയറ്റി. ഒറീസ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസിലായിരുന്നു യാത്ര. ചുരുക്കം ചില യാത്രക്കാരും ബസിലുണ്ടായിരുന്നു. രംഗമതിയില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കാനിറങ്ങി. അതിനുശേഷം പോലീസുകാരെ കണ്ടില്ല. നായഗഡിനു സമീപം ഞങ്ങള്‍ ബസിറങ്ങി. തുടര്‍ന്ന് ഒരു സ്വകാര്യവാഹനത്തില്‍ കയറി 27-ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഭുവനേശ്വ റിലെത്തി.അക്രമം തടയുന്നതിലും അക്രമികളില്‍നിന്ന് എനിക്കു സംരക്ഷണം നല്‍കുന്നതിലും സംസ്ഥാന പോലീസ് പരാജയപ്പെട്ടു. സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ അക്രമികളോടു പെരുമാറിയത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതില്‍നിന്ന് എന്നെ തടയാന്‍ അവര്‍ കഴിയുന്നത്ര ശ്രമിച്ചു. എന്റെ വിശദമായ പരാതി അവര്‍ സ്വീകരിച്ചില്ല. യാത്രയ്ക്കിടയില്‍ പകുതി വഴിവച്ച് അവര്‍ എന്നെ ഉപേക്ഷിച്ചു പോയി. മാനഭംഗം ചെയ്യപ്പെട്ട ഞാന്‍ ഇനി ഒറീസാ പോലീസിനാല്‍ പീഡിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ദൈവം ഇന്ത്യയെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Friday, October 24, 2008
ബിഷപ് തട്ടുങ്കല്‍ വിവാദം : മെത്രാന്‍ സമിതി രൂപീകരിച്ചു
ബിഷപ്ഡോ. ജോണ്‍ തട്ടുങ്കലിന്റെ ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ടു കൊച്ചി രൂപതയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് കോട്ടപ്പുറം ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കണ്‍വീനറായ മൂന്നംഗ മെത്രാന്‍ സമിതി അന്വേഷിക്കും. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തട്ടുങ്കലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന വൈദീകരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് ഡാനിയേല്‍ അച്ചാരുപറമ്പിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്വേഷണം എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കണമെന്നോ അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ വത്തിക്കാനില്‍ നിന്നു കൃത്യമായ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നു കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ അറിയിച്ചു. രാവിലെ കൊച്ചി രൂപതാ മെത്രാസന മന്ദിരത്തിലെത്തിയ ഡോ. അച്ചാരുപറമ്പില്‍, വിവാദത്തെത്തുടര്‍ന്ന് ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഷപ് ഡോ. ജോണ്‍ തട്ടുങ്കലുമൊത്തു രൂപതയിലെ വൈദീകരുടെ യോഗത്തില്‍ പങ്കെടുത്തു. വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പും നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചു. കൊച്ചി രൂപതയിലെ വികാരി ജനറല്‍, പ്രൊക്യുറേറ്റര്‍, ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വൈദീകരെ മാറ്റിയതായും പുതിയ സംവിധാനം വൈകാതെ നിലവില്‍ വരുമെന്നും ആര്‍ച്ച് ബിഷപ് അറിയിച്ചു. അതേസമയം ദത്തെടുക്കല്‍ വിവാദത്തില്‍ സസ്പെന്‍ഷനിലായ ബിഷപ് ഡോ. ജോണ്‍ തട്ടുങ്കലിനെ മാര്‍പ്പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്
ബിഷപ് തട്ടുങ്കലിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി
ദത്തെടുക്കല്‍ വിവാദത്തെ തുടര്‍ന്ന് ബിഷപ് ജോണ്‍ തട്ടുങ്കലിനെ കൊച്ചി രൂപതയുടെ ഭരണപരവും അജപാലനപരവുമായ ചുമതലകളില്‍ നിന്ന് ഒഴിവാക്കി, വത്തിക്കാനില്‍ നിന്ന് ഉത്തരവായി. കൊച്ചി രൂപതയുടെ ചുമതല വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനു നല്‍കി. ജോണ്‍ തട്ടുങ്കലിനെതിരെ മൂന്നംഗ മെത്രാന്‍ സമിതി വിശദമായ അന്വേഷണം നടത്തും. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുക്കുകയും അവരുടെ രക്തം ഉപയോഗിച്ച് മെത്രാസന മന്ദിരം വെഞ്ചിരിക്കുകയും ചെയ്തു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. പെദ്രോ ലോപ്പസ് ക്വിന്താനയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണു നടപടി. മറ്റു നടപടികള്‍ ഉണ്ടാകും വരെ ഡോ. ജോണ്‍ തട്ടുങ്കല്‍ ചുമതലകളില്ലാത്ത ബിഷപായി തുടരും. കൊച്ചിയില്‍ നിന്ന് അദ്ദേഹം താമസം മാറ്റും. കൊച്ചി ബിഷപിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നു എന്ന അറിയിപ്പ് 23)0 തീയതി വൈകീട്ട് ആറു മണിയോടെ ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം, വരാപ്പുഴ അതിമെത്രാസന മന്ദിരം, കൊച്ചി മെത്രാസന മന്ദിരം എന്നിവിടങ്ങളില്‍ ഫാക്സില്‍ ലഭിക്കുകയായിരുന്നു
കാനന്‍ നിയമം സഭയ്ക്ക് പരിരക്ഷ: ബിഷപ് തെക്കെത്തേച്ചേരില്‍
വത്തിക്കാന്‍ സൂനഹദോസിന്റെ സന്ദേശങ്ങള്‍ സ്വാംശീകരിച്ച കാനോന്‍ നിയമസംഹിതയാണ് സഭയെ പരിരക്ഷിക്കുന്നതെന്നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍. 114 കോടി ലത്തീന്‍ കത്തോലിക്കരുടെ ജീവിത നിയമമായ “കോഡക്സ് യൂരിസ് കാനോനിച്ചി” (സി.ഐ.സി) പ്രസിദ്ധീകൃതമായതിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ വിജയപുരം രൂപത സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.വടവാതൂര്‍ അപ്പസ്തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വികാരി ജനറാള്‍ മോണ്‍. ജോസ് നവസ്, റവ.ഡോ. ജോസി കണ്ടനാട്ടുതറ, സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍, കെ.പി ജോണ്‍, ഫാ. സെല്‍വി ആന്റണി എന്നിവര്‍ പ്രസംഗിച്ചു
ഒറീസയില്‍ പളളികള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കണം: സുപ്രീം കോടതി
ഒറീസ കലാപത്തില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി. ദേവാലയങ്ങള്‍ മതസ്ഥാപനങ്ങളായതിനാല്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കാനാവില്ലെന്ന ഒറീസ സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.കട്ടക്- ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒറീസയില്‍ 60 ദേവാലയങ്ങളാണു തകര്‍ത്തത്. ഈ ദേവാലയങ്ങള്‍ മുഴുവന്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണം. അക്രമത്തില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും ഒറീസ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.എന്നാല്‍, മതസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ദേവാലയങ്ങളും കെട്ടിടമാണെന്നും കലാപത്തില്‍ തകര്‍ക്കപ്പെട്ടവയായതിനാല്‍ ധനസഹായം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.കലാപക്കേസുകള്‍ക്കായി പ്രത്യേക അതിവേഗ കോടതികള്‍ ഏര്‍പ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ അതി വേഗ കോടതികള്‍ മുഖാന്തരം നടക്കും. ക്രിസ്മസ് വരെ അര്‍ധ സൈനിക വിഭാഗത്തെ കലാപമേഖലകളില്‍ നിലനിര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. അക്രമം തുടരുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശി ച്ചിട്ടുണ്ട്.അതേസമയം, കലാപക്കേസുകളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം തത്കാലം അംഗീകരിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. കന്യാസ്ത്രീ യെ മാനഭംഗപ്പെടുത്തിയത് സംബന്ധിച്ചും സിബിഐ അന്വേഷണം ആവശ്യമില്ല. കന്യാസ്ത്രീ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് സിബി ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് ഒറീസ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന്, തെളിവ് നല്‍ കാന്‍ കന്യാസ്ത്രീ തയാറാക ണമെന്നും കോടതി നിര്‍ദേശിച്ചു. തെളിവ് നല്‍കാന്‍ തയാറാണെന്ന് മാനഭംഗത്തിനിരയായ കന്യാസ്ത്രീ വ്യക്തമാക്കി.
മലയാളം ബൈബിള്‍ ഇനി വിരല്‍ത്തുമ്പില്‍
ബൈബിള്‍ വായിക്കുവാനും ആഴമായി പഠിക്കുവാനും ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇനി സന്തോഷിക്കാം. കാരണം ഇനി മാതൃഭാഷയില്‍ ഇന്റര്‍നെറ്റിലൂടെ ബൈബിള്‍ വായിക്കുവാനും പഠിക്കുവാനും സാധിക്കും. മാതൃഭാഷയില്‍ ബൈബിള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമായിത്തുടങ്ങിയതോടെ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ ഏറെ ആഹ്ലാദത്തിലാണ്. പ്രത്യേകിച്ച് ബൈബിള്‍ കൊണ്ടുനടക്കാന്‍ അനുവാദമില്ലാത്ത ഗള്‍ഫുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുക. കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ തയാറാക്കിയ വിവര്‍ത്തനമാണ് www.pocbible.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. പഴയനിയമവും പുതിയനിയമവും അതിന്റെ ആമുഖത്തോടും ചരിത്രസൂചികകളോടും കൂടെ വിശുദ്ധനാടുകളുടെ ഭൂപടം സഹിതമാണ് സൈറ്റില്‍ ലഭ്യമാകുന്നത്. കേരളകത്തോലിക്കാസഭ ദൈവവചനവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ബൈബിള്‍ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ എത്തിക്കുകവഴി കേരളം ലോകത്തിന് മഹത്തായ സംഭാവന നല്‍കിയിരിക്കുകയാണ്. കെ.സി.ബി.സി ബൈബിള്‍കമ്മീഷന്റേയും സൊസൈറ്റിയുടേയും ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കെ.സി.ബി.സി ബൈബിള്‍കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സൈറസ് വേലംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജീസസ് യൂത്ത് പ്രവര്‍ത്തകരാണ് ഈ പദ്ധതി സൗജന്യമായി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗള്‍ഫ്‌രാജ്യങ്ങളിലെ ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ ആഗ്രഹഫലമായിട്ടാണ് ഇന്റര്‍നെറ്റ് മലയാളം ബൈബിള്‍ പദ്ധതിയെക്കുറിച്ച് സഭാനേതൃത്വം ആലോചിച്ചത്. പഴയനിയമത്തില്‍നിന്നോ, പുതിയനിയമത്തില്‍നിന്നോ ഒരു പുസ്തകമോ, അധ്യായമോ, വാക്യമോ തിരയുന്നതിനും ബ്രൗസ് ചെയ്യുന്നതിനും ഈ സൈറ്റില്‍ സാധിക്കും. സൈറ്റില്‍ പ്രത്യേകമായി നീക്കിവച്ചിട്ടുള്ള കോളങ്ങളില്‍ അവയെഴുതി ക്ലിക്ക് ചെയ്താല്‍ വേണ്ട വചനഭാഗങ്ങള്‍ സ്ക്രീനില്‍ തെളിയും. തിരുവചനം എന്ന പേരുള്ള പ്രത്യേക ലിപിയാണ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ലിപി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
Wednesday, October 22, 2008
Tuesday, October 21, 2008
ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കണം; മാര്‍ മാത്യു അറയ്ക്കല്‍
ക്രൈസ്തവ കുടുംബങ്ങളിലെ മാതാപിതാക്കള്‍ വിശ്വാസം കാത്തു സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദമ്പതി സുവര്‍ണ ജൂബിലി സംഗമത്തില്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍ വിവാഹമെന്ന കൂദാശയിലൂടെ ഒന്നായി സഭയെ ധന്യമാക്കുകയാണ് ക്രൈസ്തവ ദമ്പതികളുടെ കടമ. മാതാപിതാക്കളാല്‍ സഭ ധന്യമായിരിക്കുകയാണെന്നും, അരൂപിയില്‍ നിറഞ്ഞ് ഒന്നിച്ചു യാത്ര ചെയ്തു കൊണ്ട് സഭയ്ക്കും സമൂഹത്തിനും മാതൃകാപരമായ ജീവിതമാണ് വിവാഹ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ നയിക്കുന്നതെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 48 ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി നിഷേധിക്കുന്നു: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടാത്ത സാഹചര്യമാണ് കേരള സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ വക്താവ് പ്രസ്താവിച്ചു. കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി നിഷേധിക്കുന്ന ഈ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഏകജാലകത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശനം ഏര്‍പ്പെടുത്തിയതുകൊണ്ടുതന്നെ മറ്റു വിദ്യാലയങ്ങളേക്കാള്‍ നൂറ് അധ്യയനദിനങ്ങളാണ് സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറിക്ക് നഷ്ടമായത്. അതായത് പകുതിവര്‍ഷത്തെ പഠനമാണ് സര്‍ക്കാര്‍ ഈ വിദ്യാര്‍ഥികള്‍ക്ക് നിഷേധിച്ചത്. ക്ലാസുകള്‍ ആരംഭിച്ചിട്ടും എല്ലാവര്‍ക്കും പാഠപുസ്തകം എത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല. പാഠപുസ്തകമില്ലാത്തതുകൊണ്ട് ഫലപ്രദമായി പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഈ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പാഠപുസ്തകം വിദ്യാര്‍ഥികള്‍ക്ക് സമയത്തിനു എത്തിക്കുന്നതിന് തടസം സൃഷ്ടിച്ചവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കാനും മാതൃകാപരമായി ശിക്ഷിക്കാനും വിദ്യാഭ്യാസമന്ത്രി തയാറാകണമെന്ന്‌വക്താവ് റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ ആവശ്യപ്പെട്ടു.
Monday, October 20, 2008
ദത്തെടുക്കല്‍: ബിഷപ് തട്ടുങ്കല്‍ ഖേദം പ്രകടിപ്പിച്ചു
ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ്പ് മാര്‍ ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന ഫൊറോനാ വികാരിമാരുടെയും ഇടവക വികാരിമാരുടെയും യോഗത്തിലാണ് മാര്‍ ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചത്. തനിക്ക് ഇതുവരെ മേലധികാരികളില്‍ നിന്നും വിലക്കോ ശിക്ഷാനടപടിയോ ഉണ്ടായിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. വിവാദ പ്രസ്ഥാവനകള്‍ നടത്തേണ്ടിയിരുന്നില്ല എന്നും ബിഷപ്പ് യോഗത്തില്‍ സമ്മതിച്ചു. ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കില്‍ റോമില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പിന്മാറാന്‍ തയാറാണെന്നും ബിഷപ്പ് സമ്മതിച്ചിട്ടുണ്ട്. യോഗത്തിനുശേഷം ബിഷപ്പ് ഹൗസ് പത്രക്കുറിപ്പ് പുറത്തിറക്കി. പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ. രൂപതയിലെ വൈദികരായ നിങ്ങളെ ഈ വിശേഷ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കൊച്ചി രൂപതയിലെ അധ്യക്ഷനെന്ന നിലയ്ക്ക് പൂര്‍ണ അധികാരത്തോടെയാണ് ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. എനിക്ക് ഇതേവരെ മേലധികാരികളില്‍ നിന്ന് വിലക്കോ ശിക്ഷാനടപടിയോ ലഭിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.ഈ വിശേഷാല്‍ യോഗത്തിന്റെ ഉദ്ദേശം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ രൂപതയിലും പരിസരപ്രദേശങ്ങളിലും സഭയേയും വിശ്വാസത്തേയും സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ്.ഈ ആശയക്കുഴപ്പങ്ങള്‍ക്കു കാരണം 2008 ഒക്ടോബര്‍ ഒന്നിന് വൈദികരുടെ മാസധ്യാനാവസരത്തില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ആ പരാമര്‍ശങ്ങള്‍ നടത്തേണ്ടതായിരുന്നില്ല എന്നു എനിക്കു ഇപ്പോള്‍ തോന്നുന്നു. ആ പരാമര്‍ശങ്ങളിലൂടെ എന്റെ വൈദീകരിലും ദൈവജനത്തിലും ഉണ്ടായ തെറ്റിദ്ധാരണകള്‍ക്കും വിശ്വാസപ്രതിസന്ധിക്കും ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. അതിന് എന്റെ വൈദികരായ നിങ്ങളോടും ദൈവജനത്തോടും മാപ്പുചോദിക്കുന്നു.ഒക്ടോബര്‍ ഒന്നിന് നടന്നത് എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാവുന്ന എന്റെ മാനസിക സ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണല്ലോ. അതിനാലാണ് യുക്തിക്കുചേരാത്ത പല പരാമര്‍ശങ്ങളും ഉണ്ടായത്. അതില്‍പ്രത്യേകം എടുത്തു പറയേണ്ടവ താഴെ പറയുന്നവയാണ്.യുവതിയെ ദത്തെടുക്കല്‍ : ഇത് ആത്മീയ തലത്തിലുള്ള ദത്തെടുക്കലാണെന്നും അതിന് സിവില്‍വാലിടിറ്റി ഉണ്ടാകേണ്ടതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും സമ്മതിക്കുന്നു. ഇത് അനുവദനീയമോ അല്ലയോ എന്നതിന് എന്റെ സഭാ മേലധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അത് നിയമവിരുദ്ധമാണെന്ന് റോമില്‍ നിന്ന് എന്നെ ബോധ്യപ്പെടുത്തുന്നതനുസരിച്ച് ഞാന്‍ അതില്‍ നിന്നും പിന്മാറുവാന്‍ സമ്മതമാണെന്നും അറിയിക്കുന്നു.ഓര്‍ത്തഡോക്സ് വൈദികനോടൊത്ത് ദിവ്യബലിയര്‍പ്പിച്ചത്: കത്തോലിക്കാ സഭയുടെ നിയമങ്ങല്‍ക്കു വിരുദ്ധമായിന്നുവെന്നത് അപ്പോസ്താലിക്കാ ന്യൂണ്‍ഷ്യയോ മുമ്പാകെ 2008 ഒക്ടോബര്‍ 10ന് നേരില്‍ കണ്ട് സമ്മതിച്ചിട്ടുള്ളതും മാപ്പു ചോദിച്ചിട്ടുള്ളതുമാണ് എന്ന് അറിയിക്കുന്നു.രക്താഭിഷേകം: യേശുനാഥന്‍ തന്നെ നല്‍കിയെന്നു പറയപ്പെടുന്ന രക്തം കൊണ്ട് മെത്രാസനമന്ദിരം വെഞ്ചരിച്ചുയെന്നത് ശരിയാണ്. സാധാരണയുള്ള വെഞ്ചരിപ്പിന്റെ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നെയാണ് ഈ വെഞ്ചിരിപ്പും നടത്തിയിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുന്ന കത്തോലിക്കാ വൈദികനെക്കൊണ്ട് മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിനും എനിക്ക് തടസമില്ല എന്നും ബോധ്യപ്പെടുത്തുന്നു.ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ 12-ാം അധ്യായത്തെക്കുറിച്ചുള്ള എന്റെ ചില വ്യാഖ്യാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും, ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നതല്ലെന്നും കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും ഉറപ്പുതരുന്നു. കര്‍ത്താവായ യേശുവിനെ ഞാന്‍ ഏക ലോകരക്ഷകനായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.യേശുവിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കുന്നുവെന്നും വ്യക്തമാക്കുന്നു. തുടര്‍ന്നും എല്ലാ വൈദികരുടെയും സഹകരണത്തോടെ കൊച്ചി രൂപതയിലെ ദൈവജനത്തെ നയിക്കുവാനും പഠിപ്പുക്കുവാനും വിശുദ്ധീകരിക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സഹകരണവും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊച്ചി രൂപതയിലെ മുപ്പത്തിയെട്ടു ഇടവകയിലെ വികാരിമാരും ആറു ഫൊറോനാ വികാരിമാരും യോഗത്തില്‍ പങ്കെടുത്തു. പത്തനം തിട്ട സ്വദേശി ഫാ. സി.കെ. ജോസഫിന്റെ വളര്‍ത്തുമകളായ സോണിയയെ കൊച്ചി ബിഷപ്പ് ദത്തെടുത്തതാണ് വിവാദത്തിന് കാരണമായത്.
വര്‍ഗീയ സംഘര്‍ഷത്തില്‍ ഒറീസ ഒന്നാമത്
ഈവര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ സംസ്ഥാനം ക്രൈസ്തവര്‍ക്കെതിരേ സംഘടിത ആക്രമണം നടന്ന ഒറീസയെന്നു കേന്ദ്രസര്‍ക്കാര്‍. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 158 കേസുകളാണ് ഒറീസയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലേയും കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വര്‍ഗീയ സംഘര്‍ഷത്തിനിരയായി ഈവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍(41 പേര്‍) മരിച്ചതും ഒറീസയിലാണ്. 2000-07 കാലഘട്ടത്തിലിത് 22 മരണമായിരുന്നു. വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് 151 കേസുകള്‍ അക്കാലത്തു രജിസ്റ്റര്‍ ചെയ്തു.ഈവര്‍ഷം രാജ്യത്ത് 693 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്. ഇതില്‍ 116 പേര്‍ കൊല്ലപ്പെടുകയും 1680 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തില്‍ ഒറീസയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത് മധ്യപ്രദേശാണ്. അവിടെ 99 സംഭവങ്ങളിലായി 19 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ 78 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഈവര്‍ഷമുണ്ടായത്. 11 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 74 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ ഗുജറാത്തില്‍ 61 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. അതില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 194 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, അരുണാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ സംഘര്‍ഷം പോലും ഉണ്ടായിട്ടില്ല
അന്യമതങ്ങളുടെ അന്ത:സത്ത മനസിലാക്കാത്തവരാണു പ്രശ്നക്കാര്‍: മന്ത്രി പാട്ടീല്‍
അന്യമതങ്ങളുടെ അന്ത: സത്ത മനസിലാക്കാത്തവരാണു ചില സംസ്ഥാനങ്ങളില്‍ പ്രശ്നത്തിനു കാരണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ക്രൈസ്തവ സഭകള്‍ നല്‍കിയ സംഭാവന മഹത്തരമാണ്. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു കൊണ്ടുള്ള ഒരു നയമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ മതസ്പര്‍ധയും അക്രമവും രക്തച്ചൊരിച്ചിലും മതത്തിന്റെ പേരില്‍ നടക്കുന്നുണ്ടെന്നും അക്രമങ്ങളെ ശക്തമായി നേരിടുമെന്നും ശിവരാജ് പാട്ടീല്‍ പറഞ്ഞു. അടുത്തയിടെ ഒറീസ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലുണ്ടായ അക്രമങ്ങളെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങ ള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ധിച്ചു വരുന്ന ഭൗതികതയും സ്വാര്‍ഥതയും മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുകയും വിവിധ രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും നിലനിന്നിരുന്ന സഹിഷ്ണുതയ്ക്കും സ്നേഹബന്ധത്തിനും മങ്ങലേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നതായി ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പരസ്പരധാരണയും ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനും മതനേതാക്കള്‍ക്കും സാമൂഹ്യ നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറെ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് രണ്ടു മുദ്രമാലയും കുരിശു മാലയും അടങ്ങുന്ന ഐക്കണും മോതിരവും അദ്ദേഹം സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു.
Friday, October 17, 2008
ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നതില്‍ ഉത്കണ്ഠ : ഐക്യ-ജാഗ്രതാ കമ്മീഷന്‍
കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ച സംഭവത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. സ്ക്കൂള്‍ കെട്ടിടത്തിന് തീയിട്ട് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ വാര്‍ത്തെടുത്ത സ്ക്കൂള്‍, കത്തിനശിപ്പിച്ച സംഭവം കേരള സംസ്ക്കാരത്തിനു തന്നെ തീരാകളങ്കമാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംഭവത്തെ നിസ്സാരമായി കാണുവാന്‍ സാധിക്കുകയില്ല. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ ആക്രമിക്കുന്ന സംഘടിത ശക്തികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കമ്മീഷന്‍ വിലയിരുത്തി. സംസ്ഥാനത്ത്, കാസര്‍ഗോഡും നെടുമ്പാശ്ശേരിയിലും കോട്ടയത്തും ദേവാലയങ്ങളും കുരിശടികളും ആക്രമിച്ചവരെ ഇതുവരെയും കണ്ടെത്തുവാന്‍ സംസ്ഥാന പൊലീസിന് സാധിച്ചിട്ടില്ലായെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ കുറ്റപ്പെടുത്തി. ക്രൈസ്തവ സ്ഥാപനങ്ങളെ ആക്രമിക്കുന്നവരെ മാനസികരോഗികളായി ചിത്രീകരിച്ച് സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുവാനുള്ള പ്രവണത നടന്നുവരികയാണ്. ഇത് അംഗീകരിക്കാനാവില്ല. അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരുതന്നെ ആയാലും അവരെ ഉടന്‍ അസ്സറ്റു ചെയ്യണമെന്നും ക്രൈസ്തവ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
പട്ടികവര്‍ഗക്കാരുടെ മെഡിക്കല്‍ പ്രവേശനം: വിദ്യാഭ്യാസമന്ത്രി ഉത്തരവാദിയെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്കുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികളില്ലാതായത് സര്‍ക്കാരിന്റെ പിടിവാശികൊണ്ടാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. അതുകൊണ്ടാണ് 33 സീറ്റുകള്‍ അവര്‍ക്കുവേണ്ടി മാറ്റിവയ്ക്കപ്പെട്ടത് വിദ്യാര്‍ഥികളില്ലാതെ കിടക്കാനിടയാക്കിയത്. അതിന് മെഡിക്കല്‍ കൗണ്‍സിലിനെ പ്രതികൂട്ടിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ വിചിത്രവും തികച്ചും അപഹാസ്യവുമാണ്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ കേസ് നടത്തേണ്ട സാഹചര്യവും സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍ സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വ ക്താവ് ഫാ. ഫിലി പ്പ് നെല്‍പ്പുരപ്പറമ്പില്‍ ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളെ തങ്ങളുടെ കൈപ്പിടിയിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത പദ്ധതികളാണ് യഥാര്‍ഥത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നിഷേധിക്കുന്ന സാഹചര്യത്തിലെത്തിച്ചത്. പ്രവേശനപരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗേറ്റെവ് മാര്‍ക്ക് നല്‍കി അമ്പതു ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം പരിമിത പ്പെടുത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണ് ഇവിടെ പാളിയത്. അതിന് ബലിയാടുകളാകേണ്ടിവന്നത് പാവപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികളും ഒപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഏറ്റം കൂടുതല്‍ മാര്‍ ക്ക് വാങ്ങിയെങ്കിലും എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരുമാണ്.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ക്ക് മാത്രം വേണ്ടത്ര വിദ്യാര്‍ഥികള്‍ക്കു പ്രവേശനരീതിയില്‍ അമ്പത് ശതമാനം മാര്‍ക്ക് കിട്ടുന്ന സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ യോഗ്യതാവിദ്യാര്‍ഥികളില്ലാത്ത സാഹചര്യം സംജാതമാകും. അപ്പോള്‍ അവര്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരികയും സര്‍ക്കാരിന് അവരെ തങ്ങളുടെ താളത്തില്‍ തുള്ളിക്കയും ചെയ്യാം എന്നതായിരുന്നു കണക്കുകൂട്ടല്‍.തെറ്റായ ഉത്തരങ്ങള്‍ എഴുതിയതിന് നെഗേറ്റെവ് മാര്‍ക്ക് നല്‍കുന്ന തികച്ചും അശാസ്ത്രീയമായ ഒപ്പം ചില കഴിവുകളെമാത്രം പരിശോധിക്കുന്ന പ്രവേശന പരീക്ഷാസമ്പ്രദായത്തില്‍ മാറ്റം വന്നാല്‍തന്നെ കേരളത്തില്‍ അമ്പതു ശതമാനം മാര്‍ക്കുകിട്ടുന്ന വിദ്യാര്‍ഥികളുടെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം ഉയരും. ഇപ്പോ ള്‍ നടന്ന പ്രവേശന പരീക്ഷാപേപ്പറുകള്‍ പോലും പുനര്‍പരിശോധനയ്ക്ക് കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച് യോഗ്യരായ വിദ്യാര്‍ ഥികളെ പട്ടികവര്‍ഗക്കാരില്‍നിന്നു ലഭിക്കും.ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കണമെന്ന കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യം അവര്‍തന്നെ സൃഷ്ടിച്ചതാണെന്നകാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് ചെയ്യുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവേശന പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്കുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിലപാടിനെ ആക്ഷേപിക്കുന്ന വിദ്യാഭ്യാസവകുപ്പും മറ്റും തങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ അന്യായമായി നെഗേറ്റെവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയാണ് വിദ്യാര്‍ഥികളുടെ ഭാവി തുലച്ചതെന്ന കാര്യം സൗകര്യപൂര്‍വം മറക്കുന്നു. ഇപ്പോള്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിശീലനം കൊടുക്കാന്‍ പോകുന്നതും പ്രത്യേകം പരീക്ഷ നടത്താന്‍ പോകുന്നതും പൊതുജനത്തിന്റെ കണ്ണില്‍ മണ്ണിടാനുള്ള വിദ്യയാണ്. സ്വാശ്രയമെഡിക്കല്‍ കോളജുകളെ, പ്രത്യേകിച്ചും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളജുകളെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത വിദ്യാഭ്യാസവകുപ്പിന്റെ കുതന്ത്രങ്ങള്‍ വെള്ളത്തിലാക്കിയത് പട്ടികവര്‍ഗ വിദ്യാര്‍ഥികളെയാണ്.ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ ക്കും പ്രവേശന പരീക്ഷയുടെ മാ ര്‍ക്കും ചേര്‍ത്ത് റാങ്ക് അനുസരിച്ചുമാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന, കരാര്‍ ഒപ്പിടാത്ത കോളജുകളില്‍ ഇതുപോലെതന്നെ പ്രവേശന പരീക്ഷയില്‍ അ മ്പതുശതമാനം മാര്‍ക്കില്ലാത്ത എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വളരെ നല്ല മാര്‍ക്കു വാങ്ങിയ കുറച്ച് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിനെതിരേ ആ ക്രോശം മുഴക്കുന്ന വിപ്ലവ വിദ്യാ ര്‍ഥി സംഘടനകള്‍ കരാര്‍ ഒപ്പിട്ട കോളജുകളില്‍ ഒരു നല്ലപങ്കും പ്രവേശന പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്കില്ലാത്തവരാണെന്നകാര്യം വിസ്മരിക്കയാണെന്ന് ഫാ. നെല്‍പ്പുരപ്പറമ്പില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Thursday, October 16, 2008
ക്രൈസ്തവ പീഡനം ഭാരത സംസ്ക്കാരത്തിന് കളങ്കം : മാര്‍ മൂലക്കാട്ട്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന് നേര്‍ക്കുണ്ടാകുന്ന ആസൂത്രിത ആക്രമണങ്ങള്‍ മഹത്തായ ഭാരത സംസ്കാരത്തിന് കളങ്കം ചാര്‍ത്തുന്നുവെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത. ക്നാനായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മൂലക്കാട്ട്. ആക്രമണങ്ങളെ സഹനത്തിലൂടെ നേരിടുക എന്നതാണ് ക്രൈസ്തവ കാഴ്ചപ്പാട്. അതില്‍ അടിയുറച്ചു നിന്നുകൊണ്ട് ക്രൈസ്തവര്‍ മുന്നോട്ട് നീങ്ങുമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു
സമ്പത്തിന്റെ അര്‍ത്ഥശൂന്യത വ്യക്തമായി : മാര്‍പാപ്പ
സമ്പത്തിന്റെയും അഭിലാഷങ്ങളുടെയും അര്‍ഥശൂന്യത ലോകത്തിനു കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 253 ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുത്തു. ലോകം അഭിമുഖീകരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി സമ്പത്തിന്റെ നിരര്‍ഥകത പ്രകടമാക്കുന്നു. വന്‍കിട ബാങ്കുകള്‍ തകരുന്നതിലൂടെ പണം അപ്രത്യക്ഷമാകുന്നതു നാം കാണുന്നു. പണം ഒന്നുമല്ലെന്നു മനസ്സിലായി. യാഥാര്‍ത്ഥ്യമെന്നു നാം കരുതിയിരുന്ന പലതിനും വാസ്തവത്തില്‍ കുറഞ്ഞ പ്രാധാന്യം മാത്രമേയുള്ളുവെന്ന് മനസ്സിലാക്കുന്നു. വിജയം, കരിയര്‍, പണം തുടങ്ങിയ കാര്യങ്ങളെ മാത്രം ആധാരമാക്കി ജീവിതം പടുത്തുയര്‍ത്തുന്നവര്‍ പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വചനം മാത്രമാണ് സ്ഥിരമായി നില്‍ക്കുന്ന യാഥാര്‍ത്ഥ്യം: മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. സ്പര്‍ശിക്കാന്‍ കഴിയുന്നതെല്ലാം യാഥാര്‍ഥ്യമാണെന്നു കരുതുന്നവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി ശതകോടിക്കണക്കിനു ഡോളര്‍ ഒഴുക്കിക്കളഞ്ഞു. ഭദ്രമെന്നു കരുതിയിരുന്ന വമ്പന്‍ ബാങ്കുകള്‍ തകര്‍ന്നു. മണ്ണില്‍ പടുത്തുയര്‍ത്തുന്നതൊന്നും സ്ഥിരമല്ലെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സുവിശേഷം മടുക്കാതെ പ്രഘോഷിക്കാനാകണമെങ്കില്‍ സഭ പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നത് എന്തെന്ന് അറിയണം. തിരുവചനം അറിയാത്തവര്‍ക്കു ദൈവത്തിന്റെ ശക്തിയോ ജ്ഞാനമോ മനസിലാവില്ല. ദൈവവചനത്തെ അവഗണിക്കുക എന്നാല്‍ ക്രിസ്തുവിനെ അവഗണിക്കുകയെന്നാണര്‍ത്ഥം - മാര്‍പാപ്പ പറഞ്ഞു. മോസ്ക്കാ, സെര്‍ബിയ, റുമേനിയ എന്നിവിടങ്ങളിലെ പാത്രിയാര്‍ക്കീസുമാരുടെ പ്രതിനിധികള്‍, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍, വേള്‍ഡ് ലൂഥറന്‍ ഫെഡറേഷന്‍ എന്നിവയുടെ പ്രതിനിധികളും സിനഡില്‍ പങ്കെടുത്തു.അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 253 മെത്രാന്മാരാണ് സിനഡിനെത്തിയത്. 113 മെത്രന്‍ സംഘങ്ങളുടെയും 13 വ്യക്തി സഭകളുടെയും പ്രതിനിധികളാണിവര്‍. വത്തിക്കാനിലെ 26 തിരുസംഘങ്ങളുടെ പ്രതിനിധികളും ഉണ്ട്. ചൈനയില്‍ നിന്നുമാത്രം പ്രതിനിധികളില്ല. “ദൈവവചനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും” എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സിനഡ് 26 വരെ തുടരും.
ദയാവധവും ആത്മഹത്യയും മനുഷ്യാവകാശമല്ല: കെ.സി.ബി.സി പ്രോലൈഫ് സമിതി
കേരളത്തില്‍ ദയാവധം അനുവദിക്കാനും ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കാനുമുള്ള നിയമപരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശ മനുഷ്യജീവന് ഏറ്റവും അപകടകരമായ നിര്‍ദേശമായതിനാല്‍ അതില്‍ നിന്ന് പിന്മാറണമെന്ന് അഖില കേരള പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.ദാരിദ്ര്യം, കടം, കടുത്ത രോഗങ്ങള്‍ തുടങ്ങിയവകൊണ്ട് വലയുന്നവരെ അതില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി ജീവനൊടു ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിര്‍ദേശമാണ്. നിസാരമായ വിഷയങ്ങളാല്‍ വിഷമിക്കുന്നവരെപ്പോലും ക്രൂരമായ ഈ പ്രവൃത്തി ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഇത്തരം നിയമങ്ങള്‍ രൂപപ്പെടുത്തുന്നവരെ നയിക്കുന്ന ചോതോവികാരം എന്താണെന്ന് സംശയിക്കുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരെ കുറ്റക്കാരായി കാണുന്ന ഇന്ത്യന്‍ പീനല്‍കോഡ് 309- ാം വകുപ്പ് റദ്ദാക്കണമെന്നാണിവര്‍ നിര്‍ദേശിക്കുന്നത്. ദയാവധം എന്ന നിയമം ലോകത്ത് ഏഴു രാജ്യത്ത് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നത് ഈ നിയമത്തിന്റെ ഭീകരത എത്ര വലുതെന്ന് വ്യക്തമാക്കുന്നു. മൂന്നാമത്തെ കുഞ്ഞ് ഉണ്ടായാല്‍ ശിക്ഷാനടപടികള്‍ എടുക്കുമെന്ന് ഉത്തരവിറക്കിയ അതേ കമ്മീഷന്‍ തന്നെയാണ് ദയാവധത്തിനും ആത്മഹത്യയ്ക്കും അനുകൂലമായ നിയമരൂപീകരണത്തിന് ഒരുങ്ങുന്നത്.ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ദൈവത്തിനു മാത്രമാണ് ജീവന്റെമേല്‍ പരമാധികാരമുള്ളത്. മനുഷ്യജീവന്‍ അതിന്റെ ഉത്ഭവനിമിഷം മുതല്‍ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കപ്പെടേണ്ടതാണ്. മനുഷ്യത്വം ആദരിക്കപ്പെടേണ്ടതാണ്. മനുഷ്യന്റെ വേദന കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഇന്നുണ്ട്.. വൃദ്ധരെയും മരണാസന്നരെയും പരിപാലിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനം ശ്രമിക്കണം. 309-ാം വകുപ്പ് എടുത്തു കളയുന്നതുവഴി ആത്മഹത്യകള്‍ വര്‍ധിക്കാനിടയാകും.
Wednesday, October 15, 2008
ഒറ്റപ്പെട്ട സംഭവങ്ങള്‍ സഭയുടെ പൊതുവീഴ്ചയായി ചിത്രീകരിക്കുന്നു: ഡോ.അച്ചാരുപറമ്പില്‍
എവിടെയെങ്കിലും ഒരു വീഴ്ചയുണ്ടായാല്‍, അത് സഭയുടെ പൊതുവായ വീഴ്ചയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നുവെന്നു കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. പി.ഒ. സി.യുടെ റൂബി ജൂബിലിയോടനുബന്ധിച്ച് മുന്‍ സ്റ്റാഫംഗങ്ങളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കത്തോലിക്കാ സഭയുടെ പൊതുവായ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉപയുക്തമായ ‘“ക്രിസ്തുവില്‍ ഒന്നാകുക”’ എന്ന വചനം സാര്‍ഥകമാക്കാനാണു പി.ഒ.സി. ശ്രമിക്കുന്നത്. സഭയുടെ തനിമ നിലനിറുത്തിക്കൊണ്ടുള്ള പി.ഒ.സിയുടെ കൂട്ടായ്മാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.പി.ഒ.സിയില്‍ ദീര്‍ഘകാലം ഡയറക്ടറായിരുന്ന പുനലൂര്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളസഭ എന്താണെന്നു പരിചയപ്പെടാന്‍ കഴിഞ്ഞതു പി.ഒ.സിയിലെ 13 വര്‍ഷക്കാലത്തെ സേവന കാലഘട്ടത്തിലാണ്. സഭ ഒന്നാണെന്നു പ്രഘോഷിക്കുന്ന ഭൂരിപക്ഷം വിശ്വാസികളുടെ പ്രകാശമയമാര്‍ന്ന സാന്നിധ്യം പി.ഒ.സിയുടെ സവിശേഷതയാണ് - ബിഷപ്പ് പറഞ്ഞു. പി.ഒ.സിയുടെ മുന്‍ ഡയറക്ടര്‍മാര്‍, വിവിധ കമ്മീഷനില്‍ സേവനമനുഷ്ഠിച്ചവര്‍ എന്നിവരുള്‍പ്പെട്ട അമ്പതോളം പേര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്തു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസ് കോട്ടയില്‍, മോണ്‍. ജോര്‍ജ്ജ് ചൂരക്കാട്ട്, റവ.ഡോ. സക്കറിയാസ് പറനിലം, റവ.ഡോ .ജോര്‍ജ്ജ് കുരുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിന് ശാന്തിയും നന്മയും ഉണ്ടാകുന്ന കലാരചനകള്‍ വേണം: ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
സമൂഹത്തില്‍ നല്ല രീതിയിലുള്ള വളര്‍ച്ചയും ശാന്തിയും സമാധാനവും ഉണ്ടാകുന്നതിന് അവരുടെ കലാരംഗത്തെ സംഭാവനകള്‍ ഉപകരിക്കുന്ന രീതിയില്‍ രചനകള്‍ നടത്തണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍.ഭക്തിഗാന രചയിതാവായിരുന്ന ഫാ. ജേക്കബ് കല്ലറയ്ക്കലിന്റെ സ്മരണയ്ക്കായി കെ.എല്‍.സി.എ കോട്ടപ്പുറം രൂപതാ സമിതി സംഘടിപ്പിച്ച ഭക്തിഗാനാലാപന മത്സരവും അവാര്‍ഡുദാനവും സിപ്പി പള്ളിപ്പുറത്തിനും ജോസഫ് പനക്കലിനും നല്‍കിയ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ദൈവം നല്‍കുന്ന താലന്തുകള്‍ വര്‍ധിപ്പിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്. വളര്‍ന്നുവരുന്ന കലാകാരന്മാരെ വേണ്ടവിധത്തില്‍ പ്രതിഭകളാക്കി ഉയര്‍ത്തുന്നതോടൊപ്പം മൂല്യങ്ങള്‍ക്ക് അനുസരണമായി ജീവിക്കുവാനുള്ള കഴിവും ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണി അധ്യക്ഷത വഹിച്ചു
അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ വിശുദ്ധിയിലേക്ക്: മാര്‍ ദിവന്നാസിയോസ്
സഹനത്തിലൂടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട പുണ്യവതിയാണ് സിസ്റ്റര്‍ അല്‍ഫോന്‍സയെന്ന് ബത്തേരി ബിഷപ്പും മിഷന്‍ലീഗ് സംസ്ഥാന രക്ഷാധികാരിയുമായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് അഭിപ്രായപ്പെട്ടു.അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി വത്തിക്കാനില്‍ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ഭരണങ്ങാനം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍ ദിവന്നാസിയോസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്ക്കാരവേളയില്‍ റോമുളൂസച്ചന്‍ നടത്തിയ പ്രസംഗങ്ങളിലെ വിഖ്യാത വാചകങ്ങള്‍ മാര്‍ ദിവന്നാസിയോസ് അനുസ്മരിച്ചു.ഇവള്‍ ജീവിച്ച കന്യാമഠം ഭാഗ്യപ്പെട്ടത്. ദൈവം തുരുമനസാകുന്നുവെങ്കില്‍ ഈ ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യൂ ആയി പരിണമിക്കും. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച് റോമളൂസച്ചന്‍ നടത്തിയ ചരമ പ്രസംഗം ഇന്ന് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഭാരതകത്തേലിക്കാ സഭയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ നിന്നല്ല ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവളുടെ നിര്‍മ്മലശരീരം ഉള്‍ക്കൊള്ളുന്ന കുഴിമാടം സന്ദര്‍ശിക്കും. റോമളൂസച്ചന്‍ അല്‍ഫോന്‍സാമ്മയുടെ സംസ്ക്കാരത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ ഓരോ വരികളും ഇന്ന് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. 20 നൂറ്റാണ്ടിന്റെ സജീവ ക്രൈസ്തവപാരമ്പര്യമുള്ള കേരള സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ദൈവികദാനമാണ് ഈ വിശുദ്ധ പ്രഖ്യാപനം. കര്‍ത്താവിന്റെ കുരിശിന്റെ സഹനത്തിന്റെ അര്‍ത്ഥം തന്റെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിഞ്ഞുവെന്ന് പിതാവ് അഭിപ്രായപ്പെട്ടു.
കെ.സി.ബി.സി പ്രോ-ലൈഫ് സമിതിസെക്രട്ടറിയേറ്റ് ധര്‍ണ നടത്തും
ജീവനെ നശിപ്പിക്കുന്നതിനു പ്രചോദനമാകുന്ന മരണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ.സി.ബി. സി ഫാമിലി കമ്മീഷന്‍ പ്രോ-ലൈഫ് സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളുടെ തുടക്കമായി ഒക്ടോബര്‍ 15-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 9.30-ന് പാളയം മലങ്കര പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കു ശേഷം റാലിയായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയാണ് ധര്‍ണ. തിരുവനന്തപുരം അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. ജെറോം ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോ-ലൈഫ് സമിതി സെക്രട്ടറി ഏബ്രഹാം പുത്തന്‍കളം വിഷയാവതരണ പ്രസംഗം നടത്തി. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ കോണ്‍സലേറ്റ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. റവ. ഫാ. ജെറോം ഫെര്‍ണാണ്ടസ് ചെയര്‍മാനും, ജോര്‍ജ് എഫ്. സേവ്യര്‍ ജനറല്‍ കണ്‍വീനറും, പ്രഫ. കെ.കെ ജോസഫ്, ഡോ. ഏബ്രഹാം ജേക്കബ്, മോഹന്‍ അലക്സ്, സിസ്റ്റര്‍ കോണ്‍സലേറ്റ്, മോഹന്‍ നെയ്യാറ്റിന്‍കര, നെല്‍സണ്‍, നിലിന ഏബ്രഹാം, റാണി രാജന്‍, സിസ്റ്റര്‍ ഗ്രേയ്സ്, ബ്രൈറ്റ് എന്നിവര്‍ കണ്‍വീനര്‍മാരുമായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു.
സമാധാനത്തിന്റെ സന്ദേശ വാഹകരാകുവാന്‍ മരിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം: മാര്‍ ജെയിംസ് പഴയാറ്റില്‍
അസഹിഷ്ണതയുടെ ലോകത്ത് സമാധാനത്തിന്റെ സന്ദേശ വാഹകരാകുവാന്‍ മരിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കേ സാധിക്കൂവെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍. ഇരിങ്ങാലക്കുട കത്തീഡ്രല്‍ സി.എല്‍.സിയുടെ 30-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി വല്ലാര്‍പ്പാടം ബസിലിക്ക ദേവാലയത്തില്‍നിന്നും ആരംഭിച്ച മരിയന്‍ ജ്യോതി പ്രയാണം കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ബലിവേദിയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. മരിയന്‍ ദര്‍ശനങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കുവാന്‍ സാധിക്കൂ.
മദ്യം കേരള സംസ്കാരത്തെ തകര്‍ത്തു: മാര്‍ ആനിക്കുഴിക്കാട്ടില്‍
കേരള സംസ്കാരത്തേയും വികസനത്തേയും തകര്‍ക്കുന്ന തിന്മയായി മദ്യം മാറിയെന്ന് ഇടുക്കി രൂപതാ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപതാ കമ്മിറ്റി പണിക്കന്‍കുടിയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി അനുസ്മരണവും മദ്യവിരുദ്ധ ഉപവാസവും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹത്തില്‍ അക്രമവും അസാന്‍മാര്‍ഗികതയും അപകടങ്ങളും വര്‍ധിക്കുന്നതിന് മദ്യം വഴിതെളിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ നിലവിലുള്ള പ്രതിസന്ധികളെ തരണംചെയ്യാനാകും - മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.യോഗത്തില്‍ ഫാ. ജോസഫ് പാപ്പാടി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് കിഴക്കയില്‍, സില്‍ബി ചുനയംമാക്കല്‍, ജോസ് ഇഞ്ചയില്‍, സിസ്റ്റര്‍ ട്രീസ, ജോയി കല്ലത്ത്, റോയി പുത്തന്‍പുര, മേരിക്കുട്ടി ജോസ്, ടോമി മുത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഉപവാസത്തിനും മദ്യവിരുദ്ധ റാലിക്കുംശേഷം നടന്ന പൊതുസമ്മേളനം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രഫ. എം.ജെ മാത്യു, ആന്റണി മുനിയറ, ഫാ. ജോസഫ് കോയിക്കക്കുടി എന്നിവര്‍ പ്രസംഗിച്ചു.
ജീവിതനന്മ നേടേണ്ടത് ദൈവമാര്‍ഗത്തിലൂടെ: മാര്‍ ജേക്കബ് മനത്തോടത്ത്
ജീവിത നന്മ സ്വായത്തമാക്കാനുള്ള പരിശ്രമമാണ് നാം സ്വീകരിക്കേണ്ടതെന്നും അത് ദൈവമാര്‍ഗത്തിലൂടെയാകണമെന്നും രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ഇരുമ്പകച്ചോല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ പുതിയ പാരിഷ് ഹാള്‍ വെഞ്ചരിപ്പും ദേവാലയ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്. ദേവാലയങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും അവിടെ തിന്മകള്‍ക്ക് സ്ഥാനമില്ലെന്നും ബിഷപ് പറഞ്ഞു. ആത്മവിശ്വാസവും അനുകമ്പയും സഹായിക്കാനുള്ള മനസുമുള്ളവര്‍ക്ക് ദൈവീക സഹായം ഉണ്ടാകും. അത് സ്വായത്തമാക്കുമ്പോള്‍ മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കൂ. യഥാര്‍ഥ മനുഷ്യനാകാന്‍ നാം എല്ലാവരും ശ്രമിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു
Monday, October 13, 2008
മറ്റു മതങ്ങളോടുള്ള ബഹുമാനം ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യം: ജസ്റ്റിസ് സിറിയക് ജോസഫ്
മറ്റു മതങ്ങളോടു പുലര്‍ത്തുന്ന ബഹുമാനമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യമെന്ന് സുപ്രീംകോടതി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയില്‍ ന്യൂമാന്‍ അസോസിയേഷന്‍ മതനിരപേക്ഷ രാഷ്ട്രത്തില്‍ മതത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങളില്‍ വിശ്വസിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും അത് പ്രഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. മതങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ വ്യക്തികള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അങ്ങനെ സമൂഹം നന്നാവുകയും അതിലൂടെ രാഷ്ട്രം പുരോഗതി പ്രാപിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യമാക്കുന്നത്. സര്‍ക്കാരുകള്‍ മതങ്ങളോടു പുലര്‍ത്തേണ്ട കാര്യങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയില്‍ അനുശാസിക്കുന്നത്. മറിച്ച് ഓരോ പൗരനും മറ്റു മതങ്ങളോട് പുലര്‍ത്തേണ്ട കാര്യങ്ങളും ഭരണഘടന അനുശാസിക്കുന്നുണ്ട്്. ഇത്തരത്തില്‍ വ്യക്തികള്‍ കൂടി മറ്റു മതങ്ങളെ ബഹുമാനിക്കുന്നതിലൂടെ മാത്രമെ ഭരണഘടന ലക്ഷ്യമാക്കുന്ന യഥാര്‍ഥ മതേതരത്വം സാധ്യമാവൂ - അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപതാ മെത്രാന്‍ റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ അധ്യക്ഷത വഹിച്ചു. സ്വാമി പുരന്ദരാനന്ദ, ജസ്റ്റിസ് കെ.പി രാധാകൃഷ്ണ മേനോന്‍, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ഫാ.ഏബ്രഹാം അടപ്പൂര്‍, പ്രസിഡന്റ് അഡ്വ.ജോസഫ് ജെ.തേറാട്ടില്‍, സാബു ജോസ് എന്നിവര്‍ പങ്കെടുത്തു.
വിശുദ്ധ അല്‍ഫോന്‍സാമ്മ : സഹനത്തിന്റെ സഹയാത്രിക
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെയും വിശുദ്ധിയുടെയും ഔന്നത്യങ്ങള്‍ കീഴടക്കിയ അല്‍ഫോന്‍സാമ്മ ആഗോളതലത്തില്‍ അള്‍ത്താര വണക്കത്തിന് അര്‍ഹയായ വിശുദ്ധയാണെന്ന് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ സാക്ഷിനിര്‍ത്തി ഇന്ത്യന്‍ സമയം 1.50 നാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസ് തുടങ്ങി ഭാരതത്തില്‍ നിന്നുള്ള ഒട്ടേറെ സഭാ പിതാക്കന്മാര്‍ സന്നിഹിതരായിരുന്നു.
ഹൈന്ദവ-ക്രൈസ്തവ നേതൃസംവാദം
മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ആക്രമണങ്ങള്‍ ഒരു മതത്തിന്റെയും ധര്‍മ്മത്തിന് ചേര്‍ന്നതല്ല. മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദവും പരസ്പരവിശ്വാസവും കൂട്ടായപ്രവര്‍ത്തനവും ഉണ്ടാവേണ്ടത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും നിലനില്‍പിനും മാത്രമല്ല മനുഷ്യരുടെ നിലനില്‍പ്പിനുപ്പോലും അനുപേക്ഷണീയമാണെന്ന് ഈ യോഗം കരുതുന്നു. മതവിദ്വേഷവും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളും നിലപാടുകളും തടയപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. എല്ലാ മതസ്ഥര്‍ക്കും തങ്ങളുടെ മതവിശ്വാസപ്രമാണ ങ്ങള്‍ വിലപ്പെട്ടതാണ്. അവ നിര്‍ബന്ധിച്ച് മാറ്റുന്നത് ഒട്ടും ആശാസ്യമല്ല. അത്തരത്തില്‍ മതം മാറ്റുവാന്‍ വേണ്ടി നടത്തുന്ന ഏതൊരു ശ്രമവും മതസൗഹാര്‍ദ്ദം തകര്‍ക്കും. സ്വന്തം മതത്തില്‍ വിശ്വസിക്കുവാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുവാന്‍ പാടില്ല. അതുപോലെ എല്ലാ മതസ്ഥര്‍ക്കും സ്വന്തം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്തുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും ഭാരതീയ പാരമ്പര്യവും അനുശാസിക്കുന്നു. മറ്റ് മതവിശ്വാസങ്ങളെ ചോദ്യം ചെയ്തും അവഹേളിച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. മതവിശ്വാസികള്‍ ആരാധ്യമായി കരുതുന്നവയെ അവഹേളിക്കുന്ന വിധത്തില്‍ ചിത്രീകരിക്കുന്നതും തെറ്റാണ്. സമീപകാലത്ത് മതവിശ്വാസികളെ ഉത്കണ്ഠാകുലരാക്കുന്ന സംഭവവികാസങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നു. കേരളത്തില്‍ നാലില്‍പരം ക്രൈസ്തവദേവാലയങ്ങള്‍ അക്രമത്തിനിരയായി. ക്ഷേത്രങ്ങളിലും പള്ളികളിലും കവര്‍ച്ചയും അക്രമവും സ്ഥിരംപതിവായിത്തീര്‍ന്നിരിക്കുന്നു. പ്രശസ്തമായ അങ്ങാടിപ്പുറം തളിക്ഷേത്രഗോപുര വാതില്‍ തീവച്ചു നശിപ്പിച്ചു. ഗുരുദേവമന്ദിരങ്ങള്‍ അക്രമത്തിനിരയായി. ഈ കേസുകള്‍ക്ക് തുമ്പുണ്ടാക്കുവാനോ കുറ്റവാളികളെ പിടികൂടുവാനോ അധികൃതര്‍ക്ക് കഴിയാത്തതില്‍ ശക്തമായ പ്രതിഷേധം വിശ്വാസികള്‍ക്കുണ്ട്. ആരാധനാലയങ്ങള്‍ ആരുടേതായാലും അത് ആരാധ്യമായി കണക്കാക്കേണ്ടതാണ്. ഈശ്വരവിശ്വാസം പരിപോഷിപ്പിക്കുന്ന ശ്രമങ്ങളില്‍ സഹകരണം ഉണ്ടാകുന്നത് അഭിലഷണീയമാണ്. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ജാതി, മതം എന്നീ ചിന്ത കൂടാതെയുള്ള കൂട്ടായ സമര്‍പ്പണം കൂടുതലായി മതസമൂഹങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഞങ്ങള്‍ നിലനില്‍ക്കുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും നീതിക്കുവേണ്ടി ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ്. അതുപോലെ തന്നെ സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നമനത്തിനായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. മതവികാരത്തെ മുതലെടുത്തു നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ഏവരും ജാഗ്രത ഉള്ളവരായിരിക്കണം. സമൂഹത്തില്‍ ശാന്തിയും സമാധാനവും നീതിയും പുലരുന്നതിനുവേണ്ടി എപ്പോഴും പരിശ്രമിക്കും.
Saturday, October 11, 2008
അല്‍ഫോന്‍സാമ്മ വിശുദ്ധ പദവിയിലേയ്ക്ക് : കേരളത്തില്‍ പള്ളിമണികള്‍ മുഴങ്ങും
അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന ഒക്ടോബര്‍ 12 ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ ദൈവാലയ ങ്ങളില്‍ ദിവ്യബലി മധ്യേ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടത്തപ്പെടും. സാര്‍വത്രിക സഭയുടെ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ റോമിലെ വത്തിക്കാനില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30-ന് കൃതജ്ഞതയുടെയും ആനന്ദത്തിന്റെയും അടയാളമായി കേരളത്തിലെ എല്ലാ ദൈവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങും. ആഹ്ലാദസൂചകമായി പള്ളിമണികള്‍ മുഴങ്ങുന്ന സമയത്ത് വിശ്വാസികള്‍ എല്ലാവരും ദൈവാനുഗ്രഹനിറവിനായി ഒരു മിനിറ്റ് മൗനമായി പ്രാര്‍ത്ഥിക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെ.സി.ബി.സി) പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് കേരളത്തിലെ കത്തോലിക്കാ ദൈവാലയങ്ങളില്‍ ഒക്ടോബര്‍ 12-ാം തീയതി ഞായറാഴ്ച ദിവ്യബലി മധ്യേ നന്ദിസൂചകമായി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുന്നതും ആഹ്ലാദസൂചകമായി പള്ളി മണികള്‍ മുഴക്കുന്നതും. കേരള കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ 2008 നവംബര്‍ ഒന്‍പതിന് സംസ്ഥാന ആഘോഷങ്ങള്‍ ഭരണങ്ങാനത്തുവച്ച് നടക്കും. അന്ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ അപ്പസ്തോലിക ന്യൂന്‍ഷിയോ പെദ്രോ ലോപ്പസ് ക്വിന്താനയും കര്‍ദ്ദിനാള്‍മാരായ ടെലസ്ഫോര്‍ ടോപ്പോ, ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ആഞ്ചലോ, മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 4.15-ന് ഇന്ത്യയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന കൃതജ്ഞതാബലി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലീമിസ് വചന സന്ദേശം നല്‍കും.
Thursday, October 9, 2008
രാജ്യവ്യാപകമായ മിഷണറി ധ്വംസനം: സര്‍ക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാര്‍ഹം
ഉത്താരഖണ്ഡില്‍ ഫാ. സാമുവലും മേഴ്സി ബഹാദൂറും അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ അതീവ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഘാതകരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും മിഷണറിമാരുടെ ജീവന് സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തില്‍ മിഷണറിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക അറിയിച്ചു. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഇതുവരെയുള്ള ഇടപെടലുകള്‍കൊണ്ട് ക്രൈസ്തവരുടെ ജീവനും സ്വത്തും പൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ സാധിച്ചിട്ടില്ലായെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ട സംസ്ഥാന സര്‍ക്കാരുകള്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് കാണിക്കുന്നത്. ജീവന്‍ അപകടത്തിലാണെന്ന ഭീതിയിലാണ് മിഷണറിമാരും ക്രൈസ്തവരും ഇന്ന് ഭാരതത്തില്‍ ജീവിക്കുന്നത്. ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുവാനും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണം. ക്രൈസ്തവ സമൂഹത്തെ ജന്മനാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ ആസൂത്രിത നീക്കം നടത്തുന്ന അക്രമികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രതിസന്ധികളില്‍ പ്രകോപിതരാകരുതെന്നും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആഹ്വാനം ചെയ്തു.
സീരിയലുകള്‍ സഭാ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു: ഐക്യ-ജാഗ്രതാ കമ്മീഷന്‍
അടുത്ത നാളുകളിലായി ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന പല സീരിയലുകളും സഭയുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. “വേളാങ്കണ്ണി മാതാവ് ”, “സെന്റ് ആന്റണീ സ്” തുടങ്ങിയ പല സീരിയലുകള്‍ക്കും സഭയുടെ യഥാര്‍ത്ഥ ചരിത്രവുമായി ബന്ധമില്ല. ഇത്തരം സീരിയലുകള്‍ അബദ്ധസിദ്ധാന്തങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയും സാധാരണ വിശ്വാസികളില്‍ ആത്മീയ ഇടര്‍ച്ചയും ചിന്താക്കുഴപ്പവും ഉണ്ടാക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിനായി വിശുദ്ധരുടെ ജീവിതത്തെ ദുരുപയോഗം ചെയ്യുവാനുള്ള പ്രവണത നിര്‍മ്മാതാക്കളില്‍ വര്‍ദ്ധിച്ചുവരികയാണ്. വിശുദ്ധരുടെ വിശുദ്ധ ജീവിതത്തെ അടിസ്ഥാനമാക്കാതെ അവരെ വെറും അത്ഭുതപ്രവര്‍ത്തകരും കാര്യസാധ്യത്തിനുള്ള ഉപകരണങ്ങളുമായി അധഃപതിപ്പിക്കുകയുമാണ് ചെയ്യുന്നത്. വിശുദ്ധരുടെ ജീവിതം സാങ്കല്‍പികമല്ല, യാഥാര്‍ത്ഥ്യമാണ്. നിര്‍മ്മാതാക്കളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റിമറിക്കാവുന്നതല്ല അത്. ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന രീതിയിലാവണം സീരിയലുകള്‍ നിര്‍മ്മിക്കേണ്ടത്. ചരിത്രത്തെ വളച്ചൊടിക്കാത്ത രീതിയില്‍, സഭാ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ സീരിയലുകള്‍ അവതരിപ്പിക്കുവാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തുക : ഐക്യ-ജാഗ്രതാ കമ്മീഷന്‍
നെടുമ്പാശ്ശേരിയില്‍ രണ്ട് ക്രിസ്തീയ ദേവാലയങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തില്‍ കാസര്‍ഗോട്ടുണ്ടായ ക്രൈസ്തവ വിരുദ്ധ അക്രമം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ കമ്മീഷന്‍ ഉല്‍കണ്ഠ അറിയിച്ചു. ക്രൈസ്തവ സമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം കേരളത്തിലും നടന്നുവരുന്നതിന്റെ സൂചനയാണിതെന്ന് കമ്മീഷന്‍ ആരോപിച്ചു. നൂറ്റാണ്ടുകളായി വിവിധ മതസമൂഹങ്ങള്‍ സമൂഹങ്ങള്‍ പരസ്പര ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും കഴിയുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ഗ്ഗീയതയുടെ വിത്തു വിതയ്ക്കാന്‍ കാരണമാകും. അങ്ങനെ സംഭവിക്കാന്‍ അനുവദിച്ചു കൂടാ. നെടുമ്പാശ്ശേരിയില്‍ പള്ളികള്‍ ആക്രമിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കേരളത്തില്‍ മതസൗഹാര്‍ദ്ദം നശിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുവാന്‍ എല്ലാ മതവിശ്വാസികളും രംഗത്തുവരണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആഹ്വാനം ചെയ്തു
ബജ്‌രംഗ്ദളിനെ നിരോധിക്കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍.
കര്‍ണ്ണാടകയില്‍ ക്രസ്തവാരാധനാലയങ്ങള്‍ക്ക് നേരേ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരുടെ ആരാധനാലയങ്ങളും സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്യുന്ന ബജ്‌രംഗ്ദളിനെ ഉടന്‍ നിരോധിക്കണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒറീസ്സയില്‍ ആരംഭിച്ച് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന മതമര്‍ദ്ദനം ഭാരതസംസ്ക്കാരത്തിന് തീരാകളങ്കമാണ്. കര്‍ണ്ണാടകയില്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടത് ഒറീസ്സയിലും മധ്യപ്രദേശിലും നടന്ന അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ച മാത്രമാണ്. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. അക്രമം ഇനിയും പടരാന്‍ അനുവദിക്കരുത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരുതന്നെ ആയാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഭാരതത്തില്‍ ജനിച്ച എല്ലാ പൗരന്മാര്‍ക്കും സമാധാനപരമായി ജീവിക്കുവാന്‍ അവകാശമുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് സ്വന്തം നാട്ടില്‍ സമാധാനപരമായി ജീവിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ക്രിസ്ത്യാനികളില്‍ പലരും ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. ക്രിസ്ത്യാനികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബജ്‌രംഗദളിനെനിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷനുവേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നതില്‍നിന്ന് പിണറായി വിജയന്‍ പിന്മാറണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍
മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന പ്രവണതയിന്‍നിന്ന് പിണറായി വിജയന്‍ പിന്മാറണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മതമേലധ്യക്ഷന്മാരെ നീചമായി വിമര്‍ശിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെപ്പോലുള്ള വ്യക്തികള്‍ക്ക് ചേര്‍ന്നതല്ല. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട അടിസ്ഥാന മര്യദ പോലും പാലിക്കാതെ, എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടാണ് പിണറായി വിജയന്‍ മതമേലധ്യക്ഷന്മാരെയും പുരോഹിതരെയും വിമര്‍ശിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മതമേലധ്യക്ഷന്മാരെയും പുരോഹിതരെയും അതിരുകടന്ന് വിമര്‍ശിക്കുന്ന ശൈലി രാഷ്ട്രീയക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കുവാനായി വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സത്യവിരുദ്ധവും അപഹാസ്യവുമാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കുവാനായി കൂട്ടുനില്‍ക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ്, സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങളിലെ ഫീസിനെക്കാള്‍ വളരെയധികം കുറവാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതിയും സുതാര്യതയും യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയത് കത്തോലിക്കാ സഭയാണ്. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിമാത്രമാണ്, രാഷ്ട്രീയ നേതൃത്വം, മതമേലധ്യക്ഷന്മാരെ രാഷ്ട്രീയക്കാരായും കച്ചവടക്കാരായും ഒക്കെ ചിത്രീകരിക്കുന്നത്. പ്രബുദ്ധരായ കേരള ജനത ഈ സത്യം തിരിച്ചറിയും. മാര്‍ പൗവ്വത്തില്‍ പിതാവിന്റെ വിദ്യാഭ്യാസ മേഖലയിലെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ്. പിതാവിന്റെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും വിദ്യാഭ്യാസ മേഖലയ്ക്കും സാമൂഹ്യനവോത്ഥാനത്തിനും ഗുണം ചെയ്യുന്നതാണെന്നും എക്കാലത്തും തെളിഞ്ഞിട്ടുണ്ടെന്ന് ഐക്യ-ജാഗ്രതാ കമ്മീഷനുവേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു.
ഒറീസ്സയില്‍ ക്രൈസ്തവ സമൂഹം പീഢിപ്പിക്കപ്പെടുന്നു : ഐക്യ-ജാഗ്രതാ കമ്മീഷന്‍
ഒറീസ്സയില്‍ നിരപരാധികളായ ക്രൈസ്തവ സമൂഹം പീഢിപ്പിക്കപ്പെടുന്നതില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദുഃഖവും അനുശോചനവും അറിയിച്ചു. കുറ്റകൃത്യം ചെയ്തവര്‍ ആരുതന്നെ ആയാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒറീസ്സയിലെ നിരപരാധികളായ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുകയും അവരുടെ പ്രാര്‍ത്ഥനാലയങ്ങളും വസ്തുവകകളും നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന സൂചന ലഭിച്ചിട്ടും ഇതിനു പിന്നില്‍ ക്രൈസ്തവ സമൂഹമാണെന്ന് ചിത്രീകരിച്ചുകൊണ്ട് അക്രമത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാനുള്ള ശക്തമായ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഒറീസ്സയില്‍ ഇതിനോടകംതന്നെ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാലയങ്ങളും നിരവധി മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പല ക്രൈസ്തവ കുടുംബങ്ങളും അക്രമത്തെ ഭയന്ന് വനത്തിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഒറീസ്സയില്‍ ക്രൈസ്തവസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുയാണ്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറീസ്സയിലെ ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കത്തെ ക്രിസ്തീയ ചൈതന്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നേരിടണം. ക്രൈസ്തവ സമൂഹത്തിന്റെ മാര്‍ഗ്ഗം അക്രമത്തിന്റെ മാര്‍ഗ്ഗമല്ല; സമാധാനത്തിന്റെയും ശാന്തിയുടെയും മാര്‍ഗ്ഗമാണ്. ഒറീസ്സയില്‍ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒറീസ്സാ സര്‍ക്കാര്‍ തയ്യാറാവണം. അക്രമത്തെ ഭയന്ന് വനാന്തരത്തിലേക്ക് പലായനം ചെയ്തിരിക്കുന്നവര്‍ക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ചുവരുവാനുള്ള സാഹചര്യം ഒരുക്കണം. അക്രമത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് മുതലെടുപ്പിനു വേണ്ടി ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം. ഒറീസ്സയില്‍ സമാധാനവും മതമൈത്രിയും പുനഃസ്ഥാപിക്കുന്നതിനുവേണ്ടി രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കന്മാര്‍ മുന്നോട്ടുവരണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
സിസ്റ്റര്‍ അനൂപയുടെ മരണത്തില്‍ അധികാരകേന്ദ്രങ്ങള്‍ അമിതാവേശം കാണിക്കുന്നു :
സിസ്റ്റര്‍ അനൂപയുടെ മരണത്തില്‍ അധികാരകേന്ദ്രങ്ങള്‍ അമിതാവേശം കാണിക്കുന്നുവെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ കമ്മീഷന്റെയും അമിതാവേശവും ഇടപെടലുകളും കാണുമ്പോള്‍ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ മരിച്ച വ്യക്തിയോടോ അവരുടെ കുടുംബത്തോടോ ഉള്ള സ്നേഹമോ അനുകമ്പയോ കൊണ്ടല്ല, മറിച്ച് വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയെ കുറച്ച് നാളുകളായി മുറിപ്പെടുത്തുവാനും കരിതേച്ചുകാണിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ സംഘടനകളാണ് ഇതിനു പിന്നിലുള്ളത്. സിസ്റ്റര്‍ അനൂപയുടെ മരണത്തിനു ശേഷമുള്ള രാഷ്ട്രീയ നേതാക്കളുടെ അമിതമായ സാന്നിധ്യവും വനിതാ കമ്മീഷന്റെ പ്രസ്താവനകളും ഭവനസന്ദര്‍ശനങ്ങളുമൊക്കെ ഈ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇത്തരക്കാരുടെ ശ്രമം യഥാര്‍ത്ഥ സഭാ സ്നേഹികള്‍ക്ക് മനസ്സിലാക്കുവാന്‍ വിഷമമില്ല. സിസ്റ്റര്‍ അനൂപയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ക്രൈംബ്രാഞ്ച് അന്വേഷണവും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ അനുദിനമുണ്ടാകുന്ന ആത്മഹത്യ ചെയ്ത വ്യക്തികളുടെ കുടുംബങ്ങള്‍ക്കും ഇത്തരത്തിലുള്ള സാമ്പത്തിക സഹായം ചെയ്യുവാനോ അവരുടെ ഭവനം സന്ദര്‍ശിക്കുവാനോ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും തല്‍പര്യം കാണിക്കാത്തത് - ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ചോദിച്ചു. സത്യസന്ധമായ എതൊരന്വേഷണത്തെയും പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് കൊല്ലം രൂപതയും സിസ്റ്റര്‍ അനൂപ അംഗമായിരുന്ന സന്യാസിനി സമൂഹവും വ്യക്തമാക്കിയിട്ടുള്ളതാണ്. സഭയ്ക്ക് യാതൊന്നും ഒളിച്ചുവെയ്ക്കുവാനില്ല. ഏതൊരന്വേഷണത്തെയും തുറന്ന മനസ്സോടെ സഭ സ്വീകരിക്കും. അതുകൊണ്ട് തന്നെയാണ് സി.ബി.ഐ അന്വേഷണത്തിന് രൂപത തന്നെ ആവശ്യപ്പെട്ടത്. സിസ്റ്റര്‍ അനൂപയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രസ്താവനകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിനു മേല്‍ ചില രാഷ്ട്രീയസമ്മര്‍ദ്ദമില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയെ സമൂഹമദ്ധ്യേ കരിതേച്ചുകാണിക്കുവാന്‍ പരിശ്രമിക്കുന്ന ചില അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളും അതില്‍നിന്ന് പിന്‍തിരിയണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
മിഷണറിമാരുടെ ജീവന് സംരക്ഷണം നല്‍കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍
ആന്ധ്രാപ്രദേശില്‍ മലയാളി വൈദീകനായ ഫാ. തോമസ് പാണ്ടിപ്പിള്ളി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. തോമസിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവമിഷണറിമാര്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആശങ്കയും ഉല്‍കണ്ഠയും രേഖപ്പെടുത്തി. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷണറിമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. പട്ടിണി പാവങ്ങളുടെ സമഗ്ര ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മിഷണറിമാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ചരിത്രം പൊറുക്കില്ല. മതമൈത്രിക്കും സാഹോദര്യത്തിനും ആഗോളതലത്തില്‍ പേരുകേട്ട ഭാരതത്തിന് ഫാ. തോമസിന്റെ മരണം തീരാകളങ്കമാണ്. മിഷണറിമാരെ ആക്രമിക്കുകയും ഇല്ലാതാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘടിത ശക്തികള്‍ക്കെതിരെ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു. കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ പി.ഒ.സിയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പി.ഒ.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് കുരുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍, സിസ്റ്റര്‍ ഷിജി, മിസ്റ്റര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്കാ സഭയ്ക്കു വേണ്ട ലാഭം മനുഷ്യനന്മ മാത്രം: ഐക്യ-ജാഗ്രതാ കമ്മീഷന്‍.
കേരളത്തിലെ വളരെ സജീവമായ ഒരു സമൂഹമാണ് കത്തോലിക്കാ സഭ. വ്യവസ്ഥാപിതമായ ഒരു ഭരണ സംവിധാനവും ശക്തമായ നേതൃത്വവും ഈ സമുദായത്തിനുണ്ട്. സഭയുടെയും സഭാനേതാക്കളുടെയും അഭിപ്രായങ്ങളും നിലപാടുകളും ഈയിടെയായി പൊതുവേദികളില്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുകും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തു സഭ നടത്തുന്ന ധീരമായ ഇടപെടലുകളും കാല്‍വെയ്പുകളുമാണ് ഈ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസവും പാഠപുസ്തക വിവാദവും മറ്റും സഭയെ ശ്രദ്ധാവിഷയമാക്കി. വിദ്യാഭ്യാസ രംഗത്ത് സഭയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങള്‍ എന്തൊക്കെയോ ഉണ്ടെന്നുള്ള ധാരണയാണ് വിവാദ സൃഷ്ടാക്കള്‍ ബോധപൂര്‍വ്വം പരത്തുന്നത്. ലാഭമോഹമാണ് ചില സഭാസ്ഥാപന മേധാവികള്‍ക്കുള്ളതെന്നു ആരോപിക്കുവാന്‍ പോലും ഇവര്‍ മടിച്ചില്ല. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? സമൂഹത്തിന്റെ പുരോഗതിയിലും ഭാവിയിലും സഭയ്ക്കുള്ള ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും വിശാലവുമായ താല്‍പര്യങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കുന്നത്. മനുഷ്യസമൂഹത്തിന് ഉപകാരപ്രദമായ എല്ലാ മേഖലകളിലും സഭ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊന്നും ലാഭമോഹമില്ലാതെ, സേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സഭ വിദ്യാഭ്യാസ രഗത്തുമാത്രം ലാഭം ലക്ഷ്യമാക്കുന്നതെന്തിന്? ഭരണാധികാരത്തില്‍ മാറി മാറി വരുന്നവരുടെ ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകള്‍ക്കും വികലമായ പ്രത്യയശാസ്ത്രങ്ങള്‍ക്കും അനുസരിച്ച് സഭയുടെ വിദ്യാഭ്യാസ വീക്ഷണം മാറ്റി മറിക്കുക സാധ്യമല്ല. ഒരു സാര്‍വ്വത്രിക കാഴ്ചപ്പാടോടു കൂടിയാണ് സഭ വിദ്യാഭ്യാസ സേവനം നിര്‍വ്വഹിക്കുന്നത്. സ്വദേശത്തും വിദേശത്തും ഉന്നതമായ ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ള നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധര്‍ സഭയിലുണ്ട്. അവരാണ് സഭയുടെ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തിയിരിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതും. അല്ലാതെ രാഷ്ട്രീയപാര്‍ട്ടികളുടെ മുറിവൈദ്യന്മാരല്ല. മനുഷ്യനന്മയിലും സേവനത്തിലുമുള്ള സഭയുടെ പ്രതിബദ്ധത വ്യക്തമാക്കാന്‍ കേരളത്തില്‍ സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. നാല്‍പതിനായിരം പുരുഷ വനിത സന്യസ്തരാണ് കുടുംബ ജീവിതവും വിവാഹവും വേണ്ടെന്നു വച്ച് തങ്ങളുടെ ജീവിതമൊന്നാകെ മനുഷ്യ സേവനത്തിനായി നീക്കിവച്ചിരിക്കുന്നത്. വേറൊരു സമൂഹത്തിനും ഇങ്ങനെയൊരു സേവന ശക്തി അവകാശപ്പെടാനാവില്ല. ഉന്നത വിദ്യാഭ്യാസവും അര്‍പ്പണബോധവുമുള്ള ഈ സന്യാസ സമൂഹത്തിന്റെ ഗുണമേന്മ സഭയുടെ എല്ലാ സംരംഭങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സഭ നടത്തുന്ന വിപുലവും വിവിധവുമായ സേവന സ്ഥാപനങ്ങളുടെ ഏകദേശ ചിത്രം ഇതോടൊപ്പമുള്ള പട്ടികയില്‍ നിന്ന് ലഭ്യമാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് പതിനഞ്ച് ശതമാനം മാത്രമാണ് കത്തോലിക്കര്‍. പക്ഷേ, ജനസംഖ്യാനുപാതികമല്ല സഭ നടത്തുന്ന മനുഷ്യസേവന സംരംഭങ്ങളുടെ എണ്ണം. കേരളത്തില്‍ ഏറ്റവുമധികം നേഴ്സറി സ്ക്കൂളുകള്‍ നടത്തുന്നത് സഭയാണ്. അപ്പോള്‍ ഏറ്റവുമധികം പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ നടത്തുന്നതും സഭയാകുന്നതില്‍ അസ്വാഭാവികമായി എന്താണുള്ളത്? കേരളത്തില്‍ എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനം തുടങ്ങിയത് കത്തോലിക്കാ സഭയാണ്. സര്‍ക്കാര്‍ പോലും എയ്ഡ്സ് ബോധവത്ക്കരണത്തില്‍ ഒതുങ്ങി നിന്നപ്പോള്‍ അവര്‍ക്ക് അഭയം നല്‍കാന്‍ മുന്നോട്ട് വന്നത് സഭയാണ്. എന്തു ലാഭം പ്രതീക്ഷിച്ചാണ് സഭ എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുന്നത്? അതേ ലാഭം മാത്രമേ പ്രൊഫഷണല്‍ കോളേജ് നടത്തുമ്പോഴും സഭ പ്രതീക്ഷിക്കുന്നുള്ളൂ. അത് മനുഷ്യനന്മയും ക്ഷേമവുമല്ലാതെ മറ്റൊന്നുമല്ല.
വിവാദ പാഠപുസ്തകം : വിദഗ്ദ സമിതിയെ അംഗീകരിക്കാനാവില്ല -
ഏഴാം ക്ലാസ്സ് സാമൂഹ്യപാഠപുസ്തകത്തെച്ചൊല്ലി വളരെയധികം വിവാദമുണ്ടായിട്ടും സത്യം മനസ്സിലാക്കുവാന്‍ വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാന സര്‍ക്കാരോ തയ്യാറായിട്ടില്ല. വിവാദ പാഠപുസ്തകത്തെക്കുറിച്ച് പഠിക്കുവാനും പരാതികളെപ്പറ്റി അന്വേഷിക്കുവാനും നിയമിച്ചിരിക്കുന്ന വിദഗ്ദ സമിതിയും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഇടതുചിന്താഗതിക്കാരായ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് സഹയാത്രികരെയും ചില സമുദായങ്ങളിലെ വിഘടിത ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്നവരേയും മാത്രം ഉള്‍പ്പെടുത്തിയാണ് വിദഗ്ദ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരത്തിലുള്ള ഒരു വിദഗ്ദ സമിതിയെ പാഠപുസ്തകം പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. വിദഗ്ദ സമിതി പഠനം നടത്തുന്ന കാലഘട്ടത്തിലെങ്കിലും പുസ്തകം പഠിപ്പിക്കേണ്ടയെന്ന് പറയുവാനുള്ള അടിസ്ഥാന മര്യാദപോലും വിദ്യാഭ്യാസ മന്ത്രി കാണിച്ചില്ല. വിദഗ്ദ സമിതിയുടെ നിയമനത്തില്‍ യാതൊരാത്മാര്‍ത്ഥതയുമില്ലായെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കേരളത്തിലെ ബഹുപൂരിപക്ഷം ആളുകളും തള്ളിപ്പറഞ്ഞ പാഠപുസ്തകം പഠിക്കുവാന്‍ നിര്‍ദ്ദേശിച്ച കമ്മിറ്റിയുമായി സഹകരിക്കുകയില്ലായെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടംഗ സമിതിയില്‍ പതിനാറു പേരും മാര്‍ക്സിസ്റ്റ് വിധേയത്വമുള്ളവരാണ്. അവരില്‍ പലരും വിവാദ പാഠപുസ്തകത്തിന് പരസ്യമായി പിന്തുണ നല്‍കിയിട്ടുള്ളവരുമാണ്. പാഠപുസ്തകത്തെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നതുകൊണ്ടാവാം ക്രൈസ്തവ സഭയുമായി പിണങ്ങിനില്‍ക്കുന്ന ചില വ്യക്തികളെ സഭാ വക്താക്കളായി ചിത്രീകരിക്കുവാനുള്ള ശ്രമവും സാംസ്കാരിക നേതാക്കളുടെ അംഗീകാരം ലഭിക്കുവാനായി വിദ്യാഭ്യാസ മന്ത്രിയും ചില മാധ്യമങ്ങളും നേട്ടോട്ടത്തിലാണ്. മാത്രമല്ല, പാഠപുസ്തകത്തെ എതിര്‍ക്കുന്നവരുടെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുവാനും രാജ്യദ്രോഹികളായി ചിത്രീകരിക്കുവാനും വിദ്യാഭ്യാസ മന്ത്രിയും ചില മാധ്യമങ്ങളും പരിശ്രമിച്ചു വരികയാണ്. പാഠപുസ്തകം പഠിക്കുവാന്‍ നിയമിച്ചിരിക്കുന്ന വിദഗ്ദ സമിതി വിദ്യാഭ്യാസ മേഖലയെത്തന്നെ നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തെക്കുറിച്ച് കത്തോലിക്കാ സഭയുടെ നിലപാട് വളരെ വ്യക്തമാണ്. പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരാനും ശക്തമാക്കാനും കൂടുതല്‍ ജനകീയമാക്കാനും കേരളകത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനമെടുത്തിട്ടുണ്ട്.രൂപതാ തലങ്ങളിലും ഇടവകതലങ്ങളിലും ജാഗ്രതാസമിതികള്‍ രൂപീകരിക്കുക, നാല്‍ക്കവലകളില്‍ യോഗങ്ങള്‍, പൊതുസ്ഥലങ്ങളിലെ പ്രസംഗങ്ങള്‍, വാഹനപ്രചരണ ജാഥകള്‍, അത്മായ സംഘടനകളുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹങ്ങള്‍, പാഠപുസ്തകത്തിലെ അപാകതകളെക്കുറിച്ച് ബോധവത്ക്കരണം, ലഘുലേഖകള്‍, സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് കേരളത്തിലെ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍. മെത്രാന്‍ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ വിവിധ സംഘടനകളും രൂപതകളും ഇടവകകളും മുന്നോട്ടുവരണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു.
മാര്‍ പൗവ്വത്തിലിനെ പഠിപ്പിക്കാന്‍ എസ്.എഫ്.ഐക്ക് എന്ത് യോഗ്യത? :
മാര്‍ പൗവ്വത്തില്‍ ക്രിസ്തീയ ദര്‍ശനങ്ങള്‍ പഠിക്കണമെന്ന് പറയാന്‍ എസ്.എഫ്.ഐക്ക് എന്തു യോഗ്യതയാണുള്ളതെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി. ക്രിസ്തീയ ദര്‍ശനങ്ങളെക്കുറിച്ച ് മാര്‍ ജോസഫ് പൗവ്വത്തിലിന് ഒന്നുമറിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്് ബോധ്യപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ പൗവ്വത്തിലിനെ വിമര്‍ശിക്കുന്നത് യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശരിയാണ്. പിതാവിന്റെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ഗുണം ചെയ്തിട്ടുണ്ട്. വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും അവരെ ആക്രമിക്കുകയുമാണ് എസ്.എഫ്.ഐയും സംസ്ഥാന പൊലീസും ചെയ്യുന്നതെന്ന് കമ്മീഷന്‍ സെക്രട്ടറി ആരോപിച്ചു. മതവിദ്വേഷവും നിരീശ്വരവാദവും വളര്‍ത്തുന്ന വിവാദ പാഠപുസ്തകം പിന്‍വലിക്കാത്തത് വിദ്യാഭ്യാസ മന്ത്രിയുടെ ധാര്‍ഷ്ട്യം മൂലമാണ്. നിരീശ്വരമനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ വിവാദപാഠപുസ്തകം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു
എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണം പുനഃപരിശോധിക്കണം: കെ.സി.ബി.സി ഐക്യ- ജാഗ്രതാ കമ്മീഷന്‍
എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനേജ്മെന്റിന്റെ അധികാരത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് കെ.സി.ബി.സി ഐക്യ- ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമന നിയന്ത്രണം പതിനായിരക്കണക്കിന് അധ്യാപകരെ ദിവസക്കൂലിക്കാരാക്കി മാറ്റിയിരിക്കുകയാണ്. 87 -88 വര്‍ഷത്തേക്കാള്‍ വിദ്യാഭ്യാസ വകുപ്പില്‍ 23,000 തസ്തികകള്‍ വിവിധ കാരണങ്ങളാല്‍ കുറഞ്ഞു. എണ്‍പതുകളില്‍ റവന്യു ചെലവിന്റെ 40% വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നെങ്കില്‍ അതിപ്പോള്‍ 33% മാത്രമാണുള്ളത്. എന്നിട്ടും എയ്ഡഡ് സ്ക്കൂള്‍ അധ്യാപകരെ ദ്രോഹിക്കുകയും പി.എസ്.സി മുഖേനയുള്ള നിയമനം നിഷേധിച്ച് ആയിരക്കണക്കിന് തസ്തികകളില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുകയുമാണ് തൊഴിലാളി പ്രേമം നടിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കളാണ് ഗവണ്‍മെന്റ് സ്ക്കൂളുകളിലും എയ്ഡഡ് സ്ക്കുളുകളിലും പഠിക്കുന്നത്. അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ നീതി നിഷേധിച്ചിരിക്കുന്നത്. അര്‍ഹമായ നീതി നിഷേധിക്കുമ്പോള്‍ തീര്‍ച്ചയായും അതൃപ്തിയുണ്ടാവുകയും ആത്മാര്‍ത്ഥത കുറയുവാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് എയ്ഡഡ് സ്ക്കുളുകളിലെ അധ്യാപകരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു
ഒറീസ്സയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം -
ഒറീസ്സയിലെ കാന്‍ഡമാല്‍ ജില്ലയില്‍ അക്രമികളുടെ താണ്ഡവത്തിനിരയായ ക്രൈസ്തവരെ പുനഃരധിവസിപ്പിക്കുന്നതിനിടയില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിനെതിരെ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ക്രിസ്മസ് നാളില്‍ അരങ്ങേറിയ അതികിരാതമായ ക്രൈസ്തവപീഡനവുമായി ഇപ്പോഴത്തെ ആക്രമണമത്തിന് ബന്ധമുള്ളതായി കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. അക്രമത്തിനിരയായവരെ വീണ്ടും ആക്രമിക്കുകയും ബലമായി കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഒറീസയിലെ മിഷണറിമാര്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണം ഭാരതത്തിന്റെ മതേതരത്വത്തിനും മതമൈത്രിക്കും ഏറ്റ കനത്ത പ്രഹരമായിരുന്നു. നൂറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ക്കുപോലും മാതൃകയായിരുന്ന ഭാരതത്തിന്റെ മതസഹിഷ്ണുതയ്ക്കും മതസാഹോദര്യത്തിനും ഒറീസാ സംഭവം മങ്ങലേല്‍പ്പിച്ചു. ഒറീസയില്‍ വീണ്ടും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് തികച്ചും ഉല്‍കണ്ഠാജനകമാണ്. അക്രമത്തിനിരയായവരെ ബലമായി കുടിയൊഴിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും ക്രൈസ്തവവിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും വീടും സ്വത്തും നഷ്ടമായവരെ പുനഃരധിവസിപ്പിക്കുവാനും ഒറീസാ സര്‍ക്കാര്‍ തയ്യാറാവണം - കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളെ ആക്രമിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രങ്ങളെ ക്രിസ്തീയ ചൈതന്യമുപയോഗിച്ച് നേരിടണമെന്ന് കമ്മീഷന്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.
അക്രമ സ്വഭാവമുള്ള വിദ്യാര്‍ത്ഥിസംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍
അക്രമസ്വഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ആവശ്യപ്പെട്ടു. നക്സലേറ്റ് സമാനമായ അക്രമ ശൈലിയാണ് ഇന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമസ്വഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ യഥാര്‍ത്ഥ ലക്ഷ്യം മറന്ന് അക്രമസംഘടനകളായി മാറിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുകയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും നശിപ്പിക്കുന്ന പ്രവണത വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ് -കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമം മറ്റു ഭാഗത്തേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ചു കയറി ഓഫീസും മറ്റും തല്ലിതകര്‍ത്തത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ ആഭ്യന്തരമന്ത്രി അപലപിക്കുകയോ അവര്‍ക്കെതിരെ നടപടി സ്വീകിക്കുകയോ ചെയ്തിട്ടില്ല. മത ന്യൂനപക്ഷ വിദ്യാലയങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുവാന്‍ ഭരണാധികാരികള്‍ മൗനാനുവാദം നല്‍കുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെറ്റായ സാമൂഹ്യ നീതിയുടെയും സുതാര്യതയുടെയും മറവില്‍ മതന്യൂനപക്ഷ സ്ഥാപനങ്ങള്‍ വളരെയധികം പീഢിപ്പിക്കപ്പെടുകയാണ്. ന്യൂനപക്ഷസ്ഥാപനത്തിനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ മനസ്സിലാക്കണം, മതന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈടാക്കുന്ന ഫീസ് സര്‍ക്കാരുമായി ധാരണയിലെത്തിയ സ്ഥാപനങ്ങളിലെ ഫീസിനേക്കാള്‍ വളരെയധികം കുറവാണ് എന്ന വസ്തുത. വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഘടനാനേതാക്കളുടെ പേരിലും സംരക്ഷണം നല്‍കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണകര്‍ത്താക്കളുടെ പേരിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാന്‍ ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിതരാകും. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ ഒരു വ്യക്തിയുടേതല്ല: മറിച്ച് സഭാവിശ്വാസികളും സമാനചിന്താഗതിക്കാരും ചേര്‍ന്ന് കെട്ടിപ്പടുത്തതാണ്. ഈ സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും അര്‍ഹമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇതിന്റെ സംരക്ഷണ ചുമതല വിശ്വാസികള്‍ ഏറ്റെടുക്കേണ്ടിവരും. കഷ്ടപ്പെട്ട് പൊതുനന്മയ്ക്കുവേണ്ടി പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചു പൊളിക്കുമ്പോള്‍ രണ്ടുകയ്യും കെട്ടി നോക്കിനില്‍ക്കുവാന്‍ സാധ്യമല്ല- കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ലായെന്ന സത്യം ന്യൂനപക്ഷങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ മറക്കരുത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം എല്ലാ മാതാപിതാക്കളിലും നിക്ഷിപ്തമാണ്. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് സമൂഹത്തോട് അവര്‍ ചെയ്യുന്ന ക്രൂരതയാണ്. മക്കള്‍ നശിപ്പിക്കുന്ന പൊതുസ്വത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേതാക്കളാക്കി മാറ്റുവാന്‍ വേണ്ടി മറ്റ് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഭാവി പന്താടുന്നത് ക്രൂരതയാണ്. തെരുവിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണം അവരെ തെരുവിലിറക്കുന്ന നേതാക്കളുടെ മക്കള്‍ എവിടെ പഠിക്കുന്നുവെന്ന സത്യം. അക്രമങ്ങള്‍ നടത്തുമ്പോള്‍, പ്രിയ വിദ്യാര്‍ത്ഥി - സംഘടനകളെ; “നിങ്ങള്‍ ചിന്തിക്കണം നിങ്ങളുടെ മാതാപിതാക്കളുടെ ദുഃഖങ്ങള്‍, ഭരണകര്‍ത്താക്കളുടെ സന്തോഷം, സ്വയം തകര്‍ക്കപ്പെടുന്ന നിങ്ങളുടെ ഭാവി”- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു.
Subscribe to:
Posts (Atom)